ഷൂട്ടിങ് സമയത്ത് ഒന്നിന്റെ പേരിലും സീനുകൾ ചിത്രീകരിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത കർക്കശക്കാരനായ സംവിധായകനെന്ന വിശേഷണമാണ് സഞ്ജയ് ലീല ബൻസാലിക്ക് സിനിമാ പ്രവർത്തകർക്കിടയിലുള്ളത്. അതിന്റെ ഫലം അദ്ദേഹത്തിന്റെ സിനിമകളിൽ കാണാനുമുണ്ട്. ഇന്ത്യയിലെ മികച്ച സംവിധായകരുടെ ലിസ്റ്റ് എടുത്താൽ അതിൽ സഞ്ജയ് ലീല ബൻസാലി ഉണ്ടാവുമെന്നതിൽ തർക്കമില്ല.
ബാജിറാവോ മസ്താനിയിൽ ബൻസാലിക്കൊപ്പം പ്രവർത്തിച്ച മുതിർന്ന നടൻ യതിൻ കാര്യേക്കർ അടുത്തിടെ സംവിധായകനൊപ്പമുള്ള അനുഭവങ്ങൾ പങ്കുവെച്ചു. ബൻസാലിയുടെ കർശന സ്വഭാവത്തെ കുറിച്ചും സഹതാരം രൺവീർ സിങ്ങിനൊപ്പമുള്ള രസകരമായ നിമിഷങ്ങളെ കുറിച്ചുമാണ് അദ്ദേഹം തുറന്നുപറഞ്ഞത്. ദീപിക പദുകോൺ, പ്രിയങ്ക ചോപ്ര എന്നിവരായിരുന്നു സിനിമയിൽ നായികമാർ.
സിദ്ധാർത്ഥ് കണ്ണന് നൽകിയ അഭിമുഖത്തിലായിരുന്നു യതിൻ കാര്യേക്കറിന്റെ വെളിപ്പെടുത്തൽ. ചിത്രീകരണത്തിനിടെ താനും രൺവീർ സിങ്ങും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നും എന്നാൽ ആ സൗഹൃദവും തമാശകളും ഒരിക്കലും ജോലിയെ ബാധിക്കാതിരിക്കാൻ ശ്രദ്ധിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഞാനും രൺവീറും നല്ല സുഹൃത്തുക്കളായിരുന്നു. ഞങ്ങൾ വളരെ പെട്ടെന്ന് അടുപ്പത്തിലായി. സെറ്റിൽ ഒരുപാട് തമാശകളും ആഘോഷവുമുണ്ടായിരുന്നു. പക്ഷെ അതൊന്നും സഞ്ജയ് ജിയുടെ മുന്നിൽ ഞങ്ങൾ പ്രകടമാക്കിയിരുന്നില്ല. അദ്ദേഹം വളരെ കർക്കശക്കാരനാണ്. അദ്ദേഹം ഇല്ലാത്തപ്പോൾ മാത്രമാണ് ഞങ്ങൾ കളി തമാശകൾ ആസ്വദിച്ചിരുന്നത്. സഞ്ജയ് ജി അൽപം അതിരുകടന്ന രീതിയിൽ കർക്കശക്കാരനാണ്. എന്നിരുന്നാലും എനിക്ക് സംവിധായകൻ ദൈവത്തിന് തുല്യനാണ് യതിൻ പറഞ്ഞു. ഒരു സിനിമ ചിത്രീകരണത്തിനിടെ നടൻ ആദിത്യ പഞ്ചോളിയോട് ബൻസാലി ദേഷ്യപ്പെട്ട ഒരു സംഭവത്തിന് സാക്ഷിയായതിനെ കുറിച്ചും അദ്ദേഹം അഭിമുഖത്തിൽ വെളിപ്പെടുത്തി. ആദിത്യ പഞ്ചോളി ഒരു ജൂനിയർ ആർട്ടിസ്റ്റിനെ ശകാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ബൻസാലി അവിടേക്ക് വന്നതെന്ന് യതിൻ പറഞ്ഞു. ഒരു ദിവസം സഞ്ജയ് ജി ആദിത്യ പഞ്ചോളിയോട് ഉറക്കെ ദേഷ്യപ്പെട്ട് ആക്രോശിക്കുന്നത് ഞാൻ കണ്ടു. ആദിത്യ ഒരു ജൂനിയർ ആർട്ടിസ്റ്റിനെ ശകാരിക്കുകയായിരുന്നു. അപ്പോൾ സഞ്ജയ് ജി ഇടപെട്ട് ആദിത്യ... നിങ്ങൾ മിണ്ടാതിരിക്കൂ എന്ന് അലറി പറഞ്ഞു. അത് കാണാൻ ഒട്ടും സുഖകരമായിരുന്നില്ല. അദ്ദേഹത്തിന്റെ ദേഷ്യത്തെക്കുറിച്ച് മുമ്പും ഒരുപാട് സംഭവങ്ങൾ ഞാൻ കേട്ടിട്ടുണ്ട്. ഒരു സീനിയർ നടിക്ക് ഒരു ഡാൻസ് സ്റ്റെപ്പ് ശരിയായി ചെയ്യാൻ കഴിഞ്ഞില്ലെന്ന കാരണത്താൽ അവർക്ക് നേരെ കസേര വലിച്ചെറിഞ്ഞ സംഭവമുണ്ടായിട്ടുണ്ട്. അദ്ദേഹം ഒരുപാട് മൊബൈൽ ഫോണുകളും മൈക്കുകളും തകർത്തിട്ടുണ്ടെന്നും കേട്ടിട്ടുണ്ട്. അതുകൊണ്ട് അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിക്കാൻ പോയപ്പോൾ ഞാൻ മാനസികമായി തയ്യാറായിരുന്നു. പക്ഷെ സഞ്ജയ് ജി ആക്രോശിച്ചപ്പോൾ ആദിത്യ ശരിക്കും ഞെട്ടിപ്പോയി. അങ്ങനെ ഒരു പ്രതികരണം ആദിത്യ പ്രതീക്ഷിച്ചിരുന്നില്ല യതിൻ പറഞ്ഞു. ബൻസാലിയുടെ മുൻകോപത്തെ കുറിച്ച് മാത്രമല്ല അദ്ദേഹത്തിന്റെ സർഗാത്മക പ്രതിഭയേയും യതിൻ കാര്യേക്കർ വാനോളം പുകഴ്ത്തി. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ് ബൻസാലിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അദ്ദേഹം ഒരു പ്രതിഭയാണ്... സർഗാത്മക പ്രതിഭ. ഇന്ത്യൻ സിനിമയ്ക്ക് രണ്ട് വലിയ തൂണുകളുണ്ടെങ്കിൽ അതിൽ ഒരാൾ സഞ്ജയ് ലീല ബൻസാലിയും മറ്റൊരാൾ രാജ്കുമാർ ഹിരാണിയുമാണ്. ഇരുവരുടെയും പ്രവർത്തനശൈലി തീർത്തും വ്യത്യസ്തമാണ്. രാജു ഹിരാണിയുടെ സിനിമയുടെ സെറ്റിൽ നിൽക്കുമ്പോൾ ഷൂട്ടിങ്ങിലാണെന്ന തോന്നൽ പോലും ഉണ്ടാകില്ല. അവിടെ എല്ലാം ശാന്തവും സമാധാനപരവുമാണ്. സംഘത്തിലെ എല്ലാവരും പുഞ്ചിരിയോടെയാണ് ജോലി ചെയ്യുന്നത് യതിൻ കൂട്ടിച്ചേർത്തു. 2015ലാണ് ബാജ്റാവോ മസ്താനി റിലീസ് ചെയ്തത്. ചരിത്ര പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം നിരൂപക പ്രശംസയും വമ്പൻ ബോക്സ് ഓഫീസ് വിജയവും സ്വന്തമാക്കിയിരുന്നു.More Articles