വ്യവസായിയായ സഞ്ജയ് കപൂറിന്റെ അപ്രതീക്ഷിത വിയോഗവാർത്ത സിനിമാ ലോകത്താകെ ഞെട്ടലുണ്ടാക്കിയ ഒന്നായിരുന്നു. ബന്ധം വേർപ്പെടുത്തിയെങ്കിലും മുൻ ഭാര്യ നടി കരിഷ്മ കപൂർ അദ്ദേഹത്തിന്റെ അന്ത്യകർമങ്ങളിൽ പങ്കെടുത്തിരുന്നു. മക്കളായ സമൈറയും കിയാനും ഒപ്പമുണ്ടായിരുന്നു. കരിഷ്മ കപൂറും സഞ്ജയ് കപൂറും തമ്മിലുള്ള വിവാഹബന്ധം 2016ൽ അവസാനിച്ചെങ്കിലും 2003ൽ നടന്ന അവരുടെ ആഡംബര വിവാഹം ഇന്നും ബോളിവുഡിലെ ഏറ്റവും രാജകീയ വിവാഹങ്ങളിലൊന്നായാണ് ഓർമ്മിക്കപ്പെടുന്നത്.
അന്ന് കോടികൾ ചെലവഴിച്ചാണ് വിവാഹം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. 2003 സെപ്റ്റംബർ 29ന് മുംബൈയിലെ കപൂർ കുടുംബത്തിന്റെ വസതിയായ ആർകെ കോട്ടേജിൽ വെച്ചാണ് വിവാഹം നടന്നത്. വിവാഹച്ചെലവിന്റെ ഔദ്യോഗിക കണക്ക് പുറത്തുവിട്ടിട്ടില്ല.
എന്നാൽ വേദി, വധുവിന്റെ വസ്ത്രം, ആഭരണങ്ങൾ, വിഭവസമൃദ്ധമായ വിരുന്ന് എന്നിവയെ അടിസ്ഥാനമാക്കി ബോളിവുഡ് ബബിൾ ഉൾപ്പെടെയുള്ള പോപ്പ് കൾച്ചർ മാധ്യമങ്ങളും സിനിമാ വൃത്തങ്ങളും വിവാഹത്തിന് ഏകദേശം 5 മുതൽ 8 കോടി രൂപ വരെ ചെലവായിരിക്കാമെന്നാണ് വിലയിരുത്തുന്നത്. ഇന്നത്തെ മൂല്യത്തിൽ ഇത് ഏകദേശം 15 മുതൽ 20 കോടി രൂപ വരെയാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. വധുവിന്റെ ലഹങ്ക മുതൽ അലങ്കാരങ്ങളും ഭക്ഷണവും വരെ ഓരോ കാര്യവും അതീവ സൂക്ഷ്മതയോടെയും ആഡംബരത്തോടെയും ഒരുക്കിയിരുന്നു. കരിയറിന്റെ ഉച്ചകോടിയിൽ നിൽക്കുമ്പോഴാണ് കരിഷ്മ വിവാഹിതയായത്. വധുവിന്റെ വസ്ത്രത്തിനായി പതിവായി എല്ലാവരും ഉപയോഗിച്ചിരുന്ന ചുവപ്പ് നിറം ഒഴിവാക്കി മനീഷ് മൽഹോത്ര രൂപകൽപ്പന ചെയ്ത പിങ്ക്-ഗോൾഡ് ലഹങ്കയാണ് കരിഷ്മ വിവാഹ ദിവസം അണിഞ്ഞത്. ഏകദേശം 5 മുതൽ 7 ലക്ഷം രൂപ വരെ വിലമതിക്കുന്ന ഈ കസ്റ്റം ഡിസൈൻ ലഹങ്കയിൽ എംബ്രോയിഡറി, സീക്വിൻ വർക്ക്, ഗോറ്റ വർക്ക് എന്നിവ മനോഹരമായി ഉൾപ്പെടുത്തിയിരുന്നു. പിന്നീട് പരമ്പരാഗത ചുവപ്പിന് പകരം പേസ്റ്റൽ നിറങ്ങൾ തിരഞ്ഞെടുക്കുന്ന വധുക്കൾക്കിടയിൽ ഈ ലുക്ക് ഒരു ട്രെൻഡായി മാറുകയും ചെയ്തു. വിവാഹ ദിനത്തിൽ കരിഷ്മ ഡയമണ്ട് ചോക്കർ സെറ്റും നീളമുള്ള ഡയമണ്ട് നെക്ലേസും അണിഞ്ഞിരുന്നു. പഞ്ചാബി പാരമ്പര്യം അനുസരിച്ച് സ്വർണ കലീരകളും കൈകളിൽ അണിഞ്ഞിരുന്നു. കൂടാതെ ഡയമണ്ട് പതിപ്പിച്ച സ്വർണ ഹീൽസും വധു ധരിച്ചിരുന്നുവെന്ന് റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നുവെങ്കിലും ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിരുന്നില്ല. വിവാഹത്തിലെ ഭക്ഷണവിരുന്നും വലിയ ചർച്ചയായിരുന്നു. മുഗ്‌ളായി, തായ്, ഇറ്റാലിയൻ, ഓറിയന്റൽ, ഇന്ത്യൻ, ഫ്യൂഷൻ തുടങ്ങി വിവിധ രാജ്യങ്ങളിലെ രുചികൾ ഉൾപ്പെടുത്തി 126 വിഭവങ്ങളാണ് ഒരുക്കിയത്. മുംബൈയിലെ സൺ എൻ സാൻഡ് ഹോട്ടലിൽ നിന്നുള്ള 60 ഷെഫുമാരാണ് ഭക്ഷണം ഒരുക്കിയത്. ഇത്രയും വലിയ തോതിലുള്ള വിഭവസമൃദ്ധമായ വിരുന്നിനും പ്രീമിയം ചേരുവകൾക്കും മാത്രം അന്നത്തെ കാലത്ത് ഏകദേശം 40 മുതൽ 60 ലക്ഷം രൂപ വരെ ചെലവായിരിക്കാമെന്നാണ് റിപ്പോർട്ടുകൾ. ആർകെ കോട്ടേജ് മുഴുവൻ മുല്ലപ്പൂമാലകൾ, ചാൻഡലിയറുകൾ, പേസ്റ്റൽ പുഷ്പാലങ്കാരങ്ങൾ എന്നിവകൊണ്ട് രാജകീയമായി അണിയിച്ചൊരുക്കിയിരുന്നു. വീടിന്റെ അകത്തളങ്ങൾ ഒരു ശീഷ് മഹൽ പോലെ തിളങ്ങിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അലങ്കാരത്തിനായി മാത്രം ഏകദേശം 25 മുതൽ 30 ലക്ഷം രൂപ വരെ ചെലവായെന്നാണ് കണക്കുകൾ. ഏകദേശം എണ്ണൂറിലധികം അതിഥികളാണ് വിവാഹത്തിൽ പങ്കെടുത്തത്. സൽമാൻ ഖാൻ, ഗോവിന്ദ, ജാക്കി ഷ്രോഫ് തുടങ്ങി നിരവധി പ്രമുഖരും മുഴുവൻ കപൂർ കുടുംബവും ചടങ്ങിൽ സന്നിഹിതരായിരുന്നു. അതിഥികൾക്കായുള്ള സുരക്ഷ, വാലെറ്റ് പാർക്കിംഗ്, മാധ്യമനിയന്ത്രണം എന്നിവയ്ക്കായി മാത്രം ഏകദേശം 10 മുതൽ 12 ലക്ഷം രൂപ വരെ ചെലവായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. വിവാഹം ആഡംബര പൂർണമായിരുന്നെങ്കിലും ഇവരുടെ കുടുംബജീവിതം അത്ര സുഗമമായിരുന്നില്ല. കരിഷ്മയുടെ പിതാവ് രൺധീർ കപൂർ ആദ്യം ഈ വിവാഹത്തിന് അനുകൂലമായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. രണ്ട് മക്കൾക്ക് ജന്മം നൽകിയ ദമ്പതികൾ 2014ൽ വിവാഹമോചന ഹർജി സമർപ്പിക്കുകയും 2016ൽ നിയമപരമായി വേർപിരിയുകയും ചെയ്തു. മാനസികവും ശാരീരികവുമായി പീഡിപ്പിച്ചെന്ന ഗുരുതര ആരോപണമാണ് കരിഷ്മ സഞ്ജയ് കപൂറിനെതിരെ ഉന്നയിച്ചത്. വിവാഹമോചന നടപടിക്കിടെ സാമ്പത്തിക തർക്കങ്ങളും വലിയ വിവാദമായിരുന്നു. വിവാഹബന്ധം അവസാനിച്ചെങ്കിലും കരിഷ്മ-സഞ്ജയ് വിവാഹം ഇന്നും ബോളിവുഡിലെ ഏറ്റവും ഐക്കോണിക് വിവാഹങ്ങളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്.More Articles