» 

ഇനി തിയറ്ററുകളില്‍ കൂട്ടപ്പൊരിച്ചില്‍

Posted by:

വിഷു അവധിക്കാണ് സാധാരണ മലയാള സിനിമകള്‍ ഒന്നിച്ചു തിയറ്ററിലെത്താറുള്ളത്. മാര്‍ച്ചില്‍ പരീക്ഷക്കാലമായതിനാല്‍ ഒറ്റയ്ക്കും തെറ്റയ്ക്കും മാത്രമേ സിനിമകള്‍ റിലീസ് ചെയ്യാറുള്ളൂ. എന്നാല്‍ ആ കാലമൊക്കെ മാറി. മാര്‍ച്ചില്‍ ഒത്തിരി ചിത്രങ്ങളാണ് റിലീസിന് തയാറായിരിക്കുന്നത്.

കുഞ്ചാക്കോ ബോബന്‍ നായകനായ കൊന്തയും പൂണൂലും വെള്ളിയാഴ്ച തിയറ്ററിലെത്തി. ഭാമയാണ് ഈ ചിത്രത്തില്‍ കുഞ്ചാക്കോയുടെ നായിക. വ്യത്യസ്തമായൊരു പ്രമേയമാണ് സംവിധായകന്‍ ജിജോ ആന്റണി പറയുന്നത്. കൊന്തയും പൂണൂലിനും പിന്നാലെ വമ്പന്‍പ്രൊജക്ടുകളാണ് തിയറ്ററുകളിലെത്തുന്നത്.

മമ്മൂട്ടിയുടെ പ്രെയ്‌സ് ദ് ലോഡ്, കുഞ്ചാക്കോ ബോബന്റെ ലോ പോയന്റ്, ഫഹദ് ഫാസിലിന്റെ വണ്‍ ബൈ ടു, ജയറാമിന്റെ ഒന്നും മിണ്ടാതെ എന്നിവയാണ് തുടര്‍ദിനങ്ങളില്‍ എത്തുക. കേരളത്തില്‍ തിരഞ്ഞെടുപ്പിന്റെ ചൂട് അടുത്തെങ്കിലും തിയറ്ററുകളെ അത് ബാധിക്കില്ലെന്നാണ് പൊതുവെയുള്ള കണക്കുകൂട്ടല്‍.

മമ്മൂട്ടിയെ നായകനാക്കി ഷിബു ഗംഗാധരന്‍ സംവിധാനം ചെയ്യുന്ന പ്രെയ്‌സ് ദ് ലോഡില്‍ റിനു മാത്യൂസ് ആണ് നായിക. ഇമാനുവലിനു ശേഷം റിനു മമ്മൂട്ടിയുടെ നായികയാകുകയാണ്. മിലന്‍ ജലീല്‍ നിര്‍മിക്കുന്ന ചിത്രം സക്കറിയയുടെ പ്രെയ്‌സ് ദ് ലോഡ് എന്ന കഥയെ അവലംബമാക്കിയാണ് സിനിമയാക്കിയത്.

സുഗീതിന്റെ മൂന്നാമത്തെ ചിത്രമാണ് ഒന്നും മിണ്ടാതെ. ജയറാമും മീരാ ജാസ്മിനും ഒന്നിക്കുന്ന ചിത്രം കുടുംബചിത്രമാണ്. കൃഷി ഓഫിസറെയാണ് ജയറാം അവതരിപ്പിക്കുന്നത്. ജോഷി സംവിധാനം ചെയ്ത സലാം കാശ്മീരിന്റെ പരാജയത്തെ തുടര്‍ന്ന് റിലീസ് ചെയ്യുന്ന ജയറാം ചിത്രമാണിത്. ത്രീ ഡോട്‌സ് എന്ന ചിത്രത്തിനു ശേഷം സുഗീത് സംവിധാനംചെയ്യുന്ന ചിത്രമാണിത്.

അരുണ്‍ അരവിന്ദ് ഫഹദിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് വണ്‍ ബൈ ടു. മുരളി ഗോപിയുടെ തിരക്കഥയില്‍ അരുണ്‍ ചെയ്യുന്ന ചിത്രത്തില്‍ ഹണി റോസ് ആണ് നായിക.

ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന ലോ പോയന്റില്‍ നമിത പ്രമോദ് ആണ് കുഞ്ചാക്കോ ബോബന്റെ നായിക. എല്ലാ ചിത്രങ്ങളും എത്തുന്നതോടെ കേരളത്തിലെ തിയറ്ററുകളില്‍ തിരക്കുകൂടും.

English summary
Many of Malayalam movies ready for release in this March.
Please Wait while comments are loading...

Malayalam Photos

Go to : More Photos