കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയ്ക്കൊപ്പം ഉറച്ച് നിന്നയാളാണ് മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ. കോടതിയിൽ അന്ന് കുറ്റാരോപിതിനെതിരെ മാെഴി നൽകാനും തയ്യാറായി. ഇതിന്റെ പേരിൽ മേക്കപ്പ് രംഗത്ത് പല അവസരങ്ങളും രഞ്ജുവിന് നഷ്ടമായി. ഒരു കാലത്ത് മോളിവുഡിൽ ഏറ്റവും തിരക്കുള്ള സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായിരുന്നു രഞ്ജു രഞ്ജിമാർ.ഇതേക്കുറിച്ച് പുതിയ അഭിമുഖത്തിൽ രഞ്ജു പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
എനിക്കറിയാവുന്ന കാര്യങ്ങൾ ഞാൻ പറയാതിരുന്നെങ്കിൽ ഒരുപാട് ഉയരങ്ങളിലേക്ക് പോകാൻ പറ്റുന്ന വഴികൾ എനിക്ക് തുറന്ന് കിട്ടുമായിരുന്നു. പല പ്രമുഖ കല്യാണ മേക്കപ്പുകളും എനിക്ക് കിട്ടുമായിരുന്നു. എന്നെ കൂടുതൽ മാർക്കറ്റ് ചെയ്യാൻ പറ്റുന്ന അവസരങ്ങൾ കിട്ടുമായിരുന്നു. പക്ഷെ ഞാനത് പറഞ്ഞില്ലായിരുന്നെങ്കിൽ എനിക്ക് മനസമാധാനത്തിൽ ഉറങ്ങാൻ പറ്റില്ലായിരുന്നു. ഞാൻ കണ്ട, എനിക്കറിയാവുന്ന കാര്യം പറഞ്ഞെന്നേയുള്ളൂ. അല്ലാതെ ഇദ്ദേഹം ചെയ്തത് കണ്ടു എന്ന് ഞാനൊരിടത്തും പറഞ്ഞിട്ടില്ല.
ഞാനെന്താണ് കോടതിയിൽ പറഞ്ഞതെന്ന് ഇരുഭാഗത്തുമുള്ള അഡ്വക്കറ്റുമാർക്ക് അറിയാം. എന്റെ സാക്ഷിമൊഴി രേഖപ്പെടുത്തിയ ജഡ്ജിക്കറിയാം. അതിനപ്പുറത്തേക്ക് ഒന്നും തെളിയിക്കേണ്ട കാര്യമില്ല. കഴിഞ്ഞ അധ്യായം കഴിഞ്ഞു. ഇപ്പോഴും വർക്കുകൾ നഷ്ടപ്പെടുന്നുണ്ടാകും. ഞാനെന്റേതായ വഴികളിലൂടെ പോകുന്നയാളാണ്. പണ്ടും ഞാൻ ഇടിച്ച് കയറി ആർട്ടിസ്റ്റിനോട് വർക്ക് ചോദിക്കുന്ന ആളല്ല. എനിക്കുള്ള അരിമണി എനിക്ക് വരുമെന്ന് വിശ്വസിക്കുന്നെന്നും രഞ്ജു രഞ്ജിമാർ പറഞ്ഞു.More Articles