» 

മണ്ടത്തരമേ, നിന്റെ പേരോ ഫിലിം ചേമ്പര്‍?

Give your rating:

മണ്ടത്തരമേ, നിന്റെ പേരോ ഫിലിം ചേമ്പര്‍?
ഏപ്രില്‍ 23, 2002

കേട്ടില്ലേ ഫിലിം ചേമ്പറിന്റെ ഉത്തരവ്! സിനിമാക്കാരാരും ഇനി ടിവിയില്‍ അഭിമുഖം നല്‍കാന്‍ പാടില്ലത്രേ! സിനിമാ വ്യവസായം തകരാന്‍ അതാണു പോലും കാരണം. പുതിയ ഉത്തരവ് നടപ്പാകുന്നതോടെ സിനിമാ വ്യവസായത്തിന് വച്ചടി വച്ചടി കയറ്റമായിരിക്കും.

ടിവിയില്‍ അഭിമുഖം നല്‍കരുത്, ടിവിയില്‍ അഭിനയിക്കരുത്, ഉദ്ഘാടനങ്ങള്‍ക്ക് പോകരുത്, ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങിന് പോകരുത് ...ഇങ്ങനെ പോകുന്നു ഉഗ്രശാസനകള്‍. ഈ പരിപാടികള്‍ കാരണം കാണികള്‍ തീയേറ്ററില്‍ വരുന്നില്ല. അവര്‍ ടിവിയുടെ മുന്നില്‍ അടഞ്ഞു കൂടിയിരിക്കുന്നു. അവിടെ നിന്നും വലിച്ചെഴുനേല്‍പ്പിച്ച് തീയേറ്ററുകളിലേയ്ക്ക് ആട്ടിന്‍പറ്റത്തെപ്പോലെ തെളിയ്ക്കാനുളള ഒറ്റമൂലിയാകുന്നു ഈ ശാസനകള്‍.

ആരാണ് ഈ സംഘത്തിന് ഇത്തരം ശാസനകള്‍ പുറപ്പെടുവിക്കാന്‍ അനുമതി നല്‍കിയത്? അല്ലെങ്കില്‍ എന്തു ധൈര്യത്തിലാണ് ഒരു ജനാധിപത്യ സംവിധാനത്തില്‍ മറ്റുളളവരെ നിയന്ത്രിക്കാന്‍ ഇവര്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്? ഒരു സംഘടനയ്ക്ക് അതിലെ അംഗങ്ങളെ നിയന്ത്രിക്കാനല്ലേ അധികാരമുളളത്? നിര്‍മ്മാതാക്കളുടെ സംഘടന ശാസനകളും പെരുമാറ്റച്ചട്ടങ്ങളും പുറപ്പെടുവിക്കേണ്ടത് നിര്‍മ്മാതാക്കളുടെ കാര്യത്തിലല്ലേ. താരങ്ങളുടെ കാര്യം നോക്കാന്‍ അവരുടെ സംഘടന വേറെയുണ്ടല്ലോ. സാങ്കേതിക പ്രവര്‍ത്തകര്‍ക്കും അവരുടെ സംഘടനയുണ്ട്. അവരോടൊക്കെ ആലോചിച്ചിട്ടാണോ സാര്‍, ഈ കടുംവെട്ട്.

മാര്‍ക്സിസ്റ് പാര്‍ട്ടിക്കാര്‍ കോണ്‍ഗ്രസുകാര്‍ക്ക് പെരുമാറ്റച്ചട്ടവും ശാസനയും നല്‍കുന്നതു പോലെ അപഹാസ്യമാണ് നിര്‍മ്മാതാക്കള്‍ സംവിധായകരെ മര്യാദ പഠിപ്പിക്കാന്‍ നടക്കുന്നത്. അഭിമുഖം നല്‍കുന്നതും ചടങ്ങുകള്‍ക്ക് വിളിച്ചാല്‍ പോകുന്നതുമൊക്കെ ഒരാളിന്റെ വ്യക്തി സ്വാതന്ത്യ്രമാണ്. അവിടെക്കയറി അരുതെന്നു പറയാന്‍ ഇവര്‍ക്കെന്തവകാശം? ഇതെന്താ വെളളരിക്കാപ്പട്ടണമോ, അതോ തെങ്കാശിപ്പട്ടണമോ?

തമിഴിലെ കമലഹാസന്‍ അഭിമുഖ വിവാദത്തില്‍ നിന്നാണ് ചേമ്പര്‍കാര്‍ക്ക് ഈ ബുദ്ധി വന്നതെന്ന് സ്പഷ്ടം. നിര്‍മ്മാതാക്കളുടെ വിലക്കു ലംഘിച്ച് അഭിമുഖം നല്‍കിയ കമല്‍ മാപ്പു പറയണമെന്നും പിഴയൊടുക്കണമെന്നും നിര്‍മ്മാതാക്കള്‍ വിധിച്ചിരുന്നു. പോടാ പുല്ലേ എന്നായിരുന്നു കാതല്‍ മന്നന്റെ പ്രതികരണം.തന്റെ തൊഴിലിനെ ബാധിക്കുന്ന ഒരു തീരുമാനവും താന്‍ അംഗീകരിക്കുകയില്ലെന്ന് സംഘടനയുടെ മുഖത്തടിയ്ക്കുംവിധമാണ് കമല്‍ പറഞ്ഞത്.

ഈ വിവാദത്തിന്റെ ക്സൈമാക്സായിരിക്കാം മലയാളത്തിലെ ഫിലിം ചേമ്പര്‍ താപ്പാനകള്‍ക്ക് പ്രചോദനമായത്. കമലിന്റെ പുതിയ ചിത്രമായ പഞ്ചതന്ത്രത്തിന്റെ നിര്‍മ്മാതാവ് തേനപ്പന്‍ അഞ്ചു ലക്ഷം രൂപ പിഴ നല്‍കി പ്രശ്നം അവസാനിപ്പിച്ചു. ഈ പിഴയുടെ അനന്ത സാദ്ധ്യതകള്‍ മനസിലാക്കിത്തന്നെയാണ് സംഘടനയെന്ന ആനപ്പുറമേറിയാല്‍ ആരെയും വകവയ്ക്കേണ്ടെന്ന് അഹങ്കരിക്കുന്ന ചേമ്പര്‍ ചേകോന്മാര്‍ ഒരുങ്ങിയിറങ്ങിയിരിക്കുന്നത്.

ടിവിയില്‍ അഭിമുഖം നല്‍കരുതെന്നു പറയുമ്പോള്‍ അവഹേളിക്കുന്നത് ദൃശ്യമാദ്ധ്യമ പ്രവര്‍ത്തകരെക്കൂടിയാണ്. അഭിമുഖം നടത്തുന്നത് മാദ്ധ്യമ പ്രവര്‍ത്തകരുടെ അവകാശമാണ്. ഫലത്തില്‍ ഇത്തരം വിലക്കുകള്‍ അവരെയും ബാധിയ്ക്കും. അങ്ങനെ രണ്ടു വ്യത്യസ്ത തൊഴിലുകളിലേര്‍പ്പെടുന്ന രണ്ടു വിഭാഗത്തെ അവരുടെ ജോലി ചെയ്യുന്നതില്‍ നിന്നും വിലക്കുകയാണ് ഈ ഹിമാലയന്‍ മണ്ടത്തരത്തിലൂടെ വാലും തുമ്പുമില്ലാത്ത ചേമ്പര്‍ സംഘം ചെയ്യുന്നത്.

ഈ ശാസനകളെ ഒന്നു മറിച്ചിട്ടാല്‍ എന്തു സംഭവിക്കും? ഫിലിം ചേമ്പറിന്റേതുള്‍പ്പെടെ സിനിമാ സംബന്ധിയായ ഒരു ചടങ്ങും കവര്‍ ചെയ്യേണ്ട എന്ന് ദൃശ്യമാദ്ധ്യമ പ്രവര്‍ത്തകര്‍ സംഘമായി തീരുമാനിച്ചാല്‍ ഇവര്‍ എന്തു ചെയ്യും. ചാനലുകളുടെ എണ്ണം വല്ലാതെ പെരുകുന്നതോടെ സിനിമാ തുണ്ടുകള്‍ ഒട്ടിച്ച് ഒപ്പിക്കല്‍ പരിപാടികള്‍ കാണാന്‍ ആളില്ലാതെയാകും. തനതായ പരിപാടികളും വ്യക്തമായ മാദ്ധ്യമ ബോധമുളളതുമായ ചാനലുകള്‍ മാത്രമേ പിടിച്ചു നില്‍ക്കുകയുളളൂ എന്നത് സ്പഷ്ടമാണ്.

ചേമ്പര്‍ തമ്പുരാക്കന്‍മാരുടെ വാര്‍ത്തകള്‍ കൊടുക്കേണ്ടെന്ന് പത്രങ്ങള്‍ തീരുമാനിച്ചാല്‍...? എന്തു ചെയ്യും ഇവര്‍. കൂടിയാല്‍ സിനിമാ പരസ്യം കൊടുക്കില്ലെന്ന് വയ്ക്കും. അത് ഇപ്പോള്‍ തന്നെ കാര്യമായി ഇല്ലല്ലൊ. ആഗോളവല്‍ക്കരണത്തിന്റെ കുത്തൊഴുക്കില്‍ കമ്പനികള്‍ എത്ര തുകയും പരസ്യത്തിനായി ചെലവാക്കാന്‍ മത്സരിക്കുമ്പോള്‍ ഒരു വര്‍ഷമിറങ്ങുന്ന അറുപതോളം ചിത്രങ്ങളുടെ പരസ്യം പത്രവരുമാനത്തില്‍ അത്ര വലിയ തുകയൊന്നുമാകില്ല.

എപ്പോഴൊക്കെയാണ് ടിവിയില്‍ സംവിധായകരുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും അഭിമുഖങ്ങള്‍ വരുന്നത്? അതില്‍ എത്രയെണ്ണം വന്‍ പ്രേക്ഷക വൃന്ദത്തെ ആകര്‍ഷിക്കുന്നു? ടിവി പരിപാടികളുടെ റേറ്റിംഗില്‍ എവിടെയാണ് ഇത്തരം പരിപാടികളുടെ സ്ഥാനം? ചേമ്പര്‍ തമ്പുരാന്‍മാരുടെ ശ്രദ്ധ ഇങ്ങനെയെന്തെങ്കിലും വിഷയത്തില്‍ പതിഞ്ഞിട്ടുണ്ടോ?

പ്രഭാത പരിപാടികളിലാണ് ഇപ്പോള്‍ സാങ്കേതിക പ്രവര്‍ത്തകര്‍ അഭിമുഖത്തിന് അതിഥികളായെത്തുന്നത്. ഏഷ്യനെറ്റിലെ സുപ്രഭാതത്തിലും സൂര്യയിലെ പൊന്‍പുലരിയിലും കൈരളിയിലെ ശുഭദിനത്തിലും. ഇവയെല്ലാം രാവിലെ ഒമ്പതു മണിയ്ക്കു മുമ്പ് അവസാനിക്കുകയും ചെയ്യും. ഈ അഭിമുഖങ്ങള്‍ നിരോധിച്ചാല്‍, വിലക്കിയാല്‍ രാവിലെ ഏഴര മുതല്‍ ജനം തീയേറ്ററിലേയ്ക്ക് ഇരച്ചു കയറുമോ?

തിങ്കള്‍ മുതല്‍ വെളളി വരെ വൈകുന്നേരം അഞ്ചിനും ആറിനും ഇടയ്ക്കുളള സമയത്താണ് സിനിമാ സംബന്ധിയായ പരിപാടികള്‍ ടിവിയില്‍ കാണിക്കുന്നത്. അവ പലപ്പോഴും ഉച്ചയ്ക്ക് മുമ്പ് ആവര്‍ത്തിക്കപ്പെടാറുമുണ്ട്. ഉദ്യോഗസ്ഥര്‍, വിദ്യാര്‍ത്ഥികള്‍, തൊഴിലാളികള്‍ മുതലായ ഒരു വിഭാഗം പ്രേക്ഷകരെയും ആകര്‍ഷിക്കാന്‍ കഴിയാത്ത പരിപാടികളാണ് ഇവ. കാരണം ഇവ സംപ്രേക്ഷണം ചെയ്യുമ്പോള്‍ ഇവരാരും വീട്ടിലുണ്ടാവാറില്ല. യാദൃശ്ചികമായി വീട്ടിലിരിക്കുന്നവരും വീട്ടമ്മമാരും കണ്ടാലായി കണ്ടില്ലെങ്കിലായി.

ഈ അരമണിക്കുര്‍ പരിപാടികളാണ് പുതിയ സിനിമയെക്കുറിച്ചും അവയുടെ അണിയറ പ്രവര്‍ത്തകരെക്കുറിച്ചും പ്രേക്ഷകര്‍ക്ക് ധാരണ നല്‍കുന്നത്. കൈരളിയിലെ ഷൂട്ട് ആന്റ് ഷോ, ഏഷ്യാനെറ്റിന്റെ സിനിമാ ഡയറി എന്നിവയാണ് ഈ ശൈലിയിലുളള പ്രധാന പരിപാടികള്‍. ഇവയൊന്നും പുതിയ സിനിമയുടെ കഥയോ പാട്ടു സീനുകളോ ഒന്നും വെളിപ്പെടുത്തുന്നില്ല.

മറിച്ച് സംവിധായകന്‍, നിര്‍മ്മാതാവ്, പ്രധാന നടന്‍, നടി എന്നിവര്‍ക്ക് പുതിയ സിനിമയെക്കുറിച്ചും റോളുകളെക്കുറിച്ചും ഒന്നോ രണ്ടോ മിനിട്ടിനുളളില്‍ സംസാരിക്കാന്‍ അവസരം ലഭിക്കുന്നു. അവിചാരിതമായി പരിപാടി കാണുന്ന പ്രേക്ഷകന് സിനിമയെക്കുറിച്ച് ഒരു ധാരണ ലഭിക്കും. ചെലവില്ലാത്ത ഒരു പരസ്യം. ഇത് നിരോധിച്ചാല്‍ സിനിമയുടെ പ്രതിസന്ധി കുറയുമോ?

സിനിമാ തുണ്ടുകളാണ് ചാനലുകളുടെ പ്രധാന കച്ചവട വസ്തു. ഏറെ ആവര്‍ത്തിച്ചാല്‍ ഇത് പുളിയ്ക്കുമെന്നത് സാമാന്യ തത്ത്വം മാത്രമാണ്. അതിന്റെ കാലം എണ്ണപ്പെടുകയും ചെയ്തു. സിനിമാ തുണ്ടുകളും പാട്ടുകളും ടിവിയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് കണക്കു പറഞ്ഞ് പ്രതിഫലം വാങ്ങുന്നുണ്ട്. ഷൂട്ടിംഗ് റിപ്പോര്‍ട്ടു പോലും നിര്‍മ്മാതാക്കള്‍ക്ക് നിശ്ചിത തുക നല്‍കിയാണ് ചിത്രീകരിക്കുന്നതെന്ന് എത്രപേര്‍ക്കറിയാം?

ടിവിയെ ഫലപ്രദമായി സിനിമയുടെ പ്രചരണത്തിനുപയോഗിക്കാനും തീയേറ്ററുകളില്‍ ആളുകയറാനുളള ഉപാധിയാക്കാനും അറിയാത്ത നിര്‍മ്മാതാക്കളാണ് ഇത്തരം മണ്ടത്തരങ്ങള്‍ എഴുന്നെളളിക്കുന്നത്. മാദ്ധ്യമ ബോധമെന്നത് അങ്ങാടി മരുന്നോ പച്ചമരുന്നോയെന്നറിയാത്ത അല്‍പജ്ഞാനികള്‍. ഇവര്‍ കണ്ടു പഠിക്കേണ്ടത് രജനീകാന്ത് എന്ന നിര്‍മ്മാതാവിനെയാണ്.

രജനിയുടെ ഏറ്റവും പുതിയ ചിത്രമായ ബാബയുടെ ഷൂട്ടിംഗ് മുഴുവന്‍ മേക്കിംഗ് ഓഫ് മഹാത്മ എന്ന പേരില്‍ രജനിയുടെ മകള്‍ ഐശ്വര്യാ രജനീകാന്ത് ഡോക്യുമെന്ററിയായി ചിത്രീകരിക്കുകയാണ്. സിനിമ റിലീസാകുമ്പോള്‍ ഇത് ചാനലുകളില്‍ പ്രദര്‍ശിപ്പിക്കാനാണ് പരിപാടി.

ഈ ഡോക്യുമെന്ററിയുടെ സംപ്രേക്ഷണാവകാശം ലഭിക്കാന്‍ തമിഴിലെ ചാനലുകള്‍ ഇപ്പോഴേ അങ്കം തുടങ്ങിക്കഴിഞ്ഞു. കോടികളെറിഞ്ഞായിരിക്കും ഏതെങ്കിലും ചാനല്‍ ഈ ഡോക്യുമെന്ററി സ്വന്തമാക്കുന്നത്. നിര്‍മ്മാണച്ചെലവിന്റെ പത്തു ശതമാനമെങ്കിലും ഈ നമ്പരിലൂടെ രജനി തിരിച്ചു പിടിയ്ക്കും. രജനിയെന്ന ബുദ്ധിമാനായ നിര്‍മ്മാതാവ് ടിവിയെ എങ്ങനെ ഫലപ്രദമായി വിനിയോഗിച്ചെന്നു കണ്ടു പഠിക്കണം. നമ്മുടെ സൂപ്പര്‍സ്റാര്‍ ചിത്രങ്ങളുടെയെങ്കിലും ചിത്രങ്ങളുടെ ഷൂട്ടിംഗ് മുഴുവന്‍ ചിത്രീകരിച്ച് നിര്‍മ്മാതാക്കള്‍ക്ക് വില്‍ക്കാം. ഇന്ത്യാ വിഷനും ജീവന്‍ ടിവിയും വരുന്നതോടെ ആറാവുകയാണ് ചാനലുകളുടെ എണ്ണം. എന്നാല്‍ ഇങ്ങനെയൊക്കെ ആലോചിക്കാന്‍ തലയില്‍ ആള്‍ത്താമസം വേണം. തമിഴനെ പാണ്ടിയെന്നു വിളിച്ചാക്ഷേപിക്കാനേ നമുക്കറിയു.

ഇനി പരമ്പരകളുടെ കാര്യം. ടിവിയില്‍ ഏറ്റവും കൂടുതല്‍ ചലനമുണ്ടാക്കിയ സീരിയല്‍ സ്ത്രീയാണ്. അതിന്റെ നിലവാരം എന്തായാലും ആദ്യ ഭാഗങ്ങളില്‍ പ്രേക്ഷകരെ ആകര്‍ഷിക്കാനുളള എന്തൊക്കെയോ അതിലുണ്ടായിരുന്നതിനാലാണ് റേറ്റിംഗില്‍ സ്ത്രീ കുതിച്ചു കയറിയത്. അന്ന് സിനിമയില്‍ സജീവമല്ലാതിരുന്ന സിദ്ദീഖ് മാത്രമായിരുന്നു വാണിജ്യസിനിമയില്‍ നിന്നും ഈ സീരിയലില്‍ വേഷമിട്ടത്.

സിനിമാ താരങ്ങളെ കെട്ടിയെഴുന്നെളളിപ്പിച്ച് അഭിനയിച്ച സീരിയലുകള്‍ പലതും ഏഴുനിലയില്‍ പൊട്ടിയിട്ടുണ്ട്. മമ്മൂട്ടിയുടെ മെഗാബൈറ്റ്സ് നിര്‍മ്മിച്ച് കൈരളി സംപ്രേക്ഷണം ചെയ്ത മണവാട്ടിയില്‍ എത്രയായിരുന്നു സിനിമാ താരങ്ങളുടെ സാന്നിദ്ധ്യം? മുരളിയും ശ്രീരാമനും സായ് കുമാറുമൊക്കെ നിരന്നിട്ടും സീരിയല്‍ രക്ഷപെട്ടില്ലെന്നതോ പോട്ടെ, ഇടയ്ക്കു വച്ച് നിര്‍ത്താന്‍ ചാനല്‍ നിര്‍ബന്ധിതമാവുകയും ചെയ്തു. സീമയൊക്കെ അഭിനയിച്ചിട്ടും ഇതേ ചാനലിലെ ചില്ല് രക്ഷപെട്ടില്ല.

അപ്പോള്‍ സിനിമാ താരങ്ങള്‍ അഭിനയിക്കുന്ന സീരിയലുകള്‍ ടിവിയില്‍ വന്നെന്നു വച്ച് ജനം അതിന്റെ മുന്നില്‍ അടകിടക്കണമെന്നില്ല. അവരെ ആകര്‍ഷിക്കുന്ന എന്തെങ്കിലും അതില്‍ ഉണ്ടായേ മതിയാകൂ. അങ്ങനെയായിരുന്നെങ്കില്‍ താരങ്ങള്‍ അഭിനയിക്കുന്ന സീരിയലുകള്‍ എല്ലാം വന്‍സംഭവങ്ങളാകണമായിരുന്നു. ജഗതിയും കല്‍പനയും നടിച്ചിട്ടു പോലും കാര്യമായി ശ്രദ്ധിക്കപ്പെടാതെ പോയ ഏഷ്യാനെറ്റ് സീരിയലായിരുന്നു ഹുക്കാ ഹുവാ മിക്കാഡോ.

ബിസിനസ് സെന്‍സ് എന്ന സംഭവം തൊട്ടു തെറിച്ചിട്ടില്ലാത്ത നിര്‍മ്മാതാക്കള്‍ തന്നെയാണ് സിനിമയുടെ ശാപം. മോഹന്‍ലാല്‍ ചിത്രമായ ചക്രത്തിന്റെ അവസ്ഥ ഓര്‍മ്മിക്കൂ. പൂര്‍ണമായ സ്ക്രിപ്റ്റ് ഉണ്ടായിരുന്നെങ്കില്‍ ജോണി സാഗരികയ്ക്ക് തന്റെ ഒന്നരക്കോടി തുലയുമായിരുന്നില്ല. മോഹന്‍ലാലിന്റെ ഡേറ്റു കിട്ടിയ ഉടനേ കോടികള്‍ എറിഞ്ഞു തുടങ്ങി. അന്നു തൊട്ടിന്നോളമുളള ഷൂട്ടിംഗ് മാത്രം പകര്‍ത്തി ് എന്റെ ചക്രം പോയതിങ്ങനെ എന്ന പേരുമിട്ട് ഏതെങ്കിലും ചാനലുകളില്‍ കാണിച്ചിരുന്നെങ്കില്‍ മുടക്കിയ പണം തീര്‍ച്ചയായും തിരിച്ചു കിട്ടുമായിരുന്നു. തിരക്കഥയിലെ അവസാനവരിയുമെഴുതാതെ ഷൂട്ടിംഗ് ആരംഭിക്കേണ്ട എന്ന് പറയാനുളള ചങ്കുറപ്പ് നിര്‍മ്മാതാവിന് ഇല്ലാതെ പോയതിന് ആരെ കുറ്റം പറയണം?

എതിരാളികളുടെ ചിത്രത്തെ കൂകിത്തോല്‍പ്പിക്കുക എന്നൊരു കലാപരിപാടി വച്ചു നടത്തുന്ന നിര്‍മ്മാതാക്കളുണ്ട്. സിനിമ റിലീസായാല്‍ പൊളിയാണ് എന്ന അഭിപ്രായമുണ്ടാക്കാനും ആദ്യ നാളുകളില്‍ സിനിമ തുടങ്ങി തീരുന്നതു വരെ തീയേറ്ററില്‍ ഇരുന്ന് കൂവാനും കൂലിക്കാരെ ഏല്‍പ്പിക്കുന്ന നിര്‍മ്മാതാക്കളും വിതരണക്കാരും. കൂവലും ഫോണ്‍വിളിയുമായി കേരളം മുഴുവനും ഈ സംഘം അരങ്ങു തകര്‍ക്കും. കാബുളിവാലയും നിറവുമെല്ലാം ഈ അപവാദ പ്രചരണത്തെ അതിജീവിച്ചു വിജയിച്ച ചില ചിത്രങ്ങള്‍ മാത്രമാണ്. ഇവരെ എങ്ങനെ ഫിലിം ചേമ്പര്‍ നിയന്ത്രിക്കും?

താരങ്ങള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും ടിവി വഴി കിട്ടുന്ന പേരും പ്രശസ്തിയും കണ്ട് അസൂയമൂത്ത കുറേ നിര്‍മ്മാണശിങ്കങ്ങളാണ് ഈ ചേമ്പര്‍ വങ്കത്തരത്തിന് പിന്നില്‍. തങ്ങളെ ആരും അഭിമുഖത്തിനും ഉദ്ഘാടനത്തിനും വിളിക്കാത്തതിന്റെ കൊതിക്കെറുവ്. ക്യാമറയ്ക്കു പിന്നിലും മുന്നിലും സര്‍ഗശക്തി കൊണ്ട് കലാമികവു കൊണ്ടും കുറേ പേര്‍ ഷൈന്‍ ചെയ്യുന്നത് കാണുമ്പോഴുളള ചങ്കിടിപ്പ്. മാര്‍വാടിയുടെ പലിശപ്പണം കൊണ്ട് പടം പിടിയ്ക്കാനിറങ്ങിയവരുടെ അഭിമുഖം ആര്‍ക്കു വേണം? അവരെ ഉദ്ഘാടനത്തിന് കെട്ടിയെഴുന്നെളളിയ്ക്കുന്നതാര്?

അതു കൊണ്ട് സി. ആര്‍. രാംദാസും സംഘവും ഇത്തരം ശാസനകള്‍ പുറപ്പെടുവിക്കും. ഇതൊക്കെ ആരെങ്കിലും മൈന്‍ഡു ചെയ്താലും ഇല്ലെങ്കിലും ഈ അസൂയയ്ക്ക് മരുന്നില്ലേയില്ല.

Please Wait while comments are loading...

Malayalam Photos

Go to : More Photos
 
X

X
Skip Ad
Please wait for seconds

Bringing you the best live coverage @ Auto Expo 2016! Click here to get the latest updates from the show floor. And Don't forget to Bookmark the page — #2016AutoExpoLive