അമ്മ സംഘടനയ്ക്കുള്ളിലെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിച്ച് കൊണ്ട് അൻസിബ ഹസനും ഉഷ ഹസീനയും മാല പാർവതിയും നടത്തിയ പത്ര സമ്മേളനത്തെ പ്രശംസിച്ച് എഴുത്തുകാരി എസ് ശാരദക്കുട്ടി. എത്ര കൃത്യതയാണ് ഇവർ കാര്യങ്ങൾ സംസാരിക്കുന്നതിലെന്ന് ശാരദക്കുട്ടി ചൂണ്ടിക്കാട്ടുന്നു. പെണ്ണാകുന്നതല്ല കുഴപ്പം. ബുദ്ധിയും വിവേകശക്തിയും ഭാഷാ പ്രയോഗ ശേഷിയുമുള്ള പെണ്ണാകുന്നതാണ് സിനിമാ സംഘടനക്ക് കുഴപ്പം. എഎംഎംഎയുടെ തലപ്പത്തിരുന്നതും പെണ്ണുങ്ങൾ. അവരുടെ ചില തെറ്റായ നടപടികൾക്ക് എതിര് നിൽക്കുന്നതും പെണ്ണുങ്ങൾ. രണ്ടും തമ്മിൽ പക്ഷേ വലിയ അന്തരമുണ്ട്.‌

Advertisement

ഇന്നത്തെ പത്രസമ്മേളനത്തിൽ മാലാപാർവ്വതി , ഉഷ ഹസീന, അൻസിബ എന്നിവർ സംസാരിക്കുന്നതിന് എത്ര കൃത്യതയാണ്, വ്യക്തതയാണ്. എത്ര ഉറപ്പാണവരുടെ വാക്കുകൾക്ക് ! എത്ര ശക്തമായാണ് കാര്യങ്ങളവതരിപ്പിക്കുന്നത്! അതാണ് ഗൂഢാലോചനയെങ്കിൽ ശുദ്ധീകരണത്തിന് ഈ തരം ഗൂഢാലോചനകൾ തന്നെയാണ് എവിടെയും വേണ്ടത്. അവരുടെ വാക്കുകൾ അവരുടേതാണ്. ഒരാണും ഒരിക്കലും ഇത്ര കൃത്യമായും വ്യക്തമായും സദുദ്ദേശത്തോടെയും ഒരു cause ന് വേണ്ടി എഎംഎംഎയിൽ ശബ്ദമുയർത്തിക്കേട്ടിട്ടില്ല. വിവരദോഷിപ്പെണ്ണുങ്ങൾ മാത്രമേ സിനിമാ സംഘടനയിൽ ഉള്ളെന്ന് കരുതിയെങ്കിൽ ഇനിയെങ്കിലും തിരുത്തൂ.

Advertisement

ഊളവർത്തമാനം പറയുന്നവരെ അല്ല ഇതുപോലെ ഒരു സംഘടനക്ക് ആവശ്യം. ഇത് സിനിമക്കാരുടെ ഉൾപ്രശ്നമല്ല, ഗൗരവമുള്ള സാമൂഹികവിഷയമാണെന്ന് ബോധ്യപ്പെടുത്താൻ ഈ സ്ത്രീകൾക്ക് കഴിഞ്ഞു.ഒരാണിൻ്റെയും ബുദ്ധി വേണമെന്നില്ല വകതിരിവുള്ളവർക്ക് തങ്ങളുടെ ആശയങ്ങൾ അവതരിപ്പിക്കാൻ. ആ പത്രസമ്മേളനം വളരെ അന്തസ്സോടെ കോർഡിനേറ്റ് ചെയ്ത മാല പാർവതി, അൻസിബ ഹസൻ, ഉഷ ഹസീന, മായാ വിശ്വനാഥ്, നിങ്ങൾ നിങ്ങളുടെ സംഘടനയിലെ ശക്തമായ നിലപാടുള്ളവരുടെ പ്രതിനിധികളാണ്. വർഷങ്ങൾക്ക് മുൻപും വകതിരിവോടെ സംസാരിച്ച് ഇറങ്ങിപ്പോയ സ്ത്രീകളെ അഭിമാനത്തോടെ ഓർമ്മിക്കുന്നു.നിങ്ങൾക്കൊപ്പം ഇന്ന് ധാരാളം അംഗങ്ങൾ ഉണ്ടെന്നുള്ളത് കാലത്തിൻ്റെ നൈതികത. എതിർപ്പുകൾ ഇങ്ങനെയാണ്, ഇങ്ങനെ തന്നെയാണ് രേഖപ്പെടുത്തേണ്ടത്- ശാരദക്കുട്ടിയുടെ കുറിപ്പിങ്ങനെ.

Advertisement

അൻസിബ ഹസനെ വർ​ഗീയ വാദിയും ജിഹാദിയുമാക്കി ഓടിക്കാനുള്ള ശ്രമമാണ് അമ്മയിൽ നടന്നതെന്നാണ് പ്രസ്മീറ്റിൽ മാല പാർവതി പറഞ്ഞത്. സാമ്പത്തിക ക്രമക്കേടിന്റെ പേരിലാണ് ശ്വേത മേനോൻ പ്രസിഡന്റായ കമ്മിറ്റി താഴെ വീണത്. സാമ്പത്തിക ക്രമക്കേട് ആരോപണം നേരിടുന്നവരെ എങ്ങനെയാണ് എങ്ങനെയാണ് അഡ്ഹോക് കമ്മിറ്റിയായി തുടരാൻ അനുവദിക്കുകയെന്ന് അൻസിബ ഹസനും ചോദിച്ചു. അതേസമയം തന്റെ ഭാ​ഗം തെളിയിക്കണമെന്നാണ് ശ്വേത മേനോൻ പറയുന്നത്. ഇത്രയും ദിവസം ഞാൻ മൗനം പാലിച്ചത് അമ്മയ്ക്ക് വേണ്ടിയായിരുന്നു. ഞാൻ നിശബ്ദയായിരുന്നാൽ അമ്മയെ ചുറ്റിപറ്റിയുള്ള വിവാദങ്ങൾ അവസാനിക്കുമെന്ന് കരുതി. എന്നാൽ എന്റെ പേരിനെ നിരന്തരം ലക്ഷ്യം വെക്കുകയും കളങ്കപ്പെടുത്തുകയും ചെയ്യുമ്പോൾ എന്റെ നിരപരാധിത്വം തെളിയിക്കാതെ ഇനി ഞാൻ പടിയിറങ്ങില്ല. ഇന്ന് അവർ പറയുന്നത് ഞാൻ ജനങ്ങളെ വഞ്ചിച്ച, അമ്മയെ അനാഥമാക്കി എന്നാണ്. അല്ല. താനങ്ങനെ ചെയ്തിട്ടില്ലെന്ന് ശ്വേത മേനോൻ പറഞ്ഞു. ഒരു കമ്മിറ്റി പൂർണ്ണമായും ഔദ്യോ​ഗികമായി രാജി വെച്ചാൽ പുതിയ തിരഞ്ഞെടുപ്പ് നടത്തി പുതിയ കമ്മിറ്റി വരുന്നതുവരെ തുടരേണ്ടത് തിരഞ്ഞെടുക്കപ്പെട്ട പഴയ കമ്മിറ്റി തന്നെയാണ്. ലാലേട്ടന്റെ കമ്മിറ്റി രാജിവെച്ചപ്പോൾ സ്വീകരിച്ചത് ഈ നിലപാടാണെന്നും ശ്വേത മേനോൻ വാദിച്ചിരുന്നു.