Celebs » Fahadh Faasil » Biography
ജീവചരിത്രം
മലയാളചലച്ചിത്ര രംഗത്തെ പ്രമുഖ യുവ നടനാണ്‌ ഫഹദ് ഫാസിൽ. അച്ഛനായ ഫാസിൽ സംവിധാനം ചെയ്ത 'കൈയെത്തും ദൂരത്ത്' എന്ന ചിത്രത്തിലൂടെയാണ് ഫഹദ് സിനിമയിൽ എത്തുന്നത്. 2011-ലെ മികച്ച രണ്ടാമത്തെ നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറ ചോയ്സ് സ്ക്കൂളിലും, ഊട്ടി ലൗഡേലിലുള്ള ലോറൻസ് സ്ക്കൂളിലുമായാണ് ഫഹദ് സ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് എസ് ഡി കോളേജിൽ നിന്നും ബി കോം ബിരുദവും, മിയാമി സർവകലാശാലയിൽ നിന്നും ബിരുദാനന്തരബിരുദവും കരസ്ഥമാക്കി. ആദ്യ ചിത്രമായ കൈയെത്തും ദൂരത്ത് കാര്യമായ ചലനങ്ങളൊന്നും ഉണ്ടാക്കിയില്ലെങ്കിലും അതിലെ മനോഹരമായ ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് പഠനത്തിനായി വിദേശത്തേയ്ക്ക് പോയ ഫഹദ് തിരിച്ചു വരുന്നത് മലയാള സിനിമയിലെ നവീന സംരഭമായ കേരള കഫേയിലൂടെയാണ്. സമീർ താഹിർ സംവിധാനം ചെയ്ത ചാപ്പാ കുരിശ് എന്ന ചിത്രമാണ് ഫഹദിന്റെ ചലച്ചിത്ര ജീവിതത്തിൽ വഴിത്തിരിവായത്. 22 ഫീമെയിൽ കോട്ടയം, ഡയമണ്ട് നെക്‌ലേസ്, അന്നയും റസൂലും, ആമേൻ, ഇമ്മാനുവൽ, നോർത്ത് 24 കാതം, ഒരു ഇന്ത്യൻ പ്രണയകഥ, ബാംഗ്ലൂർ ഡെയ്സ്, ഇയ്യോബിന്റെ പുസ്തകം തുടങ്ങിയ ചിത്രങ്ങളിൽ ഫഹദ് അഭിനയിച്ചിട്ടുണ്ട്. മലയാള ചലച്ചിത്ര നടി നസ്രിയ നസീമുമായി 21 ഓഗസ്റ്റ് 2014-ൽ വിവാഹിതനായി.