മലയാള സിനിമയിൽ സ്വന്തം കഴിവുകൊണ്ടും ആത്മവിശ്വാസം കൊണ്ടും വ്യത്യസ്തമായ ഇടം നേടിയ കലാകാരനാണ് നടനും സംവിധായകനുമായ ഗിന്നസ് പക്രു. അജയ് കുമാർ എന്നതാണ് യഥാർത്ഥ പേരെങ്കിലും ഗിന്നസ് പക്രു എന്നാണ് പ്രേക്ഷകരെല്ലാം അദ്ദേഹത്തെ സ്നേഹത്തോടെ വിളിക്കുന്നത്. ആത്മവിശ്വാസത്തെ കരുത്താക്കി മാറ്റി ലോകം മുഴുവൻ അറിയുന്ന കലാകാരനായി വളർന്ന താരത്തിന്റെ കുടുംബവും പ്രേക്ഷകർക്ക് സുപരിചിതമാണ്.
ഭാര്യ ഗായത്രിയും രണ്ട് പെൺമക്കളും അടങ്ങുന്ന കുടുംബത്തിന്റെ വിശേഷങ്ങളെല്ലാം ഗിന്നസ് പക്രു സോഷ്യൽമീഡിയയിൽ പങ്കിടാറുണ്ട്. ഇപ്പോഴിതാ ആനീസ് കിച്ചണിൽ മൂത്ത മകൾ ദീപ്ത കീർത്തിക്കൊപ്പം നടൻ എത്തി വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. സിനിമാ അനുഭവങ്ങളും കുടുംബവിശേഷങ്ങളുമെല്ലാം താരം പങ്കിട്ടു.
ആദ്യമായാണ് മകൾ ദീപ്തയ്ക്കൊപ്പം ഒരു ചാറ്റ് ഷോയിൽ താരം എത്തുന്നത്. അച്ഛന്റെ വഴിയെ അഭിനയത്തിലേക്ക് എത്തുമോയെന്ന് ചോദിച്ചപ്പോൾ തനിക്ക് അഭിനയിക്കാൻ കഴിവില്ലെന്നായിരുന്നു ദീപ്തയുടെ മറുപടി. അഭിനയിക്കാൻ താൽപര്യമില്ല. സംവിധാനം പോലുള്ളവയാണ് താൽപര്യം. അഭിനയിക്കാനുള്ള കഴിവില്ലെനിക്ക്. ഞാൻ ഇപ്പോൾ പ്ലസ് വണ്ണിലാണ്. അച്ഛനെ എനിക്ക് പേടിയുണ്ട്. ചെറിയ രീതിയിൽ ശാസിക്കാറുണ്ട്. അല്ലാതെ ചട്ടം പഠിപ്പിക്കാറൊന്നുമില്ല. ഞാനും അമ്മയും അടിയുണ്ടാകുമ്പോൾ അച്ഛൻ ഇടപെടാതെ മിണ്ടാതിരിക്കും ദീപ്ത പറഞ്ഞു. സംവിധാനം എന്ന ആഗ്രഹം അച്ഛന്റെ സിനിമാ സെറ്റുകളിൽ നിന്നാണ് കിട്ടിയതെന്നും താരപുത്രി പറയുന്നു. കുട്ടിക്കാലം മുതൽ ഇവൾക്ക് ഞാൻ കൂട്ടുകാരനാണ്. ഈയടുത്ത് വേറൊരാൾ കൂടി ഇവൾക്കൊപ്പം കൂട്ടായി ഞങ്ങളുടെ കുടുംബത്തിലേക്ക് വന്നു. ചെറിയവൾ നല്ല ആക്ടീവാണ്. മൂത്തമോളെ വരെ ഭരിക്കും. പിന്നെ ദീപ്ത അൽപം സ്ട്രിക്ടാണ്. ഒരു കാര്യം തീരുമാനിച്ച് കഴിഞ്ഞാൽ അതിൽ തന്നെ ഉറച്ച് നിൽക്കും. ഇവളുടെ ഭാഗത്തിന് വേണ്ടി തർക്കിച്ച് കൊണ്ടേയിരിക്കും. അവസാനം തെറ്റ് സമ്മതിക്കും. ഇവൾ തർക്കിക്കുന്നത് കാണുമ്പോൾ ഇവളുടെ അമ്മയ്ക്ക് ടെംപറാകും. ആ സമയത്ത് ഞാൻ സാത്വികനാകും. ഇളയവൾ ഇപ്പോൾ നന്നായി സംസാരിക്കും. അവൾ ഒന്നും റിക്വസ്റ്റ് ചെയ്യില്ല. എല്ലാം ഓഡറിങ്ങാണ്. ഞാൻ വരുന്നത് വരെ ഉറങ്ങാതെ അവൾ കാത്തിരിക്കും. അതുകൊണ്ട് തന്നെ കളിപ്പാട്ടവും ഐസ്ക്രീമുമൊന്നുമില്ലാതെ കയറി ചെല്ലാൻ പറ്റില്ല. ചെറിയവൾക്ക് സങ്കടം വന്നാൽ അവൾ ദീപ്തയുടെ അടുത്തേക്കാണ് ആദ്യം ഓടി ചെല്ലുന്നത്. എന്റെ അടുത്തേക്ക് വരില്ല. അവളെ കെട്ടിപിടിച്ച് കരയും. അമ്മയെ കുറിച്ചുള്ള പരാതികൾ ദീപ്തയോടാണ് പറയുക. ഗായത്രിയുടെ ചാനലിന് വേണ്ടി വീഡിയോകൾ എഡിറ്റ് ചെയ്യുന്നതും ദീപ്തയാണ്. ചെറിയവൾക്ക് ഞാൻ കൃഷ്ണനാണ്. കൃഷ്ണന്റെ കാർട്ടൂണുകളൊക്കെ ഇഷ്ടമാണ്. എവിടെ നിന്നെങ്കിലും മയിൽപീലിയൊക്കെ കൊണ്ട് വന്ന് തലയിൽ തിരുകി എന്നെ കൃഷ്ണനാക്കി നിർത്തും. ഒന്നും റീലാക്കാൻ പറ്റില്ല. കാരണം കാമറ കാണുമ്പോൾ അവൾ ഇതൊന്നും ചെയ്യില്ല. മക്കൾ മനുഷ്യത്വമുള്ളവരായി വളരണമെന്ന ആഗ്രഹവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് സിനിമാ അനുഭവങ്ങളാണ് താരം പങ്കുവെച്ചത്. മൈ ബിഗ് ഫാദറിൽ ജയറാമേട്ടന്റെ അച്ഛനായി അഭിനയിക്കാൻ പേടിയായിരുന്നു. അദ്ദേഹത്തിന്റെ അച്ഛനായി എന്നെ ആളുകൾ ഉൾക്കൊള്ളുമോ എന്ന സംശയമായിരുന്നു. കുഞ്ഞിക്കൂനലിൽ സ്ത്രീ വേഷം ചെയ്തപ്പോൾ സ്വീകാര്യത കിട്ടിയിരുന്നല്ലോ. ആ ഒരു ധൈര്യം വെച്ചാണ് മൈ ബിഗ് ഫാദറിൽ അഭിനയിച്ചത്. അത്ഭുതദ്വീപ് സിനിമ പുറത്ത് വന്നശേഷം അതിൽ അഭിനയിച്ച മുന്നൂറ് പേരിൽ നൂറ് പേരോളം കല്യാണം കഴിച്ചു. ചിലർ ഉയരമുള്ള പെൺകുട്ടികളെ തന്നെയാണ് വിവാഹം ചെയ്തത്. ഉയരം കുറഞ്ഞവരുടെ കല്യാണത്തിന്റെ പരമ്പര തന്നെയായിരുന്നു പിന്നീട്. സിനിമയുടെ ലൊക്കേഷനിൽ വെച്ച് പലരോടും ചോദിച്ചപ്പോൾ അവരെല്ലാം കല്യാണം കഴിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. പക്ഷെ പെണ്ണ് കിട്ടുന്നില്ലായിരുന്നു. ചിലർക്ക് തേപ്പും കിട്ടിയിട്ടുണ്ട്. അതെല്ലാം അത്ഭുതദ്വീപിന്റെ റിലീസോട് കൂടി മാറി. പലർക്കും നല്ല ജീവിതം കിട്ടി. നല്ല രീതിയിൽ കുടുംബം നോക്കുന്ന ഒരുപാട് പേർ അവർക്കിടയിലുണ്ട്. ഇപ്പോൾ ഉയരം കുറഞ്ഞ സ്ത്രീകളെ ഉയരമുള്ള ആൺകുട്ടികളും കല്യാണം കഴിക്കുന്നുണ്ടെന്നും നടൻ പറഞ്ഞു.More Articles