മഞ്ജു പിള്ളയുടെ മകളും ഇൻഫ്ലൂവൻസറുമായ ദയ സുജിത്തിന്റെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന വിവാദങ്ങളിൽ പ്രതികരിച്ച് ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടൊരു കുറിപ്പ് ശ്രദ്ധ നേടുന്നു. അനു ചന്ദ്ര പങ്കുവെച്ച കുറിപ്പിൽ ദയയ്ക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയ ഷെഫീന ബീവി എന്ന യുട്യൂബറുടെ ചിന്താഗതികളെ കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. താൻ വിചാരിക്കുന്നതുപോലെ മാത്രമെ മറ്റുള്ളവർ ജീവിക്കാവൂ എന്ന പിടിവാശിയാണ് ഷെഫീന ബീവിക്കെന്ന് കുറിപ്പിൽ പറയുന്നു.
ആ കുറിപ്പ് ഇങ്ങനെയാണ്... ഇൻസ്റ്റാഗ്രാമിൽ രണ്ട് ടൈപ്പ് സ്ത്രീകളുണ്ട്. ഒന്ന് കണ്ണിൽക്കണ്ട കുറ്റിക്കാട്ടിലും പുൽക്കൂട്ടത്തിനുമൊക്ക ഇടയിലിരുന്ന് തുണി പൊക്കി കാണിച്ച് ജീവിക്കുന്ന ടീംസ്. അതായത് ആ തുണിപൊക്കി കാണിക്കുന്നത് കണ്ടിട്ട് വേണം ആരേലുമൊക്കെ അവരുടെ സബ്സ്ക്രിപ്ഷൻ തേടി പോകാനും അല്ലെങ്കിൽ അവരുടെ മറ്റ് വല്ല പ്ലാറ്റ്ഫോമിലുമൊക്കെ പൈസ കൊടുത്തു കയറാനുമൊക്ക.
അത് ഒരുമാതിരി ശരീരം വിറ്റ് ജീവിക്കുന്ന പരിപാടിയാണ്. അതിൽ തന്നെ രണ്ടാമത്തെ ടൈപ്പ് സ്ത്രീകളാണ് സെമി റിവീലിങ് ഫാഷൻ ഫോട്ടോ ചെയ്യുന്നവർ. അതായത് ശരീരഭാഗങ്ങൾ തുറന്ന് കാണിക്കുന്ന സ്റ്റൈലിഷ് ഫാഷൻ അവതരണമാണ് അവരുടെ ലക്ഷ്യം. പക്ഷെ അതിൽ ഒരിക്കലും ലൈംഗിക പ്രവർത്തനമുണ്ടാകില്ല. മാത്രമല്ല ഫാഷൻ മാഗസിനുകൾ, ബ്രാൻഡ് ക്യാംപെയ്നുകൾ, മോഡൽ പോർട്ട്ഫോളിയോകൾ എന്നിവയിൽ ഇത്തരത്തിലുള്ള ചിത്രങ്ങൾ സാധാരണവുമായിരിക്കും. എന്നാൽ ഞാൻ ആദ്യം പറഞ്ഞ കൂട്ടരിൽ കാര്യമായി ചിത്രീകരിക്കുന്നത് ലൈംഗിക പ്രവർത്തനം തന്നെയായിരിക്കും. സോ രണ്ടും രണ്ട് തന്നെയാണ്. അങ്ങനെ രണ്ടും രണ്ടാണെന്ന സത്യം തിരിച്ചറിഞ്ഞാൽ തീരാവുന്നതേയുള്ളൂ ഇവിടത്തെ പല ബീവികളുടെയും ചൊറിച്ചിലുകളൊക്കെ എന്നാണ് എനിക്ക് തോന്നുന്നത്. അല്ലെങ്കിലും വസ്ത്രധാരണത്തിൽ തന്നെ നമ്മൾ ശ്രദ്ധിക്കേണ്ട ഒന്നാണ് ചിത്രത്തിന്റെ ഉദ്ദേശം, അവതരണരീതി, സന്ദർഭം എന്നിവയൊക്കെ. അതൊക്കെ ശ്രദ്ധിക്കാനുള്ള ബോധമുണ്ടെങ്കിലേ ഫാഷൻ എഡിറ്റോറിയൽ/സെമി-റിവീലിംഗ് ഫോട്ടോഗ്രഫിയും ലൈംഗിക ആകർഷണം പ്രധാന ലക്ഷ്യമാക്കി നിർമ്മിക്കുന്ന പ്രൊമോഷണൽ ഉള്ളടക്കവും ഒരേ കാര്യമല്ല എന്നൊക്കെ പല ബീവിമാർക്കും തിരിച്ചറിയാൻ കഴിയൂ. പിന്നെ ഈ വിമർശിക്കുന്ന ബീവിയുടെ മെയിൻ പ്രശ്നം എന്താണെന്ന് വെച്ചാൽ പുള്ളിക്കാരിക്ക് സാമൂഹിക നിയന്ത്രണ ബോധമാണ് ഉള്ളതെന്നാണ്. അതായത് പുള്ളിക്കാരി വിചാരിക്കുന്ന പോലെ മാത്രമെ മറ്റുള്ളവർ ജീവിക്കാവൂ എന്ന പിടിവാശി. സത്യത്തിൽ ഒരാളുടെ ഇമ്മാതിരി വിവരക്കേട് കാരണം നാട്ടിലെ പെൺപിള്ളേരൊക്കെ ഇങ്ങനെ സഹിക്കേണ്ടി വരുന്നത് എന്ത് കഷ്ടമാണല്ലേ? എന്നായിരുന്നു കുറിപ്പ്. ഷെഫീന ബീവി ദയ വിമർശിച്ച് പറഞ്ഞ വാക്കുകൾ അശ്ലീലം നിറഞ്ഞതായിരുന്നു. അതുകൊണ്ട് കൂടിയാണ് സോഷ്യൽമീഡിയ ഷെഫീനയ്ക്ക് എതിരെ കൂടുതലായും തിരിഞ്ഞത്. അത് ആ സാഹചര്യത്തിലെ ഇമോഷനിൽ പറഞ്ഞ് പോയതാണ് എന്നാണ് പിന്നീട് ഷെഫീന ബീവി നൽകിയ വിശദീകരണം. അതേസമയം ഷെഫീനയുടെ വീഡിയോ ശ്രദ്ധയിൽപ്പെട്ട് ദയ സുജിത്തും പ്രതികരിച്ചിരുന്നു. ടോക്സിക്കായ ആളുകൾക്ക് മറുപടി നൽകി ഊർജം കളയാതെ തന്നെ സന്തോഷിപ്പിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നാണ് ദയ പ്രതികരിച്ച് പറഞ്ഞത്. എനിക്കെതിരെ സംസാരിച്ച ആ സ്ത്രീയുടെ വാക്കുകളെ അനുകൂലിച്ച തൊണ്ണൂറ്റിയെട്ട് ശതമാനം ആളുകളുടെ പ്രതികരണങ്ങൾ കണ്ട് എനിക്ക് ഷോക്കല്ല മറിച്ച് ഭയമാണ് തോന്നിയതെന്ന് ദയ വെളിപ്പെടുത്തി. ഇത്തരം സൈബർ ആക്രമണങ്ങൾ കാരണം പലരുടെയും ജീവിതം തകരുന്നുണ്ട്. നിയമപരമായി നേരിടാനുള്ള എല്ലാ കാര്യങ്ങളും എനിക്കറിയാം. ഇതുപോലെ കുറെ പേരുടെ ജീവിതം തകർത്തിട്ടുണ്ട്. ഇതൊരു തമാശയല്ല ഒരാളുടെ ജീവിതത്തെ ബാധിക്കുമ്പോഴാണ് അതിന്റെ ഗൗരവം മനസിലാകുന്നതെന്നുമാണ് ദയ സുജിത്ത് പറഞ്ഞത്.More Articles