പ്രശസ്ത തിരക്കഥാകൃത്തും നടനുമെല്ലാമായ സലീം ഖാനെ അറിയാത്ത സിനിമാപ്രേമികൾ ചുരുക്കമാണ്. തൊണ്ണൂറ് വയസുകാരനായ അദ്ദേഹം വാർധക്യസഹജമായ അവശതകളും അസുഖങ്ങളും മൂലം സിനിമ വിട്ട് വിശ്രമ ജീവിതം നയിക്കുകയാണ്. ബോളിവുഡിലെ പ്രശസ്ത സിനിമാ കുടുംബത്തിന്റെ കാരണവരായ സലീം ഖാന്റെ വ്യക്തിജീവിതം എന്നും ചർച്ചയായിട്ടുള്ളതാണ്. രണ്ട് വിവാഹം ചെയ്ത അദ്ദേഹം തന്റെ രണ്ട് ഭാര്യമാർക്കൊപ്പവും കുടുംബത്തോടൊപ്പം സന്തോഷകരമായ ജീവിതമാണ് നയിക്കുന്നത്.
ഒരിക്കൽ തന്റെ രണ്ടാം ഭാര്യയും എൺപതുകളിലെ ഏറ്റവും ഗ്ലാമറസ് നടിമാരിൽ ഒരാളുമായ ഹെലൻ നാല് മക്കളുടെ പിതാവും വിവാഹിതനുമായ തന്നെ വിവാഹം ചെയ്യാൻ കാരണമായ സാഹചര്യം തുറന്ന് പറഞ്ഞിരുന്നു. സിനിമാരംഗത്ത് ഏറ്റവും തിരക്കുള്ളതും സക്സസ്ഫുള്ളുമായ തിരക്കഥാകൃത്തുകളിൽ ഒരാളായിരുന്നു സലീം ഖാൻ.
സിനിമയിലെത്തുന്നതിന് മുമ്പ് അദ്ദേഹം തന്റെ പ്രണയിനിയായ സുശീല ചരക്കിനെ വിവാഹം കഴിച്ചു. വിവാഹശേഷം മതം മാറിയ സുശീല സൽമ ഖാൻ എന്ന പേര് സ്വീകരിച്ചു. ഈ ദമ്പതികൾക്ക് സൽമാൻ ഖാൻ ഉൾപ്പടെ നാല് മക്കളാണുള്ളത്. മക്കളെ വളർത്തുന്നതിന്റെ മുഴുവൻ ഉത്തരവാദിത്വവും സൽമയുടെ ചുമലിൽ നൽകി സലീം കുടുംബത്തിനായി പണവും പ്രശസ്തിയും സമ്പാദിക്കുന്ന തിരക്കിലായിരുന്നു. കാലക്രമേണ ഇരുവരുടെയും ദാമ്പത്യജീവിതത്തിൽ അകൽച്ച രൂപപ്പെട്ടു. അതേ സമയത്താണ് ഹെലൻ സിനിമാ ലോകത്തെ ഏറ്റവും തിരക്കേറിയ നായികയും നർത്തകിയുമായി തിളങ്ങിയത്. നിരവധി സിനിമകളിൽ ഒരുമിച്ച് പ്രവർത്തിച്ച സലീം ഖാനും ഹെലനും തമ്മിൽ ആദ്യം സൗഹൃദം ഉണ്ടായി. അത് പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയും ചെയ്തു. പഴയൊരു അഭിമുഖത്തിൽ സലീം ഖാൻ പറഞ്ഞത് താൻ എപ്പോഴാണ് ഹെലനെ പ്രണയിച്ചതെന്നോ വിവാഹം ചെയ്യാൻ തീരുമാനിച്ചതെന്നോ കൃത്യമായി പറയാൻ കഴിയില്ലെന്നാണ്. ഏറെക്കാലം ഒരുമിച്ച് കഴിഞ്ഞശേഷം ആളുകൾ തങ്ങളുടെ ബന്ധത്തെ വെറും ക്ഷണികമായ ഒരു പ്രണയമെന്ന രീതിയിൽ കാണാൻ തുടങ്ങിയതോടെ ആ ബന്ധത്തിന് ബഹുമതി നൽകാനാണ് വിവാഹം കഴിച്ചതെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. 1980ലാണ് ഇരുവരും വിവാഹിതരായത്. എപ്പോഴാണ് ഞാൻ ഹെലനെ പ്രണയിച്ചതെന്നോ വിവാഹം ചെയ്യാൻ തീരുമാനിച്ചതെന്നോ എനിക്ക് പറയാൻ കഴിയില്ല. ഏറെക്കാലം ഒരുമിച്ച് കഴിഞ്ഞശേഷം ഞങ്ങളുടെ ബന്ധത്തിന് ഔദ്യോഗിക അംഗീകാരം നൽകാൻ ഞങ്ങൾ വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു എന്നാണ് സലീം ഖാൻ പറഞ്ഞത്. എന്നാൽ ഹെലന് ഈ തീരുമാനം എളുപ്പമായിരുന്നില്ല. വിവാഹിതനും നാല് മക്കളുടെ പിതാവുമായ ഒരാളെ വിവാഹം ചെയ്യുന്നത് തന്നെ മാനസികമായി ഏറെ അലട്ടിയെന്നും തുടക്കത്തിൽ ശക്തമായ കുറ്റബോധം ഉണ്ടായിരുന്നെന്നും അവർ തുറന്നുപറഞ്ഞിരുന്നു. സലീം വിവാഹിതനാണെന്ന കാര്യം എന്നെ വളരെയധികം അലട്ടിയിരുന്നു. തുടക്കത്തിൽ എനിക്ക് വലിയ കുറ്റബോധവും ഉണ്ടായിരുന്നു. പക്ഷെ സിനിമാരംഗത്തെ മറ്റ് പുരുഷന്മാരിൽ നിന്ന് സലീമിനെ വ്യത്യസ്തനാക്കുന്ന ചില പ്രത്യേകതകളുണ്ടായിരുന്നു. എന്നെ ഒരിക്കലും ചൂഷണം ചെയ്യാൻ ശ്രമിക്കാതെ സഹായിച്ച വ്യക്തിയായിരുന്നു അദ്ദേഹം. അതുകൊണ്ടാണ് അദ്ദേഹത്തോട് എനിക്ക് വലിയ ബഹുമാനം തോന്നിയത് എന്നാണ് ഹെലൻ പറഞ്ഞത്. ആംഗ്രി യങ് മെൻ എന്ന ഡോക്യുമെന്ററിയിൽ സലീം ഖാൻ പറഞ്ഞത് ഹെലനുമായുള്ള ബന്ധത്തെക്കുറിച്ച് ഭാര്യ സൽമയോട് തുടക്കത്തിൽ തന്നെ സത്യസന്ധമായി തുറന്നുപറഞ്ഞിരുന്നുവെന്നാണ്. ഞാൻ ഈ കാര്യം പറഞ്ഞപ്പോൾ അവൾ സന്തോഷത്തോടെ സ്വീകരിച്ചില്ല. സ്വാഭാവികമായും ഞങ്ങൾക്കിടയിൽ പ്രശ്നങ്ങളുണ്ടായി. പക്ഷെ അത് അധികകാലം നീണ്ടില്ല. പിന്നീട് എല്ലാവരും ആ യാഥാർഥ്യം അംഗീകരിക്കുകയായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. മക്കളോട് ഈ കാര്യം എങ്ങനെ പറഞ്ഞുവെന്ന ചോദ്യത്തിന് സലീം ഖാൻ നൽകിയ മറുപടി ഇങ്ങനെയായിരുന്നു... എന്റെ ജീവിതത്തിൽ മറ്റൊരാൾ കൂടി ഉണ്ടെന്നും ഞാൻ അവരെ വിവാഹം ചെയ്തിട്ടുണ്ടെന്നും മാത്രമാണ് ഞാൻ മക്കളോട് പറഞ്ഞത്. നിങ്ങളുടെ അമ്മയ്ക്ക് നൽകുന്ന അതേ ബഹുമാനം ഹെലനും നൽകണമെന്ന് ഞാൻ അവരോട് ആവശ്യപ്പെട്ടു. എന്നാൽ അവർ ഹെലനെ സ്നേഹിക്കണമെന്ന പ്രതീക്ഷ എനിക്കുണ്ടായിരുന്നില്ല എന്നായിരുന്നു.More Articles