twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രേക്ഷകര്‍ നമ്മളെ ശ്രദ്ധിക്കണം: അനീഷ് ജി മേനോന്‍

    By അശ്വിനി എസ് ഗോവിന്ദ്
    |

    അഭിനയിക്കുന്ന വേഷമേതായാലും അത് ശ്രദ്ധിക്കപ്പെടണം എന്ന നിര്‍ബന്ധം മാത്രമേ അനീഷ് ജി മേനോന്‍ എന്ന യുവ നടന് ഉള്ളൂ. കഥാപാത്രത്തിന്റെ വലുപ്പ ചെറുപ്പത്തെ കുറിച്ച് നടന്‍ ചിന്തിയ്ക്കുന്നതേയില്ല. നായക നടന്‍ ആവണ്ടെ എന്ന് ചോദിച്ചാല്‍ ഒന്ന് ചിരിയ്ക്കും, ചെയ്യുന്ന വേഷം നന്നായാല്‍ മതി എന്ന് എളിമയോടെയുള്ള മറുപടി. തന്റെ സിനിമാ സ്വപ്‌നങ്ങളെയും വിശേഷങ്ങളെയും കുറിച്ച് പിറന്നാള്‍ ദിനത്തില്‍ അനീഷ് ജി മേനോന്‍ ഫില്‍മിബീറ്റിനോട് സംസാരിക്കുന്നു

    aneesh-g-menon-02

    ?ഈ വര്‍ഷത്തെ പിറന്നാള്‍ എങ്ങിനെ വ്യത്യസ്തമാകുന്നു. എതൊക്കെയാണ് പുതിയ ചിത്രങ്ങള്‍
    സന്തോഷം. കെഎല്‍10 പത്തിന്റെ ഷൂട്ടിങ് കഴിഞ്ഞു. വീട്ടിലാണ് ഇത്തവണ പിറന്നാള്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം പിറന്നാളിന് എനിക്കൊരു സങ്കടമുണ്ട്. കഴിഞ്ഞ വര്‍ഷം എയ്ഞ്ചല്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിലായിരുന്നു പിറന്നാളാഘോഷം. ഇപ്പോള്‍ കെഎല്‍ 10 പത്തിന്റെ ഷൂട്ടിങ് ജസ്റ്റ് പൂര്‍ത്തിയായതേയുള്ളൂ. പുതിയ ചിത്രങ്ങള്‍ ഒന്ന് മുഷിന്‍ പരാരി സംവിധാനം ചെയ്യുന്ന കെഎല്‍10 പത്ത് തന്നെ. പിന്നെ മനോജ് കണ്ണന്‍ സംവിധാനം ചെയ്യുന്ന അമീബ. അതൊരു ഓഫ്ബീറ്റ് ചിത്രമാണ്. കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന വള്ളീം തെറ്റി പുള്ളീം തെറ്റി ആണ് മറ്റൊന്ന്.

    ?ഇങ്ങനെ സഹനടന്‍ വേഷങ്ങളിലൊതുങ്ങിയാല്‍ മതിയോ. നായക നടന്‍ വേഷങ്ങള്‍ പ്രതീക്ഷിക്കുന്നില്ലേ
    (ചിരിക്കുന്നു) അങ്ങനെ വലിയ മോഹങ്ങളൊന്നുമില്ല. ചെറുതെങ്കിലും ചെയ്യുന്ന വേഷങ്ങള്‍ നന്നാവണം, ശ്രദ്ധിക്കപ്പെടണം എന്ന് മാത്രമേ ഉള്ളൂ. പ്രേക്ഷകര്‍ നമ്മളെ തിരിച്ചറിയണം എന്നായിരുന്നു തുടക്കത്തിലുള്ള ആഗ്രഹം. ഇപ്പോള്‍ നല്ല കഥാപാത്രങ്ങള്‍ ചെയ്യണം എന്നാഗ്രഹിയ്ക്കുന്നു.

    ?നാടകത്തില്‍ നിന്ന് റിയാലിറ്റി ഷോകളിലേക്ക്. കെ പി എസ് സിയുടെ നാടകവേദിയില്‍ നിന്ന് റിയാലിറ്റി ഷോകളിലേക്ക്. അവിടെ നിന്ന് സിനിമകളിലേക്ക്. നാടകത്തില്‍ നിന്ന് മാറി ക്യാമറയ്ക്ക് മുന്നിലെത്തിയപ്പോള്‍ നാടകം അഭിനയത്തെ സ്വാധീനിച്ചില്ലെ
    രണ്ട് വര്‍ഷം നാടകത്തില്‍ സജീവമായിരുന്നു. 340 ഓളം നാടകങ്ങളില്‍ വേഷമിട്ടിട്ടുണ്ടാവും. പിന്നെ, നാട്ടില്‍ ലോക്കല്‍ ചാനലുകളില്‍ ആങ്കറായതുകൊണ്ട് ക്യാമറയെ ഭയപ്പെടേണ്ടതായി വന്നിട്ടില്ല. എന്നാല്‍ പ്രമുഖ ചാനലിലേക്കെത്തുമ്പോള്‍ പാകപ്പിഴകള്‍ മനസ്സിലാക്കാന്‍ സാധിച്ചു. നാടകം സ്വാധീനിച്ചോ എന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും. തുടക്കത്തില്‍ ഒരുപാട് ബുദ്ധിമുട്ടി. പിന്നെ അഭിനയിച്ച് എക്‌സ്പീരിയന്‍സ് നേടാന്‍ ഉള്ള ഒരു മുഴുനീള വേഷം ഇതുവരെ കിട്ടിയിട്ടില്ല.

    aneesh-g-menon-01

    ?മമ്മൂട്ടി ദി ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് റിയാലിറ്റി ഷോയിലെ അനുഭവങ്ങള്‍ എങ്ങനെയായിരുന്നു. കൂടുതല്‍ റിയലിസ്റ്റിക്കായ അഭിനയത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചത് റിയാലിറ്റി ഷോയില്‍ നിന്നായിരുന്നോ
    നാടകം കളിയ്ക്കുമ്പോള്‍ തന്നെ റിയലിസ്റ്റിക്കായ അഭിനയത്തിന് ശ്രമിച്ചിട്ടുണ്ട്. കെ പി എസ് സിയില്‍ എന്റെ ഗുരവായ ശശിധരന്‍ നാടകീയ അഭിനയിത്തില്‍ വിശ്വസിക്കുന്നില്ല. കൊല്ലം സ്റ്റൈല്‍ പൊളിച്ചെഴുതി, അമേച്ചര്‍ നാടക ശൈലി കൊണ്ടുവന്നിരുന്നു. പിന്നെ നാടകത്തിന് മുമ്പ് ഞാന്‍ മിമിക്രി ട്രൂപ്പുകളിലും പ്രവൃത്തിച്ചിട്ടുണ്ട്.

    ?അപൂര്‍വ്വ രാഗം എന്ന ചിത്രത്തിലൂടെയുള്ള അരങ്ങേറ്റം
    ഏഷ്യനെറ്റിലെ മമ്മൂട്ടി ദി ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് ഷോ കണ്ടിട്ടാണ് സിബി മലയില്‍ സര്‍ വിളിയ്ക്കുന്നത്. അതില്‍ ലീഡ് റോളിലൊന്നിലായിരുന്നു ആദ്യം പരിഗണിച്ചത്. പിന്നെ പല കാരണങ്ങള്‍ കൊണ്ടും മാറിമറിഞ്ഞു.

    aneesh-g-menon-mammootty

    ?പിന്നീട് ബെസ്റ്റ് ആക്ടര്‍, മെമ്മറീസ് ഉള്‍പ്പടെയുള്ള ചിത്രങ്ങളില്‍ അഭിനയിച്ച അനീഷിന് ബ്രേക്ക് കിട്ടിയത് ദൃശ്യത്തിലെ അളിയനിലൂടെയാണ്. എങ്ങനെയായിരുന്നു ദൃശ്യത്തിലേക്കുള്ള അരങ്ങേറ്റം
    മെമ്മറീസ് ചെയ്തുകൊണ്ടിരിയ്ക്കുന്ന സമയത്താണ് ജീത്തു ജോസഫ് സര്‍ ദൃശ്യത്തിലെ വേഷത്തെ കുറിച്ച് പറഞ്ഞത്. മോഹന്‍ലാലിന്റെ അളിയന്റെ വേഷമുണ്ട്, ചെയ്യാമോ എന്നായിരുന്നു ചോദ്യം. വളരെ സന്തോഷത്തോടെ അത് സ്വീകരിച്ചു. ദൃശ്യം കഴിഞ്ഞതിന് ശേഷം ഒത്തിരി ചിത്രങ്ങളില്‍ നിന്ന് അവസരങ്ങള്‍ വന്നിരുന്നു. കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്രം നമുക്ക് പലപ്പോഴുമില്ല. സിനിമയോടുള്ള പാഷന്‍ കൊണ്ട് വരുന്ന വേഷങ്ങള്‍ സ്വീകരിക്കുകയാണ്. അങ്ങനെ ഒരുപാട് തവണ പറ്റിക്കപ്പെട്ടു. കഥ പറയുമ്പോള്‍ നമ്മളുടെ ഭാഗം വളരെ നന്നായി പറയും. എന്നാല്‍ ഷൂട്ടിങ് സെറ്റിലെത്തിയാലാണ് റോളിന്റെ വില അറിയുക. പലപ്പോഴും പറ്റിക്കപ്പെട്ടു. പക്ഷെ ഇപ്പോള്‍ ഞാന്‍ പഠിച്ചു.

    aneesh-g-menon-mohanlal

    ?മോഹന്‍ലാലിന്റെ അളിയനില്‍ നിന്ന് നേരെ മമ്മൂട്ടിയുടെ (ബാല്യകാലസഖി) കള്ളന്‍. മമ്മൂട്ടിയ്‌ക്കൊപ്പം മൂന്ന് ചിത്രങ്ങള്‍- ബെസ്റ്റ് ആക്ടര്‍, മംഗ്ലീഷ്, ബാല്യകാല സഖി. എങ്ങനെയുണ്ടായിരുന്നു മലയാളത്തിലെ രണ്ട് സൂപ്പര്‍സ്റ്റാര്‍സിനുമൊപ്പമുള്ള അഭിനായനുഭവം
    മമ്മൂട്ടിയും മോഹന്‍ലാലും രണ്ട് വ്യത്യസ്തമായ യൂണിവേഴ്‌സിറ്റിയാണ്. രണ്ട് പേര്‍ക്കും അവരുടേതായ സ്റ്റൈലുണ്ട്. അവരുടെ അഭിനയത്തെ നിര്‍ണയിക്കാന്‍ ഞാനൊന്നും ഒന്നുമല്ല.
    ലാലേട്ടനൊപ്പം ദൃശ്യത്തില്‍ അഭിനയ്ക്കുമ്പോള്‍ ഒരു പതര്‍ച്ചയുണ്ടായിരുന്നു. ചെറുപ്പം മുതല്‍ കാണാന്‍ ആഗ്രഹിയ്ക്കുന്ന നടനൊപ്പം ഒരു കോമ്പിനേഷന്‍ സീനില്‍ അഭിനയിക്കുകയാണ്. എന്റെ പതര്‍ച്ച കണ്ടിട്ട് ലാലേട്ടന്‍ അരികില്‍ വന്ന് പറയും, മോനേ സ്പീഡ് ഒന്ന് കുറച്ചാല്‍ മതി. ശരിയായിക്കൊള്ളും. പിന്നെ ഒരു രംഗം നന്നായപ്പോള്‍ പിന്നില്‍ നിന്ന് വന്ന് കെട്ടിപിടിച്ചു നന്നായി എന്ന് പറഞ്ഞു. അത് വളരെ സന്തോഷമുള്ള കാര്യമായിരുന്നു.

    ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് റിയാലിറ്റി ഷോ കഴിഞ്ഞപ്പോള്‍ തന്നെ മമ്മൂക്ക വിളിച്ചിരുന്നു. ദ്രോണ എന്ന ചിത്രത്തില്‍ ഒരുവസരത്തിന് വേണ്ടി. പക്ഷെ പിന്നീടത് നടന്നില്ല. പിന്നെ കണ്ടത് ബെസ്റ്റ് ആക്ടര്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ്. പിന്നീട് രണ്ട് ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചെങ്കിലും സംസാരിക്കാന്‍ അവസരം ലഭിച്ചില്ല. ദൃശ്യം കണ്ടതിന് ശേഷം വിളിച്ചിരുന്നു. ചെറുതെങ്കിലും താന്‍ ചെയ്യുന്ന വേഷത്തെ പ്രേക്ഷകര്‍ ഓര്‍ത്തിരിയ്ക്കുന്നുവെങ്കില്‍ തന്റെ അഭിനയത്തില്‍ എന്തോ ഉണ്ടെന്നതാണ് സത്യം എന്ന് പറഞ്ഞപ്പോള്‍ വലിയ സന്തോഷം തോന്നി.

    ?സിനിമയിലെ സൗഹൃദങ്ങള്‍

    എല്ലാവരും പറയുമ്പോലെ പുറംമോടി മാത്രമല്ല. നല്ല സപ്പോര്‍ട്ടീവാണ് എല്ലാവരും. കല്യാണം പോലുള്ള ചടങ്ങുകളില്‍ വച്ചാണ് മിക്കപ്പോഴും എല്ലാവരെയും ഒരുമിച്ച് കാണുന്നത്. നല്ല സൗഹൃദങ്ങള്‍ സൂക്ഷിക്കാന്‍ കഴിയാറുണ്ട്. പിന്നെ എനിക്കിപ്പോഴാണ് ഒരു യൂത്തിന്റെ ചിത്രം കിട്ടുന്നത്, കെഎല്‍10 പത്ത്. അതിന്റെ ഗുണം സിനിമയ്ക്കുംഞങ്ങള്‍ക്കുമുണ്ടാകും.

    aneesh-g-menon-05

    ?ഇനി ചെയ്യാന്‍ ആഗ്രഹിയ്ക്കുന്ന വേഷങ്ങള്‍
    നല്ല വേഷങ്ങള്‍ മാത്രം (ചിരിയ്ക്കുന്നു)

    അടുത്ത വര്‍ഷം മറ്റൊരു നല്ല ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍, നല്ലൊരു കഥാപാത്രത്തെ കൈയ്യില്‍പിടിച്ച് ഒരു പിറന്നാള്‍ ആഘോഷം അനീഷ് ജി മേനോന് ഉണ്ടാവട്ടെ എന്ന് ഫില്‍മിബീറ്റ് ആശംസിക്കുന്നു.

    English summary
    Birth Day Special: An interview with Aneesh G Menon
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X