നാൽപ്പത്തിനാലാം വയസിലേക്ക് കടന്ന താൻ പെരിമെനോപോസിന്റെ പ്രാരംഭ ലക്ഷണങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ബോളിവുഡ് നടിയും പരിസ്ഥിതി പ്രവർത്തകയുമായ ദിയ മിർസ. ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങളും എല്ലാ ദിവസവും പഴയ ഊർജം നിലനിർത്തുന്നതും എത്രത്തോളം പ്രയാസകരമായിരിക്കുകയാണെന്നും താരം വെളിപ്പെടുത്തി. ഷി ദി പീപ്പിളിന് നൽകിയ അഭിമുഖത്തിലാണ് ദിയ മനസ് തുറന്നത്.

Advertisement
Advertisement

കഴിവതും കുട്ടികൾക്ക് നേരത്തെ തന്നെ ജന്മം നൽകണമെന്ന് പറയുന്നതിന്റെ കാരണം ഇപ്പോഴാണ് തനിക്ക് കൂടുതൽ മനസിലാകുന്നതെന്നും അവർ പറഞ്ഞു. അതേസമയം കുറച്ച് വൈകി മാതാപിതാക്കളാകുന്നത് കൂടുതൽ ബോധപൂർവമായ ഒരു തീരുമാനമാണെന്നും ദിയ കൂട്ടിച്ചേർത്തു.

പെരിമെനോപോസിനൊപ്പം ആരംഭിക്കുന്ന ഹോർമോൺ വ്യതിയാനങ്ങളെക്കുറിച്ച് സംസാരിക്കവെ പലപ്പോഴും തനിക്ക് ആശയക്കുഴപ്പം തോന്നാറുണ്ടെന്ന് ദിയ പറഞ്ഞു. എന്താണ് ശരീരത്തിൽ സംഭവിക്കുന്നത് എന്ന് പലപ്പോഴും സ്വയം ചോദിക്കാറുണ്ടെന്നും അവർ വെളിപ്പെടുത്തി. പെരിമെനോപോസിന്റെ തുടക്കവുമായി ബന്ധപ്പെട്ട നിരവധി ലക്ഷണങ്ങൾ താൻ അനുഭവിക്കുന്നുണ്ടെന്ന് സമ്മതിച്ച ദിയ പെട്ടെന്ന് ഹോട്ട് ഫ്ലാഷുകൾ അനുഭവപ്പെടാറുണ്ടെന്ന് പറയുന്നു.

ഇത്തവണത്തെ വേനൽക്കാലം എല്ലാവർക്കും വളരെ കഠിനമായിരുന്നു. പ്രത്യേകിച്ച് ഈ വർഷം എനിക്ക് ഏറെ ബുദ്ധിമുട്ടേറിയതായിരുന്നു എന്നും പെരിമെനോപോസിന്റെ ബുദ്ധിമുട്ടുകൾ പങ്കിട്ട് അവർ പറഞ്ഞു. വേനൽ ചൂടിലും വയലുകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾ പെരിമെനോപോസിനെക്കുറിച്ച് ഒരിക്കലും പരാതിപ്പെടാറില്ലല്ലോ എന്ന് അമ്മ ഒരിക്കൽ ചോദിച്ചതായും ദിയ ഓർത്തെടുത്തു.

Advertisement

അമ്മ പറഞ്ഞതിൽ കാര്യമുണ്ടെങ്കിലും സ്ത്രീകൾക്ക് പെരിമെനോപോസിനെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണെന്നും അവർ അഭിപ്രായപ്പെട്ടു. ഇത് ജീവിതത്തിലെ സ്വാഭാവിക ഘട്ടമാണെങ്കിലും ശാരീരികമായും മാനസികമായും വൈകാരികമായും വെല്ലുവിളികൾ നിറഞ്ഞതാകാം. എന്നാൽ അതിനെക്കുറിച്ചുള്ള അവബോധം ഉണ്ടെങ്കിൽ അതിനെ കൂടുതൽ എളുപ്പത്തിൽ നേരിടാനാകുമെന്നും ദിയ പറഞ്ഞു.

ഈ ഘട്ടത്തിൽ സ്ത്രീകൾക്ക് ശക്തമായ പിന്തുണ സംവിധാനമുണ്ടാകേണ്ടത് അനിവാര്യമാണെന്നും ദിയ അഭിപ്രായപ്പെട്ടു. ഭർത്താക്കന്മാർ പെരിമെനോപോസിനെക്കുറിച്ച് വായിച്ച് മനസിലാക്കണമെന്നും മാതാപിതാക്കൾ കൗമാരപ്രായത്തിലുള്ള പെൺമക്കൾക്ക് ഇതിനെക്കുറിച്ച് ബോധവൽക്കരണം നൽകണമെന്നും അവർ പറഞ്ഞു. കുടുംബത്തിനുള്ളിൽ തന്നെ ശക്തമായ പിന്തുണ അന്തരീക്ഷം സൃഷ്ടിക്കാൻ ഇതിലൂടെ സാധിക്കുമെന്നും ദിയ പറഞ്ഞു.

Advertisement

ശരീരത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയുന്നത് സ്വയം കുറ്റപ്പെടുത്താതിരിക്കാൻ സഹായിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. പെരിമെനോപോസിനെക്കുറിച്ച് അറിവില്ലായിരുന്നെങ്കിൽ മോശം ദിവസങ്ങളിൽ എനിക്ക് എന്നെത്തന്നെ ആശ്വസിപ്പിക്കാൻ പോലും കഴിയുമായിരുന്നില്ല. ഇന്ന് അങ്ങനെയൊരു ദിവസമാണ്. കുറച്ചുനേരം വിശ്രമിക്കൂ... എല്ലാം ശരിയാകും എന്ന് ഇപ്പോൾ എനിക്ക് എന്നോട് തന്നെ പറയാൻ കഴിയുന്നുണ്ടെന്നും ദിയ പറഞ്ഞു.

മുപ്പത്തിയൊമ്പതാം വയസിലാണ് ദിയ മിർസ അമ്മയായത്. എന്നാൽ പെരിമെനോപോസ് കാരണം മകൻ അവ്യാന്റെ ഊർജസ്വലതയ്ക്കൊപ്പം പിടിച്ച് നിൽക്കുന്നത് എളുപ്പമല്ലെന്നും താരം തുറന്ന് പറഞ്ഞു. ഇത് ശരിക്കും ഭ്രാന്ത് പിടിപ്പിക്കുന്ന അനുഭവമാണ്. അതുകൊണ്ടാണ് നമ്മുടെ അമ്മമാരും അമ്മൂമ്മമാരും കുട്ടികൾ നേരത്തേ ആയിക്കോ എന്ന് പറയാറുണ്ടായിരുന്നത് ദിയ പറഞ്ഞു. പല ദിവസങ്ങളിലും ശരീരത്തിലെ ഊർജം തീർന്നുപോയതായി തോന്നും.

Advertisement

പക്ഷെ സ്ത്രീകളായ നമ്മൾ അതെല്ലാം മറികടന്ന് മുന്നോട്ടുപോകാൻ ശ്രമിക്കും. ഞാൻ അങ്ങനെ തന്നെയാണ് ചെയ്യുന്നതെന്നും താരം കൂട്ടിച്ചേർത്തു. 39-ാം വയസിൽ അമ്മയായത് താൻ ഏറെ ആഗ്രഹിച്ചിരുന്ന അനുഭവമായിരുന്നുവെന്നും ദിയ പറഞ്ഞു. അത് എന്റെ ജീവിതത്തിലെ ഏറ്റവും ആഴത്തിലുള്ള അനുഭവങ്ങളിലൊന്നായിരുന്നു.

മാതൃത്വം ഞാൻ ആത്മാർഥമായി ആഗ്രഹിച്ചിരുന്ന ഒന്നായിരുന്നു അവർ പറഞ്ഞു. മകൻ അവ്യാനെ വളർത്തുന്നതിനെക്കുറിച്ച് സംസാരിക്കവെ എന്റെ മകൻ എല്ലാറ്റിനുമുപരി നല്ല മനസുള്ള ഒരു മനുഷ്യനായി വളരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത് ദിയ പറഞ്ഞു. ഒരു നല്ല മനുഷ്യനായി വളർന്നാൽ ജീവിതത്തിലെ മറ്റെല്ലാ മേഖലകളിലും വിജയിക്കാൻ അതുതന്നെ അവനെ സഹായിക്കുമെന്ന് വിശ്വസിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.