അഭിനയ രംഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്ത് നടി ഭാവനയ്ക്കുണ്ട്. നമ്മൾ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന ഭാവന വളരെ പെട്ടെന്ന് മുൻനിര നായിക നടിയായി. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലും സാന്നിധ്യമറിയിച്ചു. ഇന്ന് പഴയത് പോലെ ഭാവന തുടരെ സിനിമകൾ ചെയ്യുന്നില്ല. അനോമിയാണ് മലയാളത്തിൽ ഭാവനയുടേതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ. സിനിമകളുടെ എണ്ണം കുറച്ചതിനെക്കുറിച്ച് പുതിയ അഭിമുഖത്തിൽ ഭാവന പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ഒരു ഘട്ടത്തിൽ ഞാൻ വിചാരിച്ചിരുന്നത് എന്റെ ജീവിതം കരിയറിനെ ചുറ്റിപ്പറ്റിയാണ് നീങ്ങുന്നത് എന്നാണ്. സിനിമ ചെയ്തില്ലെങ്കിൽ എന്ത് ചെയ്യും, എന്റെ കരിയർ എന്ന ചിന്തയായിരുന്നു. ഒരു ഒബ്സഷൻ. എന്നാൽ സിനിമ എളുപ്പമല്ല. പല കാരണങ്ങൾ കൊണ്ടും അവസാന ഘട്ടത്തിൽ നമുക്കൊരു പ്രൊജക്ട് ഇല്ലാതാകും. പലരുടെ വ്യക്തിപരമായ താൽപര്യങ്ങൾ കാരണം സിനിമ മാറിപ്പോകാം. അങ്ങനെയാെരു മേഖലയാണ് സിനിമ. ഒരു കമ്പനിയിൽ ജോലി ചെയ്യുന്നത് പോലെയല്ല. കഠിനാധ്വാനം മാത്രം പോര. ഭാഗ്യത്തെയും ആശ്രയിച്ചിരിക്കും. ഒരു സിനിമയുടെ വിജയം നിങ്ങളുടെ ജീവിതം മാറ്റാം.
അതേപോലെ സിനിമയുടെ പരാജയവും നമ്മുടെ ജീവിതത്തിൽ വ്യത്യാസങ്ങൾ വരുത്താം. ഒരു നടിയെന്ന നിലയിൽ എപ്പോഴും റെലവന്റായി നിൽക്കാൻ പറ്റില്ല. നമ്മൾ വിചാരിക്കുന്നത് പോലെയുള്ള കഥാപാത്രങ്ങൾ എപ്പോഴും കിട്ടിയെന്ന് വരില്ല. ഒരു നടിക്ക് മാർക്കറ്റ് വാല്യു നേടുക എളുപ്പമല്ല. ഇത് മെയിൽ ഡൊമിനേറ്റഡ് ഇൻഡസ്ട്രിയാണ്. അതാണ് യാഥാർത്ഥ്യം. എന്റെ കരിയറിൽ എന്ത് സംഭവിച്ചാലും എന്റെ ജീവിതത്തിൽ അത് ബാധിക്കുമായിരുന്നു. ഒരു ഘട്ടം കഴിഞ്ഞപ്പോൾ എനിക്കിത്ര ഒബ്സസഷൻ വേണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു. സിനിമ എന്റെ ജീവിതമല്ല, ജീവിതത്തിന്റെ ഭാഗമാണ്. ഇപ്പോൾ എന്റെ ശ്രദ്ധ സമാധാനപരവും സന്തോഷകരവും ആരോഗ്യവുമുള്ള ജീവിതത്തിനാണ്. നല്ല സിനിമകൾ വന്നാൽ ചെയ്യാമെന്നല്ലാതെ ആ റേസിന് ഞാനില്ല. എല്ലാ നടിമാരും അതിലൂടെ കടന്ന് പോകുമെന്ന് തോന്നുന്നു. ഒരു സമയം കഴിഞ്ഞാൽ നമ്മുടെ ചിന്താഗതി മാറി. ഇരുപതുകളിൽ എല്ലാം മാനസികമായി ബാധിക്കുമായിരുന്നു. ഇപ്പോൾ അങ്ങനെയല്ലെന്നും ഭാവന പറഞ്ഞു. അത്രയും ഇഷ്ടപ്പെട്ട സിനിമകൾ മാത്രമേ ഇപ്പോൾ ചെയ്യാറുള്ളൂ എന്നും ഭാവന പറഞ്ഞു. സിനിമകളുടെ എണ്ണം കുറച്ചതിനെക്കുറിച്ച് പുതിയ അഭിമുഖത്തിൽ ഭാവന പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. 30N മീഡിയ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.More Articles