അഭിനയ രംഗത്ത് പഴയത് പോലെ സജീവമല്ല നടി അഞ്ജു അരവിന്ദ് ഇന്ന്. നൃത്ത രംഗത്താണ് അഞ്ജു അരവിന്ദ് ഇന്ന് സജീവം. ഒരു സീരിയൽ സെറ്റിൽ തനിക്കുണ്ടായ മോശം അനുഭവം പങ്കുവെക്കുകയാണ് നടിയിപ്പോൾ. സുധാമണി സുഭ്രം എന്ന സീരിയലിൽ ടെെറ്റിൽ റോളാണ് ചെയ്തത്. നമ്മുടെ സ്വന്തം വർക്കാണെന്ന ആത്മാർത്ഥതയോടെ ചത്ത് കിടന്ന് വർക്ക് ചെയ്തിട്ടുണ്ട്. പക്ഷെ ലൊക്കെഷനിലുണ്ടായ പല സംഭവങ്ങളും മനസിനെ വേദനിപ്പിക്കുന്നതായിരുന്നു. നല്ല പ്രൊഡ്യൂസറായിരുന്നു. ഡയരക്ടോറിയൽ സെെഡിൽ നിന്ന് ഭയങ്കര പ്രശ്നങ്ങളുണ്ടായി. അവരെ വീണ്ടും വലിച്ചിഴയ്ക്കാനാഗ്രഹിക്കുന്നില്ല. പ്രശ്നങ്ങൾ വന്നാൽ പക്വതയോടെ കെെകാര്യം ചെയ്യാൻ അറിയണം. ഇത്തരം പ്രശ്നങ്ങൾ മാനസികമായി ബാധിക്കും.
അതുകൊണ്ട് തന്നെയാണ് ഞാനിപ്പോൾ ഒരു സീരിയലും കമ്മിറ്റ് ചെയ്യാത്തത്. എത്രയോ വരുന്നുണ്ടായിരുന്നു. അഹങ്കാരം കൊണ്ട് പറയുന്നതല്ല, കഴിഞ്ഞ സീരിയലിൽ നിന്നുള്ള ട്രോമ ഒന്ന് മറക്കുന്നത് വരെ സീരിയലുകൾ ചെയ്യുന്നില്ല എന്ന് പറഞ്ഞു. 33 വർഷത്തെ എന്റെ അനുഭവത്തിൽ മറക്കാൻ പറ്റാത്ത ഷൂട്ടിംഗ് ലൊക്കേഷൻ ഇതാണ്. ഇത്ര മണിക്ക് മേക്കപ്പിട്ടു, ഇത്ര മണിക്ക് റെഡിയായി, കാറിൽ കയറുന്നു എന്ന റിപ്പോർട്ട് ഇന്നേ വരെ എനിക്ക് പറയേണ്ടി വന്നിരുന്നില്ല.
ആ ലൊക്കേഷനിൽ നിന്ന് എന്നെക്കൊണ്ടത് ചെയ്യിപ്പിച്ചു. എന്ത് പറഞ്ഞാലും പറയുക അഞ്ജു ലേറ്റായി എന്നാണ്. എന്നെ അറിയുന്നവർക്കറിയാം ഞാൻ രണ്ട് മിനുട്ടിനുള്ളിൽ സാരിയുടുത്ത് വരുന്ന ആർട്ടിസ്റ്റാണെന്ന്. 17-18 വയസിൽ ചെയ്ത സീരിയലിൽ സാരിയായിരുന്നു. സുകുമാരിയമ്മയാണ് ഓരോ കാര്യങ്ങളും പറഞ്ഞ് തരിക. അത്രയും വേഗത്തിൽ ചെയ്യണം. ഒരിക്കലും സംവിധായകനെ കാത്തിരിപ്പിക്കരുത് എന്ന ചിന്ത നമ്മളിലുണ്ടാക്കിയത് അവരാണെന്നും അഞ്ജു അരവിന്ദ് പറഞ്ഞു. മെെൽസ്റ്റോൺ മേക്കേർസിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.അടുത്തിടെ അഞ്ജുവിന്റെ വ്യക്തി ജീവിതം വലിയ ചർച്ചയായിരുന്നു. സഞ്ജയ് അമ്പലപ്പറമ്പത്ത് എന്നാണ് അഞ്ജു അരവിന്ദിന്റെ പങ്കാളിയുടെ പേര്. ആദ്യ വിവാഹ ബന്ധം ഡിവോഴ്സായി. സെക്കന്റ് മാര്യേജ് ചെയ്ത ഭർത്താവ് മരിച്ചു. ഇതിന് ശേഷമാണ് സഞ്ജയ് അമ്പലപ്പറമ്പത്ത് തന്റെ ജീവിതത്തിലേക്ക് കടന്ന് വന്നതെന്നും അഞ്ച് വർഷമായി ലിവ് ഇൻ റിലേഷനിലായിരുന്നെന്നും അഞ്ജു ഒരു തമിഴ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇത് പല തരത്തിൽ വ്യാഖ്യാനിക്കപ്പെട്ടെന്നും താൻ പറഞ്ഞ കാര്യങ്ങൾ മുഴുവനും അഭിമുഖത്തിൽ വന്നില്ലെന്നും അഞ്ജു അരവിന്ദ് പിന്നീട് പറഞ്ഞു. മനസിൽ ഒന്നും ഒളിക്കാതെ തുറന്ന് പറഞ്ഞ കാര്യമാണ്. ദെെവത്തിനെ പോലെയാണ് സഞ്ജുവേട്ടൻ എന്റെ ജീവിതത്തിലേക്ക് കടന്ന് വന്നത്. ഞാൻ വളരെ ഹാപ്പിയാണ്. ആരുടെയും സർട്ടിഫിക്കറ്റ് വേണ്ട. ഞങ്ങൾ വിവാഹിതരാണെന്ന് ആ അഭിമുഖത്തിൽ വന്നില്ല. തെറ്റായി വ്യാഖ്യാനിച്ചു. അതിന് ആരുടെയും സർട്ടിഫിക്കറ്റിന്റെ ആവശ്യം എനിക്കില്ല. എനിക്ക് എന്റേതായ ജീവിതമുണ്ട്. അത്രയും മനസ് നിറഞ്ഞ ജീവിതമാണ് ഞാൻ ജീവിക്കുന്നത്. നെഗറ്റീവ് കമന്റുകൾ വായിക്കുമ്പോൾ കുറച്ച് വിഷമം തോന്നും. അതൊക്കെ ദെെവത്തിന് വിട്ട് കൊടുക്കും. നമ്മളെ പറ്റി അറിയുന്നവർക്ക് നമ്മളെ അറിയാം. ഞാൻ ആരുടെയും ജീവിതത്തിൽ ഇടപെടുന്നില്ല. നമ്മളെങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കുന്നത് നമ്മളാണ്. ആൾക്കാർ പലതും പറയും. അതിന് ചെവി കൊടുക്കാൻ നിന്നാൽ നമ്മുടെ സന്തോഷം നഷ്ടപ്പെടുമെന്നേയുള്ളൂ. എപ്പോഴും പോസിറ്റീവായിരിക്കുക. ഈ സംഭവം ഭയങ്കര വിഷമമായിപ്പോയി. ഫിലിം ഫീൽഡിലെ സെലിബ്രിറ്റി സ്റ്റാറ്റസിൽ അല്ല ഞാൻ ജീവിക്കുന്നത്. സെലിബ്രിറ്റി സ്റ്റാറ്റസൊന്നും എന്നെ ബാധിച്ചിട്ടേയില്ല. അതേ പോലെയാണ് ഇപ്പോഴും ഞാൻ ഉള്ളത്. ഇങ്ങനെയുള്ള കാര്യം കേട്ടപ്പോൾ ചെറിയ വിഷമമുണ്ടാകും. എന്റെ വിഷമം ഞാൻ ഭഗവാനോട് കരഞ്ഞ് പറയും. സഹസ്രനാമം ചൊല്ലിക്കഴിഞ്ഞാൽ ചെറുതായി പോലും ഒരു സങ്കടം മനസിലുണ്ടാകില്ലെന്നും അഞ്ജു അരവിന്ദ് അന്ന് പറഞ്ഞു.More Articles