ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളായ അമ്രിഷ് പുരിയും അതുല്യ അഭിനേത്രിയായ സ്മിത പാട്ടീലും ഒന്നിച്ച് അഭിനയിച്ച 1977ലെ ക്ലാസിക് ചിത്രമാണ് ഭൂമിക. പ്രശസ്ത സംവിധായകൻ ശ്യാം ബെനഗൽ സംവിധാനം ചെയ്ത ഈ ചിത്രം ഇന്നും ഇന്ത്യൻ സിനിമയിലെ മികച്ച ക്ലാസിക്കുകളിലൊന്നായി വിലയിരുത്തപ്പെടുന്നു. എന്നാൽ ഈ ചിത്രത്തിലെ ഒരു പ്രധാന രംഗത്തിന് പിന്നിൽ കൗതുകകരമായ ഒരു സംഭവമുണ്ടായിരുന്നു.
ചിത്രീകരണത്തിനിടെ അമ്രിഷ് പുരി യഥാർത്ഥത്തിൽ സ്മിത പാട്ടീലിന്റെ കരണത്തടിക്കുകയായിരുന്നു. എന്നാൽ അങ്ങനൊന്ന് സംഭവിക്കാൻ പോകുന്നുവെന്ന് സ്മിതയ്ക്ക് മുൻകൂട്ടി യാതൊരു അറിവുമുണ്ടായിരുന്നില്ല. പ്രശസ്ത ടെലിവിഷൻ പരിപാടിയായ ജീവൻ ഇസി കാ നാം ഹേയിൽ പങ്കെടുത്തപ്പോൾ അമ്രിഷ് പുരി തന്നെയാണ് ഈ സംഭവം വെളിപ്പെടുത്തിയത്.
സിനിമയിലെ ഒരു സീനിൽ സ്മിത പാട്ടീലിന്റെ കഥാപാത്രം വീടുവിട്ട് പുറത്തേക്ക് പോകാൻ ശ്രമിക്കുമ്പോൾ തന്റെ കഥാപാത്രം അവരെ തടയണം. വാക്കുതർക്കം രൂക്ഷമാകുന്ന ഘട്ടത്തിൽ എന്റെ കഥാപാത്രം സ്മിതയെ അടിക്കണം. ഈ രംഗം കൂടുതൽ നാച്വറലായി അവതരിപ്പിക്കാൻ സ്മിതയെ യഥാർത്ഥത്തിൽ തല്ലാൻ അനുവാദം നൽകുമോയെന്ന് അമ്രിഷ് പുരി സംവിധായകൻ ശ്യാം ബെനഗലിനോട് ചോദിച്ചു. ബെനഗൽ അതിന് സമ്മതം നൽകുകയും ചെയ്തു. എന്നാൽ ഈ കാര്യം സ്മിത പാട്ടീലിനോട് പറഞ്ഞിരുന്നില്ല. അങ്ങനെ സീൻ ചിത്രീകരിച്ചപ്പോൾ അമ്രിഷ് പുരി അപ്രതീക്ഷിതമായി സ്മിതയുടെ കരണത്ത് ആഞ്ഞടിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ അമ്പരന്ന് നിന്നു സ്മിത. നടിയുടെ മുഖത്ത് ആ സമയത്ത് പ്രതിഫലിച്ച ഞെട്ടലും വികാരപ്രകടനവും പൂർണമായും സംവിധായകൻ കാമറയിൽ പകർത്തി. നടന്റെ അപ്രതീക്ഷിത പെരുമാറ്റത്തിൽ സ്മിതയ്ക്കുണ്ടായ ഞെട്ടൽ അതേപടി സിനിമയും ഉപയോഗിച്ചു. ആ യഥാർഥ പ്രതികരണമാണ് രംഗത്തെ കൂടുതൽ ശക്തമാക്കിയതെന്നും അമ്രിഷ് പുരി ഓർമ്മിച്ചു. ആ സംഭവത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെ... ആ രംഗത്തിൽ ഞാൻ അവളെ പുറത്തേക്ക് പോകുന്നതിൽ നിന്ന് തടയുകയാണ്. അവൾ എതിർത്ത് സംസാരിക്കുന്നു. അത് സഹിക്കാനാകാതെ ഞാൻ എഴുന്നേറ്റ് അവളെ അടിക്കേണ്ടിവരുന്നു. യഥാർത്ഥത്തിൽ തല്ല് ലഭിക്കുമെന്ന് അറിയാതിരുന്നതിനാൽ സ്മിത പാട്ടീലിന്റെ പ്രതികരണം പൂർണമായും സ്വാഭാവികമായിരുന്നു. പിന്നീട് ചിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ രംഗങ്ങളിലൊന്നായി അത് മാറുകയും ചെയ്തു. സ്മിതയുടെ പ്രകടനത്തിന് വലിയ പ്രശംസയും ലഭിച്ചു. ഭൂമികയിൽ സ്മിത പാട്ടീലിനൊപ്പം അമോൽ പാലേക്കർ, അനന്ത് നാഗ്, നസീറുദ്ദീൻ ഷാ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പ്രശസ്ത മറാത്തി നടിയായ ഹൻസ വാഡ്കറുടെ ആത്മകഥയായ സാങ്ത്യേ ഐകയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. ശ്യാം ബെനഗലിന്റെ സംവിധാനത്തിൽ കൗമാരത്തിലെ ചുറുചുറുക്കുള്ള പെൺകുട്ടിയിൽ നിന്ന് ജീവിതാനുഭവങ്ങളാൽ മുറിവേറ്റ പക്വതയാർന്ന മധ്യവയസ്കയായി മാറുന്ന സ്ത്രീയുടെ ജീവിതയാത്രയാണ് സ്മിത പാട്ടീൽ അതിഗംഭീരമായി ഈ സിനിമയിൽ അവതരിപ്പിച്ചത്. ഈ ചിത്രത്തിലെ പ്രകടനത്തിന് സ്മിത പാട്ടീലിന് ദേശീയതലത്തിലും വലിയ അംഗീകാരം ലഭിച്ചു. കൂടാതെ ചിത്രം 1978ൽ ടുണീഷ്യയിലെ കാർത്തേജ് ഫിലിം ഫെസ്റ്റിവലിലേക്കും ചിക്കാഗോ ഫിലിം ഫെസ്റ്റിവലിലേക്കും ഈ സിനിമ തെരഞ്ഞെടുക്കപ്പെട്ടു. ചിക്കാഗോ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ പ്ലാക്ക് പുരസ്കാരവും ചിത്രം നേടിയിരുന്നു. പിന്നീട് അൾജീരിയയിൽ നടന്ന ഫെസ്റ്റിവൽ ഓഫ് ഇമേജസ് മേളയിലും ചിത്രം പ്രദർശിപ്പിക്കപ്പെട്ടു. അമ്രിഷ് പുരിയും സ്മിത പാട്ടീലും ചേർന്ന് ആകെ 16 ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1975ലെ നിശാന്ത് ആയിരുന്നു ഇരുവരുടെയും ആദ്യ ചിത്രം. 1988ൽ പുറത്തിറങ്ങിയ വാരിസ് ആയിരുന്നു അവസാനമായി ഒരുമിച്ച് അഭിനയിച്ച ചിത്രം.More Articles