» 

മാലിനി 22 പാളയംകോട്ടൈ നിരാശപ്പെടുത്തുന്നു

Posted by:

മലയാളസിനിമയില്‍ ന്യൂജനറേഷന്‍ തരംഗം വന്നശേഷം പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു ചിത്രമായിരുന്നു ആഷിക് അബു ഒരുക്കിയ 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രം. ഒട്ടേറെ പ്രശസംകള്‍ നേടിയ ചിത്രം കരുത്തുറ്റ സ്ത്രീകഥാപാത്രത്തെയാണ് അവതരിപ്പിച്ചിരുന്നത്. മികച്ച വിജയം നേടുന്ന ചിത്രങ്ങള്‍ റീമേക് ചെയ്യപ്പെടുന്നത് പതിവാണ്. അതുപോലെ 22 ഫീമെയില്‍ കോട്ടയവും തമിഴിലേയ്ക്കും തെലുങ്കിലേയ്ക്കും റീമേക്ക് ചെയ്യപ്പെട്ടു. മുന്‍കാല നടി ശ്രീപ്രിയയാണ് ചിത്രം രണ്ടുഭാഷകളിലേയ്ക്കും റീമേക്ക് ചെയ്തത്.

തമിഴില്‍ മാലിനി 22 പാളയംകോട്ടൈ എന്ന പേരിലാണ് ചിത്രമൊരുക്കിയത്. മലയാളത്തില്‍ റിമ കല്ലിങ്കല്‍ ചെയ്ത കഥാപാത്രത്തെ തമിഴില്‍ അവതരിപ്പിച്ചത് നിത്യ മേനോനാണ്. ഫഹദ് ഫാസിലിന്റെ കഥാപാത്രം ചെയ്തത് ജയഭാരതിയുടെ മകനായ കൃഷ് ജെ സത്താറും. ചിത്രം ഏറെ പ്രതീക്ഷകളുയര്‍ത്തിയാണ് തിയേറ്ററുകളിലെത്തിയതെങ്കിലും കടുത്ത നിരാശയാണ് പ്രേക്ഷകര്‍ക്ക് സമ്മാനിയ്ക്കുന്നത്.

Malini 22 Palayamkottai

കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രം വെറുമൊരു റിവഞ്ച് ഫിലിം എന്ന നിലയിലാണ് വിലയിരുത്തപ്പെടുന്നത്. മലയാളചിത്രം കൈകാര്യം ചയ്ത മാനങ്ങളിലേയ്‌ക്കൊന്നും മാലിനി 22 എത്തിയില്ലെന്നാണ് വിമര്‍ശനമുയരുന്നത്. ടെസ കെ എബ്രഹാം എന്ന കഥാപാത്രമായി റിമ മാറിയപ്പോള്‍ ലഭിച്ച യാതൊരു സംതൃപ്തിയും ഫീലും മാലിനി പ്രേക്ഷകര്‍ക്ക് നല്‍കുന്നില്ല.

ഒരു പ്രതികാരദാഹിയായ നഴ്‌സിന്റെ കഥമാത്രമായി ചിത്രം ചുരുങ്ങിപ്പോയെന്നാണ് പലരും പറയുന്നത്. മലയാളത്തില്‍ പ്രതാപ് പോത്തന്‍ ചെയ്ത നെഗറ്റീവ് റോള്‍ തമിഴില്‍ നരേഷാണ് കൈകാര്യം ചെയ്തത്. ഈ കഥാപാത്രവും പ്രേക്ഷകരെ വല്ലാതെ നിരാശപ്പെടുത്തി. പ്രതീപ് പോത്തന്‍ ചെയ്ത വേഷത്തിന്റെ ഏഴയലത്തെത്താന്‍ നരേഷിന്റെ കഥാപാത്രത്തിന് കഴിഞ്ഞിട്ടില്ല.

ടെസ എന്ന കഥാപാത്രത്തിന്റെ കരുത്ത് ഉള്‍ക്കൊള്ളാന്‍ ഒരിടത്തുപോലും നിത്യ അവതരിപ്പിച്ച മാലിനിയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന വിമര്‍ശനം വളരെ ശക്തമാണ്. മലയാളത്തില്‍ ഇറങ്ങിയ ഇത്രയേറെ മികച്ചൊരു ചിത്രം റീമേക്ക് ചെയ്ത് ഇത്രയും മോശമാക്കണമായിരുന്നോയെന്നാണ് ചിത്രത്തിന്റെ അണിയറക്കാരോട് പ്രേക്ഷകര്‍ ചോദിയ്ക്കുന്നത്. സംവിധായികയെന്ന നിലയില്‍ ശ്രീപ്രിയയുട ആദ്യസംരംഭമാണ് മാലിനി 22 പാളയംകോട്ടൈ. സംവിധാനത്തിന്റെ പരിചയക്കുറവ് ചിത്രത്തില്‍ വല്ലാതെ മുഴച്ചുനില്‍ക്കുന്നുണ്ട്.

Read more about: 22 female kottayam, malini 22 palayamkottai, nithya menon, sripriya, ashiq abu, rima kallingal, remake, tamil, ഫീമെയില്‍ കോട്ടയം, മാലിനി 22 പാളയംകോട്ടൈ, ശ്രീപ്രിയ, റീമേക്ക്, നിത്യ മേനോന്‍, ആഷിക് അബു, റിമ കല്ലിങ്കല്‍
English summary
Malini 22 Palayamkottai' : Average Revenge Drama
Please Wait while comments are loading...

Malayalam Photos

Go to : More Photos