ബോളിവുഡിലെ ഏറ്റവും മനോഹരമായ പ്രണയ കഥകളിലൊന്നായാണ് ഷാരൂഖ് ഖാനും ഗൗരി ഖാനും തമ്മിലുള്ള പ്രണയം ഇന്നും വിശേഷിപ്പിക്കപ്പെടുന്നത്. എന്നാൽ പ്രണയം വിവാഹത്തിലേക്ക് എത്തിക്കാനുള്ള അവരുടെ യാത്ര അത്ര എളുപ്പമുള്ളതായിരുന്നില്ല. വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ടവരായതിനാൽ ഗൗരിയുടെ കുടുംബം ആദ്യം ഈ ബന്ധത്തെ ശക്തമായി എതിർത്തിരുന്നു. ഗൗരിയുടെ മാതാപിതാക്കളുടെ വിശ്വാസം നേടാനായി ഷാരൂഖ് സ്വന്തം പേര് വരെ മാറ്റി ഉപയോഗിച്ചിരുന്നുവെന്നതാണ് മറ്റൊരു കൗതുകകരമായ കാര്യം.

Advertisement
Advertisement

മുഷ്താഖ് ഷെയ്ഖ് രചിച്ച ഷാരൂഖ് കാൻ എന്ന പുസ്തകത്തിലാണ് ഇതേ കുറിച്ചുള്ള വിവരങ്ങൾ പറയുന്നത്. പുസ്തകത്തിൽ പറയുന്നത് അനുസരിച്ചാണെങ്കിൽ മുതിർന്ന താരങ്ങളായ ജിതേന്ദ്രയോടും രാജേന്ദ്ര കുമാറിനോടുമുള്ള ആദര സൂചകമായി ഷാരൂഖ് ജിതേന്ദ്ര കുമാർ തുള്ളി എന്ന പേരും ഒരു കാലത്ത് ഉപയോഗിച്ചിരുന്നു.

രാജേന്ദ്ര കുമാറിന്റെ മുഴുവൻ പേര് രാജേന്ദ്ര കുമാർ തുള്ളി എന്നായിരുന്നു. അതുകൊണ്ടാണ് അങ്ങനൊരു പേര് നടൻ ഉപയോ​ഗിച്ചിരുന്നത്. വിവാഹത്തിലും ഷാരൂഖ് ഖാനും ​​ഗൗരിയും ഹിന്ദു-മുസ്ലിം ആചാരങ്ങളെ ഒരുപോലെ ആദരിച്ചു. ഹിന്ദു ആചാരപ്രകാരമുള്ള വിവാഹവും മുസ്ലിം മതാചാരപ്രകാരമുള്ള നിക്കാഹും നടത്തിയിരുന്നു. ഷാരൂഖ് ഹിന്ദു പേര് സ്വീകരിച്ചപ്പോൾ ഗൗരി നിക്കാഹിനായി ആയിഷ എന്ന പേരും സ്വീകരിച്ചിരുന്നു.

Advertisement

ഇക്കാര്യം തങ്ങൾ അധികം പേരോടും പറഞ്ഞിട്ടില്ല എന്നാണ് പുസ്തകത്തിൽ ഷാരൂഖ് പറയുന്നത്. വിവാഹ സമയത്ത് ഗൗരിക്ക് 21 വയസും ഷാരൂഖിന് 26 വയസുമായിരുന്നു. അഭിനയ രംഗത്തേക്ക് ആ സമയത്ത് ഷാരൂഖ് അരങ്ങേറിയതെ ഉണ്ടായിരുന്നുള്ളു. അതിനൊപ്പം വ്യത്യസ്ത മതത്തിൽപ്പെട്ട ആളാണ് മകളുടെ വരൻ എന്നതും ഗൗരിയുടെ മാതാപിതാക്കളുടെ ആശങ്ക വർധിപ്പിച്ചു.

അവരെ ആശ്വസിപ്പിക്കാനും അദ്ദേഹം ഒരു ഹിന്ദു യുവാവാണെന്ന് അവർ വിശ്വസിക്കാനുമായി ഷാരൂഖ് തന്റെ പേര് അഭിനവ് എന്നാക്കി മാറ്റിയിരുന്നു. വർഷങ്ങൾക്കുശേഷം ആ തീരുമാനത്തെക്കുറിച്ച് ഗൗരി തന്നെ ഒരു അഭിമുഖത്തിൽ മനസ് തുറന്നിരുന്നു. ഞങ്ങൾ അന്ന് വളരെ ചെറുപ്പമായിരുന്നു. വിവാഹം കഴിക്കണമെന്ന തീരുമാനം തന്നെ വലിയതായിരുന്നു. അതും സിനിമയിലേക്ക് ചുവടുവെച്ച മറ്റൊരു മതത്തിൽപ്പെട്ട ആളെയുമാണ് ഞാൻ വിവാഹം കഴിക്കാൻ തീരുമാനിച്ചത്.

Advertisement

അതുകൊണ്ടാണ് അദ്ദേഹം ഹിന്ദു യുവാവാണെന്ന് എന്റെ വീട്ടുകാർക്ക് തോന്നാനായി ഷാരൂഖിന്റെ പേര് അഭിനവ് എന്ന് മാറ്റിയത്. എന്നാൽ ഇന്ന് ആലോചിക്കുമ്പോൾ അതെല്ലാം വളരെ ബാലിശവും വിഡ്ഢിത്തവുമായിരുന്നു അബു ജാനിയുടെയും സന്ദീപ് ഖോസ്ലയുടെയും ഫസ്റ്റ് ലേഡീസ് എന്ന ഷോയിൽ സംസാരിക്കവെ ഗൗരി പറഞ്ഞു.

ആദ്യകാലത്ത് ​ഗൗരിയുടെ മാതാപിതാക്കൾ ഇവരുടെ ബന്ധത്തിൽ എതിർപ്പുകൾ പ്രകടിപ്പിച്ചിരുന്നുവെങ്കിലും പിന്നീട് കുടുംബാം​ഗങ്ങളുടെ പിന്തുണയോടെ 1991 ഒക്ടോബർ 25ന് ഷാരൂഖും ഗൗരിയും വിവാഹിതരായി. ഇന്ന് ആര്യൻ, സുഹാന, അബ്രാം എന്നീ മൂന്ന് മക്കളുമായി സന്തോഷകരമായ കുടുംബ ജീവിതമാണ് ഇരുവരും നയിക്കുന്നത്. ബോളിവുഡിലെ മാതൃക ദമ്പതികളുടെ ലിസ്റ്റിലാണ് ഇരുവരുടേയും സ്ഥാനം.

Advertisement

അതേ അഭിമുഖത്തിൽ തന്നെ മക്കൾ വീട്ടിൽ ഹിന്ദു-മുസ്ലിം ആഘോഷങ്ങളെ ഒരുപോലെ അം​ഗീകരിക്കുന്നതിനേയും ആഘോഷിക്കുന്നതിവേയും കുറിച്ചും ഗൗരി സംസാരിച്ചിരുന്നു. ദീപാവലി വരുമ്പോൾ പൂജയ്ക്ക് നേതൃത്വം നൽകുന്നത് ഞാനാണ്. കുടുംബത്തിലെ എല്ലാവരും അതിൽ പങ്കെടുക്കും. ഈദ് വരുമ്പോൾ നേതൃത്വം നൽകുന്നത് ഷാരൂഖാണ്. ഞങ്ങളെല്ലാവരും അദ്ദേഹത്തെ പിന്തുടരും. അതെല്ലാം വളരെ മനോഹരമാണെന്നാണ് എനിക്ക് തോന്നുന്നത്.

മക്കളും അതെല്ലാം സന്തോഷത്തോടെ സ്വീകരിച്ചിട്ടുണ്ട്. സത്യത്തിൽ ഷാരൂഖ് പറയുന്ന കാര്യങ്ങളിലേക്കാണ് അവർക്ക് കൂടുതൽ ചായ്‌വ്. അവർക്ക് ദീപാവലിയായാലും ഈദായാലും ഒരുപോലെ ആഘോഷവും സന്തോഷവുമാണെന്നുമാണ് ഗൗരി പറഞ്ഞത്.