മാപ്പിള പാട്ടുകളിലൂടെ ജനഹൃദയങ്ങൾ കീഴടത്തിയ കണ്ണൂർ സീനത്ത് ഇന്ന് സോഷ്യൽ മീഡിയയിലെ താരമാണ്. കണ്ണൂർ സീനത്തിന്റെ വർഷങ്ങൾ പഴക്കമുള്ള പാട്ടുകൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. പുറമേക്ക് എപ്പോഴും സന്തോഷത്തോടെ കാണുന്ന സീനത്തിന്റെ ജീവിതത്തിൽ ചില ദുഖങ്ങളുണ്ട്. മക്കളും കൊച്ചുമക്കളും അടങ്ങുന്ന സന്തോഷകരമായ കുടുംബമാണ് സീനത്തിന്റേത്. എന്നാൽ ഭർത്താക്കൻമാരുടെ വിയോഗം ഇവരെ വിഷമിപ്പിക്കുന്നുണ്ട്. രണ്ട് വിവാഹങ്ങളാണ് കണ്ണൂർ സീനത്തിന്റെ ജീവിതത്തിലുണ്ടായത്. രണ്ട് പേരും മരണപ്പെട്ടു. ഇതേക്കുറിച്ച് പുതിയ അഭിമുഥത്തിൽ ഗായിക സംസാരിക്കുന്നുണ്ട്. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് കണ്ണൂർ സീനത്ത് മനസ് തുറന്നത്.
ആദ്യ ഭർത്താവ് അബ്ദുൾ റഷീദ് ഖത്തറിൽ എഞ്ചിനീയർ ആയിരുന്നു. അദ്ദേഹം മരണപ്പെട്ട ശേഷം രണ്ടാമത്തെ ഭർത്താവ് അബ്ദുൾ കരീം. രണ്ട് ഭർത്താക്കൻമാരും കല്യാണം കഴിച്ച ശേഷം ഒരു കുറവും എനിക്ക് വരുത്താതെ എന്നെ ഏറ്റവും സ്നേഹത്തോടെ നോക്കി. എന്റെ ഭാഗ്യക്കുറവാണ്. ലോകത്ത് എല്ലാ സ്ത്രീകൾക്കും ഇങ്ങനെ എല്ലാം കൊണ്ടും ഒത്ത രണ്ട് ഭർത്താക്കൻമാരെ കിട്ടില്ല. ഒരാൾ ഖത്തറിൽ മരണപ്പെട്ടു. അവിടെ ഞാൻ പോകാറുണ്ട്. ഒരാളിവിടെ ചങ്ങരംകുളം. നീ വലിയൊരാളായി കാണാൻ ആഗ്രഹിക്കുന്നെന്ന് രണ്ടാമത്തെ ഭർത്താവ് എന്നോട് എപ്പോഴും പറയുമായിരുന്നു. ലോകം മുഴുവൻ നീ പാറിപ്പറന്ന് നടക്കണം എന്ന്. പക്ഷെ ഇപ്പോൾ അവരില്ല.
മാതാപിതാക്കളുടെയും ഭർത്താക്കൻമാരുടെയും നഷ്‌ടം വലുതാണ്. നമ്മളിങ്ങനെ ചിരിക്കുകയും കളിക്കുകയും ചെയ്യുന്നു. പക്ഷെ ശരിക്കും ഒറ്റപ്പെടലാണ്. ഭർത്താവില്ലാത്ത സ്ത്രീകളെയോർത്ത് ഞാനെന്നും പ്രാർത്ഥിക്കും. പടച്ചോനെ നീ ഒരാൾക്കും വിധവയെന്ന പേര് കൊടുക്കല്ലേ എന്ന്. അവരനുഭവിക്കുന്ന വേദനയുണ്ട്. എനിക്ക് കിട്ടുന്ന വരുമാനത്തിൽ നിന്ന് നല്ലൊരു തുക ഞാൻ ദാന ധർമ്മത്തിന് കൊടുക്കും. ഞാൻ ചെയ്ത് കൊടുക്കുന്നത് എന്താണെന്ന് ചെയ്ത് കൊടുക്കുന്ന ആൾക്കും എനിക്കും എന്റെ സഹപ്രവർത്തകർക്കും അറിയാം. മതവിശ്വാസം നിലനിർത്തി തന്നെയാണ് ഷോകൾ ചെയ്യുന്നത്. ഞാനൊരു മുസ്ലിം അല്ലെ. കുഞ്ഞുനാളിലേ എന്റെ വീട്ടിൽ നിന്നും എനികക് തന്ന പാഠങ്ങളില്ലേ. പാട്ടുകാരിയായി എന്നത് എന്റെ തെറ്റല്ലല്ലോ. എന്റെ ഉമ്മാക്ക് നാല് പെൺകുട്ടികളാണ്. ഭയങ്കര കഷ്ടപ്പെട്ടാണ് നാല് മക്കളെയും വളർത്തിയത്. മക്കൾ നന്നായപ്പോൾ ഉമ്മയും ഉപ്പയും ഇല്ല. തലയിൽ തട്ടം ഇസ്ലാമിന്റെ മുദ്രയല്ലേ. പിന്നെ ഇപ്പോഴത്തെ കുട്ടികൾക്ക് ഓരോ ഇഷ്ടങ്ങളുണ്ടല്ലോ. ആ ഇഷ്ടത്തിന് അവർ ജീവിക്കട്ടെ. ഞാൻ ഉപദേശിക്കാൻ പോകാറില്ല. പ്രായപൂർത്തിയായാൽ എനിക്കറിയാം ഞാൻ ഇന്നത് ചെയ്യാം, ഇന്നത് ചെയ്യാൻ പാടില്ലെന്ന്. അത് ആരും നമ്മളെ ഉപദേശിച്ചിട്ട് ചെയ്യേണ്ടതല്ലെന്നും കണ്ണൂർ സീനത്ത് പറയുന്നു.More Articles