» 

മോഹന്‍ലാലിന്റെ പുത്തന്‍ ചിത്രങ്ങള്‍

Posted by:

മോഹന്‍ലാലിനെ സംബന്ധിച്ച് 2013 അത്ര മികച്ച വര്‍ഷമായിരുന്നില്ല. ഈ വര്‍ഷം പുറത്തുവന്ന ലാല്‍ ചിത്രങ്ങളൊന്നും തന്നെ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നവയായിരുന്നില്ല. ലോക്പാല്‍ പോലുള്ള ചിത്രങ്ങള്‍ ലാലിന്റെ പ്രേക്ഷകരില്‍ വലിയ നിരാശയുണ്ടാക്കിയ ചിത്രങ്ങളായിരുന്നു. ഏറെ പ്രതീക്ഷകളുമായി എത്തിയ സിദ്ദിഖ് ചിത്രം ലേഡീസ് ആന്റ് ജെന്റില്‍മാനും മോഹന്‍ലാലിന് വലിയ വിജയം സമ്മാനിയ്ക്കാതെ കടന്നുപോവുകയായിരുന്നു. ഒടുവില്‍ ഏറ്റവും വലിയ തകര്‍ച്ചയായി മാറിയത് പ്രിദര്‍ശന്‍ ഒരുക്കിയ ഗീതാഞ്ജലിയായിരുന്നു.

വന്‍ പ്രചാരണം ലഭിച്ച ഈ ചിത്രത്തിന് പക്ഷേ ശരാശരിയില്‍പ്പോലും എത്താന്‍ കഴിഞ്ഞില്ലെന്നാണ് പൊതുവേയുള്ള അഭിപ്രായം. 2013 കഴിയാന്‍ ഒരുമാസം മാത്രം ബാക്കിയുള്ളപ്പോള്‍ ലാല്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷകള്‍ക്കുള്ള വകയാണ് ലഭിയ്ക്കുന്നത്. ക്രിസ്മിന് എത്തുന്ന ദൃശ്യം ഉള്‍പ്പെടെ ഏറെ പ്രതീക്ഷകള്‍ നല്‍കുന്ന പല ലാല്‍ ചിത്രങ്ങളും അണിയറയില്‍ ഒരുങ്ങുകയാണ്. 2014 എന്തായാലും 2013 പോലെയാകില്ല ലാല്‍ ചിത്രങ്ങളുടെ കാര്യത്തിലെന്നാണ് പൊതുവേ കരുതപ്പെടുന്നത്. മികച്ച കഥകളുമായി ഒട്ടേറെ പ്രൊജക്ടുകളാണ് ലാല്‍ ആരാധകര്‍ക്ക് മുന്നിലെത്താന്‍ പോകുന്നത്.

ദൃശ്യം

യുവസംവിധായകരില്‍ ശ്രദ്ധേയനായ ജീത്തു ജോസഫ് ഒരുക്കുന്ന ദൃശ്യം ക്രിസ്മസ് റിലീസായിട്ടാണ് എത്തുന്നത്. ഹൈറേഞ്ചിലെ സാധാരണ കര്‍ഷകനായി ലാല്‍ വേഷമിടുന്ന ചിത്രത്തില്‍ മീനയാണ് നായികയായി എത്തുന്നത്. വളരെ രസകരമായ ഒരു കഥയാണ് ദൃശ്യത്തിലൂടെ ജീത്തുവും മോഹന്‍ലാലും പറയുന്നത്. ലാലിന്റെ സാധാരണക്കാരന്‍ ഇമേജാകും ദൃശ്യത്തില്‍ സ്‌കോര്‍ ചെയ്യാന്‍ പോകുന്ന പ്രധാന ഘടകം.

ജില്ല

തമിഴ് ചിത്രമാണെങ്കിലും മലയാളികളും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയും ലാലും ഒന്നിയ്ക്കുന്ന ജില്ല. ജനുവരിയില്‍ പൊങ്കല്‍ റിലീസായി എത്തുന്ന ചിത്രത്തില്‍ നരകയറിയ, മീശപിരിച്ച മുണ്ടുടുക്കുന്ന ലാലിനെയാണ് കാണാന്‍ കഴിയുക. ഏറെക്കാലത്തിന് ശേഷം ലാല്‍ ഇത്തരമൊരു ഗറ്റപ്പില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രമായിരിക്കും നേശന്‍ സംവിധാനം ചെയ്യുന്ന ജില്ല.

കൂതറ

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കൂതറയാണ് പ്രതീക്ഷ നല്‍കുന്ന മറ്റൊരു മോഹന്‍ലാല്‍ ചിത്രം. യുവതാരങ്ങളായ സണ്ണി വെയ്‌നും ടൊവീനോ തോമസും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ പോസ്റ്ററുകള്‍ ഇതിനകം തന്നെ ശ്രദ്ധനേടിയിട്ടുണ്ട്. മോഹന്‍ലാല്‍ തീര്‍ത്തും വ്യത്യസ്തമായ ലുക്കിലെത്തുന്ന ചിത്രത്തില്‍ പഴയകാല താരം രഞ്ജിനിയും അഭിനയിക്കുന്നുണ്ട്.

ഫ്രോഡ്

ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന ചിത്രമാണ് മിസ്റ്റര്‍ ഫ്രോഡ്. ലാലിനെ വച്ച് മാടമ്പിയെന്ന ഹിറ്റ് ചിത്രമൊരുക്കിയ ഉണ്ണികൃഷ്ണന്‍ ഫ്രോഡിലൂടെ മറ്റൊരു ഹിറ്റ് സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പെരുച്ചാഴി

തമിഴ് സംവിധായകനായ അനില്‍ വൈദ്യനാഥന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് പെരുച്ചാഴി. വളരെമുമ്പുതന്നെ പ്രഖ്യാപിക്കപ്പെട്ട ഈ ചിത്രവും ലാലിന്റെ 2014 റിലീസായിരിക്കുമെന്നാണ് സൂചന. അമേരിക്കയിലും കേരളത്തിലുമായി ചിത്രീകരിക്കുന്ന പെരുച്ചാഴിയില്‍ പൂജ കുമാറാണ് നായികയാവുന്നത്.

രസം


മോഹന്‍ലാല്‍, ഇന്ദ്രജിത്ത് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് രസം. രാജീവ് നാഥ് ഒരുക്കുന്ന ഈ ചിത്രം പാചകത്തിന്റെയും രുചികളുടെയും പശ്ചാത്തലത്തിലുള്ളൊരു കഥയാണ് പറയുന്നത്. ചിത്രത്തില്‍ നൈല ഉഷയാണ് നായികയായി എത്തുന്നത്.

മേജര്‍ രവിയുടെ മോഹന്‍ലാല്‍ ചിത്രം

സൈനികചിത്രങ്ങളുടെ സ്ഥിരം സംവിധായകനായ മേജര്‍ രവി മോഹന്‍ലാലുമായി ചേര്‍ന്ന് പുതിയൊരു ചിത്രം പ്രഖ്യാപിച്ചിട്ടുണ്ട്. പതിവ് സൈനിക കഥകളില്‍ നിന്നും വ്യത്യസ്തമായ ചിത്രമാണിതെന്നാണ് രവി പറയുന്നത്. ഇതും മോഹന്‍ലാലിന്റെ 2014 റിലീസുകളില്‍ പ്രധാനപ്പെട്ട ചിത്രമായിരിക്കും.

മധുപാല്‍ ചിത്രം

മധുപാലിന്റെ പുതിയ ചിത്രത്തില്‍ നായകനാകുന്നത് ലാലാണ്. മുഴുനീള ഹാസ്യചിത്രമായിട്ടായിരിക്കും മധുപാല്‍ പുതിയചിത്രമൊരുക്കുകയെന്നാണ് വിവരം. തലപ്പാവും ഒഴിമുറിയും ഒരുക്കിയ മധുപാല്‍ ലാലിനായി മികച്ചൊരു ഹിറ്റായിരിക്കും സംവിധാനം ചെയ്യുകയെന്ന് തന്നെ പ്രതീക്ഷിയ്ക്കാം.

ലൈല ഓ ലൈല

ജോഷി സംവിധാനം ചെയ്യുന്ന ലൈല ഓ ലൈലയെന്ന ചിത്രത്തില്‍ ലാലും അമല പോളുമാണ് ജോഡികളാകുന്നത്. നേരത്തേ ഇവര്‍ ഒന്നിച്ച റണ്‍ ബേബി റണ്‍ എന്ന ചിത്രം വലിയ പ്രദര്‍ശനവിജയം നേടിയിരുന്നു. ചിത്രത്തില്‍ വ്യത്യസ്തമായ ലുക്കിലാണ് മോഹന്‍ലാല്‍ എത്തുകയെന്നാണ് അണിയറക്കാര്‍ പറയുന്നത്.

മഞ്ജു-ലാല്‍ ചിത്രം

ലാലിനെയും മഞ്ജു വാര്യരെയും ജോഡികളാക്കി രഞ്ജിത്ത് പ്രഖ്യാപിച്ച ചിത്രവും 2014 റിലീസായിരിക്കും. ചിത്രം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും ഉപേക്ഷിച്ചിട്ടില്ലെന്നാണ് അണിയറക്കാര്‍ പറയുന്നത്.

സത്യന്‍ അന്തിക്കാട് ചിത്രം

സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിയ്ക്കുന്ന ചിത്രവും പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷകള്‍ നല്‍കുന്ന ചിത്രമാണ്. 2014 പകുതിയോടെയായിരിക്കും ഈ ചിത്രത്തിന്റെ ജോലികള്‍ തുടങ്ങുന്നത്.

See next photo feature article

പ്രിയദര്‍ശന്‍-മോഹന്‍ലാല്‍

മോഹന്‍ലാലിനെ നായകനാക്കി പുതിയൊരു ചിത്രം പ്രിയദര്‍ശന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എഴുപതുകളില്‍ നടക്കുന്നൊരു കഥയായിരിക്കും ഇതെന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്. ഇതും ലാലിന്റെ 2014 റിലീസായിരിക്കുമെന്നാണ് സൂചന.

Read more about: mohanlal, super star, drishyam, jilla, koothara, mr fraud, peruchazhi, മോഹന്‍ലാല്‍, സൂപ്പര്‍താരം, ദൃശ്യം, ജില്ല, മിസ്റ്റര്‍ ഫ്രോഡ്, കൂതറ, പെരുച്ചാഴി
English summary
Mohanlal will seen in number of films in 2014 directed by various promenent directors.
Please Wait while comments are loading...

Malayalam Photos

Go to : More Photos