twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദൃശ്യം ഒരു ഉദാത്ത സിനിമയല്ല

    By Soorya Chandran
    |

    ഇപ്പോള്‍ മലയാള സിനിമിലെ പ്രധാന ചര്‍ച്ച ജിത്തു ജോസഫും ദൃശ്യവും മോഹന്‍ ലാലും ആണല്ലോ. നിലവാരമില്ലാത്ത ഒരു പറ്റം സനിമകള്‍ കണ്ട് മടുത്തിരുന്ന പ്രേക്ഷകര്‍ക്ക് മുന്നിലേക്കാണ് ജീത്തു ജോസഫ് ദൃശ്യം എന്ന ഫാമിലി ത്രില്ലര്‍ മോഹന്‍ലിന്റെ മികച്ച പ്രകടനത്തോടെ തീയേറ്ററുകളില്‍ എത്തിയത്. പിന്നെ അഭിനന്ദന പ്രവാഹമായി, ചര്‍ച്ചകളായി... 2013 ന്‍റെ ചിത്രമായി ദൃശ്യം സിംഹാസനം കയ്യടക്കുകയും ചെയ്തു.

    എന്നാല്‍ ദൃശ്യം ഒരു ഉദാത്ത സിനിമയെന്ന് പറയാന്‍ കഴിയുമോ? ജിത്തു ജോസഫിന്റെ ചിത്രങ്ങളിലെ തന്നെ ഏറ്റവും മികച്ചത് ദൃശ്യമാണോ, മോഹന്‍ ലാലിന് മാത്രം ചെയ്യാവുന്ന ഒരു കഥാപാത്രം ആണോ ദൃശ്യത്തിലെ ജോര്‍ജ്ജ് കുട്ടി... ചര്‍ച്ചകള്‍ ഇങ്ങനേയും നടക്കേണ്ടതുണ്ട്.

    നാട്ടിന്‍ പുറങ്ങളിലൊക്കെ പറയുന്നത് പോലെ ' ആകെ മൊത്തം ടോട്ടല്‍' ദൃശ്യം ഒരു നല്ല സിനിമയാണ്. പ്രേക്ഷകരെ മടുപ്പിക്കാതെ ആദ്യാവസനാം തീയേറ്ററിനകത്ത് പിടിച്ചിരുത്തുന്ന സിനിമ. ചിലര്‍ക്കെങ്കിലും രണ്ടാമതൊന്ന് കാണണം എന്ന് ആശ തരുന്ന സിനിമ.

    എന്നാല്‍ സിനിമയുടെ ആദ്യ പകുതിയുടെ അമച്വര്‍ സ്വഭാവം കണ്ടില്ലെന്ന് നടിക്കാനാവില്ല. ദൃശ്യത്തിന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരാണ് സിനിമയുടെ ആദ്യത്തെ സീനില്‍ തന്നെ രംഗത്തുവരുന്നത്. നിര്‍മാതാവയതുകൊണ്ട് ആന്റണിയുടെ ആവശ്യത്തിന് ജിത്തു ജോസഫ് വഴങ്ങിയതാവാനെ തരമുള്ളൂ. അത്രക്കും ബോറായാണ് ആന്റണി പെരുമ്പാവൂര്‍ ദൃശ്യത്തിന്റെ സ്‌ക്രീനില്‍ മുഴച്ച് നില്‍ക്കുന്നത്.

    ആദ്യ പകുതിയിലെ മറ്റ് പല ഭാഗങ്ങളിലും ഇത്തരം പ്രശ്‌നങ്ങള്‍ പ്രകടമാണ്. ചായക്കടയില്‍ പോലീസുകാരന്‍ സഹദേവനെ കാത്തിരുന്നു വൃദ്ധ ദമ്പതികളുടെ സംഭാഷണവും സിനിമ കഴിഞ്ഞ പുറത്തിറങ്ങുമ്പോള്‍ ഒരു കല്ലുകടിയായി ബാക്കി നില്‍ക്കുന്നുണ്ട്.

    കെട്ടുറപ്പുള്ള കഥയാണെന്നൊക്കെ പറയാമെങ്കിലും പലപ്പോഴും ചില ചോദ്യങ്ങളും സംശയങ്ങളും സിനിമ ബാക്കിയാക്കുന്നുണ്ട്. വരുണ്‍ എന്ന വില്ലന്‍ കഥാപാത്രത്തിന്റെ മൃതദേഹം എങ്ങനെയാണ് ആദ്യം കുഴിച്ചിട്ട സ്ഥലത്ത് നിന്ന് മാറ്റിയത്, എവിടെ നിന്നാണ് കന്നുകാലിയുടെ ജഡം കിട്ടിയത് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് സിനിമയില്‍ ഒരു ഉത്തരവും ഇല്ല.

    ഒരു പട്ടിയുടേയോ പൂച്ചയുടേയോ ജഡം കിട്ടുന്നത് പോലെ അത്ര എളുപ്പമല്ലല്ലോ ഒരു കന്നുകാലിയുടെ ജഡം കിട്ടാന്‍. ബാക്കി എല്ലാ കാര്യങ്ങളിലും കൃത്യമായ ശാസ്ത്രീയത പുലര്‍ത്തിയ ജിത്തു ജോസഫിന് അറിയാതെ സംഭവിച്ച ഒരു പിഴവാകാം ഇത്. പറഞ്ഞു വരുമ്പോള്‍ ചെറിയ പോരായ്മകള്‍ ഇനിയും ഏറെ ഉണ്ടാകും.

    Drishyam Movie 2

    പിന്നെ മോഹന്‍ലാല്‍ എന്ന മഹാ നടന്റെ തിരിച്ചു വരവ്... സത്യത്തില്‍ ലാല്‍ ജിത്തുവിനോട് നന്ദി പറയണം. ജോര്‍ജ്ജ് കുട്ടി എന്ന കഥാപാത്രം ലാലിന് തന്നെ കൊടുത്തതിന്.

    മധ്യവയസ്സുള്ള ഏത് താരം ചെയ്താലും ഈ സിനിമ വിജയിക്കുമായിരുന്നു എന്ന് ഉറപ്പ്. അതിപ്പോള്‍ മമമ്മൂട്ടിയായാലും സുരേഷ് ഗോപിയായലും ജയറാം ആയാല്‍ പോലും. കാരണം സിനിമയുടെ കഥയും അവതരണവും എല്ലാം സംവിധായകന്റെ കയ്യില്‍ ഏറെക്കുറെ ഭദ്രമായിരുന്നു.

    ഇത് ജിത്തു ജോസഫ് മുമ്പ് തന്നെ തെളിയിച്ചിട്ടുള്ളതാണ്. മമ്മി ആന്‍ഡ് മിയില്‍ തുടങ്ങി മെമ്മറീസ് വരെയുള്ള ചിത്രങ്ങളില്‍ നമുക്കിത് കാണാനാകും.

    ജിത്തു ഇതുവരെ ചെയ്ത സിനിമകളില്‍ ഏറ്റവും വലിയ വിജയം നേടിയത് എന്തായാലും ദൃശ്യം തന്നെ. അതുകൊണ്ട് ദൃശ്യമാണ് ജിത്തുവിന്റെ സിനിമ എന്ന് വിലയിരുത്താനാകുമോ എന്ന് സംശയം. വലിയ ബഹളങ്ങളോ പരസ്യങ്ങളോ അവകാശവാദങ്ങളോ ഒന്നും ഇല്ലാതെ ദൃശ്യത്തിന് മുമ്പ് ഇറങ്ങിയ സിനിമയായിരുന്നു മെമ്മറീസ്. പക്ഷേ കേരളത്തിന്റെ തീയേറ്ററുകളില്‍ ആ ചിത്രം ഹൃദ്യമായി സ്വീകരിക്കപ്പെട്ടു. കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ചില്ലെങ്കിലും പൃഥ്വിരാജ് എന്ന നടനെ നന്നായി ഉപയോഗിച്ച മെമ്മറീസിനായിരിക്കും ദൃശ്യത്തേക്കാള്‍ ഒരു മാര്‍ക്ക് കൂടുതല്‍.

    ദൃശ്യം ഒരു ഉദാത്ത സിനിമയല്ല എന്ന് പറയുമ്പോള്‍ മോശം സിനിമയാണെന്ന് ഒരു അര്‍ത്ഥവും ഇല്ല. അടുത്തിടെ ഇറങ്ങിയ നല്ല സിനിമകളില്‍ ഒന്ന് തന്നെയാണ് ദൃശ്യം.

    English summary
    Drishyam is not a lofty movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X