നടിയും ബിജെപി എംപിയുമായ കങ്കണ റണാവത് അടുത്തിടെ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിനിടെ റീലുകൾ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ജെൻ സീ രീതിക്കെതിരെ രംഗത്ത്. വിദ്യാർഥി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് വൈറലായ ദൃശ്യങ്ങളെ രൂക്ഷമായി നടി വിമർശിച്ചു. പതിവ് സമരങ്ങളിൽ നിന്നും പ്രതിഷേധങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നു സിജെപിയുമായി ചേർന്ന് വിദ്യാർത്ഥികൾ ജന്ദർ മന്ദറിൽ നടത്തിയ പ്രതിഷേധം.
ജെൻ സി കിഡ്സ് അവരുടേതായ രീതിയിലാണ് സമരത്തെ സമീപിച്ചത്. അതിന്റെ ഭാഗമായി അവിടെ നടക്കുന്ന കാര്യങ്ങൾ രസകരമായി ചിത്രീകരിച്ച് സോഷ്യൽമീഡിയയിൽ റീലായി പങ്കിടുകയും ചെയ്തിരുന്നു. ചിരിയും ചിന്തയും ഉണർത്തുന്ന ഇത്തരം റീലുകളായിരുന്നു കഴിഞ്ഞ കുറച്ച് ദിവസം സോഷ്യൽമീഡിയ ഭരിച്ചിരുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടാണ് കങ്കണ പ്രതികരിച്ച് എത്തിയത്.
ആ വീഡിയോകൾ കണ്ടത് തന്നെ മാനസികമായി തളർത്തിയെന്നും റീലുകൾ കണ്ട് ഓക്കാനം വന്നുവെന്നുമാണ് കങ്കണ സോഷ്യൽ മീഡിയയിൽ കുറിച്ചത്. പ്രതിഷേധക്കാരുടെ ഭാഷയും പെരുമാറ്റവും വേഷവിധാനവും ഇന്ത്യയുടെ സാംസ്‌കാരിക മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നതല്ലെന്നും അവർ വിമർശിച്ച് കുറിച്ചു. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച കുറിപ്പിലാണ് കങ്കണ പ്രതിഷേധ വീഡിയോകളെക്കുറിച്ചുള്ള തന്റെ പ്രതികരണം അറിയിച്ചത്. എന്റെ ജീവിതത്തിൽ ഇത്രയധികം വിരൂപത ഒരിടത്തും കണ്ടിട്ടില്ല. Gen Z പ്രതിഷേധങ്ങളുടെ റീലുകൾ കാണുമ്പോൾ തന്നെ ഛർദ്ദിയും ഓക്കാനവും വരും. അവർ സംസാരിക്കുന്ന രീതിയും ഉപയോഗിക്കുന്ന ഭാഷയും അത്യന്തം അരോചകമാണ്. ഓരോ ഫ്രെയിമും ഒരുപോലെ അസഹ്യവും താഴ്ന്ന നിലവാരത്തിലുള്ളതുമാണ്. ഇവരെ പ്രസവിക്കുകയും വളർത്തുകയും ചെയ്യുന്നത് ആരാണ്? എന്നാണ് കങ്കണ കുറിച്ചത്. തുടർന്ന് പ്രതിഷേധക്കാർ തങ്ങളെത്തന്നെ വിശേഷിപ്പിക്കുന്ന പേരിനെയും അവരുടെ പെരുമാറ്റത്തെയും താരതമ്യം ചെയ്തും കങ്കണ വിമർശനം ഉന്നയിച്ചു. ഇന്ത്യ വൈവിധ്യമാർന്ന സൗന്ദര്യമുള്ള ജനങ്ങളുടെയും ചാരുതയും സാംസ്‌കാരിക പാരമ്പര്യവും നിറഞ്ഞ നാടാണ്. നിങ്ങൾ സ്വയം പാറ്റകൾ എന്ന് വിളിക്കുന്നു. അതുപോലെ തന്നെയാണ് നിങ്ങളുടെ രൂപവും പെരുമാറ്റവും. അതിൽ യാതൊരു വിരോധാഭാസവുമില്ല. ലോകത്തിന് മുന്നിൽ നിങ്ങൾ പ്രദർശിപ്പിക്കുന്നത് മാലിന്യവും അഴുക്കും വിരൂപതയും മാത്രമാണ്. ഈ റീലുകൾ കണ്ടതോടെ ഞാൻ മാനസികമായി തളർന്നു. ഇനി കുറച്ച് ഡിജിറ്റൽ ഡിറ്റോക്സും മാനസിക ശാന്തിയും വേണം എന്നുമാണ് നടി കുറിച്ചത്. കങ്കണയുടെ ഈ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. നിരവധി പേർ അനുകൂലിച്ചും വിമർശിച്ചും രംഗത്തെത്തി കഴിഞ്ഞു. വിദ്യാർഥി പ്രക്ഷോഭത്തെക്കുറിച്ച് കങ്കണ പ്രതികരിക്കുന്നത് ഇതാദ്യമല്ല. പ്രതിഷേധങ്ങൾ പുരോഗമിച്ചിരുന്ന സമയത്തും സമരരീതികളെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള പ്രതികരണങ്ങൾ നടിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു. തെരുവിലിറങ്ങി പ്രതിഷേധം നടത്തി സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്നുവെന്ന തരത്തിലും കങ്കണയിൽ നിന്നും വിമർശനം വന്നിരുന്നു. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളുണ്ടായെന്ന് കണ്ടെത്തിയതോടെയാണ് വിദ്യാർഥി സമരം ആരംഭിച്ചത്. വിദ്യാഭ്യാസ സംവിധാനത്തിൽ കൂടുതൽ സുതാര്യതയും ഉത്തരവാദിത്വവും സമഗ്ര പരിഷ്‌കാരങ്ങളും ആവശ്യപ്പെട്ടുള്ള രാജ്യവ്യാപക പ്രക്ഷോഭമായി അത് വളർന്നു. ആഴ്ചകളോളം നീണ്ട പ്രതിഷേധങ്ങൾക്കും വ്യാപകമായ ചർച്ചകൾക്കും വിവാദങ്ങൾക്കും ഒടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെയാണ് വിദ്യാർത്ഥികൾ സമരം അവസാനിച്ചത്. ഈ വിഷയത്തിൽ ചലച്ചിത്ര രംഗത്ത് നിന്ന് അടക്കം നിരവധി പ്രമുഖർ പ്രതികരിച്ചിരുന്നു. ബോളിവുഡിൽ നിന്നും സൽമാൻ ഖാൻ, കരീന കപൂർ, പ്രിയങ്ക ചോപ്ര, ദിയ മിർസ, വിജയ് വർമ, ഹുമ ഖുറേഷി, ഭൂമി പെട്നേക്കർ, വീർ ദാസ് തുടങ്ങി നിരവധി താരങ്ങൾ വിവിധ രീതികളിൽ വിദ്യാർഥികൾക്ക് പിന്തുണ അറിയിച്ചിരുന്നു.More Articles