വിവാഹശേഷം അഭിനയത്തിൽ നിന്നും ബ്രേക്ക് എടുത്ത മലയാളികളുടെ പ്രിയപ്പെട്ട നടി നവ്യ നായർ പൂർവാധികം ശക്തിയോടെയാണ് തിരിച്ച് എത്തിയത്. രണ്ടാം വരവിൽ സിനിമയും നൃത്തവും അമ്മ റോളുമെല്ലാം മനോഹരമായി മുന്നോട്ട് കൊണ്ടുപോകുന്നുമുണ്ട്. സിനിമ തെരഞ്ഞെടുക്കുന്ന കാര്യത്തിലും അഭിമുഖങ്ങളിലെ സത്യസന്ധമായ പെരുമാറ്റം കൊണ്ടും അഭിപ്രായ പ്രകടനം കൊണ്ടുമെല്ലാം പ്രേക്ഷകർക്ക് താരത്തോടുള്ള പ്രിയം കൂടിയിട്ടേയുള്ളു. വാരിവലിച്ച് സിനിമകൾ ചെയ്യുന്നതിനോടല്ല നല്ല കഥാപാത്രങ്ങൾക്ക് ജീവൻ നൽകുക എന്നതിലാണ് താരം കൂടുതൽ ശ്രദ്ധ നൽകുന്നത്. തിരിച്ച് വരവിലും നായിക വേഷങ്ങൾ ചെയ്യാൻ സാധിക്കുക എന്നത് എല്ലാ നായിക നടിമാർക്കും സാധ്യമാകുന്ന ഒന്നല്ല. എന്നാൽ നവ്യയ്ക്ക് അതിന് കഴിയുന്നുണ്ട്. ഇപ്പോഴിതാ താരത്തെ കുറിച്ച് ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടൊരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
കംബാക്ക് നടത്തിയവരിൽ ഇത്രയേറെ ബഹുമാനവും ഇഷ്ടവും തോന്നിയ വേറൊരാളില്ലെന്ന് ഫേസ്ബുക്ക് യൂസറായ അനു ചന്ദ്ര കുറിച്ചു. വ്യത്യസ്ത ആളുകളുമായും അവരുടെ ജീവിതസാഹചര്യങ്ങളുമായും എളുപ്പത്തിൽ ഇണങ്ങി ചേരാൻ കഴിയുന്ന താരമാണ് നവ്യയെന്നും കുറിപ്പിൽ പറയുന്നു. ആ കുറിപ്പ് ഇങ്ങനെയാണ്... എനിക്ക് നവ്യയെ നല്ല ഇഷ്ടമാണ്. ഞാൻ ഇന്നലെ ചുമ്മാ ഇരിക്കുന്ന നേരത്ത് അമ്മയോട് പറയുകയായിരുന്നു ഒരു നടിയുടെ കംബാക്കിൽ ആ നടിയുടെ പെരുമാറ്റം കൊണ്ടുമാത്രം ഇത്രയേറെ ബഹുമാനവും ഇഷ്ടവും തോന്നിയ മറ്റൊരു നടി വേറെയില്ലെന്ന്. അതുകൊണ്ടാകാം പണ്ടത്തെ നവ്യയെക്കാൾ ആയിരം മടങ്ങാണ് ഇപ്പോഴത്തെ നവ്യയോടുള്ള എന്റെ ഇഷ്ടം. മാത്രമല്ല ഈ മലയാള സിനിമയിലെ മറ്റൊരു നടിയിലുമില്ലാത്തൊരു പ്രത്യേകത നവ്യക്കുണ്ട്. അതായത് നവ്യ എവിടെയും ഫിറ്റാണ്. ഉദാഹരണത്തിന് നവ്യയെ ഏറ്റവും സാധാരണക്കാരായ മനുഷ്യർക്കിടയിൽ കൊണ്ട് നിർത്തിയാൽ നവ്യ അവർക്കിടയിൽ ഒരാളാകും. വീട്ടമ്മമാർക്കിടയിൽ കൊണ്ട് നിർത്തിയാൽ അവരിൽ പെട്ട ഒരാളാകും. ഇനിയിപ്പോൾ കുടുംബശ്രീ, ഹരിതകർമ്മ സേന, സെയിൽസ് ഗേൾ, ഡോക്ടർ, എഞ്ചിനീയർ, ആർട്ടിസ്റ്റ്... എല്ലായിടത്തും എല്ലാവരിലും നവ്യ ഒരുപോലെ ഫിറ്റ് തന്നെയാണ്. അതും അപാരമായ സെൻസിബളോട് കൂടി തന്നെ. ഡൗൺ ടു എർത്ത് പേഴ്സണാലിറ്റിയെന്നോ അഡാപ്റ്റബിലിറ്റി എന്നോ അതുമല്ലേൽ നാച്വറൽനസ് എന്നോ അങ്ങനെ എന്ത് വേണേലും അതിനെ പറയാം. എന്ത് പറഞ്ഞാലും ശരി, വ്യത്യസ്ത ആളുകളുമായും അവരുടെ ജീവിതസാഹചര്യങ്ങളുമായും എളുപ്പത്തിൽ ഇണങ്ങി ചേരാനും പ്രശസ്തിയുണ്ടെങ്കിലും സാധാരണക്കാരുടെ ജീവിതത്തിൽ നിന്ന് അകന്നുപോകാതിരിക്കാനും നവ്യക്ക് അറിയാം. ആ റിലേറ്റബിലിറ്റിയാണ് നവ്യയുടെ ഹൈലൈറ്റും. അത് തന്നെയാണ് എനിക്ക് അവരോട് ഇത്ര ബഹുമാനവും ഇഷ്ടവും തോന്നാൻ കാരണവും. പിന്നെ അവരുടെ സൗന്ദര്യവും എന്നായിരുന്നു കുറിപ്പ്.More Articles