» 

മലയാളത്തില്‍ വീണ്ടും പാട്ടുകളുടെ പൂക്കാലം

 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ:
    ഷെയര്‍    ട്വീറ്റ്     ഷെയര്‍      അഭിപ്രായം     മെയില്‍

ഗാനരംഗങ്ങളും റിയലിസ്റ്റിക് ആകുന്നു
സിനിമയിലെ പ്രണയത്തിന്റെ നിമിഷങ്ങള്‍ പലപ്പോഴും ഗാനങ്ങളിലാണ് എത്തിനില്‍ക്കുക, ചില പ്രണയരംഗങ്ങള്‍ക്ക് ഗാനരംഗങ്ങള്‍ ഒരധികപ്പറ്റായിത്തോന്നുമെങ്കിലും സിനിമയുടെ മൊത്തം സുഖത്തിന് പാട്ടുകള്‍ ഇല്ലാതെ പറ്റില്ല. മുമ്പാണെങ്കില്‍ നായകനും നായികയും പ്രണയിച്ച് തുടങ്ങുമ്പോഴേ ഒരുകൂട്ടം യൂണിഫോമിട്ട നര്‍ത്തകര്‍ അവര്‍ക്ക് ചുറ്റിലും നിന്ന് ആടുകയും പാടുകയും ചെയ്യുകയെന്നതായിരുന്ന മലയാളത്തിലെ പതിവ് രീതി. എന്നാല്‍ സിനിമയിലെ എല്ലാ മേഖലകളിലും മാറ്റങ്ങള്‍ വരുന്നതിനൊപ്പം അവിഭാജ്യ ഘടകങ്ങളായ ഗാനങ്ങളും പുതുഭാവം അണിയുകയാണ്. മുമ്പ് ഒരു ചിത്രമിറങ്ങിയാല്‍ അതിലെ ഗാനങ്ങള്‍ ആളുകള്‍ ഏറെനാള്‍ മൂളിക്കൊണ്ടിരിക്കുന്ന ഒരു കാലമുണ്ടായിരുന്നു. ഇടക്കാലത്ത് പാട്ടുകള്‍ വെറും പേരിനുള്ളവ മാത്രമായി മാറി. എന്നാല്‍ ഇപ്പോള്‍ വീണ്ടും ചിത്രങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന ഗാനങ്ങള്‍ പിറക്കുകയാണ്.

നായകനും നായികയ്ക്കുമൊപ്പം അല്‍പവസ്ത്രധാരികളായ നൃത്തം ചെയ്യുന്ന സ്ത്രീസംഘങ്ങളുടെയും അവര്‍ക്ക് ഇണകളായെത്തുന്ന ആണ്‍സംഘങ്ങളുടെയും സാന്നിധ്യം പതുക്കെ സിനിമയില്‍ നിന്നും അകലുകയാണ്. പകരം ചിത്രത്തിന്റെ സ്വഭാവത്തില്‍ നിന്നും അകന്നുപോകാത്ത തന്‍മയത്തമുള്ള ഗാനരംഗങ്ങള്‍ പിറന്നുകൊണ്ടിരിക്കുകയാണ്. കഥയുമായി ബന്ധപ്പെട്ടുകിടക്കുന്ന രംഗങ്ങള്‍തന്നെ ഗാനങ്ങളില്‍ ചേര്‍ത്തിണക്കുക. അല്ലെങ്കില്‍ നായികയും നായകനും മാത്രമായി പ്രണയഗാനരംഗത്ത് അഭിനയിക്കു ഇതൊക്കെയാണ് ഇപ്പോള്‍ കൂടുതലായും കണ്ടുവരുന്ന രീതികള്‍. ഇത് ഇന്നും ഇന്നലെയും തുടങ്ങിയ കാര്യമല്ലെങ്കിലും ഇപ്പോഴീ സ്‌റ്റൈലിന് പ്രചാരം കൂടിയിരിക്കുകയാണ്.

അനുരാഗത്തിന്‍ വേളയില്‍ (തട്ടത്തിന്‍ മറയത്ത്), അള്ളാ അള്ളാ ( ഡാ തടിയാ), എന്തിനീ മിഴി രണ്ടും( ഓര്‍ഡിനറി), തൊട്ടു തൊട്ടു (ഡയമണ്ട് നെക്ലേസ്), പാതിരയോ പകലിനി(ബാച്ച്‌ലര്‍ പാര്‍ട്ട്) തുടങ്ങിയ ഗാനങ്ങളെല്ലാം അടുത്തകാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. ഓരോ ഗാനങ്ങള്‍ക്കും അതാതിന്റേതായ പ്രത്യേക ശൈലിയുണ്ട്. പതിവ് ഡ്യൂയറ്റ്,പ്രണയഗാനശൈലിയില്‍ എടുത്തവയല്ല ഈ ഗാനങ്ങളൊന്നും. കേള്‍വിയ്‌ക്കെന്നപോലെ കാഴ്ചയ്ക്കും സുഖമുള്ളതാണ് ഈ ഗാനങ്ങളുടെ രംഗങ്ങള്‍. ഇക്കൂട്ടത്തില്‍ ഏറ്റവും എടുത്തുപറയേണ്ട ഒന്നാണ് രാജീവ് രവിയുടെ അന്നയും റസൂലും എന്ന ചിത്രത്തിലെ കണ്ടു രണ്ട് കണ്ണ് എന്ന ഗാനം. ചിത്രത്തിന്റെ ജീവനായി നല്‍ക്കുന്ന ഈ ഗാനം ചിത്രീകരണം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ചിത്രത്തിന്റെ മുഴുവന്‍ വികാരവും പ്രതിഫലിപ്പിക്കാന്‍ പറ്റുന്നതാണ് ഈ പാട്ടും ഇതിലെ രംഗങ്ങളും. അടര്‍ത്തിമാറ്റാനാവാത്ത രീതിയിലാണ് പാട്ടും ചിത്രവും ഇഴുകിച്ചേര്‍ന്നിരിക്കുന്നത്.

ഗാനരംഗങ്ങളിലെ പുതിയ പ്രവണതകളെക്കുറിച്ച് അവാര്‍ഡ് ജേതാവായ കോറിയോഗ്രാഫര്‍ ശാന്തി മാസ്റ്റര്‍ പറയുന്നതിങ്ങനെ- എണ്‍പതുകളിലാണ് ഡ്യൂയറ്റുകളില്‍ നൃത്തം ചെയ്യുന്ന സംഘങ്ങളുടെ സാന്നിധ്യം കണ്ടുതുടങ്ങുന്നത്. ക്യാംപസുകളിലും പ്രത്യേക സന്ദര്‍ഭങ്ങളിലും മറ്റുമുള്ള പാട്ടുകളാണെങ്കില്‍ ഈ നൃത്തവൃന്ദത്തിന്റെ സാന്നിധ്യം പാട്ടിന് ആവശ്യമാണ്, അത്തരം സന്ദര്‍ഭങ്ങളില്‍ അത് സുന്ദരമായി തോന്നുകയും ചെയ്യും. എന്നാല്‍ വളരെ സ്വകാര്യമായി പ്രണയിക്കുന്ന കമിതാക്കളെയാണ് ഗാനരംഗത്ത് കാണിക്കുന്നതെങ്കില്‍ അതില്‍ കട്ടിയുള്ള മേക്കപ്പും അലങ്കാരവസ്ത്രങ്ങളുമായി നൃത്തം ചെയ്യുന്നവര്‍ മടുപ്പുതന്നെയാണ് സൃഷ്ടിക്കുക. മാത്രമല്ല ഇത്തരം ഗാനങ്ങള്‍ ഒരിക്കലും ചിത്രവുമായി ചേരാതെ മുഴച്ചുനില്‍ക്കുകയും ചെയ്യും.

പക്ഷേ ഇത് സിനിമയാണ് എല്ലാത്തിലുമുപരി വലിയൊരുകൂട്ടമാളുകളുടെ ജീവിതോപാധിയാണ്, അപ്പോള്‍ അതിനനുസരിച്ച് അതിനെ കൊമേഴ്‌സ്യലൈസ് ചെയ്യുമ്പോള്‍ ഇത്തരം രംഗങ്ങള്‍ ചേര്‍ക്കേണ്ടതായി വരും. പക്ഷേ ഇപ്പോള്‍ ട്രെന്‍ഡ് മാറുകയാണ്. സിനിമ കൂടുതല്‍ റിയലിസ്റ്റിക് ആകുന്നു. സംവിധായകര്‍ വളരെ നാച്ചുറലായ കാര്യങ്ങളാണ് ആവശ്യപ്പെടുന്നത് അത് അഭിനയത്തിലായാലും ഗാനരംഗങ്ങളിലായാലും. പലപ്പഴും ഗാനരംഗങ്ങളില്‍ ഒരു കൂട്ടമാളുകള്‍ നായകനും നായികയ്ക്കും അകമ്പടി സേവിച്ച് പാടുകയും ആടുകയും ചെയ്യുന്നത് അതിന് ചുവടുകളൊരുക്കുന്ന കോറിയോഗ്രാഫര്‍മാര്‍ക്കുപോലും ചിലപ്പോള്‍ ബോറടിയുണ്ടാക്കുന്ന കാര്യമാണ്.

മാറ്റങ്ങള്‍ അനിവാര്യമാണ്. ഒരു ഗ്രൂപ്പ് നിന്ന് സ്ഥിരമായി പാട്ടുകളില്‍ നൃത്തം ചെയ്യുന്ന രീതി ഇനിയും അധികകാലം ആരും ഇഷ്ടപ്പെടില്ല. മുമ്പൊക്കെ സുന്ദരമായ സ്ഥലങ്ങളില്‍ വച്ചുമാത്രമേ പ്രണയഗാനങ്ങള്‍ സംഭവിക്കാറുള്ളു, ആ രീതി ഇപ്പോള്‍ മാറുന്നുണ്ട്, ഇപ്പോള്‍ ചളിയിലും വെള്ളത്തിലും ചന്തയിലും ചേരിയിലും വരെ പ്രണയഗാനങ്ങള്‍ സംഭവിക്കുന്നുണ്ട്- പറയുന്നത് ഡാന്‍സ് കോറിയോഗ്രാഫറായ ശ്രീജിത്ത് എസാണ്.

നായകനും നായികയും മാത്രമുള്ള പ്രണയഗാനരംഗങ്ങള്‍ എന്ന ട്രെന്‍ഡ് വന്നിരിക്കുന്നത് ബോളിവുഡില്‍ നിന്നാണെന്ന് വേണമെങ്കില്‍ പറയാം. അവിടെ പല ചിത്രങ്ങളുടെയും ഗാനചിത്രീകരണം വിദേശങ്ങളിലായിരിക്കും. അപ്പോള്‍ ഡാന്‍സ് ഗ്രൂപ്പിനെ കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടുകള്‍കൊണ്ടുതന്നെ അത്തരം സന്നാഹങ്ങള്‍ വേണ്ടെന്നുവെയ്ക്കുകയും നായികയും നായകനും മാത്രമായി ഗാനങ്ങള്‍ ചിത്രീകരിക്കുകയും ചെയ്യുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് തെന്നിന്ത്യന്‍ ചിത്രങ്ങളിലും പ്രത്യേകിച്ച് മലയാളത്തില്‍ ഇത്തരം ഗാനരംഗങ്ങള്‍ കൂടുതലായി വന്നുകൊണ്ടിരിക്കുന്നത്- ശ്രീജിത്ത് ചൂണ്ടിക്കാണിക്കുന്നു.

നൃത്തസംഘങ്ങള്‍ ഇല്ലാതെതന്നെ ഡ്യൂയറ്റുകളില്‍ നായികയോ നായകനോ ആടിപ്പാടുന്ന രീതി ഇപ്പോഴും പതിവുണ്ട്. അത്തരം ഗാനങ്ങളില്‍ത്തന്നെ ഇപ്പോള്‍ പുതിയ രീതികള്‍ പരീക്ഷിക്കപ്പെടുന്നുമുണ്ട്. പുതിയമുഖമെന്ന ചിത്രത്തിലെ പിച്ചവച്ചനാള്‍ മുതല്‍ എന്നു തുടങ്ങുന്ന ഗാനവും, ബോഡി ഗാര്‍ഡിലെ പേരില്ലാ രാജ്യത്തെ രാജകുമാരി എന്നഗാനവും അന്‍വറിലെ കണ്ണിനിമ നീളെ എന്ന ഗാനവുമെല്ലാം ഇത്തരം പുതിയ ശൈലികള്‍ക്ക് ഉദാഹരണങ്ങളാണ്. ന്യൂജനറേഷന്‍ എന്ന പ്രയോഗം സിനിമയുടെ കാര്യത്തില്‍ എത്രത്തോളം ശരിയാകുമെന്ന് വ്യക്തമല്ലെങ്കിലും മലയാള സിനിമ അടിമുടി റിയലിസ്റ്റിക് ആകുന്നുവെന്നകാര്യം പ്രതീക്ഷയുണ്ടാക്കുന്നതുതന്നെയാണ്.

Topics: song, music, love, dance, annayum rasoolum, thattathin marayathu, ഗാനം, സംഗീതം, സിനിമ, പ്രണയം, നൃത്തം
English summary
With Mollywood moving to realistic cinema, choreographers feel that the routine duet song and group dance sequences will look fake and artificial.

Malayalam Photos

Go to : More Photos