താരസംഘടന അമ്മയുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളിൽ പ്രതികരിച്ച് സിനിമാ-സീരിയൽ താരം ജോളി ഈശോ. അമ്മയിൽ നടക്കുന്ന കാര്യങ്ങൾ കാണുമ്പോൾ വിഷമമുണ്ടെന്ന് ജോളി മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അമ്മയിൽ ഇപ്പോൾ നടക്കുന്ന കാര്യങ്ങളിൽ വിഷമമുണ്ട്. അമ്മയിൽ നിന്നും അവശ കലാകാരന്മാർക്ക് കിട്ടുന്ന സഹായത്തിനെ പെൻഷൻ എന്ന കൈനീട്ടം എന്നാണ് പറയുന്നത്.
ഒരിക്കൽ മമ്മൂക്ക പറഞ്ഞു... കൈനീട്ടം നിങ്ങൾ ചോദിച്ച് മേടിക്കേണ്ടതല്ല അത് അറിഞ്ഞ് തരേണ്ടതാണെന്ന്. പെൻഷനെ കുറിച്ച് ചോദിക്കാൻ പോയ ആർട്ടിസ്റ്റായ ആ പുള്ളിക്കാരൻ കരഞ്ഞു. അദ്ദേഹം ഇപ്പോഴില്ല മരിച്ച് പോയി. നടക്കാൻ പോലും ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന കലാകാരനായിരുന്നു. ഈ വർഷം കാണുന്നവരെ അടുത്ത വർഷം കാണണമെന്നില്ല.
ആ പുള്ളി കരയാൻ കാരണം അദ്ദേഹത്തിന് ഭയങ്കര കഷ്ടപ്പാടാണ്. ചിലർ അവിടെ പറയുന്നത് കേൾക്കാം എനിക്ക് വേണ്ടായെന്ന് പറഞ്ഞിട്ടും നിർബന്ധിച്ച് എനിക്ക് കൈനീട്ടം തന്നു എന്നൊക്കെ. നടൻ ബാബു നമ്പൂതിരി കൈനീട്ടം കൊടുക്കാൻ തുടങ്ങിയപ്പോൾ ആദ്യം അദ്ദേഹം നിരസിച്ചു. അത്യാവശ്യം വർക്ക് കിട്ടുന്നുണ്ടെന്നാണ് പറഞ്ഞത്. അത് കഴിഞ്ഞ് മൂന്ന്, നാല് വർഷം കഴിഞ്ഞപ്പോൾ അദ്ദേഹം കൈനീട്ടം വേണമെന്ന് പറഞ്ഞു. വർക്കില്ലെന്നും സാമ്പത്തിക ബുദ്ധിമുട്ടുള്ളതായും പറഞ്ഞു. അതിനുശേഷം സംഘടനയിൽ അനൗൺസ് ചെയ്ത് പുള്ളിക്ക് കൈനീട്ടം അനുവദിച്ചു. എല്ലാ പ്രാവശ്യവും ഒന്നോ, രണ്ടോ പുതിയ ആളുകളെ കൈനീട്ടത്തിൽ ഉൾപ്പെടുത്തുന്നതാണ്. ഇപ്രാവശ്യം അതും ഉണ്ടായില്ല. അതുപോലെ പല ആർട്ടിസ്റ്റുകൾക്കും മീറ്റിങിന് ചെല്ലുമ്പോൾ ഗിഫ്റ്റ് കിട്ടുന്നില്ല. ചിലർ എന്നോട് പരാതി പറഞ്ഞിരുന്നു. മുഖവും ആളും തരവും അനുസരിച്ചാണ് അവർ ഗിഫ്റ്റ് കൊടുക്കുന്നത്. ഇത് ആത്മ സംഘടനയിൽ നടക്കുന്ന കാര്യമാണ്. ചെറിയ വേഷങ്ങൾ മാത്രം അഭിനയിക്കുന്ന ആർട്ടിസ്റ്റുകൾ ഗിഫ്റ്റ് മേടിക്കാൻ ചെല്ലുമ്പോൾ ഇപ്പോൾ കൊടുക്കുന്നില്ല പിന്നെ വരൂവെന്ന് പറയും. പിന്നീട് ചെല്ലുമ്പോഴേക്കും കഴിഞ്ഞ് കാണും. അവർക്ക് കിട്ടുകയുമില്ല. ഇക്കാര്യം ഗണേഷ് കുമാറിനോട് പറയാനിരിക്കുകയാണ് ഞാൻ. മിടുക്കുള്ളവർ തന്നെയും പിന്നെയും വാങ്ങി പോയിട്ട് കാര്യമില്ലല്ലോ ജോളി പറഞ്ഞു. സംഘടനയിൽ നടക്കുന്ന പ്രശ്നങ്ങൾ അനാവശ്യമായി പുറത്ത് വരരുത് ചർച്ചയാകരുത് എന്ന ആഗ്രഹം നമുക്കുണ്ട്. പക്ഷെ ആരുടെ ഭാഗത്താണ് ശരി ആരുടെ ഭാഗത്താണ് തെറ്റ് എന്ന് കൃത്യമായി അറിയില്ല. ഭയങ്കര ബുദ്ധിയുള്ളവരാണ് സംഘടനയ്ക്ക് ഉള്ളിൽ കിടന്ന് കളിക്കുന്നത്. എന്തൊക്കയോ ചീഞ്ഞ് നാറുന്നുണ്ട്. സ്ത്രീകൾ തന്നെയാണ് പ്രശ്നങ്ങൾക്ക് പിന്നിൽ. പിന്നെ സ്ത്രീകൾ സംഘടനയുടെ തലപ്പത്ത് വന്നതിൽ പുരുഷന്മാർക്ക് വൈരാഗ്യമുണ്ട്. ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത് സിദ്ദീഖാണ്. ഇലക്ഷന്റെ സമയത്ത് ഇത് അറിഞ്ഞുവെങ്കിലും ഞങ്ങൾ ആരും വിശ്വസിച്ചിരുന്നില്ല. പക്ഷെ സിദ്ദീഖ് തന്നെ പിന്നീട് അത് സമ്മതിച്ചു. അപ്പോൾ തന്നെ നല്ല ഉദ്ദേശത്തോടെയല്ലെന്ന് മനസിലാകും. ഇവരോടൊക്കെ സംസാരിച്ചാൽ തന്നെ ഇവരെ അളക്കാൻ കഴിയും. ഒരു സ്ഥാനത്ത് ഇരിക്കുമ്പോൾ അതിന്റേതായ പക്വത വേണം. ആളുകളോട് പെരുമാറുന്ന രീതിക്ക് മയം വേണം. ഞാൻ സംഭവമാണെന്ന വിചാരം തലപ്പത്ത് ഇരിക്കുന്നവർക്ക് പാടില്ല. ഇടവേള ബാബു ഇങ്ങനെയായിരുന്നില്ല. എല്ലാവരുടേയും നമ്പർ അടക്കം അദ്ദേഹം സൂക്ഷിച്ചിരുന്നു. അമ്മയിലെ സ്ഥാനത്തിന് ഇത്ര പവറുണ്ടെന്ന് സ്ത്രീകൾ ഭരണത്തിൽ കയറിയപ്പോഴാണ് ഞാൻ മനസിലാക്കിയത്. പിന്നെ ആര് എന്ത് ചെയ്താലും സംഘടന പൊളിയുമെന്ന് ഓർത്ത് ആരും ഇരിക്കേണ്ടെന്ന് പറഞ്ഞിട്ടാണ് അന്ന് മോഹൻലാൽ ഇറങ്ങി പോയതെന്നും നടി പറഞ്ഞു.More Articles