Celebs » Dileep » Biography
ജീവചരിത്രം
ഒരു മലയാള ചലച്ചിത്ര നടനാണ് ദിലീപ് (ഗോപാലകൃഷ്ണൻ). 1968 ഒക്ടോബർ 27-ന് പത്മനാഭൻ പിള്ളയുടെയും സരോജയുടെയും മകനായി ജനിച്ചു. ആലുവ വിദ്യാധിരാജ വിദ്യാഭവനിൽനിന്ന് പത്താം ക്ലാസ്സ് (1985) പൂർത്തിയാക്കിയതിനുശേഷം എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന്  ബി എ എക്കണോമിക്സിൽ ബിരുതം നേടി. മിമിക്രിയിലൂടെയാണ് ദിലീപ് കലാരംഗത്ത് എത്തിയത്. കലാഭവൻ ട്രൂപ്പിൽ മിമിക്രി കലാകാരനായിട്ടായിരുന്നു തുടക്കം. പിൽക്കാലത്ത് സിനിമയിൽ സഹസംവിധായകനായും പ്രവർത്തിച്ചു. കമൽ സംവിധാനം ചെയ്ത എന്നോടിഷ്ടം കൂടാമോ (1992) എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ട് ചലച്ചിത്ര അഭിനയ രംഗത്ത് തുടക്കം കുറിച്ചു. വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തിലെ അഭിനയത്തിന് കേരള സർക്കാരിന്റെ മികച്ച നടനുള്ള 2011-ലെ പുരസ്കാരം ഇദ്ദേഹത്തിനു ലഭിച്ചു. ഏഴരക്കൂട്ടം, മാനത്തെ കൊട്ടാരം, സല്ലാപം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ പിടിച്ചുപറ്റി. ജോക്കറിനുശേഷം ചിത്രങ്ങൾ ഒന്നിനു പുറകെ ഒന്നായി ഹിറ്റായതോടെ ദിലീപിന്റെ താരമൂല്യം കുതിച്ചുയർന്നു. മാനത്തെ കൊട്ടാരം (1994) മുതൽ നിരവധി ചിത്രങ്ങളിൽ നായകനായി. കുഞ്ഞിക്കൂനൻ, ചാ‌ന്ത്‌പൊട്ട് എന്നീ ചിത്രങ്ങളിലെ അഭിനയം വളരെയെറെ പ്രശംസ പിടിച്ചു പറ്റി. ആകെ എൺപതോളം ചിത്രങ്ങളിൽ അഭിനയിച്ചു. ഗ്രാൻറ് പ്രൊഡക്ഷൻസ് എന്ന സിനിമ നിർമ്മാണ സ്ഥാപനം ദിലീപ് തുടങ്ങുകയുണ്ടായി. സഹോദരൻ അനൂപാണ് നിർമ്മാണ കമ്പനിയുടെ സാരഥി. നാലു ചിത്രങ്ങൾ നിർമ്മിച്ചു. ഇവയിൽ ട്വന്റി 20 മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ്. മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന നായിക മഞ്ജു വാര്യരെ അദ്ദേഹം വിവാഹം ചെയ്യ്തു. പക്ഷെ പിന്നീട് ഇവർ വേർപിരിയുകയാണ്‌ ഉണ്ടായത്. 2013-ൽ സായിബാബ എന്ന തെലുങ്ക് ചിത്രത്തിലും ദിലീപ് അഭിനയിച്ചു.