ബോളിവുഡിൽ നിന്നും ഹോളിവുഡിലേക്ക് കടന്ന് വിജയം കെെവരിച്ച നടിയാണ് പ്രിയങ്ക ചോപ്ര. അമേരിക്കയിലാണ് പ്രിയങ്ക തന്റെ കുടുംബ ജീവിതം കെട്ടിപ്പടുത്തതും. പോപ് സിംഗർ നിക് ജോനാസ് ആണ് പ്രിയങ്ക ചോപ്രയയുടെ ഭർത്താവ്. മേരി മാലതി ചോപ്ര എന്ന മകളുമുണ്ട്. സരൊഗസി വഴിയാണ് ഇവർക്ക് കുഞ്ഞ് പിറന്നത്. മുപ്പതുകളുടെ അവസാനത്തിലാണ് പ്രിയങ്ക ചോപ്ര അമ്മയായത്. കരിയറിലെ തിരക്കുകൾ കാരണമാണ് കുഞ്ഞെന്ന സ്വപ്നം പ്രിയങ്ക മാറ്റി വെച്ചത്. നേരത്തെ തന്നെ പ്രിയങ്ക എഗ് ഫ്രീസിംഗ് ചെയ്തിരുന്നു. എഗ് ഫ്രീസിംഗിനെക്കുറിച്ച് പ്രിയങ്ക ചോപ്ര പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണിപ്പോൾ.
മുപ്പതുകളുടെ തുടക്കത്തിലാണ് ഞാൻ എഗ് ഫ്രീസ് ചെയ്തത്. ഒരുപാട് ജോലി ചെയ്യുന്ന സമയം. എനിക്കാ സമയത്ത് ബോയ്ഫ്രണ്ട് പോലുമില്ല. ഒരു ബന്ധത്തിൽ നിന്ന് പുറത്ത് വന്നതേയുള്ളൂ. എനിക്ക് എപ്പോഴും ഉറപ്പുള്ള ഒരു കാര്യം കുട്ടികൾ വേണമെന്നതായിരുന്നു. ഞാൻ ഈ ലോകത്ത് നിന്ന് പോയാലും എന്റെ ഒരു ഭാഗം ഇവിടെ ജീവിക്കണം. മുതിർന്നവരേക്കാൾ കുട്ടികൾക്കൊപ്പമുള്ള സമയമാണ് എനിക്കിഷ്ടം. അമ്മയോട് പറഞ്ഞപ്പോൾ നീ എടുക്കുന്ന ഏറ്റവും സ്മാർട്ടായ തീരുമാനമാണിതെന്ന് പറഞ്ഞു. ഏത് സ്ത്രീക്കും ബയോളജിക്കൽ ക്ലോക്ക് ഒരു സത്യമാണ്. അത് നമ്മൾ തിരസ്കരിക്കാൻ നോക്കിയാലും.
വരാൻ സാധ്യതയുള്ള പ്രശ്നം എനിക്ക് മറികടക്കണമായിരുന്നു. എപ്പോഴാണ് ഞാനാഗ്രഹിക്കുന്നയാളെ വിവാഹം കഴിക്കാനാകുകയെന്ന് അറിയില്ലല്ലോ. പക്ഷെ അപ്പോൾ എനിക്ക് കുഞ്ഞുങ്ങൾക്ക് ജന്മം നൽകാനാകണം. കാരണം ദെെവം എനിക്കതിനുള്ള കഴിവ് തന്നു. എഗ് ഫ്രീസ് ചെയ്യുന്ന സമയത്ത് ഞാൻ ക്വാണ്ടിക്കോയുടെ ഷൂട്ടിംഗിലാണ്. അത് ബുദ്ധിമുട്ടാണ്. ഒരു മാസത്തോളം ഹോർമോണൽ അപ്സ് ആന്റ് ഡൗൺസ് ഉണ്ടാകും. അസ്വസ്ഥത തോന്നും. പക്ഷെ എനിക്കത് ചെയ്യണമായിരുന്നു. ഐവിഎഫ് ചെലവേറിയതാണെന്നും പ്രിയങ്ക ചോപ്ര ചൂണ്ടിക്കാട്ടി.
പണം സ്വരൂപിക്കണം. നിങ്ങൾക്ക് ഫാൻസി കാറോ ബാഗോ വാങ്ങണമെങ്കിൽ പണം സേവ് ചെയ്യുന്നത് പോലെ. ബയോളജിക്കൽ ക്ലോക്കിൽ നിന്നും കുറച്ച് പവർ നമ്മൾ എടുക്കുന്നു. എത്ര എഗ്സ് സർവെെവ് ചെയ്യുമെന്ന് അറിയില്ല. ചില സ്ത്രീകൾക്ക് പല തവണ ചെയ്യേണ്ടി വരും. വർക്ക് ചെയ്യുന്ന സ്ത്രീകൾക്കും സിംഗിളായ സ്ത്രീകൾക്കും കുട്ടികൾ വേണമെന്ന് ഉറപ്പില്ലാത്തവർക്കും ഞാൻ ഐവിഎഫ് നിർദ്ദേശിക്കും. അതൊരു സേവിംഗ്സ് അക്കൗണ്ട് പോലെയാണെന്ന് പ്രിയങ്ക ചോപ്ര. അമ്മയായ ശേഷം കരിയറിലെ തിരക്കുകൾ പ്രിയങ്ക കുറച്ചിട്ടുണ്ട്. മകൾക്കൊപ്പമുള്ള സമയത്തിനാണ് പ്രിയങ്ക പ്രാധാന്യം നൽകുന്നത്. 2018 ലാണ് പ്രിയങ്ക ചോപ്ര വിവാഹം ചെയ്യുന്നത്. ഹോളിവുഡിലാണ് പ്രിയങ്ക ഇന്ന് സജീവം. ബോളിവുഡ് സിനിമകൾ ചെയ്തിട്ട് വർഷങ്ങളായി. തെലുങ്ക് ചിത്രം വാരണാസിയിൽ പ്രിയങ്ക നായികാ വേഷം ചെയ്യുന്നുണ്ട്. ഏറെക്കാലത്തിന് ശേഷം നടി ചെയ്യുന്ന ഇന്ത്യൻ സിനിമയാണിത്.More Articles