twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ക്ലിപ്തതയൊട്ടുമില്ലാത്തൊരു കോപ്പിലെ തൃശിവപ‌േരൂർക്കളി.. ശൈലന്റെ തൃശ്ശിവപേരൂര്‍ ക്ലിപ്തം റിവ്യൂ!!

    |

    ശൈലൻ

    കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

    Rating:
    2.5/5
    Star Cast: Asif Ali, Chemban Vinod Jose, Aparna Balamurali
    Director: Ratheish Kumar

    തൃശ്ശൂര്‍ പശ്ചാത്തലമാക്കി മലയാളത്തിൽ ഇറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് തൃശ്ശിവപേരൂര്‍ ക്ലിപ്തം. ആസിഫ് അലിയും അപര്‍ണ ബാലമുരളിയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ടിനി ടോം, ശ്രീജിത് രവി, ഇര്‍ഷാദ് എന്നിവരും ചിത്രത്തിലുണ്ട്. നവാഗതനായ രതീഷ് കുമാറിന്റേതാണ് സംവിധാനം. ആമേന്‍ നിര്‍മാതാക്കളായ ഫരീദ് ഖാന്റേയും ഷലീല്‍ അസീസിന്റേയും ഉടമസ്ഥയിലുള്ള വെറ്റ്‌സാന്‍ഡ്‌സ് മീഡിയ ഹൗസ് നിർമിച്ച ഈ തൃശ്ശിവപേരൂര്‍ ക്ലിപ്തത്തിന് ശൈലൻ എഴുതുന്ന റിവ്യൂ..

    പുതുമ എന്നത് വാക്കിലല്ല.. വിസ്മയിപ്പിച്ചുകൊണ്ട് കറുത്ത ജൂതനും സലീം കുമാറും... ശൈലന്റെ റിവ്യൂ!!പുതുമ എന്നത് വാക്കിലല്ല.. വിസ്മയിപ്പിച്ചുകൊണ്ട് കറുത്ത ജൂതനും സലീം കുമാറും... ശൈലന്റെ റിവ്യൂ!!

    കിളിപോയ എഴുത്തുകൾ

    കിളിപോയ എഴുത്തുകൾ

    പി എസ് റഫീക്ക് എന്ന എഴുത്തുകാരന്റെ തിരക്കഥകൾ പൊതുവെ കിളിപോയ മട്ടിലാണ്.. ലിജോ ജോസ് പെല്ലിശ്ശേരി മാജിക്കൽ റിയലിസം മിക്സുചെയ്ത് "ആമേനി"ൽ ക്ലിക്കാക്കിമാറ്റിയതും കമൽ ഒന്നും ചെയ്യാനാവാതെ അതിദയനീയമായി അന്തംവിട്ട് മൂക്കുംകുത്തി വീണതും റഫീക്കിന്റെ എഴുത്തിലൂടെ സഞ്ചരിച്ചാണ്. പുതുമുഖസംവിധായകനായ രതീഷ് കുമാർ തന്റെ കന്നിസംരംഭമായ 'തൃശിവപേരൂർ ക്ലിപ്തം' എന്ന സിനിമയ്ക്കായി പി എസ് റഫീക്കിന്റെ സ്ക്രിപ്റ്റിനെയാണ് ആശ്രയിച്ചിരിക്കുന്നത്. അതിനാൽ തന്നെ, ടീസറുകളിലും പാട്ടുകളിലും എത്ര ഹൈപ്പുണ്ടാക്കിയാലും തിയേറ്ററിൽ ചെന്നു കാണും വരെ സിനിമയെക്കുറിച്ചുള്ള പ്രവചനങ്ങൾ അസാധ്യം.

    നൂറ്റൊന്നാവർത്തിച്ച തൃശൂർ സിനിമ

    നൂറ്റൊന്നാവർത്തിച്ച തൃശൂർ സിനിമ

    പേരുസൂചിപ്പിക്കുമ്പോലെ സിനിമ നൂറ്റൊന്നാവർത്തിച്ച മട്ടിൽ ഒരു തൃശൂർ സിനിമയാണ്.. റഫീക്കിന്റെ പതിവുമട്ടിൽ തന്നെ അലകും ഫ്രെയിമുമില്ലാതെ ആണ് കാര്യങ്ങളുടെ പോക്ക്.. ആമേൻ പോലെ ക്ലിപ്തത്തെ ക്ലിക്കാക്കി മാറ്റാൻ രതീഷ് കുമാറിന് സാധിച്ചിട്ടില്ലെങ്കിലും ഉട്ടോപ്പിയയിലെ രാജാവിനെ പോലെ അതീഭീകരദുരന്തമായിട്ടുല്ലെന്നതിൽ ടിയാന് ആശ്വസിക്കാം.. കുറെനേരം കോട്ടുവായിടുകയും ഉറക്കം തൂങ്ങുകയുമൊക്കെ ചെയ്യുമെങ്കിലും വിജയകരമായി കണ്ടുതീർക്കാനാവുന്നുണ്ട് പടം.

    കഥയോ പ്രമേയമോ ഇല്ല

    കഥയോ പ്രമേയമോ ഇല്ല

    എടുത്ത് പറയാനൊരു കഥയോ പ്രമേയമോ ഒന്നും തൃശിവപ്പേരൂരിനില്ല (ട്രീറ്റ്മെന്റ് നല്ലതെങ്കിൽ കഥ വേണമെന്നൊന്നും ഇന്നത്തെ കാലത്ത് ആർക്കും വാശിയുമില്ല). ഡേവിഡ് പോളി, ജോയ് ചെമ്പാടൻ എന്നീ രണ്ട് കൂതറകൾ നേതൃത്വം കൊടുക്കുന്ന രണ്ടു ഗുണ്ടാ(?)ഗ്രൂപ്പുകളുടെ കുടിപ്പക എന്നോ പാരവെപ്പുകളുടെയും ഉരസലുകളുടെയും പരമ്പര എന്നോ ഒക്കെ വേണമെങ്കിൽ പടത്തെ പരിചയപ്പെടുത്താം. അങ്കമാലി ഡയറീസിൽ അത്യുജ്ജ്വലമായും വർണ്യത്തിൽ ആശങ്കയിൽ ഊ..ഞ്ഞാലാടിയ മട്ടിലുമൊക്കെ കണ്ട മട്ടിൽ എടപാട്.. സാഹചര്യങ്ങളിൽ അധിഷ്ഠിതമായ അത്യാവശ്യം കോമഡികളും കോമഡിയുതിർക്കുന്ന സംഭാഷണങ്ങളുമൊക്കെ ഉണ്ടെന്നത് ആശ്വാസം.

    പാറ്റേണുകളും ഫോർമുലകളും ഇല്ല

    പാറ്റേണുകളും ഫോർമുലകളും ഇല്ല

    കഥയെയും നായകനെയും പാറ്റേണുകളെയും ഫോർമുലകളെയും ഒന്നും ഫോളോ ചെയ്യുന്നില്ലെന്നതാണ് തൃശിവപ്പേരൂർ ക്ലിപ്തത്തിന്റെ ഒരു പ്ലസ് പോയിന്റ്.. ആസിഫ് അലി നായകനാവുന്ന സിനിമ എന്ന പേരിലാണ് മാർക്കറ്റ് ചെയ്തതെങ്കിലും ഡേവിഡ് പോളി ആയി വരുന്ന ചെമ്പൻ വിനോദ് ആണ് പടത്തിൽ നിറഞ്ഞു വിരിഞ്ഞ് നിൽക്കുന്നത്. ഓപ്പോസിറ്റ് വരുന്ന ജോയ് ചെമ്പാടനായി ബാബുരാജും കുറെ കാലത്തിന് ശേഷം സിൽക്ക് ജുബ്ബയും സ്വർണച്ചങ്ങലകളുമായി തകർത്താടുന്നു.

    വ്യത്യസ്തമായ ഒരു ശ്രമം

    വ്യത്യസ്തമായ ഒരു ശ്രമം

    ഡേവിഡിന്നും ചെമ്പാടനും മാത്രമല്ല ടീമിലുംനാട്ടിലുമുള്ള എല്ലാർക്കും അത്യാവശ്യം ഭേദപ്പെട്ട ക്യാരക്റ്ററൈസേഷനും‌ ഡീറ്റെയിലിംഗും നൽകാൻ തൃശിവപ്പേരൂർ ക്ലിപ്തം ശ്രമിക്കുന്നുണ്ട്. ചെറിയ ചെറിയ റോളുകൾക്ക് വരെ ഐഡന്റിറ്റി കൊടുത്തിട്ടുണ്ട്.. കാര്യമൊന്നുമുണ്ടായിട്ടില്ല എന്നുമാത്രം. ഡേവിഡ് പോളിയുടെ ഗ്യാംഗിൽ കേറിപ്പെടാൻ ആഗ്രഹിക്കുകയും ആക്സിഡന്റലി എത്തിപ്പെടുകയും ചെയ്യുന്ന ഗിരിജാവല്ലഭൻ എന്ന സാധുവും അപകർഷതാബോധക്കാരനുമായ ഗിരിയുടെ വേഷമാണ് ആസിഫ് അലിയുടെത്..

    ആസിഫ് അലിക്ക് ഒരു കയ്യടി

    ആസിഫ് അലിക്ക് ഒരു കയ്യടി

    ഓമനക്കുട്ടനും ഹാപ്പി സൺ ഡേയ്ക്കും ശേഷം ആസിഫിനു കിട്ടിയതും ചെയ്തതുമായ നല്ലൊരു വേഷമാണ് ഗിരിയുടേത്.. ആദ്യമായി കൊമേഴ്സ്യൽ സെക്സ് വർക്കർ കട്ടിലിൽ വരുമ്പോളുള്ള ഗിരിയുടെ പരാക്രമവും പാഞ്ഞുരക്ഷപ്പെടലുമൊക്കെ ഗംഭീരം. (തിയേറ്ററിൽ കൂടെ ഉണ്ടായിരുന്ന ഒരു സദാചാരഫാമിലിയും അതുകണ്ട് പാഞ്ഞു രക്ഷപ്പെട്ടു). ഹീറോയിസവും ഇമേജുമൊന്നും നോക്കാതെ ഇതുപോലുള്ള റോളുകൾ സ്വീകരിക്കാൻ ആസിഫ് കാണിക്കുന്ന ആർജവത്തെ കാണാതിരിക്കാനാവില്ല...

    അപർണ ബാലമുരളിയുടെ ഓട്ടോ ഡ്രൈവർ

    അപർണ ബാലമുരളിയുടെ ഓട്ടോ ഡ്രൈവർ

    സിനിമയിലെ ഏറ്റവും തീപാറുന്ന ക്യാരക്റ്ററായി ഡെവലപ്പ് ചെയ്തിരിക്കുന്നത് അപർണ ബാലമുരളിയുടെ ഭാഗി എന്ന ഓട്ടോ ഡ്രൈവറെയാണ്.. അപർണയ്ക്ക് താങ്ങാനാവുന്നതിൽ കൂടുതൽ തീപ്പൊരിയാണ് പലപ്പോഴും ഭാഗീരഥി പ്രസരിപ്പിക്കുന്നത്. "ഈ ലോകത്തിൽ ഏറ്റവും എളുപ്പം വിൽക്കാൻ കഴിയുന്നത് പെണ്ണിന്റെ മാനമാണ്, അതിലും ഭേദം ചാകുന്നതാണ്" എന്നൊക്കെ ഡയലോഗടിക്കുന്ന അപർണയുടെ കഥാപാത്രം ഒടുവിൽ വിളക്കൂതിയാൽ സിനിമാ നടിയും താനും ഒക്കെ ഒന്നുതന്നെയെന്നുപറഞ്ഞ് ചുകപ്പുസാരിയുടുത്ത് പത്തുലക്ഷത്തിന്ന് പകരം തന്നെ എടുത്തോന്ന് പറഞ്ഞ് പോളിഗ്യാംഗിന്റെ റൂമിൽ പ്രത്യക്ഷയാവുന്നുമുണ്ട്.. മൊത്തത്തിലുള്ള ഈയൊരു സ്റ്റെബിലിറ്റിയില്ലായ്മ തന്നെയാണ് കഥാപാത്രത്തിന്റെയെന്നപോൽ സിനിമയുടെയും പ്രശ്നം.. ഒടുവിലെത്തുമ്പോൾ പരമ്പരാഗതമായ പ്രണയവും അനാദിയായ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി രണ്ടും മൂക്കുകുത്തുന്നതും കാണാനാവുന്നു..

    ചുരുക്കം: കഥാപാത്രങ്ങളായി എത്തുന്ന എല്ലാവര്‍ക്കും പ്രാധാന്യം നല്‍കിയൊരുക്കിയ സിനിമയാണ് തൃശ്ശിവ പേരൂര്‍ ക്ലിപ്തം, പ്രേക്ഷകര്‍ക്ക് ഒറ്റത്തവണ കണ്ടിരിക്കാവുന്ന ചിത്രമാണിത്.

    English summary
    Thrissivaperoor Kliptham movie review by Schzylan Sailendrakumar.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X