» 

പൃഥ്വിരാജ് ആളാകെ മാറിപ്പോയി

Posted by:

ഒരു ചിത്രം തിയറ്ററിലെത്തുമ്പോഴേക്കും അതില്‍ മതിമറന്ന് സംസാരിക്കുന്നവരാണ് ഇപ്പോള്‍ മലയാള സിനിമയിലെ പല യുവതാരങ്ങളും. വായയില്‍ കൊള്ളാത്ത വാക്കുകളാണ് ചാനല്‍ ചര്‍ച്ചകള്‍ക്കു മുന്‍പില്‍ അവര്‍ വിളമ്പുന്നത്. ചിത്രം മലയാളത്തില്‍ ഇതുവരെ വരാത്തൊരു പ്രമേയമാണെന്നും അതൊരുക്കാന്‍ സംവിധായകനും ഞാനും അനുഭവിച്ച പ്രയാസങ്ങള്‍ അനവധിയാണെന്നുമൊക്കെ വിളമ്പും. എന്നാല്‍ ഒരാഴ്ച തികയ്ക്കാതെ ചിത്രം തിയറ്റര്‍ വിടുകയും ചെയ്യും. പിന്നെ ഈ നടനെ ഏതെങ്കിലും നായകന്റെ സഹായിയോ പരികര്‍മിയോ ഒക്കെയായിട്ടാണു കാണുന്നത്. അല്ലെങ്കില്‍ അവസരമൊന്നുമില്ലാതെ വീട്ടില്‍ കുത്തിയിരിക്കും. അങ്ങനെ വിസ്മൃതിയിലേക്കു പോയ എത്രയോ നായകരെ അടുത്തകാലത്തായി എണ്ണിയാല്‍ കാണാം.

പക്ഷേ അവരില്‍ നിന്നൊക്കെ വ്യത്യസ്തനാകുകയാണ് പൃഥ്വിരാജ്. ഓരോ ചിത്രങ്ങള്‍ വിജയിക്കുമ്പോഴും പൃഥ്വി കൂടുതല്‍ നിശബ്ദനാകുകയാണ്. ഒന്നിനെക്കുറിച്ചും വാചാലനായി സംസാരിക്കുന്നില്ല. അയാളും ഞാനും തമ്മില്‍, സെല്ലുലോയ്ഡ് എന്നീ ചിത്രങ്ങള്‍ വന്‍ ഹിറ്റായതിനു പിന്നാലെ മെമ്മറീസും വന്‍ ഹിറ്റായപ്പോഴും ചാനലുകള്‍ക്കു മുന്‍പില്‍ വന്നുനിന്ന് പൃഥ്വി വാതോരാതെ സംസാരിക്കുന്നില്ല. ഒരു താരത്തെ സംബന്ധിച്ചിടത്തോളം വേണ്ട മിതത്വം പൃഥ്വിരാജിനു വന്നിരിക്കുന്നു. അതെ പൃഥ്വിരാജ് പക്വതയുള്ള താരമായിരിക്കുന്നു.

എന്നാല്‍ ഇങ്ങനെയായിരുന്നില്ല കുറച്ചുകാലം മുന്‍പു വരെ പൃഥ്വിരാജ്. സോഷ്യല്‍ മീഡിയകള്‍ ഏറ്റവുമധികം ആക്രമിച്ചിരുന്നൊരു താരമായിരുന്നു പൃഥ്വി. ഒരു ചാനല്‍ ചര്‍ച്ചയില്‍ പൃഥ്വിയുടെ ഭാര്യ പറഞ്ഞൊരു അഭിപ്രായമായിരുന്നു ഏറ്റവുമധികം ദോഷം ചെയ്തത്. ദക്ഷിണേന്ത്യയില്‍ ഇംഗ്ലിഷ് സംസാരിക്കാനറിയുന്ന താരം പൃഥ്വി മാത്രമുള്ളൂ എന്നായിരുന്നു അവര്‍ പറഞ്ഞത്. അതുവച്ചായിരുന്നു പൃഥ്വിയെ ആക്രമിച്ചതെല്ലാം.

മോഹന്‍ലാല്‍ നായകനായ ഉദയനാണുതാരം എന്ന ചിത്രത്തിലെ ശ്രീനിവാസന്റെ രാജപ്പന്‍ എന്ന കഥാപാത്രവുമായി താരതമ്യം ചെയ്തായിരുന്നു പൃഥ്വിക്കെതിരെ കൂരമ്പെയ്തിരുന്നത്. അതില്‍ പിന്നെയാണ് പൃഥ്വിരാജ് വായടച്ചത്. ഈ സംഭവത്തിനു ശേഷം പൃഥ്വിരാജ് ചാനലിനു മുന്‍പില്‍ വരാതെയായി. സിനിമ നന്നാക്കുക എന്നതു മാത്രമായി പൃഥ്വിയുടെ ശ്രദ്ധ. അതു ഗുണം ചെയ്തു. ലാല്‍ ജോസിന്റെ അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തോടെ പൃഥ്വിയുടെ നല്ലകാലം തുടങ്ങി. സെല്ലുലോയ്ഡിലൂടെ വീണ്ടും സംസ്ഥാന പുരസ്‌കാരം ലഭിച്ചു.


അന്നേരമൊന്നും പൃഥ്വി അഭിമുഖത്തിനു പോലും തയ്യാറായില്ല. ഇപ്പോള്‍ ജിത്തുവിന്റെ മെമ്മറീസ് കൂടെയിറങ്ങിയ എല്ലാ ചിത്രങ്ങളെയും തോല്‍പ്പിച്ച് മുന്നേറുമ്പോഴും പൃഥ്വിയെ നാം ചാനല്‍ചര്‍ച്ചകളില്‍ കാണുന്നില്ല. അടുത്ത ചിത്രം കൂടുതല്‍ നന്നാക്കാനുള്ള ഒരുക്കത്തിലാണ്പൃഥ്വിരാജ്. അങ്ങനെ തന്നെയാണ് ഒരു നടന്‍ പക്വതയുള്ളവനാകുന്നതും.

Read more about: prithviraj, urumi, memmories, film, ayalum njanum thammil, പൃഥ്വിരാജ്, ഉറുമി, മെമ്മറീസ്, സിനിമ, അയാളും ഞാനും തമ്മില്‍
English summary
Total change in Prithviraj's character. Whats the reason behind his silence?
Please Wait while comments are loading...

Malayalam Photos

Go to : More Photos