സം​ഗീത ലോകത്തിന് നികത്താനാകാത്ത നഷ്ടമാണ് ​ഗായിക എസ് ജാനകിയുടെ മരണം. മെെസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് എസ് ജാനകി മരിച്ചത്. ശ്വസന സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ഉച്ചയ്ക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ വെെകീട്ട് 7.30 ഓടെ മരിച്ചു. സം​ഗീത ലോകത്തെ നിരവധി പേർ എസ് ജാനകിക്ക് ആദരാഞ്ജലി അർപ്പിച്ചു. മകൾ ശ്വേത മോഹന്റെയും തന്റെയും വിജയങ്ങളിൽ ആത്മാർത്ഥമായി സന്തോഷിച്ചയാളാണ് എസ് ജാനകിയെന്ന് ​ഗായിക സുജാത മോഹൻ പറയുന്നു.

Advertisement
Advertisement

വാക്കുകൾ മൗനമാകുന്നു. ഗുരുവായി ഞങ്ങളുടെ കൈപിടിച്ച് നടത്തിയതിന്. വഴികാട്ടിയായി വെളിച്ചമായതിന്. സ്വപ്നങ്ങൾക്ക് ആത്മവിശ്വാസം പകർന്നതിന്. ഞങ്ങളുടെ വിജയങ്ങളിൽ ആത്മാർത്ഥമായി സന്തോഷിച്ചതിനും. ഞങ്ങളുടെ കണ്ണീരിൽ ചേർന്നു നിന്നതിനും, ഞങ്ങളെ ശിഷ്യരായി മാത്രമല്ല, സ്വന്തം മക്കളെപ്പോലെ സ്നേഹിച്ചതിനും...ഞങ്ങൾ പാടുന്ന ഓരോ സ്വരത്തിലും, ഞങ്ങൾ നേടുന്ന ഓരോ വിജയത്തിലും,
അമ്മയുടെ സ്നേഹവും അനുഗ്രഹവും എന്നും ജീവിച്ചിരിക്കും. അമ്മയുടെ വേർപാട് ഞങ്ങളുടെ ജീവിതത്തിൽ ഒരിക്കലും നികത്താനാകാത്ത ശൂന്യതയാണ്...കണ്ണീരിൽ കുതിർന്ന ഹൃദയത്തോടെ...അമ്മയ്ക്ക് ഞങ്ങളുടെ അശ്രുപൂജയും പ്രണാമവും-സുജാത പങ്കുവെച്ച കുറിപ്പിങ്ങനെ. മലയാള സിനിമാ സംഗീതത്തിന്റെ രാജ്ഞി, എന്റെ സ്വന്തം ജാനകിയമ്മയ്ക്ക് കണ്ണീരിൽ കുതിർന്ന പ്രണാമം -എന്ന വാക്കുകളിലൂടെ എംജി ശ്രീകുമാറും അനുശോചനം അറിയിച്ചു.

Advertisement

ഏതൊരു ശൈലിയും വളരെ അനായാസമായി നമ്മളെ അത്ഭുതപ്പെടുത്തിക്കൊണ്ടു പാടുന്ന ഒരു ഗായിക ...കുട്ടികളുടെ മുതൽ എല്ലാ വയസിൽ ഉള്ള ആളുകളുടെയും ആൺപെൺ വ്യത്യാസമില്ലാതെ അനുകരിച്ചു പാടിയിരുന്ന 'അമ്മ മഹാ അത്ഭുതം എന്ന് പറയുന്നതിൽ ഒട്ടും അതിശയോക്തി ഇല്ല ...അമ്മ പാടുന്ന ഓരോ സംഗതിയും ഈ ലോകത്തിൽ മറ്റൊരാൾക്കും പാടാൻ കഴിയില്ല കാരണം അങ്ങനെ ഒരു ജന്മമാണ് 'അമ്മ. കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ. സംഗീതത്തിന്റെ ഒരു യുഗം അമ്മയുടെ വേർപാടിലൂടെ അവസാനിക്കുകയാണ്.

ഇരുപതോളം ഭാഷകളിൽ 'അമ്മ പാടിയ ഓരോ പാട്ടും ഇനി വരും തലമുറയ്ക്ക് സംഗീത ഗവേഷണത്തിനുള്ള ഒരു ഉപാധിയാണ് ...ഒരു പാട്ട് എങ്ങനെ പാടണം എങ്ങനെ പാടിയാലാണ് അത് നന്നാകുക എന്നുള്ളത് ഓരോ പാട്ടുകാരും ജാനകിയമ്മയെ കണ്ടു വേണം പഠിക്കാൻ എന്നുള്ളതിന് എത്രെയെത്ര ഉദാഹരണങ്ങൾ നമക്ക് 'അമ്മ തന്നിട്ടുണ്ട് ...എത്രപറഞ്ഞാലും എന്തൊക്കെയോ ഇനിയും പറയാൻ ബാക്കി ഉണ്ട് എന്ന് തോന്നുന്ന ഒരു ഗായിക ...ശാസ്ത്രീയമായി പഠിച്ചിട്ടില്ലങ്കിലും ഏതു രാഗവും എത്ര പ്രയാസമുള്ള സംഗതികളും ധൈര്യമായി അനായാസേന പാടാൻ കഴിവുള്ള ഒരേയൊരു ഗായിക അത് ജാനകിയമ്മ ആണ് ..പകരം വെക്കാൻ ഇല്ലാത്ത മാഹാ പ്രതിഭ നമ്മുടെ പ്രിയപ്പെട്ട ജാനകിയമ്മയുടെ ആത്മാവിന് മുന്നിൽ കണ്ണീരിൽ കുതിർന്ന പ്രണാമം-സം​ഗീത സംവിധായകൻ ശരത്തിന്റെ അനുശോചനക്കുറിപ്പിങ്ങനെ.