Celebs » Kamal Hassan » Biography
ജീവചരിത്രം
ബാലനടൻ എന്ന നിലയിൽ ആറാമത്തെ വയസ്സിൽ അഭിനയം ആരംഭിച്ച പ്രശസ്ത തമി‌ഴ്‌നടനാണ് കമലഹാസൻ. ഇന്ത്യൻചലച്ചിത്രരംഗത്തെ ബഹുമുഖ പ്രതിഭയായി അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു. അഭിനയത്തിനു പുറമെ ഗായകനായും, നിർമ്മാതാവായും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഹിന്ദി, മലയാളം തുടങ്ങിയ ഇതര ഭാഷാചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നാലു ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും, 19 ഫിലിംഫെയർ പുരസ്കാരങ്ങളും ഉൾപ്പെടെ ധാരാളം ബഹുമതികൾക്ക് അദ്ദേഹം അർഹനായിട്ടുണ്ട്. മികച്ച വിദേശഭാഷാചിത്രങ്ങൾക്കായുള്ള അക്കാദമി അവാർഡിനുവേണ്ടി സമർപ്പിച്ച ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ കമലഹാസൻ അഭിനയിച്ച ചിത്രങ്ങളായിരുന്നു. കമലഹാസന്റെ ചലച്ചിത്ര നിർമ്മാണ കമ്പനി ആയ രാജ്കമൽ ഇന്റർനാഷണൽ ആണ് അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളുടേയും നിർമ്മാതാക്കൾ. 1990-ൽ ഇന്ത്യൻ സിനിമാലോകത്തിനു കമലഹാസൻ നൽകിയ സംഭാവനകളെ മുൻനിർത്തി രാജ്യം പത്മശ്രീ ബഹുമതി നൽകി അദ്ദേഹത്തെ ആദരിക്കുകയുണ്ടായി. കൂടാതെ സത്യഭാമ സർവ്വകലാശാല ഡോക്ടറേറ്റ് നൽകിയും ആദരിച്ചു. ഇന്ത്യൻ സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ അപൂർവ്വം ചില കലാകാരന്മാരിൽ ഒരാളാണ് കമലഹാസൻ. കമലഹാസൻ മൗലികമായ പല പരീക്ഷണശ്രമങ്ങളും സിനിമയിൽ നടത്തി ചരിത്രം സൃഷ്ടിച്ചു. നിശ്ശബ്ദചിത്രമായ പുഷ്പകവിമാനം, അദ്ദേഹം സ്ത്രീ വേഷത്തിൽ അഭിനയിച്ച അവ്വൈ ഷണ്മുഖി, ഇന്ത്യൻ, അപൂർവ്വ സഹോദരങ്ങൾ തുടങ്ങിയവ ചില ഉദാഹരണങ്ങളാണ്. ആറാം വയസ്സിൽ അഭിനയിച്ച ആദ്യചിത്രത്തിൽതന്നെ അദ്ദേഹത്തിൻ ഏറ്റവും നല്ല ബാലനടനുള്ള രാഷ്ട്രപതിയുടെ പുരസ്കാരം ലഭിക്കുകയുണ്ടായി. കമലഹാസൻ ഒരു നടൻ എന്ന നിലയിലേക്ക് മുൻ നിരയിലേക്കു വരുന്നത് കെ ബാലചന്ദർ സംവിധാനം ചെയ്ത 'അപൂർവ്വരാഗങ്ങൾ' എന്ന സിനിമയിലൂടെ ആയിരുന്നു. തന്നേക്കാൾ പ്രായം കൂടിയ സ്ത്രീയുമായി പ്രണയത്തിലാവുന്ന ഒരു യുവാവിന്റെ കഥാപാത്രമായിരുന്നു കമലഹാസൻ ഈ സിനിമയിൽ ചെയ്തത്. 1983-ൽ 'മൂന്നാംപിറൈ' എന്ന സിനിമയിലെ അഭിനയത്തിന് കമലഹാസൻ മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിക്കുകയുണ്ടായി. നിഷ്കളങ്കനായ ഒരു സ്കൂൾ അദ്ധ്യാപകന്റെ വേഷമാണ് അദ്ദേഹം അതിൽ ചെയ്തത്. മണിരത്നം സംവിധാനം ചെയ്ത നായകൻ എന്ന ചിത്രത്തിലെ അഭിനയം അദ്ദേഹത്തെ വളരെ പ്രശസ്തനാക്കി. ഈ ചിത്രത്തിലൂടെ കമലഹാസൻ രണ്ടാമത്തെ ദേശീയ പുരസ്കാരത്തിന് അർഹനായി. ടൈം മാഗസിൻ ഈ ചിത്രത്തെ എക്കാലത്തേയും മികച്ച ചിത്രങ്ങളിൽ ഒന്നായി തിരഞ്ഞെടുത്തിട്ടുണ്ട്.