ബോളിവുഡിലെ എക്കാലത്തെയും ജനപ്രിയ ഓൺസ്ക്രീൻ ജോഡികളിലൊന്നായിരുന്നു സഞ്ജയ് ദത്തും മാധുരി ദീക്ഷിത്തും. സാജൻ, ഖൽനായക്, ഥാനേദാർ തുടങ്ങി നിരവധി ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ച് ശ്രദ്ധ നേടിയിരുന്നു. എന്നാൽ സിനിമകളിലെ കെമിസ്ട്രിയേക്കാൾ കൂടുതൽ വാർത്തകളിൽ ഇടംപിടിച്ചത് ഇരുവരേയും ഒന്നിച്ച് ചേർത്തുള്ള പ്രണയ ഗോസിപ്പുകളായിരുന്നു. എന്നാൽ ഈ ബന്ധം ആരംഭിച്ച സമയത്ത് സഞ്ജയ് ദത്ത് വിവാഹിതനായിരുന്നു.

Advertisement
Advertisement

സഞ്ജയ്-മാധുരി പ്രണയ വാർത്തകൾ പുറത്ത് വന്നതോടെ മാധുരി ദീക്ഷിത്തിനെതിരെ കടുത്ത വിമർശനങ്ങളും ഉയർന്നിരുന്നു. കുടുംബം തകർത്തവൾ എന്ന ആരോപണം വരെ നടിക്കെതിരെ ഉയർന്നിരുന്നു. ഒടുവിൽ 1997ൽ ഇരുവരും വേർപിരിഞ്ഞു. ആ വേർപിരിയൽ സഞ്ജയ് ദത്തിനെ മാനസികമായി ഏറെ ബാധിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ഖത്രോൻ കേ ഖിലാഡി, ഥാനേദാർ, സാജൻ, ഖൽനായക്, ഇലാക്ക, സാഹിബാൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ സഞ്ജയ് ദത്തും മാധുരി ദീക്ഷിത്തും ഒരുമിച്ച് അഭിനയിച്ചു. വെള്ളിത്തിരയിലെ അവരുടെ മനോഹരമായ കെമിസ്ട്രി പിന്നീട് യഥാർത്ഥ ജീവിതത്തിലും പ്രണയത്തിലേക്കും വഴിമാറുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്.

സാജൻ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് ഇരുവരുടെയും പ്രണയത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമായത്. ആ സമയത്ത് ഇരുവരും വിവിധ അഭിമുഖങ്ങളിൽ പരസ്പരം പ്രശംസിക്കുകയും ചെയ്തിരുന്നു. ഒരു പ്രമുഖ സംവിധായകൻ സഞ്ജയ് ദത്തിന് മാധുരിയോടുണ്ടായിരുന്ന അടുപ്പത്തെക്കുറിച്ച് പരാമർശിക്കുകയും അദ്ദേഹം ഇടയ്ക്കിടെ മാധുരിയുടെ ചെവിയിൽ ഐ ലവ് യൂ എന്ന് പറയാറുണ്ടായിരുന്നുവെന്നും വെളിപ്പെടുത്തിയിരുന്നു.

Advertisement

ഒരിക്കൽ ഒരു അഭിമുഖത്തിൽ മാധുരി ദീക്ഷിത്ത് തന്റെ ഏറ്റവും പ്രിയപ്പെട്ട സഹനടൻ സഞ്ജയ് ദത്താണെന്ന് പറഞ്ഞിരുന്നു. അദ്ദേഹത്തെക്കുറിച്ച് മാധുരി പറഞ്ഞത് ഇങ്ങനെയായിരുന്നു... എന്റെ ഏറ്റവും പ്രിയപ്പെട്ട കോ സ്റ്റാർ സഞ്ജയ് ദത്താണ്. അദ്ദേഹം വലിയൊരു തമാശക്കാരനാണ്. അദ്ദേഹത്തിന്റെ കഥകൾ എപ്പോഴും എന്നെ ചിരിപ്പിക്കും. അതോടൊപ്പം ഒരു യഥാർത്ഥ ജെന്റിൽമാനും കൂടിയാണ്. എല്ലാവരും കരുതുന്നതിന് വിപരീതമായി അദ്ദേഹത്തിന് മികച്ച നർമ്മബോധമുണ്ട്.

എന്നെ എപ്പോഴും ചിരിപ്പിക്കുന്ന ഒരേയൊരു വ്യക്തിയാണ് അദ്ദേഹം. അദ്ദേഹം അഭിനയിച്ച് കാണിക്കാറില്ല. വളരെ തുറന്ന മനസും സങ്കീർണതകളില്ലാത്ത സ്വഭാവവുമുള്ള ആളാണ് എന്നായിരുന്നു. മാധുരിയുമായി പ്രണയത്തിലാകുമ്പോൾ സഞ്ജയ് ദത്ത് വിവാഹിതനായിരുന്നു. ഭാര്യ റിച്ച ശർമ്മയ്ക്ക് ബ്രെയിൻ ട്യൂമർ സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയ്ക്കായി അമേരിക്കയിലായിരുന്ന സമയത്താണ് സഞ്ജയ് മാധുരിയുമായി അടുത്തത്.

Advertisement

ദീർഘകാലം വേർപിരിഞ്ഞ് കഴിയേണ്ടി വന്നതിനാൽ റിച്ചയുടെയും സഞ്ജയുടെയും ദാമ്പത്യജീവിതത്തിൽ അന്ന് അകൽച്ചയും പ്രശ്നങ്ങളും ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. പിന്നീട് പ്രശ്നങ്ങൾ പരിഹരിക്കാനായി റിച്ച ഇന്ത്യയിലേക്ക് മടങ്ങിയെത്തിയപ്പോൾ സഞ്ജയ് മാധുരിയുമായി പ്രണയത്തിലാണെന്ന് തിരിച്ചറിഞ്ഞത് അവരെ തകർത്തുവെന്നാണ് പറയപ്പെടുന്നത്.

ഇരുവരുടെയും പ്രണയം വാർത്തകളിൽ നിറഞ്ഞുനിന്നിരുന്ന കാലത്താണ് 1993ലെ മുംബൈ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് അനധികൃതമായി ആയുധങ്ങൾ കൈവശം വെച്ചെന്ന കേസിൽ സഞ്ജയ് ദത്ത് അറസ്റ്റിലാകുന്നത്. ഈ സംഭവം മാധുരിയെ വലിയ രീതിയിൽ ബാധിച്ചുവെന്നാണ് റിപ്പോർട്ടുകൾ. തുടർന്ന് സഞ്ജയിൽ നിന്ന് അകലം പാലിക്കാൻ മാധുരി തീരുമാനിച്ചു. പിന്നീട് ഇരുവരുടെയും ബന്ധം അവസാനിച്ചതായും സഞ്ജയ് ദത്തിന്റെ സഹോദരിമാർ വഴിയാണ് മാധുരി ഈ തീരുമാനം അദ്ദേഹത്തെ അറിയിച്ചതെന്നുമാണ് വിവിധ റിപ്പോർട്ടുകൾ പറയുന്നത്.

Advertisement

സഞ്ജയ് ദത്തിന്റെ ഭാര്യ റിച്ച ശർമ്മയും ഒരിക്കൽ ഈ വേർപിരിയലിനെ കുറിച്ച് പ്രതികരിച്ചിരുന്നു. സ്റ്റാർഡസ്റ്റ് മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ സഞ്ജയ് ദത്തിന് ജീവിതത്തിലെ ഓരോ ഘട്ടത്തിലും വൈകാരികമായി ആശ്രയിക്കാൻ ഒരാൾ ആവശ്യമാണെന്നാണ് റിച്ച പറഞ്ഞത്. ജീവിതത്തിലെ ഓരോ ഘട്ടത്തിലും വൈകാരികമായി ആശ്രയിക്കാൻ അദ്ദേഹത്തിന് ആരെങ്കിലും വേണം. ഒരു കാലത്ത് അദ്ദേഹം മാധുരിയെ ആശ്രയിച്ചിരുന്നു. ഇപ്പോൾ മാധുരി അദ്ദേഹത്തെ വിട്ടുപോയതോടെ അദ്ദേഹം മാനസികമായി തകർന്നിരിക്കുമെന്നാണ് ഞാൻ കരുതുന്നത് എന്നാണ് അന്ന് റിച്ച പറഞ്ഞത്.