Celebs»Kamal Hassan»Biography

    കമൽ ഹാസൻ ജീവചരിത്രം

    ബാലനടൻ എന്ന നിലയിൽ ആറാമത്തെ വയസ്സിൽ അഭിനയം ആരംഭിച്ച പ്രശസ്ത തമി‌ഴ്‌നടനാണ് കമൽ ഹാസൻ. ഇന്ത്യൻചലച്ചിത്രരംഗത്തെ ബഹുമുഖ പ്രതിഭയായി അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു.തമിഴ് നാട്ടിലെ, രാമനാഥപുരം ജില്ലയിൽ പരമക്കുടി എന്ന സ്ഥലത്താണ് കമലഹാസൻ ജനിച്ചത്. അച്ഛൻ പ്രശസ്ത ക്രിമിനൽ വക്കീലായിരുന്ന ഡി.ശ്രീനിവാസൻ, അമ്മ രാജലക്ഷ്മി . അദ്ദേഹത്തിന്റെ മാതാപിതാക്കൾ കമലഹാസൻ പാർത്ഥസാരഥി എന്നാണ് പേരിട്ടത് . കമലഹാസൻ ആ കുടുംബത്തിലെ നാലു മക്കളിൽ ഏറ്റവും ഇളയതായിരുന്നു. മറ്റു മക്കൾ ചാരുഹാസൻ, ചന്ദ്രഹാസൻ, നളിനി രഘു എന്നിവരായിരുന്നു. തന്റെ മക്കൾ എല്ലാവരും നന്നായി വിദ്യാഭ്യാസം ചെയ്യണമെന്ന് ആ പിതാവ് ആഗ്രഹിച്ചു. ചാരുഹാസനും, ചന്ദ്രഹാസനും പിതാവിന്റെ പാത പിന്തുടർന്ന് നിയമം പഠിച്ചു. കമലഹാസൻ ചെറുപ്പത്തിൽ സ്കൂൾ പഠനമൊഴിച്ച് മറ്റു പഠനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

    1960-ൽ ജമിനി ഗണേശനും സാവിത്രിക്കും ഒപ്പമാണ് എ.വി.എമ്മിന്റെ കളത്തൂർ കണ്ണമ്മ ചിത്രത്തിലൂടെ ആറാം വയസ്സിൽ കമലഹാസൻ ചലച്ചിത്ര രംഗത്ത് എത്തിയത്. ഭീംസിങ് സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെ അരങ്ങേറ്റത്തിൽ തന്നെ മികച്ച ബാലനടനുള്ള ദേശീയ അവാർഡും നേടി. തുടർന്ന് 1960 മുതൽ 63 വരെയുള്ള കാലഘട്ടത്തിൽ കണ്ണും കരളും എന്ന ഒരു മലയാളം ചലച്ചിത്രം ഉൾപ്പെടെ അഞ്ചു ചിത്രങ്ങളിൽ കമൽ ബലതാരമായി അഭിനയിച്ചു. ചെന്നൈയിലെ സാന്തോമിലുള്ള കോൺവെന്റ് സ്കൂൾ വിദ്യാർത്ഥിയായിരുന്ന കമലഹാസൻ തികച്ചും യാദൃച്ഛികമായിട്ടാണ് സിനിമയിൽ എത്തിയത്. അതിന് നിമിത്തമായത് കുഡുംബ ഡോക്ടറായ സാറാ രാമചന്ദ്രനും എ.വി.എം. സ്റ്റുഡിയോ ഉടമ മെയ്യപ്പ ചെട്ടിയാരും ആയിരുന്നു. 1963-നു ശേഷം പഠനത്തിനായി കമൽ ചലച്ചിത്രങ്ങളിൽ നിന്ന് വിട്ടു നിന്നു. അരങ്ങേറ്റത്തിനു ശേഷം ഏതാണ്ട് അഞ്ചു ചിത്രങ്ങളിൽ കൂടി കമലഹാസൻ ബാലതാരമായി അഭിനയം തുടർന്നു. തമിഴ് സിനിമാ ലോകത്തെ മുൻനിര നായകന്മാരായിരുന്ന ശിവാജി ഗണേശന്റേയും എം.ജി.രാമചന്ദ്രന്റേയും ഒക്കെ ഒപ്പം കമലഹാസൻ ബാലതാരമായി അഭിനയിച്ചു. ടി.കെ.ഷൺമുഖത്തിന്റെ നാടക കമ്പനിയായിരുന്ന ടി.കെ.എസ് നാടക സഭയിലെ അനുഭവങ്ങൾ കമലഹാസനിലെ നടനെ രൂപപ്പെടുത്തി. പിന്നീട് 1972-ൽ 'മന്നവൻ' എന്ന ചിത്രത്തിൽ സഹനടനായി തിരിച്ചു വരവ് നടത്തി. തുടർന്ന് 'പരുവകാലം', 'ഗുമസ്താവിൻ മകൻ' എന്ന സിനിമകൾ ചെയ്തു. കെ. ബാലചന്ദറിന്റെ 'നാൻ അവനില്ലെ' എന്ന ചിത്രത്തിൽ ജമിനി ഗണേശനോടൊപ്പം അഭിനയിക്കാനും അവസരം കിട്ടി. ഈ കാലഘട്ടത്തിലാണ് 'കന്യാകുമാരി', 'വിഷ്ണുവിജയം' എന്നീ മലയാള ചിത്രങ്ങളിൽ അഭിനയിച്ചത്.

    ഏഴു വർഷത്തെ നീണ്ട കാലയളവിനു ശേഷം സിനിമയുടെ സാങ്കേതിക മേഖലയിലേക്കാണ് കമലഹാസൻ പിന്നീട് തിരിച്ചു വന്നത്. ഈ കാലത്ത് സഹനടന്മാരുടെ വേഷങ്ങളും അദ്ദേഹം ചെയ്യുകയുണ്ടായി. 1970-ൽ ഇറങ്ങിയ മാനവൻ എന്ന ചിത്രത്തിൽ ഒരു സഹനടന്റെ വേഷത്തിലാണ് അദ്ദേഹം ഒരു നടൻ എന്ന രീതിയിൽ സിനിമാ ലോകത്തേക്ക് തിരിച്ചു വരുന്നത്. കമലഹാസൻ സഹസംവിധായകനായിരുന്ന അണ്ണൈ വേളാങ്കണ്ണി എന്ന ചിത്രത്തിലും ഒരു സഹനടന്റെ വേഷം അദ്ദേഹം ചെയ്യുകയുണ്ടായി. 1973-ൽ കെ. ബാലചന്ദർ സംവിധാനം ചെയ്ത അരങ്ങേറ്റം എന്ന ചിത്രത്തിലെ അഭിനയം വളരെയധികം പ്രശംസ പിടിച്ചു പറ്റി.

    1974-ൽ മലയാളത്തിൽ ഇറങ്ങിയ കന്യാകുമാരി എന്ന ചലച്ചിത്രത്തിൽ കമലഹാസൻ നായകനായി അഭിനയിച്ചു. റീത ഭാദുരി ആയിരുന്നു നായിക.കമലഹാസന് പ്രാദേശിക ഭാഷയിലുള്ള ആദ്യത്തെ ഫിലിംഫെയർ അവാർഡ് ലഭിക്കുന്നത് കന്യാകുമാരി എന്ന ചിത്രത്തിലെ അഭിനയത്തിനാണ്.കെ.ബാലചന്ദറിന്റെ സംവിധാനത്തിൽ നായകനായി അഭിനയിച്ച അപൂർവ്വ രാഗങ്ങൾ എന്ന സിനിമയിലാണ് ഒരു നായക വേഷം കമലഹാസൻ ചെയ്തത്. അപൂർവ്വ രാഗങ്ങളിലെ അഭിനയത്തിന് തമിഴിലെ ഫിലിംഫെയർ അവാർഡ് കമലഹാസൻ കരസ്ഥമാക്കുകയുണ്ടായി. ഈ സിനിമയിലെ അഭിനയത്തിനായി കമലഹാസൻ മൃദംഗം എന്ന താളവാദ്യം പഠിക്കുകയുണ്ടായി. ഈ സിനിമയിലൂടെ തന്നെയാണ് പിൽക്കാലത്ത് തമിഴിലെ പ്രശസ്ത നടനായ രജനീകാന്തും അരങ്ങേറ്റം കുറിക്കുന്നത്.

    അഭിനയം കൂടാതെ സിനിമയുടെ പല മേഖലകളിലും കമലഹാസൻ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് . രാജ പാർവൈ, അപൂർവ്വ സഹോദരങ്ങൾ, മൈക്കിൾ മദന കാമരാജൻ, തേവർ മകൻ, മഹാനദി, ഹേറാം, ആളവന്താൻ, അൻപേ ശിവം, നള ദമയന്തി, വിരുമാണ്ടി, ദശാവതാരം, മൻമദൻ അമ്പ് തുടങ്ങിയ ചിത്രങ്ങൾക്ക കഥ അല്ലെങ്കിൽ തിരക്കഥ തയ്യാറാക്കിയത് കമലഹാസൻ തന്നെയായിരുന്നു. കമലഹാസന്റെ സിനിമാ നിർമ്മാണ കമ്പനിയായ രാജ്കമൽ ഇന്റർനാഷണൽ ധാരാളം സിനിമകളും നിർമ്മിച്ചിട്ടുണ്ട്. ഹേ റാം ഒരു വിജയമായിരുന്നെങ്കിൽ താൻ മുഴുവൻ സമയ സംവിധാനത്തിലേക്കു തിരിഞ്ഞേനേ എന്ന് കമലഹാസൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. ധാരാളം യുവ താരങ്ങൾ അദ്ദേഹത്തിന്റെ സംവിധാനത്തിൻ കീഴിൽ അഭിനയിക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു. ഒരു നടൻ എന്നതിലുപരി സാങ്കേതിക വിദഗ്ദൻ ആകാനായിരുന്നു തനിക്കു താൽപര്യം എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. പക്ഷേ നടനായി തീരാനായിരുന്നു നിയോഗം. സിനിമാ മേക്കപ്പുമായി ബന്ധപ്പെട്ട് ധാരാളം ശിൽപ ശാലകളിൽ കമലഹാസൻ പങ്കെടുത്തിട്ടുണ്ട്.

    കമലഹാസൻ തന്റെ ചില ചിത്രങ്ങൾക്ക് വേണ്ടി ഗാന രചനയും നിർവഹിച്ചിട്ടുണ്ട്. ഹേ റാം, വിരുമാണ്ടി, ഉന്നൈപോലൊരുവൻ, മൻമദൻ അമ്പ് എന്നീ ചിത്രങ്ങൾക്കു വേണ്ടി അദ്ദേഹം ഗാന രചന നടത്തിയിട്ടുണ്ട്. ഏതാണ്ട് 70 ഓളം ഗാനങ്ങളും പല ഭാഷകളിലായി അദ്ദേഹം പാടിയിട്ടുണ്ട്.

    ഹിന്ദി, മലയാളം തുടങ്ങിയ ഇതര ഭാഷാചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നാലു ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും, 19 ഫിലിംഫെയർ പുരസ്കാരങ്ങളും ഉൾപ്പെടെ ധാരാളം ബഹുമതികൾക്ക് അദ്ദേഹം അർഹനായിട്ടുണ്ട്. മികച്ച വിദേശഭാഷാചിത്രങ്ങൾക്കായുള്ള അക്കാദമി അവാർഡിനുവേണ്ടി സമർപ്പിച്ച ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ കമലഹാസൻ അഭിനയിച്ച ചിത്രങ്ങളായിരുന്നു. കമലഹാസന്റെ ചലച്ചിത്ര നിർമ്മാണ കമ്പനി ആയ രാജ്കമൽ ഇന്റർനാഷണൽ ആണ് അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളുടേയും നിർമ്മാതാക്കൾ. 1990-ൽ ഇന്ത്യൻ സിനിമാലോകത്തിനു കമലഹാസൻ നൽകിയ സംഭാവനകളെ മുൻനിർത്തി രാജ്യം പത്മശ്രീ ബഹുമതി നൽകി അദ്ദേഹത്തെ ആദരിക്കുകയുണ്ടായി. കൂടാതെ സത്യഭാമ സർവ്വകലാശാല ഡോക്ടറേറ്റ് നൽകിയും ആദരിച്ചു. ഇന്ത്യൻ സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ അപൂർവ്വം ചില കലാകാരന്മാരിൽ ഒരാളാണ് കമലഹാസൻ. കമലഹാസൻ മൗലികമായ പല പരീക്ഷണശ്രമങ്ങളും സിനിമയിൽ നടത്തി ചരിത്രം സൃഷ്ടിച്ചു. നിശ്ശബ്ദചിത്രമായ പുഷ്പകവിമാനം, അദ്ദേഹം സ്ത്രീ വേഷത്തിൽ അഭിനയിച്ച അവ്വൈ ഷണ്മുഖി, ഇന്ത്യൻ, അപൂർവ്വ സഹോദരങ്ങൾ തുടങ്ങിയവ ചില ഉദാഹരണങ്ങളാണ്. ആറാം വയസ്സിൽ അഭിനയിച്ച ആദ്യചിത്രത്തിൽതന്നെ അദ്ദേഹത്തിൻ ഏറ്റവും നല്ല ബാലനടനുള്ള രാഷ്ട്രപതിയുടെ പുരസ്കാരം ലഭിക്കുകയുണ്ടായി. കമലഹാസൻ ഒരു നടൻ എന്ന നിലയിലേക്ക് മുൻ നിരയിലേക്കു വരുന്നത് കെ ബാലചന്ദർ സംവിധാനം ചെയ്ത 'അപൂർവ്വരാഗങ്ങൾ' എന്ന സിനിമയിലൂടെ ആയിരുന്നു. തന്നേക്കാൾ പ്രായം കൂടിയ സ്ത്രീയുമായി പ്രണയത്തിലാവുന്ന ഒരു യുവാവിന്റെ കഥാപാത്രമായിരുന്നു കമലഹാസൻ ഈ സിനിമയിൽ ചെയ്തത്. 1983-ൽ 'മൂന്നാംപിറൈ' എന്ന സിനിമയിലെ അഭിനയത്തിന് കമലഹാസൻ മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിക്കുകയുണ്ടായി. നിഷ്കളങ്കനായ ഒരു സ്കൂൾ അദ്ധ്യാപകന്റെ വേഷമാണ് അദ്ദേഹം അതിൽ ചെയ്തത്. മണിരത്നം സംവിധാനം ചെയ്ത നായകൻ എന്ന ചിത്രത്തിലെ അഭിനയം അദ്ദേഹത്തെ വളരെ പ്രശസ്തനാക്കി. ഈ ചിത്രത്തിലൂടെ കമലഹാസൻ രണ്ടാമത്തെ ദേശീയ പുരസ്കാരത്തിന് അർഹനായി. ടൈം മാഗസിൻ ഈ ചിത്രത്തെ എക്കാലത്തേയും മികച്ച ചിത്രങ്ങളിൽ ഒന്നായി തിരഞ്ഞെടുത്തിട്ടുണ്ട്.
     
     
     
     
     
     
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X