twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രായമായ രക്ഷിതാക്കളെ നിന്ദിക്കുന്ന ഇന്നത്തെ ഒരുകൂട്ടം സമൂഹത്തിന് മുന്നില്‍ ഡഫേദാര്‍

    കുറെ വര്‍ഷങ്ങള്‍ ഒരു ജോലിയില്‍ സ്ഥിരമായി ഏര്‍പ്പെട്ടിരുന്ന് ഒടുവില്‍ ജോലി വിട്ടറങ്ങുമ്പോള്‍ ആ ജോലിയോടും ജോലി ചെയ്ത സ്ഥാപനത്തോടും ഒരു അതിരറ്റ അനുകമ്പയും അടുപ്പവും നമ്മുക്ക് ഉണ്ടാകും എന്നത് മനുഷ്യ സഹജം.

    By ശ്രീകാന്ത് കൊല്ലം
    |

    Rating:
    3.0/5

    കുറെ വര്‍ഷങ്ങള്‍ ഒരു ജോലിയില്‍ സ്ഥിരമായി ഏര്‍പ്പെട്ടിരുന്ന് ഒടുവില്‍ ജോലി വിട്ടറങ്ങുമ്പോള്‍ ആ ജോലിയോടും ജോലി ചെയ്ത സ്ഥാപനത്തോടും ഒരു അതിരറ്റ അനുകമ്പയും അടുപ്പവും നമ്മുക്ക് ഉണ്ടാകും എന്നത് മനുഷ്യ സഹജം. ജോലിയില്‍ നിന്ന് വിരമിക്കല്‍ നടത്തിയാലും നമ്മുടെ അവിടുത്തെ അനുഭവങ്ങളും, രീതികളും, ദിനചര്യകളും ഇടയ്ക്കിടെ മനസ്സില്‍ ഓടി എത്തും. ഒന്ന് ആ ജോലി സ്ഥലം വരെ പോയി വന്നാലോ എന്ന ചിന്ത വാര്‍ദ്ധ്യക്യത്തില്‍ ഏതൊരു ഇത്തരകാരനും ഉണ്ടാകും. ഇത്തരം വികാരങ്ങളിലും ചിന്തയിലും കൂടി കടന്ന് പോകുന്ന ഒരു ചിത്രം ആണ് ഡഫേദാര്‍.

    അകാലത്തില്‍ പൊലിഞ്ഞ കലാഭവന്‍ മണിയെ കേന്ദ്ര കഥാപാത്രം ആക്കി പുറത്തിറക്കാന്‍ ഇരുന്ന ചിത്രം ആയിരുന്നു ഡഫേദാര്‍. ചിത്രത്തിന്റെ പൂജാവേളയിലും മറ്റും കലാഭവന്‍ മണി പങ്കെടുക്കുകയും, ചിത്രത്തിലെ നായികയായി അനന്യയെ ആണ് ആദ്യം അനൗണ്‍സ് ചെയ്തിരുന്നതും. 2005 ല്‍ പുറത്തിറങ്ങിയ പൊന്‍മുടി പുഴയോരത്ത് എന്ന ചിത്രത്തിന് ശേഷം ജോണ്‍സന്‍ എസ്തപ്പാന്റെ രണ്ടാം സംവിധാനമായ സംരംഭമാണ് ഡഫേദാര്‍. ഒരു ജില്ലയുടെ ഭരണാധികാരിയായ കളക്ടറുടെ കാവല്‍ ഭടന്‍ അല്ലേല്‍ കൈയാള്‍ അല്ലേല്‍ അംഗരക്ഷകന്‍ ആണ് ഡഫേദാര്‍. പേര് കേള്‍ക്കുമ്പോള്‍ ചിലര്‍ക്കൊക്കെ അറിയാം എങ്കിലും കൂടുതല്‍ പേര്‍ക്കും ഈ പേരിന്റെ അര്‍ത്ഥം അത്ര പരിചിതമായിരിക്കില്ല.

    അയ്യപ്പന്‍ എന്ന ഒരു റിട്ടയേര്‍ഡ് (നാല്‍പത് വര്‍ഷം സര്‍വീസ്) ഡഫേദാറിന്റെ കഥയാണ് ഇവിടെ. ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ച് അഞ്ച് വര്‍ഷം കഴിഞ്ഞ അയ്യപ്പന്റെ തുടര്‍ ജീവിതവും മറ്റുമാണ് മര്‍മ്മ പ്രമേയം. അയ്യപ്പന്‍ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ടിനി ടോം ആണ്. അയ്യപ്പന് രണ്ട് ആണ്‍ മക്കള്‍ ആണ്. മൂത്തമകന്‍ പോലീസ് കമ്മീഷണര്‍ ജയദേവന്‍ (സുധീര്‍ കരമന) രണ്ടാമത്തെ മകന്‍ ഒരു പബ്ലിക് പ്രോസിക്യൂട്ടറും പേര് വിശ്വനാഥന്‍ (ജയകൃഷ്ണന്‍). അച്ഛനെ ഹോം നഴ്‌സ് ആയ ആമിയെ (മാളവിക നായര്‍) നോക്കാന്‍ ഏല്‍പ്പിച്ച് മറ്റൊരു വലിയ വീട്ടില്‍ പാര്‍പ്പിച്ചിരിക്കുകയാണ് മക്കള്‍. ഇത്തരത്തില്‍ മക്കളുടെ സ്‌നേഹവും സാമീപ്യവും കിട്ടേണ്ട വാര്‍ദ്ധക്യത്തില്‍ കഴിയുന്ന അയ്യപ്പന്റെ കുറച്ച് ദിവസങ്ങളും അയ്യപ്പന്റെ അല്പം യൗവനവും രണ്ടര മണിക്കൂറില്‍ അവതരിപ്പിക്കുന്നു.

    മുഖ്യധാരയില്‍ മേല്‍പ്പറഞ്ഞ കഥാപാത്രങ്ങള്‍ ആണെങ്കിലും ഇവരെ കൂടാതെ ഗീത വിജയന്‍, ദേവന്‍, ഇന്ദ്രന്‍സ്, കലാഭവന്‍ റഹ്മാന്‍, ശ്രീയ രമേഷ്, കവിത നായര്‍, അഞ്ജലി അനീഷ് ഉപാസന, ഞാറയ്ക്കല്‍ ശ്രീനി, യതി കുമാര്‍ എന്നിവരും ഉണ്ട്.

    റിട്ടയര്‍ ആയി അഞ്ച് വര്‍ഷം പിന്നിടുന്ന ഡഫേദാര്‍ അയ്യപ്പന്റെ ജീവിതം ഇന്നെങ്ങനെ എന്നും അദ്ദേഹത്തിന്റെ ഓരോ ദിവസവും എങ്ങനെ പോണതിനെ കുറിച്ചും ചിത്രം കാണിച്ച് തുടങ്ങി. ഇടയ്ക്ക് അയ്യപ്പന്റെ യൗവനവും ദാമ്പത്യ, ഔദ്യോഗിക ജീവിതത്തിലേക്കുള്ള പ്രവേശനവും മറ്റുമായി ആദ്യ പകുതി നീങ്ങി. ചില ഉദ്യോഗസ്ഥരുടെ പണത്തിനോടുള്ള അഭിനിവേശവും തന്മൂലം കിടപ്പാടം നഷ്ടപ്പെടുന്ന ഒരു കോളനി പശ്ചാത്തലത്തില്‍ കൂടി കടന്ന് നീങ്ങിയ ഒരു ആദ്യപകുതി.

    അയ്യപ്പന്റെ ജീവിതത്തിലെ മാനസിക സംഘര്‍ഷഭൂരിതമായ ഘട്ടങ്ങളില്‍ കൂടി രണ്ടാം പകുതി കടന്ന് പോകുന്നു. വളരെ ഗൗരവമായ മൂഡിലേക്ക് മാറുന്ന ചിത്രം ഒരു കൊച്ച് ട്വിസ്റ്റും ഒക്കെയായി നീങ്ങുന്നു. പ്രതീക്ഷിച്ചത് പോലെ അല്പം നാടകീയത കലര്‍ന്ന ഒരു പര്യവസാനവും. മൊത്തത്തില്‍ നോക്കിയാല്‍ അണിയറയില്‍ വലിയ താരമൂല്യ പിന്‍ബലം ഇല്ലാതെ ഒരു പരിധി വരെ നമ്മെ തൃപ്തിപ്പെടുത്തുന്ന ഒരു നന്മയുള്ള കൊച്ച് ചിത്രം.

    ടിനി ടോം: അറുപത്തിയഞ്ച്കാരനായ ഇന്നത്തെ ഡഫേദാര്‍ അയ്യപ്പനായും ചെറുപ്പക്കാരനായ അയ്യപ്പനെയും രണ്ട് വ്യത്യസ്ത ഗെറ്റ് അപ്പുകളിലാണ് ടിനി ടോം ചിത്രത്തില്‍ എത്തിയത്. കരിയര്‍ ബെസ്റ്റ് എന്നൊക്കെ വിശേഷിപ്പിക്കാന്‍ പ്രാപ്തമായ പ്രകടനം. പുശ്ചഭാവത്തില്‍ മക്കളോട് സംസാരിക്കുന്നതും നിസ്സഹായനായി സ്വന്തം ഭാര്യയെ നോക്കി നില്‍ക്കുന്ന രംഗങ്ങളും എടുത്ത് പറയേണ്ടതാണ്. മിമിക്രി എന്ന കലാലോകം ഈ ഒരു വേഷത്തിന് ടിനിയെ ഒരുപാട് സഹായിച്ചിട്ടുണ്ട്. പ്രായമായ അയ്യപ്പന്റെ വോയിസ് ചെയ്ഞ്ച് ചേരും പടി നല്‍കാനും ഇദ്ദേഹത്തിനായി. ഇനി അങ്ങോട്ട് ചിത്രം കണ്ടവര്‍ ഡഫേദാര്‍ എന്ന വാക്ക് കേട്ടാല്‍ മനസ്സില്‍ ഓടി എത്തുക ടിനി ടോമിന്റെ മുഖമായിരിക്കും.

    മാളവികാ നായര്‍: തന്നിലെ പ്രതിഭയെ ഇതിനോടകം തെളിയിച്ച കൊച്ച് മിടുക്കി. ഹോം നഴ്‌സായ ആമി എന്ന വേഷം ഭംഗിയാക്കി. ആമിയുടെ ഇന്‍ട്രൊഡക്ഷന്‍ രംഗത്ത് അല്പം അമിതാഭിനയം നിഴലിച്ചിരുന്നു. ആ സമയത്തെ അംഗവിക്ഷേപങ്ങളും എല്ലാം അല്പം അരോചകമായിയുന്നു. മാളവികയുടെ ഇടതൂര്‍ന്ന കാര്‍കൂന്തല്‍ ധാത്രിയേയും ഇന്ദുലേഖയെയും ഒന്ന് ഓര്‍മ്മിപ്പിക്കും.

    കവിതാ നായര്‍: മുഖ്യ വേഷത്തില്‍ ടിനിയും മാളവികയും ആണെങ്കിലും നായിക ശരിക്കും കവിതാ നായര്‍ ആണ്. സുഭദ്ര എന്ന ഭാര്യഅമ്മ .വേഷങ്ങള്‍ വളരെ നല്ല രീതിയില്‍ തന്നെ മിതത്വമായി അഭിനയിച്ചു. അയ്യപ്പന്റെ ഭാര്യയായ സുഭദ്ര വിങ്ങി പൊട്ടുന്ന ഇമോഷണല്‍ രംഗങ്ങള്‍ വളരെ പെര്‍ഫെക്ഷന്‍ ആയിരുന്നു.. ശ്രീയ രമേഷ് അവതരിപ്പിച്ച അര്‍ച്ചന എന്ന കളക്ടറും ഇന്ദ്രന്‍സിന്റെ കാവലന്‍ വേഷവും ഇരുവരും നന്നായി തന്നെ ചെയ്തു.

    സുധീര്‍ കരമന, ജയകൃഷ്ണന്‍ എന്നിവരടങ്ങുന്ന മറ്റ് താര നിര സ്വാഭാവിക പ്രകടനം നിലനിര്‍ത്തി. മുഖ പരിചയവും എന്നാല്‍ പേര് അത്ര പരിചിതവും അല്ലാത്ത നിരവധി സിനി ആര്‍ട്ടിസ്റ്റുകളുമുണ്ട് ചിത്രത്തില്‍.

    ഛായാഗ്രാഹണം

    ഛായാഗ്രാഹണം

    സുധീര്‍ കെ സുധീര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. പ്രായോഗിക ബുദ്ദിമുട്ടുകളോ ഒന്നും തന്നെ ഇല്ലാത്ത സിമ്പിള്‍ ഷോട്ടുകള്‍ ആണ് ചിത്രത്തിലുടനീളം. തന്റെ കടമ ഒരുവിധം ഭംഗിയാക്കി തന്നെ നിര്‍വഹിക്കാന്‍ അദ്ദേഹത്തിനായി. ആദ്യ പകുതിയിലെ ഏതാണ്ട് അരമണിക്കൂര്‍ കൂട്ടിച്ചേര്‍ക്കലുകളില്‍ അല്പം ഏച്ച്‌കെട്ടലുകള്‍ നിഴലിച്ചത് ഒഴിച്ചാല്‍ മെന്റസ് ആന്റണിയുടെ എഡിറ്റിംഗും തൃപ്തികരമാണ്.

    സംഗീതം

    സംഗീതം

    സംഗീത വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത് ഇളയരാജയാണ്. പാട്ടുകള്‍ ആണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. വളരെ നല്ല മൂന്ന് ഗാനങ്ങള്‍ ഉണ്ട്. മൂന്നും നമ്മളെ ഒരു എണ്‍പതുകളിലെ സിനിമാ ഗാനങ്ങളിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നു. 'ഓരില ഈരില ആലില......' എന്ന അല്‍ക്ക അജിത്ത് ആലപിച്ച ഗാനവും, 'പൂത്തുമ്പയ്ക്കിന്നല്ലോ പൊന്നോണം ....'എന്ന വിജയ് യേശുദാസ് ആലപിച്ച ഗാനവും ഇതിനോടകം ഏറെ ശ്രദ്ധേയമാണ്. വികാരഭരിതമായ 'മേലെ മാനം പൂത്തു..' എന്ന അവസാന ഗാനവും ഏറെ പ്രശംസനീയം തന്നെയാണ്. പശ്ചാത്തല സംഗീതത്തിന് അത്ര പ്രാധാന്യം നല്‍കിയിരുന്നില്ല, വളരെ ചെറിയ രീതിയില്‍ ഇടയ്‌ക്കെവിടെയോ മാത്രമാണ് ചിത്രത്തില്‍ ഉണ്ടായിരുന്നത്.

    കലാസംവിധാനം

    കലാസംവിധാനം

    60,70 കാലയളവിലെ രംഗങ്ങള്‍ എല്ലാം വളരെ ശ്രദ്ധേയോടെയാണ് ചെയ്തിരിക്കുന്നത്. ആ കാലയളവിലെ കളക്ടര്‍ ഓഫീസ് മുറിയും എല്ലാം ഒരു നല്ല രീതിയില്‍ ഒരുക്കാന്‍ കലാ സംവിധാന വിഭാഗം നിര്‍വഹിച്ച വ്യക്തിക്ക് കഴിഞ്ഞിട്ടുണ്ട്.

    മേക്കപ്പ്

    മേക്കപ്പ്

    പിന്നണിയില്‍ പലതും നിലവാരം പുലര്‍ത്തിയപ്പോള്‍ മേക്കപ്പ് മാത്രം അല്പം താഴെ തട്ടിലേക്ക് മാറി. വൃദ്ധനായ കേന്ദ്ര കഥാപാത്രത്തിലൂന്നിയ ചിത്രമായ ഇതില്‍ ആ കഥാപാത്രത്തിന്റെ മുഖത്തെ മേക്കപ്പ് പോലും ഒരു കണ്ടിന്യൂറ്റി ഇല്ലായിരുന്നു. ആദ്യം കാണിക്കുമ്പോള്‍ കണ്ണിന് ചുറ്റും കറുപ്പ് മേക്കപ്പ് കൂടുതലും, പിന്നീ ട് എത്തിയത് ഇടയ്ക്ക് അതില്ലാതെയും. മൊത്തത്തില്‍ ഒരു ഒറിജിനാലിറ്റി തോന്നാത്ത വിധമായിരുന്നു. ക്ലോസ് അപ്പ് ഷോട്ടുകള്‍ ഒത്തിരി ഉള്ള ഈ കഥാപാത്രത്തിന്റെ ഒരുക്കല്‍ ഒരല്പം കൂടി ശ്രദ്ദിക്കാമായിരുന്നു.

    ഡഫേദര്‍

    ഡഫേദര്‍

    ഡഫേദാര്‍ അയ്യപ്പന്‍ ഇവിടെ മനുഷ്യ സ്‌നേഹിയാണ് ഒത്തിരി നന്മയുള്ള ഒരു വ്യക്തിത്വം ആണ്. തനിക്കൊപ്പം സര്‍വീസില്‍ നിന്ന് വിരമിച്ച , മക്കളും ഉപേക്ഷിച്ച് കിടപ്പാടവും ഇല്ലാത്ത വൃദ്ധരെ തനിക്കോപ്പം താമസിപ്പിക്കുന്നു. ഡഫേദാര്‍ യൂണിഫോം ആണ് ഇദ്ദേഹത്തിന്റെ മറ്റൊരു ശക്തി എല്ലാ ദിവസം അതണിഞ്ഞ് കളക്ടര്‍ ഓഫീസ് വരെ പോയി വരാറുണ്ട്.യൂണിഫോം ഇടുമ്പോള്‍ ഒരു പ്രത്യേക ഊര്‍ജ്ജവും ധൈര്യവും ലഭിക്കുന്നു അയ്യപ്പന്. മക്കളെ പോറ്റി വളര്‍ത്തി വലുതാക്കിയ അച്ഛനോട് മക്കള്‍ കാണിക്കുന്ന ക്രൂരതകള്‍ സമകാലിക സമൂഹത്തിലെ പതിവ് കാഴ്ചകള്‍ ആണ്. വൃദ്ധസദനം, സ്‌നേഹാലയം എന്നിവിടങ്ങളില്‍ കൊണ്ടാ ക്കുന്ന മക്കള്‍ക്ക് നേരെ ചിത്രം തുറന്നടിക്കുന്നു. വൃദ്ധനായ അച്ഛന്‍ സമൂഹത്തില്‍ നിന്ന് ഒറ്റ പെട്ട് ഒരു കട്ടിലില്‍ ജീവശവമായി കിടന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്ന കാടത്തം നിറഞ്ഞ മനസ്സുള്ള മക്കളാണിവിടെ. അയ്യപ്പന്‍ പ്രതിനിധീകരിക്കുന്നത് അത്തരത്തില്‍ ഒറ്റപ്പെടല്‍ അനുഭവിക്കുന്ന ഒരു കൂട്ടം അച്ഛന്മാരെയാണ്.

    കഥ പുരോഗമിക്കുന്നത്

    കഥ പുരോഗമിക്കുന്നത്

    എന്റെ രണ്ട് കണ്ണുകള്‍ ആണ് എന്റെ രണ്ട് മക്കള്‍ എന്ന് അയ്യപ്പന്‍ പറയാറുണ്ട്. ഇടത് വശത്തേയും വലത് വശത്തേയും എന്റെ കാഴ്ച അവരാണ്. സൂര്യനും ചന്ദ്രനും പോലെ രാവും പകലുമെല്ലാം എനിക്കൊപ്പം അവരുണ്ടാകും എന്നൊക്കെയുള്ള അയ്യപ്പന്റെ ചിന്തകളും സംഭാഷണങ്ങളും സ്വാഗതാര്‍ഹവും വികാരഭരിതവുമാണ്. ഇത്തരം അച്ഛനും മക്കളും തമ്മിലെ സ്‌നേഹവും വെറുപ്പും പകയിലുമൂന്നിയാണ് ഡഫേദാര്‍ നീങ്ങുന്നത്.

    ഒരു കാഞ്ചീപുരം പട്ട് സാരി കണ്ട് മനസ്സ് പതറുന്ന താഴ്!ന്ന ജാതിക്കാരിയായ സുഭദ്ര. തന്റെ ചെയ്തികളില്‍ കുടുംബം തകരുന്നതും എല്ലാം സമൂഹത്തിനെന്നോണം എടുത്ത് കാണിക്കുന്നുണ്ട്. രാഷ്ട്രീയം എന്നാല്‍ ജനങ്ങളെ സേവിക്കാന്‍ അല്ല സ്വയം നന്നാകാന്‍ ആണ് എന്നത് സംഭാഷണ രൂപേണയും അത്തരം സന്ദര്‍ഭങ്ങളെ ദൃശ്യവത്കരിച്ചും കാണിക്കുന്നുണ്ട്.

     നാടകീയത

    നാടകീയത

    ചിത്രത്തിലുടനീളം ഒരു നാടകീയത അല്ലേല്‍ ചെറിയ ചില സീനുകള്‍ കുത്തിനിറയ്ക്കലുകള്‍ എന്നിവ പ്രത്യക്ഷത്തില്‍ പ്രകടമായിരുന്നു. ചിത്രത്തിന്റെ ദൈര്‍ഘ്യം ആസ്വാദനത്തെ നല്ല രീതിയില്‍ ബാധിക്കുന്നുണ്ട്. ഡഫേദാര്‍ എന്ന ജോലി നിര്‍വഹണം എന്താണ് അദ്ദേഹം ഒരു ദിവസം എന്തൊക്കെ ചെയ്യുന്നു എന്നത് ഉള്‍പ്പെടുത്തി പകരം അനാവശ്യ സീനുകള്‍ ഒന്ന് കുറയ്ക്കാമായിരുന്നു. സിനിമാറ്റിക് അവതരണത്തില്‍ നിന്ന് മാറിയ സീരിയല്‍ കാഴ്ചകള്‍ പോലെയും നിരവധി സീനുകള്‍ വന്നുപോകുന്നുണ്ട്. ഡഫേദാര്‍ അയ്യപ്പന്‍ പഴയ ആളാണ് പോരാത്തതിന് കീഴ്ജാതിയും സംസ്‌കൃതം കലര്‍ന്ന നീണ്ട ശ്ലോകങ്ങള്‍ ഇടയ്ക്കിടെ ചൊല്ലുന്നത് ഒരു ചേര്‍ച്ച ഇല്ലായ്മയായിരുന്നു.

    സംഭാഷണം

    സംഭാഷണം

    സംഭാഷണങ്ങള്‍ ഒരു പരിധി വരെ അര്‍ത്ഥവത്തായവ ആയിരുന്നു. ഉപദേശം നല്കാന്‍ വേണ്ടിയുള്ള ചിലവ ആകെ ഒരു സുഖക്കുറവ് ഉണ്ടാക്കി. വികാരഭരിതനായി ആവേശത്തോടെ നെടുനീളന്‍ ഡയലോഗുകള്‍ വൃദ്ധനെ കൊണ്ട് പറയിച്ചത് ഹീറോയിസം കാണിക്കാന്‍ പാകത്തിന് ചിട്ടപ്പെടുത്തിയതാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഓരില ഈരില എന്ന ഗാനം വന്ന വഴിയും ഗാന ചിത്രീകരണവും (പത്ത് കോറസ് പെണ്ണുങ്ങള്‍ പുറകില്‍ എന്തൊക്കെയോ കാണിക്കുന്നു) ഒരു ചേര്‍ച്ചക്കുറവ് തോന്നിപ്പിച്ചു. പോരായ്മകള്‍ക്കിടയിലും നന്മയുള്ള ഒരു നല്ല ചിത്രം തന്നെയാണ് ഡഫേദാര്‍. ഡഫേദാര്‍ എന്താണ്,ഡഫേദാര്‍ അയ്യപ്പന്‍ എന്താണ് അയ്യപ്പന്റെ മനസ്സ് എന്താണ് അതാണ് ചിത്രം.പ്രായമായവര്‍ മിക്കവര്‍ക്കും ഒരു ബാധ്യതയാണ്. വളര്‍ത്തി വലുതാക്കിയവരെ ഒന്ന് സ്വയം സംരക്ഷിക്കാനോ , അവരുടെ ആവശ്യങ്ങള്‍ക്കോ ആഗ്രഹങ്ങള്‍ക്കോ പലരും കൂട്ടുനില്‍ക്കുന്നില്ല.

    മനസ്സില്‍ അല്പം നന്മയും പ്രമേയത്തെ ആ പാരമ്യത്തില്‍ ആസ്വദിക്കാന്‍ തയ്യാറുള്ളവര്‍ക്ക് ഡഫേദാര്‍ ഇഷ്ടമാകും .

    English summary
    Dafedar Malayalam movie review.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X