» 

കരുത്തുറ്റ തിരക്കഥ, പിഴയ്ക്കാത്ത സംഭാഷണം

 ചലച്ചിത്ര നിരൂപണം : മാടമ്പി -3
സൂപ്പര്‍താര നായികയായുളള കാവ്യയുടെ ചുവടുമാറ്റം ഏശിയില്ലെന്ന് ഖേദത്തോടെ പറയാതെ വയ്യ. നായികയ്ക്ക് ഈ ചിത്രത്തില്‍ പ്രാധാന്യമൊന്നുമില്ല. ഗോപാലകൃഷ്ണ പിളളയുടെ ജീവിതത്തില്‍ കിടന്നു കറങ്ങുന്ന കഥയെ വഴിതിരിച്ചു വിടുന്ന കഥാപാത്രമൊന്നുമല്ല കാവ്യയുടെ ജയലക്ഷ്മി.

ദുര്‍മേദസുകള്‍ പരമാവധി ചെത്തിക്കളഞ്ഞ തിരക്കഥയാണ് മാടമ്പിയുടെ ശക്തി. വെടിമരുന്നു നിറച്ച വാക്കുകള്‍ കൊണ്ടു കൊരുത്ത വാചകങ്ങളുടെ കരുത്തിലാണ് ആറാം തമ്പുരാനും നരസിംഹവും സര്‍വകാലഹിറ്റുകളായത്. ആ ഓര്‍മ്മയുണര്‍ത്തുന്ന ഏതാനും സംഭാഷണങ്ങള്‍ കൃത്രിമത്വം ചുവയ്ക്കാത്ത കഥാമുഹൂര്‍ത്തങ്ങളില്‍ മാടമ്പിയും പറയുന്നു. 

വികാരതീവ്രമായ സന്ദര്‍ഭങ്ങളില്‍ ബി ഉണ്ണികൃഷ്ണന്റെ പേന ഒപ്പം കരയുന്നില്ല. കയ്യടക്കത്തോടെ, അതീവ നിയന്ത്രണത്തോടെയാണ് ഇവിടെയും ഭാഷ ഉപയോഗിച്ചിരിക്കുന്നത്. തമാശ രംഗങ്ങളിലും കാണാം, പേനയ്ക്കു മേലുളള തിരക്കഥാകൃത്തിന്റെ ജാഗ്രത.

തികഞ്ഞ ജാഗ്രതയോടെയെഴുതിയ തിരക്കഥ ലക്ഷ്യം കണ്ടുവെന്ന് തീയേറ്ററുകളിലെ ആരവവും പടം കണ്ട് പുറത്തു വരുന്ന പ്രേക്ഷകന്റെ മുഖത്തെ പ്രസന്നതയും തെളിയിക്കുന്നു. ആരാധകരും കുടുംബപ്രേക്ഷകരും  മാടമ്പിയെ തോളിലേറ്റുമെന്നു തന്നെയാണ് തീയേറ്റര്‍ സൂചനകള്‍.

സംവിധായകന്റെ മനസറിഞ്ഞ് ചലിച്ചിരിക്കുകയാണ് വിജയ് ഉലകനാഥന്റെ കാമറ. ചിത്രം ആവശ്യപ്പെടുന്ന കഥാപരിസരം തീയേറ്ററിലിരിക്കുന്ന പ്രേക്ഷകന് മുന്നില്‍ എത്തിക്കാന്‍ ഈ കാമറാമാന് കഴിഞ്ഞിട്ടുണ്ട്.

തന്റെ കഥാപാത്രത്തെ സുഭദ്രമാക്കിയിട്ടുണ്ട് മോഹന്‍ലാല്‍. പിരിച്ചു വെച്ച മീശയുമായി മോഹന്‍ലാലിനെ കാണുന്നതു തന്നെ ഒരുകലയാണ്. എപ്പോഴും പിരിച്ച് മീശയുടെ വില ലാല്‍ തന്നെ കളഞ്ഞെങ്കിലും, മികച്ച തിരക്കഥയില്‍, സംവിധാനത്തില്‍ ലാല്‍ മീശ പിരിക്കുമ്പോള്‍ അതിനൊരു ചന്തമുണ്ട്. കരുത്തും.

ഗ്രാമീണമായ പശ്ചാത്തലത്തിലേയ്ക്ക് ആ കരുത്തിനെ എഴുതിയെത്തിക്കാന്‍ ബി ഉണ്ണികൃഷ്ണനെന്ന തിരക്കഥാകൃത്തിനും സംവിധായകനും കഴിഞ്ഞിട്ടുണ്ട്. മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ പട്ടികയില്‍ അതുകൊണ്ടു തന്നെ ഈ ചിത്രത്തിന് സ്ഥാനം ഉറപ്പാണ്.

Read more about: നിരൂപണം, ബി ഉണ്ണികൃഷ്ണന്‍, മാടമ്പി, മോഹന്‍ലാല്‍, b unnikrishnan, madambi, mohanlal, review
Please Wait while comments are loading...

Malayalam Photos

Go to : More Photos