കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രേണുവിന്റെ അസുഖവും ചികിത്സയ്ക്ക് ലക്ഷങ്ങൾ ചിലവാകുന്നുവെന്ന വാദവും നുണയാണെന്ന തരത്തിൽ പ്രചരിക്കുകയും റിയാക്ഷൻ വീഡീയോകൾ ചെയ്യുന്നവരിൽ ചിലർ രേണുവിനെ പരിഹസിക്കുകയും ചെയ്യുന്നുണ്ട്. ഇത് ശ്രദ്ധയിൽപ്പെട്ട ഫേസ്ബുക്ക് യൂസറിൽ ഒരാളായ അനു ചന്ദ്ര തന്റെ അഭിപ്രായം കുറിപ്പായി പങ്കിട്ടെത്തി. കാൻസർ പോലുള്ള രോഗങ്ങൾ നേരിടുന്നവരോട് കുറേക്കൂടി ഉത്തരവാദിത്തം കാണിക്കണം മനുഷ്യരെന്നും അതാണ് മിനിമം മര്യാദയെന്നും അനു ചന്ദ്ര കുറിച്ചു. കുറിപ്പിലൂടെ തുടർന്ന് വായിക്കാം... രേണു സുധിയുമായി ബന്ധപ്പെട്ടുള്ള കാൻസർ വിവാദങ്ങളൊക്കെ കാണുകയായിരുന്നു. ഏതൊക്കെയോ യുട്യൂബേഴ്സ് രേണുവിന് കാൻസർ ഇല്ല, രേണുവിന്റെ കീമോ തട്ടിപ്പാണ് എന്നൊക്കെ സമർത്ഥിക്കാൻ ശ്രമിക്കുന്നത് കാണുമ്പോൾ എനിക്ക് അത്ഭുതം വരുന്നു. അതിനായി ഒരു തെളിവ് പോലെ കാൻസർ ചികിത്സ തേടുന്ന, കീമോ ചെയ്യുന്ന ഏതൊക്കെയോ രോഗികളുടെ വോയ്സ് മെസേജും ഇവർ ഒപ്പിക്കുന്നുണ്ട്.

Advertisement

അതിൽ പല രോഗികളും പറയുന്നത് അവർക്ക് കുറഞ്ഞ ചിലവിൽ ചികിത്സ കിട്ടിയെന്നും അതുകൊണ്ട് രേണുവിന്റെ ചികിത്സക്കായി രണ്ട് ലക്ഷം വേണ്ടി വന്നു എന്നൊക്കെ രേണു പറയുന്നത് തട്ടിപ്പാണ് എന്നൊക്കെയാണ്. ഒരു രോഗിയുടെ ചികിത്സാ ചെലവിനെ മറ്റൊരു രോഗിയുടെ ചികിത്സ ചിലവുമായി താരതമ്യം ചെയ്ത് അയാൾക്ക് അല്ലെങ്കിൽ അവൾക്ക് കാൻസർ ഇല്ല എന്ന നിഗമനത്തിലൊക്കെ എത്താൻ ഇവർക്കൊക്കെ ആവുന്നത് എങ്ങനെയാണ് എന്നത് എന്നെ ശരിക്കും അത്ഭുതപ്പെടുത്തുന്നു. കാരണം കാൻസർ ചികിത്സ ചിലവൊക്കെ ആശ്രയിച്ചിരിക്കുന്നത് പലതിനെയുമാണ്. കാൻസറിന്റെ തരം, സ്റ്റേജ്, ഉപയോഗിക്കുന്ന കീമോ മരുന്നുകൾ എന്നിങ്ങനെയുള്ള പലതിനെയും ആശ്രയിച്ചാണ് ആ ചിലവുകൾ നടക്കുന്നത്. അതുപോലെ തന്നെ ഒരു രോഗിയുടെ വോയ്സ് മെസേജ് മാത്രം കേട്ട് മറ്റൊരാളുടെ ചികിത്സയെ തട്ടിപ്പ് എന്നൊക്കെ പറയാൻ പറ്റുമോ? പറ്റില്ല എന്നാണ് എന്റെ അറിവ്.

Advertisement

എനിക്ക് അത്ഭുതം തോന്നുന്നതും അതുകൊണ്ടാണ്. പിന്നെ ഈ യുട്യൂബേഴ്സ് കാണിക്കുന്നതൊക്കെ ശരിക്കും മോശം പരിപാടിയല്ലേ?. ഒരു കാൻസർ രോഗിയോട് ഇങ്ങനൊക്കെയാണോ കാണിക്കേണ്ടത്?. കാൻസർ പോലുള്ള ഗുരുതര രോഗവുമായി പൊരുതുന്നവരോട് മനുഷ്യസഹജമായ സഹാനുഭൂതിയും ഉത്തരവാദിത്തവും കാണിക്കേണ്ട മര്യാദയെങ്കിലും നമുക്ക് ഇല്ലേ?. അല്ലാതെ അവരിൽ വലിയ മാനസിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാനും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമാണോ നമ്മൾ ശ്രമിക്കേണ്ടത്?. നോക്കൂ... കാൻസർ പോലുള്ള രോഗങ്ങൾ നേരിടുന്നവരോട് കുറേക്കൂടി ഉത്തരവാദിത്തം കാണിക്കേണ്ടതുണ്ട് നമ്മൾ. അതാണ് മിനിമം മര്യാദ എന്നായിരുന്നു കുറിപ്പ്.