മർഡർ, സെഹർ, ജെന്നത്ത് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ബോളിവുഡ് നടനാണ് ഇമ്രാൻ ഹാഷ്മി. ഒരു കാലത്ത് അദ്ദേഹത്തിന്റെ സിനിമകളും ഗാനങ്ങളും നേടിയ ജനപ്രീതി വളരെ വലുതായിരുന്നു. പ്രണയവും ത്രില്ലറും ഇഴചേർന്ന കഥകളോടൊപ്പം തന്നെ ഇമ്രാന്റെ സിനിമകളിലെ ചുംബന രം​ഗങ്ങളും ഇന്റിമേറ്റ് സീനുകളും വലിയ ചർച്ചയായിരുന്നു. ചുംബന രം​ഗങ്ങൾ നടന്റെ സിനിമകളിൽ പതിവായതോടെയാണ് അദ്ദേഹത്തിന് സീരിയൽ കിസ്സർ എന്ന വിശേഷണം ലഭിച്ചത്.

Advertisement
Advertisement

എന്നാൽ ആ വിശേഷണം തനിക്ക് ഒരിക്കലും ഇഷ്ടമായിരുന്നില്ലെന്ന് ഇമ്രാൻ തുറന്ന് പറഞ്ഞിട്ടുണ്ട്. ഒരു പഴയ അഭിമുഖത്തിലാണ് ഇമ്രാൻ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. സീരിയൽ കിസ്സർ എന്ന വിശേഷണം ഇപ്പോൾ എന്റെ പേരിനൊപ്പം ചേർന്നുപോയെന്ന് ഞാൻ മനസിലാക്കിയിട്ടുണ്ട്.

അതിനെതിരെ പോരാടാൻ ഞാൻ ശ്രമിക്കുന്നില്ല എന്നാണ് താരം പറഞ്ഞത്. പ്രേക്ഷകർക്ക് തന്റെ സിനിമകളെക്കുറിച്ച് ചില പ്രത്യേക പ്രതീക്ഷകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിന് ഉദാഹരണമായി തും മിലെ സിനിമ കണ്ടപ്പോൾ ഉണ്ടായ ഒരു അനുഭവവും ഇമ്രാൻ പങ്കുവെച്ചു. ഞാൻ തും മിലെ കാണുകയായിരുന്നു. സോഹ അലി ഖാനും ഞാനും മാത്രം ഒരുമിച്ചുള്ള ഒരു രംഗം വന്നു.

Advertisement

സാധാരണ ഒരു ഇമ്രാൻ ഹാഷ്മി സിനിമയിൽ ആ സമയത്ത് ഞാൻ നായികയെ ചുംബിക്കുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുക. എന്നാൽ ആ രംഗത്തിൽ അങ്ങനെ സംഭവിച്ചില്ല. അപ്പോൾ എന്റെ അടുത്തിരുന്ന ഒരാൾ ഇമ്രാൻ ഹാഷ്മി... ഈ സിനിമ ചെയ്യുമ്പോൾ നിങ്ങൾക്ക് അസുഖമായിരുന്നോ? എന്ന് ചോദിച്ചു എന്ന് താരം ചിരിച്ചുകൊണ്ട് ഓർത്തെടുത്തു.

തുടർന്ന് അദ്ദേഹം പറഞ്ഞു ഒരു സിനിമയിൽ സൽമാൻ ഖാൻ ഷർട്ട് അഴിച്ചില്ലെങ്കിൽ പ്രേക്ഷകർക്ക് എന്തോ നഷ്ടമായെന്ന തോന്നലുണ്ടാകും. അതുപോലെയാണ് എന്റെ കാര്യവും. ഓരോ നടന്മാർക്കും പ്രേക്ഷകർ പ്രതീക്ഷിക്കുന്ന ചില പ്രത്യേക കാര്യങ്ങളുണ്ട്. അത് ചെയ്തില്ലെങ്കിൽ അവർക്ക് എന്തോ കുറവുണ്ടായെന്ന തോന്നലാകും. സത്യത്തിൽ അത് ഒരു നല്ല കാര്യമാണ്. ഷർട്ട് അഴിക്കുന്നതിനേക്കാൾ രസകരവുമാണ് എന്നും ഇമ്രാൻ തമാശയായി കൂട്ടിച്ചേർത്തു.

Advertisement

സീരിയൽ കിസ്സർ എന്നത് തന്റെ സിനിമാ വ്യക്തിത്വത്തിന്റെ ഒരു ഭാഗം മാത്രമാണെന്നും താരം വ്യക്തമാക്കി. സ്ക്രീനിലെ തന്റെ ചുംബന രംഗങ്ങളെ കുറിച്ച് കുടുംബത്തിന്റെ പ്രതികരണവും ഇമ്രാൻ തുറന്ന് പറഞ്ഞു. ഞാൻ ചെയ്യുന്ന ജോലിയാണ് ഞങ്ങളുടെ കുടുംബത്തിന് ഉപജീവനം നൽകുന്നതെന്ന് അവർക്ക് അറിയാം.

എപ്പോഴും ഞാൻ ഇത്തരം ഇൻ്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കുന്നത് എന്റെ ഭാര്യയ്ക്കും അച്ഛനും ഇഷ്ടമല്ല. അതിൽ അവർക്ക് എതിർപ്പുണ്ട്. പക്ഷെ സിനിമാ ജീവിതത്തിന് ദീർഘകാല നിലനിൽപ്പ് ഉറപ്പാക്കാൻ ഞാൻ മനപ്പൂർവം എടുത്ത തീരുമാനങ്ങളാണിതെന്ന് അവർ മനസിലാക്കുന്നുണ്ട്. അവർക്ക് അത് ഇഷ്ടമല്ലായിരിക്കാം പക്ഷെ അവർ അത് അംഗീകരിക്കുകയും മനസിലാക്കുകയും ചെയ്യുന്നു എന്നാണ് ഇമ്രാൻ ഹാഷ്മി പറഞ്ഞത്.

Advertisement

അതുപോലെ ഒരു കാലത്ത് മികച്ച ഓൺ-സ്‌ക്രീൻ ജോഡികളായിരുന്നു മല്ലിക ഷെരാവത്തും ഇമ്രാൻ ഹാഷ്മിയും. എന്നാൽ ഇരുപത് വർഷത്തോളം ഇരുവരും പിണക്കത്തിലായിരുന്നു. 2021ൽ മന്ദിര ബേദിയുടെ ദി ലവ് ലാഫ് ലൈവ് എന്ന ഷോയിൽ മല്ലിക ഇമ്രാന്‍ ഹാഷ്മിയുമായി ഉണ്ടായ പ്രശ്നങ്ങള്‍ തുറന്ന് പറഞ്ഞിരുന്നു.

മര്‍ഡര്‍ എന്ന ചിത്രത്തിലെ ഭൂരിപക്ഷം സമയവും ഞങ്ങള്‍ പിണക്കത്തിലായിരുന്നു. തമ്മില്‍ സംസാരിച്ചില്ല. ഇപ്പോൾ ഇത് വളരെ ബാലിശമായിരുന്നു എന്ന് എനിക്ക് തോന്നുന്നു എന്നാണ് പിണക്കം സംബന്ധിച്ച് മല്ലിക പറഞ്ഞത്. ബോളിവുഡില്‍ ഹിന്ദി ഇറോട്ടിക് ത്രില്ലർ പരമ്പരയ്ക്ക് തന്നെ തുടക്കമിട്ട ചിത്രമാണ് 2004ലെ മര്‍ഡര്‍ എന്ന ചിത്രം.