» 

ലാല്‍ ജോസ് ദുല്‍ഖറിന് മെഗാഹിറ്റ് സമ്മാനിയ്ക്കുമോ?

Posted by:
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ:
    ഷെയര്‍    ട്വീറ്റ്     ഷെയര്‍      അഭിപ്രായം     മെയില്‍

ലാല്‍ ജോസിന്റെ ദുല്‍ഖര്‍ ചിത്രം 2014ല്‍
വളരെ ആലോചിച്ചുമാത്രമാണ് ദുല്‍ഖര്‍ സല്‍മാന്‍ സിനിമയില്‍ ഓരോ ചുവടും വെയ്ക്കുന്നത്. ആദ്യചിത്രമായ സെക്കന്റ്‌ഷോയ്ക്കുശേഷം ചെയ്ത തീവ്രമെന്ന ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയതോടെ ചിത്രങ്ങളില്‍ തിരഞ്ഞെടുക്കുന്നതില്‍ ദുല്‍ഖര്‍ വലിയ ശ്രദ്ധകാണിക്കുന്നുണ്ട്. ചെയ്യാന്‍ വേണ്ടി എന്തെങ്കിലും ചെയ്യുകയെന്ന രീതിയില്‍ ഒന്നും ചെയ്യാന്‍ ദുല്‍ഖര്‍ തയ്യാറല്ല, മികച്ച തിരക്കഥയും മികച്ച ബാനറുമെല്ലാം നോക്കിമാത്രമാണ് ദുല്‍ഖര്‍ ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത്.

പക്ഷേ പിതാവുള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് ഒട്ടേറെ ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള ലാല്‍ ജോസ് ഒരു ചിത്രത്തിലേയ്ക്ക് ക്ഷണിച്ചപ്പോള്‍ ദുല്‍ഖറിന് ഒന്നും നോക്കാനില്ലായിരുന്നു. അങ്ങനെയാണ് ലാല്‍ ജോസിന്റെ ഏറ്റവും പുതിയ പ്രൊജക്ടായ വിക്രമാദിത്യനില്‍ ദുല്‍ഖര്‍ നായകനാകുന്നത്. ചിത്രം ഇപ്പോള്‍ത്തന്നെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ ജോലികള്‍ 2014ല്‍ മാത്രമേ തുടങ്ങുകയുള്ളു.

ഇപ്പോള്‍ റംസാന് ലാല്‍ ജോസിന്റെ കുഞ്ചാക്കോ ബോബന്‍ നായകനായ പുള്ളിപ്പുലികളും ആട്ടിന്‍ കുട്ടിയും റിലീസിനെത്തുന്നുണ്ട്. ഇതിന് പിന്നാലെ ദിലീപ് നായകനാകുന്ന ഏഴ് സുന്ദരരാത്രികളാണ് ലാല്‍ ജോസ് സംവിധാനം ചെയ്യുന്നത്. 2013ലെ ക്രിസ്മസ് റിലീസായിട്ടായിരിക്കും ചിത്രം തിയേറ്ററുകളിലെത്തുക. ഇത് കഴിഞ്ഞ് മാത്രമേ വിക്രമാദിത്യന്റെ ജോലികള്‍ തുടങ്ങുകയുള്ളു.

ഈ ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം ഉണ്ണി മുകുന്ദനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. വര്‍ഷാവര്‍ഷം മികച്ച ചിത്രങ്ങള്‍ തിയേറ്ററുകളിലെത്തിക്കുന്ന ലാല്‍ ജോസ് മലയാളത്തിലെ വിലയേറിയ സംവിധായകരില്‍ ഒരാളാണ്. മീശ മാധവന്‍ എന്ന ചിത്രത്തിലൂടെ ദിലീപിനെ സൂപ്പര്‍നായക പദവിയിലേയ്ക്കുകയര്‍ത്തിയ ലാല്‍ ജോസ് എല്‍സമ്മയെന്ന ആണ്‍കുട്ടിയിലൂടെ അതുവരെ ചോക്ലേറ്റ് നായകനായിരുന്ന കുഞ്ചാക്കോ ബോബന് വമ്പന്‍ തിരിച്ചുവരവായിരുന്നു സമ്മാനിച്ചത്.

1998ല്‍ പുറത്തിറങ്ങിയ മറവത്തൂര്‍ കനവാണ് ലാല്‍ ജോസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. സൂപ്പര്‍ഹിറ്റായി മാറിയ ഈ ചിത്രത്തിലൂടെയാണ് മമ്മൂട്ടിയ്ക്ക് കോമഡി കഥാപാത്രങ്ങളും വഴങ്ങുമെന്ന് ആരാധകര്‍ക്കും ചലച്ചിത്രലോകത്തിനും തിരിച്ചറിവുണ്ടായത്. പിന്നീട് 1999ല്‍ ദിലീപിനെ മീശമാധവനാക്കി ലാല്‍ ജോസ് വീണ്ടും സൂപ്പര്‍ഹിറ്റ് സൃഷ്ടിച്ചു. ഏറ്റവുമൊടുവില്‍ റംസാന്‍ റിലീസായി എത്തിയ പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും വരെയുള്ള പട്ടിക നോക്കിയാല്‍ ലാല്‍ ജോസിന്റെ പടങ്ങളില്‍ അമ്പേ പരാജയപ്പെട്ടവ വളരെ കുറവാണ്. അതുകൊണ്ടുതന്നെ ദുല്‍ഖറിന് വിക്രമാദിത്യനില്‍ ഏറെ പ്രതീക്ഷകള്‍ക്ക് വകയുണ്ട്. 2014ല്‍ ഒരുപക്ഷേ ദുല്‍ഖറിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമാകാന്‍ പോകുന്നത് വിക്രമാദിത്യനായിരിക്കും.

Topics: lal jose, dulquer salman, vikramadithyan, unni mukundan, ലാല്‍ ജോസ്, ദുല്‍ഖര്‍ സല്‍മാന്‍, വിക്രമാദിത്യന്‍, ഉണ്ണി മുകുന്ദന്‍
English summary
Dulqar Salman will team up with the hit maker Lal Jose soon.

Malayalam Photos

Go to : More Photos