» 

മടുപ്പിക്കാത്ത ഫ്യൂഡല്‍ പശ്ചാത്തലം

 
Share this on your social network:
   Facebook Twitter Google+    Comments Mail

ഗോപാലകൃഷ്ണ പിളളയെ വേരോടെ നശിപ്പിക്കാന്‍ ഇലവട്ടം ഗ്രാമത്തിലുളളത് പരമേശ്വരക്കുറുപ്പും മക്കളുമാണ്. അച്ഛനപ്പൂപ്പന്‍മാരുടെ കാലത്തേ തുടങ്ങിയ വൈരം ഇപ്പോഴും നിലനില്‍ക്കുന്നു.

ഇവര്‍ക്കു പുറമേ, ഒരു സ്വകാര്യ ബാങ്കു കൂടി ആ ഗ്രാമത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്നു. സൂക്ഷ്മബുദ്ധിയും സൂത്രശാലിയും സുന്ദരിയുമായ ഒരു വനിതാ മാനേജര്‍ ബാങ്കിനെ നയിക്കുമ്പോള്‍ ഗോപാലകൃഷ്ണ പിളളയുടെ ബിസിനസിന് വെല്ലുവിളിയാകുന്നു. കുടിപ്പക തീര്‍ക്കാന്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന പരമ്പരാഗത ശത്രുക്കളുടെ എണ്ണം പറഞ്ഞ കെണികളും കൂടിയാകുമ്പോള്‍ ഗോപാലകൃഷ്ണ പിളളയ്ക്ക് തെല്ലും വിശ്രമിക്കാന്‍ അവസരമില്ല.

കുടുംബഭാരം തലയിലേറ്റുക എന്ന ത്യാഗം ചെയ്യുന്ന വല്യേട്ടനെ പഠിപ്പും പത്രാസുമുളള സഹോദരന്‍ ചോദ്യം ചെയ്യുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന അതിവൈകാരികതയും ഫ്യൂഡല്‍ പശ്ചാത്തലമുളള ചിത്രങ്ങളില്‍ ഒഴിവാക്കപ്പെടുന്ന സന്ദര്‍ഭങ്ങളല്ല. ത്യാഗം ചെയ്യുന്ന ചേട്ടനെ അനിയന്‍ ചോദ്യം ചെയ്യുന്നത് വാല്‍സല്യം, ബാലേട്ടന്‍, വേഷം എന്നീ ചിത്രങ്ങളിലും അനിയത്തിമാര്‍ ചോദ്യം ചെയ്യുന്നത് ഹിറ്റ്ല‍ര്‍ പോലുളള ചിത്രങ്ങളിലും നാം കണ്ടിട്ടുണ്ട്.

കാണികളുടെ ഹൃദയത്തില്‍ നായകന് അനുകൂലമായി ഒഴുകിയിറങ്ങുന്ന സഹതാപപ്രവാഹമാണ് സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും ലക്ഷ്യം. ഒട്ടേറെ ചിത്രങ്ങളില്‍ വിജയം കണ്ട ഫോര്‍മുല.

ഗോപാലകൃഷ്ണപിളളയുടെ സഹോദരന്‍ രാമകൃഷ്ണ പിളള ചേട്ടനോട് കയര്‍ക്കുന്നതും പിന്നെ സത്യവും ചേട്ടന്റെ മഹത്വവും മനസിലാക്കി പശ്ചാത്തപിക്കുന്നതുമൊക്കെ മാടമ്പിയിലുമുണ്ട്. രാമകൃഷ്ണനെ അവതരിപ്പിക്കുന്ന അജ്മലിന്റെ പ്രകടനം ചിലപ്പോഴൊക്കെ അസഹ്യമാകുന്നുണ്ട്. സുധീഷോ, വിജയകുമാറോ ഒക്കെ കൈകാര്യം ചെയ്തിരുന്നുവെങ്കില്‍ കുറെക്കൂടി ഭംഗിയായേനെ എന്ന് പ്രേക്ഷകര്‍ ആശിച്ചു പോകും വിധമാണ് അജ്മലിന്റെ അഭിനയം.

ജഗതി ശ്രീകുമാര്‍, ഇന്നസെന്റ്, സുരാജ് വെഞ്ഞാറമൂട് എന്നിവരുടെ കോമഡിയാണ് ചിത്രത്തിന്റെ ജീവന്‍.  നാട്ടിന്‍പുറത്തിന്റെ നൈര്‍മല്യമുളള ഹാസ്യരംഗങ്ങള്‍ ഏറെക്കാലത്തിനു ശേഷമാണ് ഒരു സൂപ്പര്‍താര ചിത്രത്തില്‍ കാണുന്നത്. ഒപ്പം അഭിനയിക്കുന്നവരുടെ കഥാപാത്രങ്ങള്‍ക്കും പ്രാധാന്യമുണ്ടെങ്കിലേ സിനിമ മൊത്തത്തില്‍ ജനത്തിനിഷ്ടപ്പെടുകയുളളൂവെന്ന് സൂപ്പര്‍താരങ്ങളെ ഈ ചിത്രം ഓര്‍മ്മിപ്പിക്കുന്നുണ്ട്.

Topics: നിരൂപണം, ബി ഉണ്ണികൃഷ്ണന്‍, മാടമ്പി, മോഹന്‍ലാല്‍, b unnikrishnan, madambi, mohanlal, review

Malayalam Photos

Go to : More Photos