ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളായാണ് നസീറുദ്ദീൻ ഷാ വിലയിരുത്തപ്പെടുന്നത്. മൂന്ന് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയിട്ടുള്ള അദ്ദേഹം പതിറ്റാണ്ടുകളായി ഇന്ത്യൻ സിനിമയിൽ സജീവ സാന്നിധ്യമാണ്. ഭാര്യ രത്ന പഥക്കും സിനിമയിലും നാടക പ്രേക്ഷകർക്കിടയിലും ഒരുപോലെ ബഹുമാനിക്കപ്പെടുന്ന നടിയാണ്. നസീറുദ്ദീൻ ഷായുടെയും രത്ന പഥക്കിന്റെയും ദാമ്പത്യ ജീവിതം ബോളിവുഡിലെ പല ദമ്പതികൾക്കും മാതൃകയാണ്. ഇരുവർക്കും ഇമാദ് ഷാ, വിവാൻ ഷാ എന്ന രണ്ട് മക്കളുണ്ട്.

Advertisement
Advertisement

എന്നാൽ 1982ൽ രത്നയെ വിവാഹം കഴിക്കുന്നതിന് മുമ്പ് നസീറുദ്ദീൻ ഷാ മനാര സിക്രി എന്നറിയപ്പെട്ടിരുന്ന പർവീൺ മുറാദിനെ വിവാഹം കഴിച്ചിരുന്നുവെന്ന കാര്യം പലർക്കും അറിയില്ല. 1969ൽ വെറും 19ആം വയസിലാണ് നസീറുദ്ദീൻ ഷാ തന്നേക്കാൾ 15 വയസ് മുതിർന്ന പർവീൺ മുറാദിനെ എന്ന മനാര സിക്രിയെ വിവാഹം ചെയ്തത്.

അന്ന് മനാരയ്ക്ക് 34 വയസായിരുന്നു. നാടക രംഗവുമായി ബന്ധപ്പെട്ട് തന്നെയാണ് മനാര പ്രവർത്തിച്ചിരുന്നത്. പരമ്പരാഗത ചടങ്ങുകളോടെയായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന് ഒരു വർഷത്തിനകം തന്നെ ഹീബ എന്ന മകൾ ദമ്പതികൾക്ക് ജനിച്ചു. ഹീബ പിന്നീട് പ്രശസ്ത നാടകകലാകാരിയായി ശ്രദ്ധ നേടി. എന്നാൽ ഈ വിവാഹത്തിന് തുടക്കം മുതൽ തന്നെ നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നിരുന്നു.

Advertisement

മനാരയുടെ മുൻ വിവാഹവും അതിലെ മക്കളും ഇരുവരും തമ്മിലുള്ള വലിയ പ്രായവ്യത്യാസവും നസീറുദ്ദീന്റെ കുടുംബത്തെ എന്നും ആശങ്കയിലാഴ്ത്തിയ ഒന്നായിരുന്നു. അതേസമയം ഈ ബന്ധത്തെ കുറിച്ച് മനാരയുടെ കുടുംബത്തിനും സംശയങ്ങളുണ്ടായിരുന്നു. അതിനാൽ തന്നെ ഭാവിയിൽ വിവാഹമോചനം സംഭവിച്ചാൽ നൽകേണ്ട മഹ്ർ (വിവാഹകരാറിന്റെ ഭാഗമായി നിശ്ചയിക്കുന്ന തുക) അവർ മുൻകൂട്ടി നിശ്ചയിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

എല്ലാവരും പ്രവചിച്ചതുപോലെ കാലക്രമേണ ഇരുവരുടെയും ജീവിത കാഴ്ചപ്പാടുകളിലും മുൻഗണനകളിലും വന്ന വ്യത്യാസങ്ങൾ ബന്ധത്തിൽ അകലം സൃഷ്ടിച്ചു. ഒടുവിൽ വിവാഹം ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ തകർന്നു. എന്നാൽ വിവാഹമോചനത്തിന് ശേഷമുള്ള സാമ്പത്തിക ബാധ്യതകളുമായി ബന്ധപ്പെട്ട നിയമപോരാട്ടം വർഷങ്ങളോളം നീണ്ടു. വിവാഹമോചനത്തിന് ശേഷം മുൻകൂട്ടി നിശ്ചയിച്ചിരുന്ന തുക മനാരയ്ക്ക് നൽകേണ്ട സാഹചര്യം നസീറുദ്ദീൻ ഷായ്ക്ക് ഉണ്ടായി.

Advertisement

അഭിനയരംഗത്ത് അന്ന് തുടക്കക്കാരനായിരുന്ന അദ്ദേഹത്തിന് അത് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിച്ചു. അത്രയും തുക ആ സമയത്ത് അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നില്ല. തുടർച്ചയായി സിനിമകളിൽ അഭിനയിച്ചും കഠിനാധ്വാനം ചെയ്തും 12 വർഷങ്ങൾകൊണ്ടാണ് അദ്ദേഹം മുൻ ഭാര്യയ്ക്ക് ആ തുക പൂർണമായും കൊടുത്ത് തീർത്തത് എന്നാണ് റിപ്പോർട്ടുകൾ.

ഒരു നാടകത്തിന്റെ റിഹേഴ്സലിനിടെയാണ് നസീറുദ്ദീൻ ഷായും രത്ന പഥക്കും പരിചയപ്പെടുന്നത്. ജോൺ ലെന്നൻ ശൈലിയിലുള്ള കണ്ണട ധരിച്ചിരുന്ന നസീറിന്റെ വ്യക്തിത്വമാണ് രത്നയെ ആകർഷിച്ചതെന്നാണ് പറയപ്പെടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലായി. എന്നാൽ ആദ്യ വിവാഹത്തിന്റെ വിവാഹമോചന നടപടികൾ പൂർത്തിയായിട്ടില്ലായിരുന്നതിനാൽ ഉടൻ വിവാഹിതരാകാൻ കഴിഞ്ഞില്ല. ഏഴ് വർഷത്തോളം ഇരുവരും പ്രണയിച്ചു.

Advertisement

ആ കാലയളവിൽ ലിവ്-ഇൻ റിലേഷൻഷിപ്പിലായിരുന്നു താരങ്ങൾ. പിന്നീട് വിവാഹമോചനം നിയമപരമായി പൂർത്തിയായതിനെ തുടർന്ന് 1982ൽ രത്നയുടെ അമ്മയുടെ വീട്ടിൽ വെച്ച് ലളിതമായ രജിസ്റ്റർ വിവാഹത്തിലൂടെ ഇരുവരും ഒന്നായി. അന്ന് അഭിനയരംഗത്ത് അദ്ദേഹം സ്ട്ര​ഗിളിങ് സ്റ്റേജിലായിരുന്നതിനാൽ രത്നയുടെ മാതാപിതാക്കൾക്കും ഈ ബന്ധത്തെക്കുറിച്ച് ആദ്യം ആശങ്കയുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

പിന്നീട് നസീറുദ്ദീൻ ഷായുടെ ആദ്യഭാര്യ മനാര അന്തരിച്ചതോടെ മകൾ ഹീബ രത്നയുടെയും നസീറിന്റെയും കൂടെയെത്തി താമസിച്ചു. ഹീബയെ സ്വന്തം മകളെപ്പോലെ സ്വീകരിച്ച രത്നയുമായി ഇന്നും ഹീബയ്ക്ക് വളരെ നല്ലൊരു ആത്മബന്ധമുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.