» 

ഓണപ്പോരാട്ടം ആരംഭിച്ചു

Posted by:

ഓണം വരാന്‍ ഒരു മാസമുണ്ടെന്നിരിക്കെ, ഓണച്ചിത്രങ്ങള്‍ തമ്മിലുള്ള പോരാട്ടം ആരംഭിച്ചു കഴിഞ്ഞു. മമ്മൂട്ടിയുടെ രാജാധിരാജ, മോഹന്‍ലാലിന്റെ പെരുച്ചാഴി, ദിലീപിന്റെ വില്ലാളിവീരന്‍, പൃഥ്വിയുടെ സപ്തമശ്രീ തസ്‌കര, കുഞ്ചാക്കോ ബോബന്റെ ഭയ്യ ഭയ്യ എന്നിവയാണ് ഓണത്തിനു റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍. അഞ്ചു പ്രധാനതാരങ്ങളും ഏറെക്കാലത്തിനു ശേഷമാണ് ഒന്നിച്ചു പോരാടുന്നത്. ഫഹദിന്റെ മണിരത്‌നവും ചിലപ്പോള്‍ മല്‍സരത്തിനെത്തിയേക്കും. അങ്ങിനെയങ്കില്‍ ഏതു ചിത്രം കാണുമെന്ന കാര്യത്തില്‍ പ്രേക്ഷകര്‍ ആശയക്കുഴപ്പത്തിലായിരിക്കും. പൃഥ്വി ചിത്രമൊഴിയെ എല്ലാം ഉല്‍സവസീസണ്‍ ചിത്രമാണ്. അതായത് അടിപൊളി ചിത്രമെന്നര്‍ഥം.

നവാഗതനായ അജയ് വാസുദേവിന്റെ രാജാധിരാജയില്‍ ശേഖരന്‍കുട്ടി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. റായ് ലക്ഷ്മിയാണു നായിക. പഴയ ലക്ഷ്മിറായിയാണു പുതിയ പേരില്‍ എത്തുന്നത്. ഷംന കാസിം ഈ ചിത്രത്തില്‍ ഐറ്റം ഡാന്‍സ് ചെയ്യുന്നുണ്ട്. ഉണ്ണി മുകുന്ദന്‍ അതിഥി താരമായും അഭിനയിക്കുന്നു. സിദ്ദീഖ്, ഭീമന്‍രഘു, ജോയ് മാത്യു, ലെന എന്നിവരാണു മറ്റു താരങ്ങള്‍. ഉദയ്കൃഷ്ണ-സിബി കെ തോമസ് കൂട്ടുകെട്ടിന്റെതാണു കഥയും തിരക്കഥയും.

onam-release

മോഹന്‍ലാല്‍ വിശ്വനാഥന്‍ എന്ന രാഷ്ട്രീയക്കാരനെ അവതരിപ്പിക്കുന്ന പെരുച്ചാഴി സംവിധാനംചെയ്യുന്നത് തമിഴ് സംവിധായകനായ അരുണ്‍ വൈദ്യനാഥ് ആണ്. മുകേഷ്, അജു വര്‍ഗീസ്, ബാബുരാജ്, വിജയ് ബാബു, സാന്ദ്രാ തോമസ്, രാഗിണി നന്ദ്വാനി എന്നിവരാണു പ്രധാനതാരങ്ങള്‍. അജയന്‍ വേണുഗോപാല്‍ ആണ് കഥയും തിരക്കഥയും.

ദിലീപും നമിത പ്രമോദും പ്രധാന താരങ്ങളാകുന്ന വില്ലാളിവീരന്‍ സംവിധാനം ചെയ്യുന്നത് സുധീഷ് ശങ്കര്‍ ആണ്. ദിനേശ് പള്ളത്താണ് കഥയും തിരക്കഥയും. മൈഥിലി മറ്റൊരു പ്രധാന വേഷം ചെയ്യുന്നു. പൂര്‍ണമായും കോമഡി ട്രാക്കിലാണ് ചിത്രമൊരുക്കുന്നത്.

ഐശ്വര്യമുള്ള ഏഴു കള്ളന്‍മാരുടെ കഥയുമായിട്ടാണ് അനില്‍ രാധാകൃഷ്ണന്‍ സപ്തമശ്രീ തസ്‌കര വരുന്നത്. നോര്‍ത്ത് 24 കാതത്തിലൂടെ പ്രശസ്തനായ ഇദ്ദഹത്തോടൊപ്പം ഇക്കുറിയുള്ളത് പൃഥ്വിരാജ്, ആസിഫ് അലി, നെടുമുടി നീരജ് മാധവ് എന്നിവരാണുള്ളത്. സംവിധായകന്റെതാണ് കഥയും തിരക്കഥയും. റിനു മാത്യുൂസ്, സനൂഷ എന്നിവരാണു നായികമാര്‍.പൃഥ്വിയും ഷാജി നടേശന്‍, സന്തോഷ് ശിവന്‍ എന്നിവരാണു നിര്‍മാതാക്കള്‍.

കുഞ്ചാക്കോ ബോബനും ബിജുമേനോനും വീണ്ടും ഒന്നിക്കുന്നു എന്നതാണ് ഭയ്യ ഭയ്യ എന്ന ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്. നിഷാ അഗര്‍വാള്‍ ആണ് നായിക. സലിംകുമാര്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരും പ്രധാനവേഷത്തിലുണ്ട്. ജോണി ആന്റണി ചെറിയഇടവേളയ്ക്കു ശേഷം ചെയ്യുന്ന ചിത്രമാണിത്.

Read more about: onam, malayalam, film, peruchazhi, rajadhiraja, mammootty, mohanlal, ഓണം, മലയാളം, സിനിമ, റിലീസ്, മമ്മൂട്ടി, മോഹന്‍ലാല്‍, പെരുച്ചാഴി, രാജാധിരാജ, bhayya bhayya, villali veeran, maniratnam
English summary
Mollywood ready for Onam release
Please Wait while comments are loading...

Malayalam Photos

Go to : More Photos