മലയാള സിനിമയ്ക്കുണ്ടായ തീരാനഷ്ടമാണ് നടൻ കൊച്ചിൻ ഹനീഫയുടെ വേർപാട്. അന്ന് അദ്ദേഹത്തിന്റെ കുടുംബത്തോടും സഹപ്രവർത്തകരോടും ഒപ്പം നിന്ന് കരഞ്ഞവരാണ് മലയാളികൾ. നടന്റെ മരണശേഷം പലവിധത്തിലുള്ള ബുദ്ധിമുട്ടുകളും പ്രയാസങ്ങളും കുടുംബം അനുഭവിച്ചിരുന്നു. എന്തിന് ഏറെ പതിനാറ് വർഷമായി നടന്റെ ഭാര്യയും മക്കളും വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നു. ചില നിയമക്കുരുക്കൾ ഉണ്ടായിരുന്നതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സമ്പാദ്യമൊന്നും ഉപയോഗിക്കാൻ കുടുംബത്തിന് കഴിഞ്ഞിരുന്നില്ല.
താരത്തിന്റെ പെൺമക്കൾ പ്രായപൂർത്തിയായതോടെ പഴയ പ്രതിസന്ധികൾ മാറുകയും സ്വന്തമായി ഒരു വീട് പണിതുയർത്താൻ സാധിക്കുകയും ചെയ്തു. കൊച്ചിയിൽ പണിതുയർത്തിയ കൊച്ചിൻ ഹനീഫയുടെ സ്വപ്ന ഭവനത്തിന്റെ ഗൃഹപ്രവേശന ചടങ്ങിന്റെ വീഡിയോകളെല്ലാം വൈറലാണ്.
നടന്റെ മരണശേഷം ആ കുടുംബത്തിന് താങ്ങായവരിൽ പ്രധാനി ദീലിപായിരുന്നു. കുടുംബം തന്നെ പലപ്പോഴായി അത് തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ദിലീപ്-കൊച്ചിൻ ഹനീഫ സൗഹൃദത്തെ കുറിച്ച് സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ട കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഒരു കാലത്ത് ഒപ്പം നിന്നവരെയും അവരുടെ കുടുംബത്തെയും മറക്കാതിരിക്കുക എന്നത് ചെറിയ കാര്യമല്ലെന്നും അത് ദിലീപ് മനോഹരമായി എല്ലാ കാലത്തും ചെയ്യുന്നുണ്ടെന്നും കുറിപ്പിൽ പറയുന്നു. കൊച്ചിൻ ഹനീഫ എന്ന മഹാനായ കലാകാരന്റെ കുടുംബത്തോട് നടൻ ദിലീപ് കാണിച്ച കരുതലിന്റെ കഥ ഏതൊരാളുടെയും മനസ് നിറയ്ക്കുന്ന ഒന്നാണ്. ഇന്ന് ഒരു ന്യൂസ് ചാനൽ അഭിമുഖത്തിൽ അദ്ദേഹത്തിന്റെ ബന്ധു പങ്കുവെച്ച ആ വാക്കുകൾ മലയാള സിനിമാ ലോകത്തെ അപൂർവ്വമായ ഒരു സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്നു. കൊച്ചിൻ ഹനീഫയുടെ വേർപാടിനുശേഷം ആത്മാഭിമാനം കൊണ്ട് ആരുടെയും മുന്നിലും സാമ്പത്തിക സഹായത്തിനായി കൈ നീട്ടാൻ ആ കുടുംബം തയ്യാറായിരുന്നില്ല. എന്നാൽ നേരിട്ട് പണം നൽകിയാൽ അവർ സ്വീകരിക്കില്ലെന്ന് മനസിലാക്കിയ ദിലീപ് വളരെ ബുദ്ധിപൂർവ്വവും മാന്യവുമായ ഒരു വഴി കണ്ടെത്തി. ഹനീഫയുടെ ഉടമസ്ഥതയിലുള്ള ഇന്നോവ കാർ തന്റെ സിനിമകളുടെ ഷൂട്ടിങ് സെറ്റുകളിൽ ആവശ്യത്തിന് ഉപയോഗിച്ചോട്ടെ എന്നും അതിന് നല്ലൊരു തുക വാടകയായി നൽകാമെന്നും അദ്ദേഹം കുടുംബത്തെ അറിയിച്ചു. ആത്മാഭിമാനത്തിന് പോറലേൽപ്പിക്കാതെ ഒരു സ്ഥിര വരുമാനം ആ കുടുംബത്തിന് ഉറപ്പാക്കിക്കൊണ്ട് ആ കുടുംബത്തെ സഹായിക്കാൻ ദിലീപ് കാണിച്ച ആ വലിയ മനസ് ശരിക്കും അഭിനന്ദനാർഹമാണ്. വർഷങ്ങൾക്കിപ്പുറം ഇന്ന് കൊച്ചിൻ ഹനീഫയുടെ പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങ് നടന്നപ്പോഴും മലയാള സിനിമയിൽ നിന്നുള്ള മുഖ്യാതിഥിയായി ദിലീപ് തന്നെ എത്തിച്ചേർന്നു. ഒരു കാലത്ത് ഒപ്പം നിന്നവരെയും അവരുടെ കുടുംബത്തെയും കാലമെത്ര കഴിഞ്ഞാലും മറക്കാതിരിക്കുക എന്നത് ചെറിയൊരു കാര്യമല്ല. ഒരു സഹപ്രവർത്തകനോടുള്ള ആദരവും ആത്മബന്ധവും എന്നും കാത്തുസൂക്ഷിക്കുന്ന ദിലീപിന്റെ ഈ പ്രവർത്തി ഒരു മനുഷ്യൻ എന്ന നിലയിൽ ഏതൊരാൾക്കും വലിയൊരു പ്രചോദനം തന്നെയാണ് എന്നായിരുന്നു കുറിപ്പ്. അന്ന് മുതൽ ഇന്ന് വരെ കൊച്ചിൻ ഹനീഫിക്കയുടെ കുടുംബത്തിന് താങ്ങും തണലുമായി നിന്ന മനുഷ്യനാണ് ദിലീപ്. ജയിലിൽ കിടന്ന ടൈം പോലും തന്റെ പ്രശ്നങ്ങൾക്കിടയിലും അദ്ദേഹം ആ കുടുംബത്തിന്റെ കാര്യം മറന്നിട്ടില്ല. മറ്റ് കാര്യങ്ങൾ എന്തോ ആയിക്കോട്ടെ ഈയൊരു കാര്യത്തിൽ അന്നും ഇന്നും ദിലീപ് എന്ന നടനോട് ബഹുമാനമാണ്. ഇന്നിതാ അവരുടെ വീടിന്റെ പാലുകാച്ചൽ ദിവസം ബന്ധുക്കളെക്കാൾ മുമ്പ് അവിടെ എത്തിയതും ദിലീപ് തന്നെ. എത്ര നെഗറ്റീവ് ഒരാളെ കുറിച്ച് നമ്മൾ പറഞ്ഞാലും അയാളുടെ നന്മകളെ കുറിച്ച് നമ്മളാരും പറയാറില്ല. എത്ര നന്മ ചെയ്താലും തിന്മ മാത്രം എടുത്ത് പറയുന്നവരാണ് നമ്മൾ എല്ലാവരും. ആരും ആരെയും സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരിക്കാൻ ശ്രദ്ധിക്കണം എന്നും ചിലർ കുറിച്ചു. സഫ, മർവ എന്നിങ്ങനെയണ് കൊച്ചിൻ ഹനീഫയുടെ മക്കളുടെ പേരുകൾ.More Articles