ഒരാഴ്ച മുമ്പാണ് സോഷ്യൽമീഡിയയിലൂടെ മലയാളികൾക്ക് സുപരിചിതരായ അനാമികയും വിഷ്ണുവും തങ്ങളുടെ അമ്മ വീണ്ടും ഗർഭിണിയാണെന്ന വിവരം പുറത്ത് വിട്ടത്. ഒരു വർഷം മുമ്പായിരുന്നു ഉദയ ഗിരിജയുടെ രണ്ടാം വിവാഹം. പതിനഞ്ച് വർഷം മുമ്പ് ഇവരുടെ ആദ്യ ഭർത്താവ് മരിച്ചിരുന്നു. ആദ്യ വിവാഹത്തിൽ ഉദയ ഗിരിജയ്ക്ക് ഒരു മകനും മകളുമാണുള്ളത്. ആ മകനാണ് വിഷ്ണു. അമ്മ ഗർഭിണിയാണെന്ന് അറിഞ്ഞശേഷം അതീവ സന്തോഷത്തിലാണ് വിഷ്ണും സഹോദരിയും അനാമികയുമെല്ലാം.
കഴിഞ്ഞ ദിവസം അമ്മയുമായി ആദ്യത്തെ സ്കാനിങ്ങിനായി ആശുപത്രിയിൽ കുടുംബസമേതം പോയതിന്റെ വ്ലോഗ് പുറത്ത് വന്നിട്ടുണ്ട്. കുഞ്ഞിന്റെ ഹൃദയമിടിപ്പ് കേൾക്കാം എന്ന സന്തോഷത്തിലാണ് കുടുംബാംഗങ്ങളെല്ലാം കൂടി ഒരുമിച്ച് സ്കാനിങ്ങിനായി പോയത്.
എന്നാൽ ആശുപത്രിയിൽ കാത്തിരുന്നത് മറ്റൊരു സർപ്രൈസായിരുന്നു. ഉദയ ഗിരിജയ്ക്ക് പിറക്കാൻ പോകുന്നത് ഒന്നല്ല രണ്ട് കുഞ്ഞുങ്ങളാണ്. ഇരട്ട കുഞ്ഞുങ്ങളെയാണ് ഗർഭം ധരിച്ചിരിക്കുന്നത്. അമ്മയുമായി ആദ്യമായാണ് ഞങ്ങൾ എല്ലാവരും ഒരുമിച്ച് സ്കാനിങ്ങിന് വരുന്നത്. അമ്മയ്ക്ക് ട്വിൻസാണ്. ഞങ്ങളുടെ സന്തോഷത്തിനായി നഴ്സുമാർക്കും ഡോക്ടേഴ്സിനുമെല്ലാം ലഡ്ഡു നൽകി. ഞങ്ങളുടെ എല്ലാവരുടേയും ജീവിതത്തിൽ വളരെ സ്പെഷ്യലായ സ്ഥാനം ഈ ദിവസത്തിനുണ്ടാകും. ഉണ്ണി മോൾക്ക് കൂട്ടായി വരാൻ പോകുന്നത് രണ്ട് പേരാണ്. വാവകൾക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം എന്നാണ് ഹോസ്പിറ്റൽ വ്ലോഗ് പങ്കിട്ട് അനാമിക പറഞ്ഞത്. നാൽപ്പത്തിമൂന്നാം വയസിൽ ഒരു സ്ത്രീ ഇരട്ട കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ പോകുന്നുവെന്നത് അപൂർവമായി മാത്രം സംഭവിക്കുന്ന ഒന്നാണ്. നിരവധി പേരാണ് ഉദയ ഗിരിജയ്ക്ക് ആശംസകളും പ്രാർത്ഥനകളും നേർന്ന് എത്തിയത്. അനാമികയ്ക്കും വിഷ്ണുവിനും ഒരു വയസുള്ള ഒരു മകളുണ്ട്. അതേസമയം ഗർഭിണിയാണെന്ന വിവരം ഉദയ ഗിരിജ പരസ്യപ്പെടുത്തിയപ്പോൾ വലിയ രീതിയിൽ വിമർശനമാണ് സോഷ്യൽമീഡിയയിൽ നിന്നും ലഭിച്ചത്. വയസാം കാലത്ത് ഇതിന്റെ വല്ല ആവശ്യവും ഉണ്ടായിരുന്നുവോ എന്ന രീതിയും വളരെ മോശമായ ഭാഷയിലും കമന്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. അനാമികയാണ് മിക്ക നെഗറ്റീവ് കമന്റുകൾക്കും മറുപടി നൽകിയത്. ഈയൊരു പ്രായത്തിൽ അമ്മയാകാൻ കഴിയുക എന്നത് വലിയൊരു ഭാഗ്യമാണെന്നും അതിന് സ്വന്തം കുടുംബത്തിന്‍റെ പിന്തുണയുണ്ടെന്നുമാണ് മോശം കമന്റുകളോട് പ്രതികരിച്ച് അനാമിക പറഞ്ഞത്. എന്താണ് ഇത്ര തെറ്റ്. ഞങ്ങളെല്ലാവരും ചേർന്ന് നടത്തിക്കൊടുത്ത വിവാഹമാണ് അമ്മയുടേത്. ആ വിവാഹത്തിലുണ്ടാകുന്ന കുഞ്ഞാണ്. ചിലർ എന്തിനാണ് നെഗറ്റീവ് കമന്റുകൾ ഇടുന്നതെന്നറിയില്ല എന്നും അനാമിക പറഞ്ഞിരുന്നു. ഉദയ ഗിരിജയും പ്രതികരിച്ച് എത്തിയിരുന്നു. എനിക്ക് 25, 23 വയസ് പ്രായമുള്ള രണ്ട് മക്കളുണ്ട്. പതിനഞ്ച് വർഷം മുമ്പ് എന്റെ ഭർത്താവ് മരണപ്പെട്ടു. ഒരു വർഷം മുമ്പ് ഞാൻ രണ്ടാമത് വിവാഹം കഴിച്ചു. ഇപ്പോൾ എനിക്ക് കുഞ്ഞ് ഉണ്ടാവാൻ പോകുന്നു. ഈശ്വരൻ തന്ന ഈ കുഞ്ഞിനെ ഞാൻ അബോർഷൻ ചെയ്യണം എന്നാണോ നെഗറ്റീവ് കമന്റിട്ടവർ പറയുന്നത്?. എന്റെ മക്കൾക്കും മരുമക്കൾക്കും ഇല്ലാത്ത നാണക്കേട് മറ്റുള്ളവർക്ക് എന്തിനാണ്?. എത്രയോ സ്ത്രീകൾ കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്നു. എനിക്ക് ഈ കുഞ്ഞ് ദൈവം തന്ന നിധിയാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ ഒരുപാട് സന്തോഷിക്കുന്നു. ഇതിൽ എനിക്ക് നാണക്കേട് തോന്നുന്നില്ല എന്നാണ് ഉദയ ഗിരിജ കുറിച്ചത്. ഉദയ ഗിരിജ നടത്തിപ്പുകാരിയായ ജീവമാതാ കാരുണ്യ ഭവനിലെ അന്തേവാസിയായിരുന്നു അനാമിക. പിന്നീട് ഗിരിജ അനാമികയെ മകന് വിവാഹം ചെയ്ത് കൊടുക്കുകയായിരുന്നു. അനാമികയ്ക്ക് ഒരു സഹോദരി മാത്രമാണ് സ്വന്തമായുള്ളത്.More Articles