twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആ ചരിത്രമെഴുതിയതിന് പിന്നിലെ കഥ വിനയന്‍ പറയുന്നു, വിശ്വാസപൂര്‍വ്വം മന്‍സൂറിന് വ്യത്യസ്തമായ പ്രമോഷന്‍

    By Aswini
    |

    വീരപുത്രന് ശേഷം പിടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന വിശ്വാസപൂര്‍വ്വം മന്‍സൂര്‍ എന്ന ചിത്രം ജൂണ്‍ 23 ന് തിയേറ്ററുകളിലെത്തുകയാണ്. മുന്‍ കുഞ്ഞ് മുഹമ്മദ് ചിത്രങ്ങള്‍ പോലെ തന്നെ മന്‍സൂറും വാണിജ്യസിനിമയല്ല. പക്ഷെ മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായൊരു പ്രമോഷന്‍ ഈ സിനിമയ്ക്ക് ലഭിച്ചു. പ്രമോഷന്‍ എന്നതിനപ്പുറം ഇതൊരു ചരിത്രമാണ്.

    ഇന്ത്യയില്‍ ആദ്യമായി ഒരു സിനിമയുടെ സ്റ്റില്‍ ഫോട്ടോകള്‍ വച്ച് ഒരു എക്‌സബിഷന്‍!! സിനിമയ്ക്കുള്ള പ്രമോഷന്‍ എന്നതിനപ്പുറം ആരാലും കാണാതെ പോകുന്ന സിനിമയ്ക്കകത്തെ സ്റ്റില്‍ ഫോട്ടോഗ്രാഫേഴ്‌സിലേക്കൊരു ശ്രദ്ധയും, സ്റ്റില്‍ ഫോട്ടോഗ്രാഫിയിലെ കലയുമാണ് ഈ എക്‌സബിഷന്‍ കൊണ്ട് കെ ആര്‍ വിനയന്‍ ഉദ്ദേശിച്ചത്. ഇന്ത്യന്‍ സിനിമയില്‍ ചരിത്രമെഴുതിയ ഈ എക്‌സിബിഷന് പിന്നിലെ കഥയെ കുറിച്ച് വിനയന്‍ ഫില്‍മിബീറ്റിനോട് സംസാരിക്കുന്നു..

    viswasapoorvam-mansoor

    ''ഞാനിത് ആരെയും പോയിന്റ് ചെയ്തു പറയുകയല്ല'' എന്ന് പറഞ്ഞുകൊണ്ട് വിനയന്‍ തുടങ്ങി, ''കോളേജ് പഠന കാലം മുതല്‍ സ്റ്റില്‍ഫോട്ടോഗ്രാഫിയോട് എനിക്ക് വല്ലാത്തൊരു ഇഷ്ടവും ആകര്‍ഷണവുമുണ്ടായിരുന്നു. ഒരു തരം ക്രേസ്. പക്ഷെ അതിന് വേണ്ടി പഠിച്ചിട്ടൊന്നുമില്ല. ഒരു പ്രൊഫഷനായി കണ്ടിട്ടുമില്ല. ഒരു ദിവസം ഒന്ന് രണ്ട് തവണ ക്യാമറ ക്ലിക്ക് ചെയ്താല്‍ തന്നെ സന്തോഷമാണ്.

    1995 ലാണ് സ്റ്റില്‍ ഫോട്ടോഗ്രാഫി ഒരു പ്രൊഫഷനായി എടുക്കുന്നത്. സിനിമയില്‍ സ്റ്റില്‍ ഫോട്ടോഗ്രാഫേഴ്‌സിനെ ആരും മൈന്റ് ചെയ്യാറില്ല. 25 വര്‍ഷം മുന്‍പ് മുതലേ സിനിമയുടെ കണ്ടിന്യൂയിറ്റിയ്ക്ക് വേണ്ടിയാണ് സ്റ്റില്‍ ഫോട്ടോകള്‍ എടുത്തിരുന്നത്. പിന്നെ പ്രിന്റിങിന് വേണ്ടിയും പരസ്യത്തിന് വേണ്ടിയും മാര്‍ക്കറ്റിങിന് വേണ്ടിയും ആല്‍ബത്തില്‍ സൂക്ഷിക്കാന്‍ വേണ്ടിയും സ്റ്റില്‍ വേണം.

    viswasapoorvam-mansoor

    സ്റ്റില്‍ ഫോട്ടോഗ്രാഫേഴ്‌സിന് സ്വതന്ത്രമായി നില്‍ക്കാന്‍ കഴിയില്ല എന്നതാണ് മറ്റൊരു സത്യം. ഛായാഗ്രാഹകന്‍ സിനിമയുടെ മൂഡിന് അനുസരിച്ച് സെറ്റ് ചെയ്യുന്ന ലൈറ്റിന് അനുസരിച്ച് മാത്രമേ ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിയുകയുള്ളൂ. സ്വതന്ത്രമായി എനിക്ക് എന്തെങ്കിലും ചെയ്യണം എന്ന് ആലോചിച്ചുകൊണ്ടിരിയ്ക്കുമ്പോഴാണ് പിടി കുഞ്ഞുമുഹമ്മദിന്റെ വിശ്വാസ പൂര്‍വ്വം മന്‍സൂര്‍ എത്തിയത്.

    ഞാനും പിടിയും ഒരേ നാട്ടുകാരാണ്. ആഗ്രഹം പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് സമ്മതം. ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ രാധാകൃഷ്ണന്‍ എന്റെ നല്ല സുഹൃത്താണ്. എന്റെ സ്വാതന്ത്രത്തിന് അനുസരിച്ച് ചിത്രങ്ങള്‍ പകര്‍ത്തണം എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹവും പിന്തുണച്ചു. സാധാരണ രീതിയില്‍ നിന്ന് മാറി ബ്ലാക്ക് ആന്റ് വൈറ്റ് മൂഡില്‍ ഞാന്‍ ചിത്രങ്ങള്‍ പകര്‍ത്തി. നാലഞ്ച് ദിവസം കഴിഞ്ഞപ്പോള്‍ ആ ചിത്രങ്ങള്‍ക്ക് നല്ല അഭിപ്രായം കിട്ടിക്കൊണ്ടിരുന്നു.

    viswasapoorvam-mansoor

    അപ്പോഴാണ് എന്തുകൊണ്ട് ഒരു എക്‌സിബിഷന്‍ നടത്തിക്കൂട എന്ന ചിന്തയില്‍ എത്തിയത്. കാര്യം പിടിയോട് പറഞ്ഞു. ചിത്രങ്ങള്‍ നന്നായി എന്ന അഭിപ്രായം എല്ലാവര്‍ക്കും ഉണ്ടായിരുന്നെങ്കിലും എക്‌സിബിഷന്‍ നടത്തുന്നതില്‍ നിന്ന് പലരും പിന്തിരിപ്പിയ്ക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷെ രണ്ട് പേരെങ്കില്‍ രണ്ട് പേര്‍ ഈ ചിത്രങ്ങള്‍ കാണണം എന്ന ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

    ഒരുപാട് എക്‌സിബിഷന്‍ നടത്തിയിട്ടുണ്ടെങ്കിലും എന്റെ സ്വന്തം നാടായ ഗുരുവായൂരില്‍ ഇതുവരെ നടത്താന്‍ അവസരം ലഭിച്ചില്ല. ഗുരുവായൂരില്‍ തന്നെ നടത്താന്‍ തീരുമാനിച്ചു. ഹൈദരാബാദില്‍ നിന്ന് ആര്‍ട് ഡയറക്ടേഴ്‌സും ചിത്രകാരുമൊക്കെയായ കുറച്ച് പേരെ കൊണ്ടു വന്നാണ് പ്രദര്‍ശനം നടത്താനുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്. 120 ചിത്രങ്ങളില്‍ നിന്ന് 40 എണ്ണം തിരഞ്ഞെടുക്കാനായിരുന്നു ഞാന്‍ ആവശ്യപ്പെട്ടത്. അവര്‍ അതില്‍ നിന്ന് 50 ചിത്രങ്ങള്‍ തിരഞ്ഞെടുത്തു. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത, ഈ സിനിമയെ കുറിച്ച് അറിയാത്ത ആള്‍ക്കാരാണ് എക്‌സബിഷന് വേണ്ട ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്.

    viswasapoorvam-mansoor

    എന്തുകൊണ്ട് ചിത്രങ്ങള്‍ ബ്ലാക്ക് ആന്റ് വൈറ്റ് ആക്കി എന്ന് ചോദിച്ചപ്പോള്‍, അതെന്റെ ആഗ്രഹമായിരുന്നു എന്നാണ് വിനയന്‍ പറഞ്ഞത്. ഇപ്പോള്‍ നമ്മള്‍ കാണുന്നതെല്ലാം കളറാണ്. അതില്‍ നിന്ന് വ്യത്യസ്തമായി, പെട്ടന്ന് ഒരു അറ്റന്‍ഷന്‍ കിട്ടും എന്നുള്ളത് കൊണ്ടാണ് ബ്ലാക്ക് ആന്റ് വൈറ്റില്‍ ചിത്രങ്ങള്‍ പകര്‍ത്തിയത് - മലയാള സിനിമയില്‍ അടയാളപ്പെടുത്തേണ്ട ചരിത്രത്തെ കുറിച്ച് കെ ആര്‍ വിനയന്‍ വളരെ ലളിതമായി പറഞ്ഞു നിര്‍ത്തി...

    ഫോട്ടോകടപ്പാട്: മനൂപ് ചന്ദ്രന്‍

    English summary
    Still photography exhibition for Viswasapoorvam Mansoor
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X