twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിരൂപണം: പലതിനും മറുപടി നല്‍കാന്‍ നേരമായി എന്നോര്‍മ്മിപ്പിച്ച് മറുപടി!!

    By ശ്രീകാന്ത് കൊല്ലം
    |

    Rating:
    3.0/5

    ഫേസ് ടു ഫേസ് എന്ന ചിത്രത്തിന് ശേഷം വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് വിനു വീണ്ടും ഒരു ചിത്രവുമായി എത്തുന്നത്. വി എം വിനു എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ ബാലേട്ടനും വേഷവും ഒക്കെ നമ്മുടെ മനസ്സിലേക്ക് ആദ്യം എത്തുന്നത്. കുടുംബ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച ഈ ചിത്രങ്ങള്‍ക്ക് ശേഷം ഒരു പിടി ചിത്രങ്ങള്‍ ഇദ്ദേഹത്തിന്റെ വന്ന് പോയെങ്കിലും പ്രേക്ഷക സ്വീകാര്യത പൂര്‍ണ്ണമായി കിട്ടിയിരുന്നില്ല. ജൂലിയാന അഷ്‌റഫ് ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സ്ത്രീ തന്നെ രചയിതാവായ ഈ ചിത്രം പെണ്ണിന്റെ നിസ്സഹായതയിലെ അതിജീവനത്തേയും പോരാട്ടത്തെയും ചൂണ്ടിക്കാണിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ഉത്തരേന്ത്യന്‍ ജയിലില്‍ നടന്ന ഒരു സംഭവ കഥയെയാണ് എവിടെ ദൃശ്യവത്ക്കരിക്കുന്നത്.

    കഥയിലെ സാരം

    കഥയിലെ സാരം

    ബാങ്ക് ഉദ്യോഗസ്ഥനായ എബിയും (റഹ്മാന്‍) ഭാര്യയെ സാറായും (ഭാമ) ഒരു പ്രത്യേക സാഹചര്യത്തില്‍ നാട്ടില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് താമസം മാറുന്നു. അവിടെ വച്ച് അവിചാരിതമായി ഇവര്‍ ഒരു പ്രശ്‌നത്തില്‍ അകപ്പെടുന്നു. ഇതും തുടര്‍ സംഭവങ്ങളുമാണ് മര്‍മ്മ പ്രമേയം. നിയമവും അധികാരവും ഉപയോഗിച്ച് ഒരു കുടുംബത്തെ ചൂഷണം ചെയ്യപ്പെടുന്നതിന്റെ നേര്‍ക്കാഴ്ചയാണ് മറുപടി. ഇരുവരുടെയും മകളായ റിയ ആയി ബേബി നയന്‍താര എത്തുന്നു. ഈ കുടുംബത്തോട് വളരെ അടുപ്പമുള്ള അയല്‍ക്കാരായ ദമ്പതികള്‍ ആണ് അരുണും (സന്തോഷ് കീഴാറ്റൂര്‍) അഡ്വക്കേറ്റ് അഞ്ജനയും(ടെസ്സ). ഇവരെ കൂടാതെ ദേവന്‍, അഞ്ജലി അനീഷ്, ശ്രിന്ദ, അര്‍ജ്ജുന്‍ നന്ദകുമാര്‍, ജനാര്‍ദ്ദനന്‍, ബേബി മീനാക്ഷി എന്നിവരും എത്തുന്നു. തന്റെ ആദ്യ മലയാള ചിത്രവുമായി ബംഗാളി താരം സുദീപ് മുഖര്‍ജിയും വളരെ പ്രാധാന്യം നിറഞ്ഞ ഒരു പോലീസ് ഓഫീസര്‍ വേഷം ചെയ്യുന്നുണ്ട്.

    'പൊന്നിലഞ്ഞി ചോട്ടിലേ..' എന്ന് തുടങ്ങുന്ന ഒരു നല്ല ഗാനത്തോടെയായിരുന്നു ചിത്രത്തിന്റെ ആരംഭം. ഫ്‌ളാഷ് ബാക്കില്‍ കഥ പറഞ്ഞ് പോകുന്ന ഒരു രീതിയാണ് ഇവിടെ അവലംബിക്കുന്നത്. എബിയുടെയും സാറായുടെയും സ്‌നേഹഭൂരിതമായ ദാമ്പത്യത്തില്‍ ഊന്നിയ കേരളം കാഴ്ചകള്‍ ആയിരുന്നു ആദ്യ പകുതിയില്‍.

    രണ്ടാം പകുതിയാണ് ചിത്രത്തിന്റെ നട്ടെല്ല് എന്ന് വേണമെങ്കില്‍ പറയാം. മര്‍മ്മ പ്രമേയവും കൊല്‍ക്കത്ത ജയില്‍ പശ്ചാത്തലവുമായ സീരിയസ് മൂഡിലെ രണ്ടാം പകുതി ചിത്രത്തെ മറ്റൊരു തലത്തില്‍ എത്തിക്കുന്നു.

    കണ്ട് മടുത്ത സ്ഥിരം സംഗതികള്‍ വന്ന് പോയെങ്കിലും തീരെ ആസ്വാദനത്തെ ബാധിക്കാത്ത ഒരു ആദ്യപകുതിയും, അതിജീവനത്തിന്റെയും ചെറുത്ത് നില്പിന്റെയും ഇടയില്‍ പെട്ട ഒരു സ്ത്രീയുടെ വികാരങ്ങളെ ഭേദമായ രീതിയില്‍ അവതരിപ്പിച്ച ഒരു നല്ല രണ്ടാം പകുതിയും, തൃപ്തികരവും അത്ര പ്രതീക്ഷിക്കാത്ത വിധത്തിലെ ക്ലൈമാക്‌സും. മൊത്തത്തില്‍ സമകാലിക സംഭവത്തിനും നീതിന്യായ വ്യവസ്ഥയുടെ പഴുതുകളും ചൂണ്ടിക്കാണിക്കുന്ന ഒരു സാമൂഹിക പ്രതിബദ്ധത നിറഞ്ഞ ഒരു ചിത്രം.

    എബിയായി റഹ്മാന്‍

    എബിയായി റഹ്മാന്‍

    മലയാളികള്‍ക്ക് പണ്ട് മുതലേ റഹ്മാനോട് ഒരിഷ്ട്ടം ഉണ്ട്. സ്‌നേഹ സമ്പന്നനായ കുടുംബനാഥനായും അച്ഛനായും നന്മനിറഞ്ഞ ഒരു ബാങ്ക് ഉദ്യോഗസ്ഥനുമായ എബി എന്ന വേഷം റഹ്മാന്‍ ഭംഗിയാക്കി. വൈകാരികത നിറഞ്ഞ രംഗങ്ങള്‍ എടുത്ത് പോറയേണ്ടതാണ്, ഊര്‍ജ്ജസ്വലമായ ഒരു പ്രകടനം ചിത്രത്തിലുടനീളം കാണാം

    ഭാമ എന്ന സാറ

    ഭാമ എന്ന സാറ

    നിരവധി ചിത്രങ്ങളില്‍ ഇതിനോടകം പ്രേക്ഷക പ്രീതി പിടിച്ച് പറ്റിയെങ്കിലും അവകാശപ്പെടാന്‍ പാകത്തിന് ഒരു വിജയ ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞില്ല എന്നത് ഖേദകരമാണ്. ആദ്യ പകുതിയിലെ പ്രകടനം ശരാശരിയില്‍ ആയിരുന്നേല്‍ അതിനെ മാറ്റി മറിച്ച് രണ്ടാം പകുതി ശരിക്കും ഗംഭീരമായ പെര്‍ഫോമന്‍സ് കാഴ്ചവച്ചു. പ്രശംസനീയമായ പ്രകടനം തന്നെയാണ് പ്രത്യേകിച്ചും ക്ലൈമാക്സ്സിലേത്. അവസാന രംഗത്തിലെ മേക്ക് അപ്പ് ഒരു അസ്വാഭാവികതയും ചേര്‍ച്ചക്കുറവ് തോന്നിച്ചിരുന്നു.

    ബേബി നയന്‍താര

    ബേബി നയന്‍താര

    ബേബിയില്‍ നിന്ന് മാറിയെങ്കിലും ഇന്നും ഏവര്‍ക്കും ബേബി നയന്‍താരയാണ് പരിചിതം. വളരെ നല്ല രീതിയില്‍ മിതത്വമായി റിയയേയും, റിയയിലെ രോഗിയേയും അവതരിപ്പിക്കാന്‍ ഈ മിടുക്കിക്കായി.

    മറ്റ് കഥാപാത്രങ്ങള്‍

    മറ്റ് കഥാപാത്രങ്ങള്‍

    തന്റെ ഇരട്ടി പ്രായമുളള വേഷങ്ങള്‍ കൂടുതലും അമ്മ വേഷങ്ങള്‍ ചെയ്യാറുള്ള അഞ്ജലി അനീഷ് ഇവിടെ മദര്‍ ജൂലീ ആയി രണ്ട് വേഷപ്പകര്‍ച്ചകളില്‍ എത്തുന്നു. പ്രകടനം തൃപ്തികരം, ഇവിടെയും മേക്ക് അപ്പ് ഒരു പോരായ്മ തോന്നിപ്പിച്ചു.

    വിജയ് ചിത്രമായ കത്തിയില്‍ ഒരു പോലീസ് വേഷത്തില്‍ എത്തിയ സുദീപ് മുഖര്‍ജ്ജി ചിത്രത്തില്‍ ബാനര്‍ജി എന്ന ഒരു ജയില്‍ ഓഫീസര്‍ വേഷം ചെയ്യുന്നു. നോട്ടത്തിലും നടത്തത്തിലും വരെ ആ കഥാപാത്രത്തിന്റെ തീവ്രത വരുത്താന്‍ സുദീപിനായി. മറ്റു താരങ്ങള്‍ എല്ലാം തങ്ങളുടെ കടമകള്‍ യഥേഷ്ട്ടം നിര്‍വ്വഹിച്ചു.

    ഛായാഗ്രാഹണം

    ഛായാഗ്രാഹണം

    ഇതര ഭാഷകളിലടക്കം നിരവധി ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച വേണുഗോപാല്‍ ആയിരുന്നു മറുപടിയുടെ ക്യാമറ വിഭാഗം കൈകാര്യം ചെയ്തതത്. വയനാടും കൊല്‍ക്കത്തയും മാറി വന്ന പശ്ചാത്തലം മനോഹരമാക്കാന്‍ വേണുഗോപാലിനായി. കൊല്‍ക്കത്ത ജയിലും പശ്ചാത്തലവും എല്ലാം ആദ്യ പകുതിയില്‍ നിന്ന് മാറി വേറിട്ട ഇരുണ്ട പശ്ചാത്തലത്തില്‍ ആയിരുന്നു.

    എഡിറ്റിങ്

    എഡിറ്റിങ്

    കെആര്‍ മിഥുന്‍ ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് കൃത്യം ചെയ്തിരിക്കുന്നത്. മഹേഷ് നാരായണന്റെ അസിസ്റ്റന്റ് ആയി നിരവധി ചിത്രങ്ങളില്‍ പങ്ക് ചേര്‍ന്ന മിഥുന്റെ സ്വതന്ത്ര എഡിറ്റിംഗ് നിര്‍വഹിക്കുന്ന ആദ്യ സിനിമയാണ് ഇത്. ഗ്രേസ് വില്ല അടക്കം നിരവധി ഷോര്‍ട്ട് ഫിലിമുകളില്‍ എഡിറ്റിംഗ് നിര്‍വഹിച്ച മിഥുന്റെ മറുപടിയുടെ കൂട്ടിചേര്‍ക്കലുകള്‍ തൃപ്തികരമാണ്. ഒരു തുടക്കക്കാരന്റെ പോരായ്മകളെ മാറ്റി നിര്‍ത്തി ചെയ്ത തന്റെ കടമ ആസ്വാദനത്തിന്റെ ഒഴുക്കിനെ തെല്ലും കെടുത്തിയില്ല.

    സംഗീതം

    സംഗീതം

    എം ജയചന്ദ്രന്‍ ആണ് ചിത്രത്തിന്റെ പാട്ടുകള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് . ടൈറ്റില്‍ സോങ്ങും, ചിത്രത്തിന്റെ സംവിധായകന്‍ ആയ വിനുവിന്റെ മകള്‍ വര്‍ഷ വിനു ആലപിച്ച ഗാനം 'വേനല്‍ മെല്ലെ വന്ന് പോയി....' എന്ന ഗാനവും നല്ല നിലവാരം പുലര്‍ത്തിയിട്ടുണ്ട്.

    ഗോപീ സുന്ദറിന്റെ പശ്ചാത്തല സംഗീതമായിരുന്നു ചിത്രത്തിലേത്. രണ്ടാം പകുതിയിലെ ജയില്‍ പശ്ചാത്തലത്തിനും വികാര നിര്‍ഭരമായ രംഗങ്ങള്‍ക്കും ചേരും വിധത്തില്‍ ഒരു പശ്ചാത്തല സംഗീതം ഒരുക്കാന്‍ കഴിഞ്ഞു.

    സമൂഹവുമായി ബന്ധിപ്പിക്കുമ്പോള്‍

    സമൂഹവുമായി ബന്ധിപ്പിക്കുമ്പോള്‍

    സ്ത്രീകള്‍ക്ക് നേരെ വന്നു ചേരുന്ന ലൈംഗിക അതിക്രമങ്ങള്‍ക്ക് നേരെയും ഇന്നത്തെ സമൂഹത്തിന്റെ നേര്‍ക്കാഴ്ചകളിലേക്കും വിരല്‍ ചൂണ്ടുന്നതാണ് മറുപടി. നീതിയ്ക്ക് വേണ്ടി ഒരു കുടുംബത്തിന്റെ പോരാട്ടത്തിന്റെ കഥ കൂടി പറഞ്ഞു കൊണ്ടാണ് ചിത്രം നീങ്ങുന്നത്. വായ്പ്പ എടുത്ത് പണം അടയ്ക്കാന്‍ കാലതാമസം നേരിടുന്നതില്‍ മനംനൊന്ത് ആത്മഹത്യ ചെയുന്ന സമൂഹത്തെയും ചിത്രം പരാമര്‍ശിക്കുന്നുണ്ട്. കൊള്ള പലിശക്കാരുടെയും ചില ധനകാര്യ സ്ഥാപനങ്ങളുടെയും കര്‍ക്കശമായ നിലപാടിനേയും വിമര്‍ശിക്കുന്നുമുണ്ട്. ജോലിയോട് ആത്മാര്‍ത്ഥത പുലര്‍ത്തുന്നതിനോടൊപ്പം തന്നിലെ സ്വാധീനം ഉപയോഗിച്ച് നിര്‍ധനരായവരോട് മാനുഷിക പരിഗണന കാണിക്കുന്ന ഒരു ബാങ്ക് ജീവനക്കാരനെ എബിയിലൂടെ നമ്മുക്ക് കാട്ടി തരുന്നു. പരാജയ ചിത്രങ്ങളിലും നന്മനിറഞ്ഞ ചില കഥാപാത്രങ്ങളും ഒരു സന്ദേശവും വിഎം വിനു ചിത്രങ്ങളില്‍ കാണാം. ഫേസ് ടു ഫേസ്‌ലെ പ്രമേയം പോലെ ചെറിയ കുട്ടികളോട് തോന്നുന്ന കാമാസക്തി ഇവിടെയും എടുത്ത് കാണിക്കുണ്ട്. സ്ത്രീകളിക്കിടയിലെ സ്വവര്‍ഗ്ഗാനുരാഗവും ഒരു സീനില്‍ സ്പര്‍ശിച്ച് പോകുന്നുണ്ട്.

    നീതിന്യായ വ്യവസ്ഥതിയുടെ കാവല്‍ ഭടന്മാരുടെ അധികാര സ്വാധീനം ദുരുപയോഗപ്പെടുത്തി നടത്തുന്ന ചൂഷണം ഇന്നത്തെ സമൂഹത്തിന്റെ നേര്‍ക്കാഴ്ച തന്നെയാണ്. നിയമത്തിന്റെ കുരുക്കിന്റെ പേരില്‍ വായ്തുറക്കാന്‍ പോലും പറ്റാതെ നിസ്സഹായകരായ നിരപരാധികള്‍ ധാരാളം ഇന്ന് ഈ ജയിലില്‍ ഉണ്ടെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥ പറയുന്നത് തന്നെ നമ്മുടെ നിയമത്തിന്റെ പഴുതുകളെ ഓര്‍മ്മപ്പെടുത്തുന്നു. സാഹചര്യ തെളിവുകളുടെ ബലം അതില്‍ കവിഞ്ഞൊന്നും നീതിപീഠം ആവശ്യപ്പെടുന്നില്ല.

    മറുപടി നല്‍കേണ്ട സമയത്ത് നിങ്ങള്‍ മറുപടി കൊടുക്കുക, പ്രതികരിക്കുക. നിയമത്തിന്റെ പഴുതുകളിലൂടെ ഒരു സൗമ്യക്കും, ഒരു നിര്‍ഭയയ്ക്കും, ഒരു ജിഷയ്ക്കും നീതി ലഭിക്കാതെ പോകരുത് എന്ന വികാരഭൂരിതമായ സംഭാഷണങ്ങള്‍ ചിത്രത്തില്‍ ഉണ്ട്.

    പോരായ്മകളുണ്ട്

    പോരായ്മകളുണ്ട്

    സിനിമയെ മറ്റൊരു തലത്തില്‍ നോക്കുമ്പോള്‍ പോരായ്മകള്‍ മറുപടിയില്‍ പ്രതിഭലിക്കുന്നുണ്ട്. നാടകീയത നിറഞ്ഞ ആദ്യപകുതി ഇടയ്‌ക്കൊക്കെ ഒരു സീരിയല്‍ മോഡിലേക്ക് വഴുതി മാറുന്നുണ്ട്. നായകനും നായികയും പരസ്പരം കണ്ടുമുട്ടുന്ന ഇന്റര്‍വ്യൂ സീന്‍ വളരെ ശോചനീയവും അസഹനീയവുമാണ്. അസ്വാഭാവികത നിറഞ്ഞ ആ ഇന്റര്‍വ്യൂ സീനും അതിന്റെ തുടര്‍ സീനും വളരെ മോശമായി. വര്‍ഷങ്ങള്‍ മാറി വരുമ്പോള്‍ വരുന്ന കഥാപാത്രത്തിന്റെ പ്രായത്തിലെ വൈരുദ്ധ്യവും (അമ്മയും മകളും) മേക്ക് അപ്പും ചില സംശയങ്ങള്‍ പ്രേക്ഷകരില്‍ ഉളവാക്കുന്ന തരത്തില്‍ ആയിരുന്നു. 2009ല്‍ കൊല്‍ക്കത്തയിലേക്ക് താമസം മാറി എന്ന് പറയുന്നതും, ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം വരുന്ന കാഴ്ചയും ചേര്‍ച്ചക്കുറവ് തോന്നിപ്പിച്ചിരുന്നു. ചിത്രം മലയാള ഭാഷയില്‍ ആയത് കൊണ്ടോ കൊല്‍ക്കത്താ ജയിലിലെ സെല്ലില്‍ ഒരു മലയാളി വേണം എന്നത് കൊണ്ടോ അറിയില്ല കൊല്‍ക്കത്ത ജയിലില്‍ ഒരു മലയാളിമയം ആയിരുന്നു.

    പോരായ്മകള്‍ക്ക് ഇടയിലും നന്മയുള്ള ഒരു ചിത്രം തന്നെയാണ് മറുപടി. അമിത പ്രതീക്ഷകള്‍ക്ക് പ്രാധാന്യം നല്‍കാതെ കുടുംബത്തോടൊപ്പം ധൈര്യമായി കണ്ടിറങ്ങാവുന്ന ഒരു മാതൃത്വ സ്‌നേഹം വിളിച്ചോത്തുന്ന ഒരു ചിത്രമാണ് മറുപടി.

    English summary
    Marupadi Movie Review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X