മലയാളികളുടെ പ്രിയപ്പെട്ട നടൻ കൊച്ചിൻ ഹനീഫയുടെ കുടുംബത്തിനായി വീടൊരുങ്ങി. കൊച്ചി വെണ്ണലയിലാണ് പുതിയ വീട് നടന്റെ കുടുംബത്തിനായി നിർമ്മിച്ചത്. കൊച്ചിൻ ഹനീഫയുടെ ആകസ്മിക മരണത്തിനുശേഷം കഴിഞ്ഞ 16 കൊല്ലമായി വാടക വീട്ടിലായിരുന്നു ഭാര്യ ഫാസിലയും മക്കളായ സഫയും മർവയും താമസിച്ചിരുന്നത്. കൊച്ചിൻ ഹനീഫയുടെ സമ്പാദ്യത്തിൽ സ്വപ്ന വീട് ഒരുക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കുടുംബം.

Advertisement
Advertisement

വെണ്ണല അംബേദ്കർ റോഡിലാണ് കൊച്ചിൻ ഹനീഫാസ് എബി മൻസിൽ എന്ന പേരിലുള്ള വീട് പണി കഴിപ്പിച്ചിരിക്കുന്നത്. പിതാവ് എബി മുഹമ്മദിന്റെ പേരിലാകണം തന്റെ വീടെന്നത് കൊച്ചിൻ ഹനീഫയുടെ എക്കാലത്തെയും വലിയ ആ​ഗ്രഹമായിരുന്നു. അഞ്ച് ബെഡ്റൂം ഉൾപ്പടെ മനോ​ഹരമായി ഇന്റീരിയർ ചെയ്ത മൂന്ന് നില വീട്ടിൽ മലയാളികളുടെ പ്രിയ നടന്റെ ഓർമകൾ നിറഞ്ഞ് നിൽക്കുന്നു.

മൊമന്റോകളും അം​ഗീകാരങ്ങളും ഓർമ ചിത്രങ്ങളുമെല്ലാമുണ്ട്. മക്കളായ സഫയും മർവയും ചേർന്നാണ് ഇന്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത്. കൊച്ചിൻ ഹനീഫ വിട്ട് പിരിയുമ്പോൾ നാല് വയസായിരുന്നു ഇരട്ടകളായ സഫയ്ക്കും മർവയ്ക്കും. കുഞ്ഞുങ്ങളെ ചേർത്തണച്ച ഫാസില കഴിഞ്ഞ പതിനാറ് വർഷങ്ങളായി ഹനീഫ കണ്ട സ്വപ്നങ്ങൾ ഓരോന്നായി നേടിയെടുക്കുകയാണ്.

Advertisement

തലശ്ശേരിക്കാരിയായ ഫാസീല ഹനീഫയുടെ മരണശേഷം ഉറ്റവർ നിർബന്ധിച്ചിട്ടും നാട്ടിലേക്ക് മടങ്ങാൻ കൂട്ടാക്കിയില്ല. പേരിന് മുമ്പ് നാടിനെ അടയാളപ്പെടുത്തിയ വലിയ കലാകാരന്റെ ഓർമകൾ ഈ മണ്ണിൽ തന്നെ ഉണ്ടാകണമെന്ന ആ​ഗ്രഹമായിരുന്നു ഫാസിലയ്ക്ക്. 16 കൊല്ലം കടവന്തറയിലെ വാടക വീട്ടിൽ താമസിച്ച കുടുംബം കൊച്ചിയിൽ തന്നെ വീട് നിർമ്മിക്കുകയായിരുന്നു.

ഒരു രൂപയ്ക്ക് പോലും ആരുടെ മുന്നിലും കൈ നീട്ടിയിട്ടില്ല. ചില ലീ​ഗൽ ഇഷ്യൂസ് ഉണ്ടായിരുന്നു. എങ്കിലും അവസാനം ഹനീഫയുടെ സമ്പാദ്യം കൊണ്ട് തന്നെ ഒടുവിൽ ഹനീഫ്ക്ക ആ​ഗ്രഹിച്ചതുപോലെ ഒരു വീട് നമുക്ക് പണിയാൻ പറ്റി. ഹനീഫ്ക്ക ആളൊരു അഭിമാനിയാണ്. ആരുടെ മുന്നിലും തലകുനിക്കുന്നത് ഇഷ്ടമില്ലാത്തയാളാണ്. പതിനാറ് വർഷം അതുകൊണ്ട് തന്നെ എല്ലാ പ്രശ്നങ്ങളും തീർത്ത് വീട് നിർമ്മിക്കാൻ കാത്തിരുന്നു എന്നാണ് നടന്റെ ഭാര്യ ഫാസില 24 ന്യൂസ് ചാനലിനോട് സംസാരിക്കവെ പറഞ്ഞത്. നിയമകുരുക്കിലായിരുന്ന കൊച്ചിൻ ഹനീഫയുടെ സ്വത്ത് സമ്പാദ്യങ്ങൾ താരത്തിന്റെ മക്കൾക്ക് പതിനെട്ട് വയസായതോടെ തിരികെ ലഭിച്ചതാണ് കുടുംബത്തിന് ആശ്വാസമായത്. സഫയെ സിഎയും മർവയെ സിഎഫും പഠിപ്പിക്കണമെന്ന് ഹ​നീഫ ഫാസിലയോട് പറയാറുണ്ടായിരുന്നുവത്രെ.

Advertisement

രണ്ടുപേരും ഇന്ന് ആ കോഴ്സുകൾ തന്നെയാണ് ഉപ്പയുടെ ആ​ഗ്രഹ പ്രകാരം പഠിക്കുന്നതും. നല്ല രീതിയിൽ ഉമ്മയെ നോക്കി ജീവിക്കണമെന്നാണ് ആ​ഗ്രഹമെന്ന് സഫയും മർവയും പറയുന്നു. കൊച്ചിൻ ഹനീഫയുടെ കുടുംബത്തെ സംരക്ഷിക്കാൻ ദിലീപ് നടത്തിയ ഇടപെടലിനെ കുറിച്ച് ഫാസിലയുടെ സഹോദരൻ ഫിറോസ് മാളിയേക്കലും മനസ് തുറന്നു.

ദിലീപിന് അറിയാ‌മായിരുന്നു ഹ​നീഫ്ക്കയുടെ സ്വഭാവം. അതുകൊണ്ട് തന്നെ ഇവരെ അപ്രോച്ച് ചെയ്തിരുന്നത് തന്നെ മറ്റൊരു രീതിയിലായിരുന്നു. ഹനീഫ്ക്കയുടെ ഇനോവ കാർ തന്റെ സെറ്റുകളിൽ ഓടാൻ അനുവദിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇതിലൂടെ ദിലീപ് കരുതിയത് ഹനീഫ്ക്കയുടെ കുടുംബത്തിന് ഒരു സ്ഥിര വരുമാനം ലഭിക്കുക എന്നതായിരുന്നു. ഒപ്പം ഹനീഫ്ക്കയുടെ സാന്നിധ്യം സിനിമാ സെറ്റുകളിൽ ഉണ്ടാവുക എന്നതുമായിരുന്നു.

Advertisement

ഒന്നോ രണ്ടോ മാസമല്ല പതിനാറ് വർഷം അത് അദ്ദേഹം ചെയ്തുവെന്ന് ഫിറോസ് പറഞ്ഞു. ആരുടെ മുന്നിലും കൈനീട്ടാൻ കൊച്ചിൻ ഹനീഫ്ക്കയ്ക്ക് ഒരു കാലത്തും താൽപര്യമുണ്ടായിരുന്നില്ലെന്നത് അദ്ദേഹത്തിന്റെ ആരാധകരായ മലയാളികൾക്കും അറിയാവുന്ന കാര്യമാണ്. 2010ലാണ് അസുഖങ്ങളെ തുടർന്ന് 58 ആം വയസിൽ നടൻ മരിച്ചത്.