നീറ്റ് പരീക്ഷ ചോദ്യ പ്പേപ്പർ ചോർച്ച വിഷയത്തിൽ കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടി നടത്തുന്ന പ്രതിഷേധം ജന്ദർ മന്ദറിൽ പുരോ​ഗമിക്കുകയാണ്. രാജ്യത്തിന്റെ നാനാഭാ​ഗത്ത് നിന്നും എത്തിയ ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് പ്രതിഷേധിക്കുന്നതും പോരാടുന്നതും.‍ പത്ത് വയസ് പ്രായമുള്ള കുട്ടികൾ മുതൽ സമരത്തിന്റെ ഭാ​ഗമാണ്. അതേസമയം മാർച്ചിൽ സംഘർഷമുണ്ടാകുകയും ഒട്ടേറെപ്പേർക്ക് പരുക്കേൽക്കുകയും ചെയ്യുന്നുണ്ട്. നിരവധി വിദ്യാർത്ഥികൾ പോലീസിന്റെ പ്രവൃത്തിയിൽ പരിക്കേറ്റ് ചികിത്സയിലാണ്.

Advertisement
Advertisement

തെന്നിന്ത്യയിൽ നിന്നുള്ള ഒട്ടേറെ താരങ്ങൾ ഇതിനോടകം ഡൽഹിയിൽ പോയി സമരത്തിന് നേരിട്ട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും മറ്റ് താരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പിന്തുണ അറിയിക്കുകയും ചെയ്തു. കേന്ദ്രഭരണകൂടത്തിന് എതിരെ ശബ്ദമുയർത്തിയ പല താരങ്ങളും അതുകൊണ്ട് തന്നെ വലിയ രീതിയിൽ സൈബർ ആക്രമണം നേരിടുന്നുണ്ട്.

അതേസമയം സിജെപി പ്രതിഷേധം ശക്തമാകുമ്പോൾ ബിജെപി അനുഭാവിയായ മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണൻ പങ്കുവെച്ച കുറിപ്പ് ചർച്ചയാകുന്നു. ചോദ്യ പേപ്പർ ചോർച്ചയുടെ ഉത്തരവാദിത്തം നിശ്ചയിക്കേണ്ടത് അനുമാനങ്ങളുടെ അടിസ്ഥാനത്തിലല്ല വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കണമെന്നാണ് ഭരണകൂടത്തെ പിന്തുണച്ചും കോക്രോച്ച് ജനത പാർട്ടി നടത്തുന്ന പ്രതിഷേധത്തോടുള്ള വിയോജിപ്പ് അറിയിച്ചും റോബിൻ കുറിച്ചത്. റോബിൻ പങ്കുവെച്ച പോസ്റ്റിലെ പ്രസക്ത ഭാ​ഗങ്ങൾ... നീറ്റ്, വിദ്യാർത്ഥികൾ, വിദ്യാഭ്യാസ സംവിധാനം എന്നിവയെക്കുറിച്ച് ആത്മാർത്ഥമായ ആശങ്കയുണ്ടെങ്കിൽ സംവരണ ക്വാട്ട, മെറിറ്റ്, വിദ്യാർത്ഥികൾക്കും മറ്റ് മേഖലകൾക്കും തുല്യ അവസരങ്ങളും അവകാശങ്ങളും സംബന്ധിച്ച വിഷയത്തിൽ എന്തുകൊണ്ടാണ് മൗനം പാലിക്കുന്നത്?.

Advertisement

ഒരു കാര്യം എനിക്ക് ഇന്നുവരെ മനസിലായിട്ടില്ല. ഇന്ത്യയിലെ ഓരോ പൗരനും ഭരണഘടന ഉറപ്പ് നൽകുന്ന സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. ആ അവകാശത്തെ ഞാൻ പൂർണമായി പിന്തുണക്കുന്നു. അതേസമയം നിങ്ങളും ഞാനും ഉൾപ്പെടെ ഓരോരുത്തരും ഭരണഘടനയ്ക്കും നിയമവാഴ്ചയ്ക്കും ഒരുപോലെ വിധേയരാണ്.

നീറ്റ് വിവാദം അതീവ ഗൗരവമേറിയതും വേദനാജനകവുമായ വിഷയമാണ്. ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന ഈ വിഷയത്തിൽ അഴിമതി, ചോദ്യപേപ്പർ ചോർച്ച, പരീക്ഷയിലെ ക്രമക്കേടുകൾ എന്നിവയോട് യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകാൻ പാടില്ല. ഇതിന് ഉത്തരവാദികളായവരെ കണ്ടെത്തി ആരായാലും ഭയമോ പക്ഷപാതമോ കൂടാതെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് ശിക്ഷിക്കണം. അതേസമയം ഉത്തരവാദിത്തം നിശ്ചയിക്കേണ്ടത് അനുമാനങ്ങളുടെ അടിസ്ഥാനത്തിലല്ല വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കണം.

Advertisement

നിയമപരമായ നടപടിക്രമങ്ങളിലൂടെ പൊതുപ്രവർത്തകരടക്കം ആരെങ്കിലും ഉത്തരവാദികളാണെന്ന് തെളിഞ്ഞാൽ അവർ നിയമപ്രകാരം ഉത്തരവാദിത്തം ഏറ്റെടുക്കുകയും ശിക്ഷിക്കപ്പെടുകയും വേണം. ഒരു മന്ത്രിയുടെയോ മറ്റേതെങ്കിലും പൊതുപ്രവർത്തകന്റെയോ രാജി ആവശ്യപ്പെടുന്നവരുണ്ടെങ്കിൽ ചോദിക്കേണ്ട ന്യായമായ ഒരു ചോദ്യമുണ്ട്. ആ ആവശ്യം ഉന്നയിക്കുന്നതിന് വ്യക്തമായ അടിസ്ഥാനമെന്താണ്?. ജനാധിപത്യത്തിൽ ഉത്തരവാദിത്തം ആവശ്യപ്പെടുന്നത് തികച്ചും ന്യായമാണ്.

എന്നാൽ ആ ഉത്തരവാദിത്തം രാഷ്ട്രീയ മുദ്രാവാക്യങ്ങളുടെ അടിസ്ഥാനത്തിലല്ല വസ്തുതകളുടെയും തെളിവുകളുടെയും നിയമവാഴ്ചയുടെയും അടിസ്ഥാനത്തിലായിരിക്കണം. ഓരോ വിദ്യാർത്ഥിക്കും നീതിപൂർവവും സുതാര്യവും മെറിറ്റിനെ അടിസ്ഥാനമാക്കിയുള്ളതുമായ പരീക്ഷാ സംവിധാനം ലഭിക്കേണ്ടത് അവരുടെ അവകാശമാണ്. വിദ്യാർത്ഥികൾക്കായി പ്രതിഷേധിക്കൂ, അഴിമതിക്കെതിരെ പോരാടൂ, പരിഷ്‌കാരങ്ങൾ ആവശ്യപ്പെടൂ, സുതാര്യത ആവശ്യപ്പെടൂ എന്നാൽ അതോടൊപ്പം നിയമപരമായ നടപടിക്രമങ്ങളെയും നിയമവാഴ്ചയെയും ബഹുമാനിക്കാനും നാം തയ്യാറാകണം.

Advertisement

പ്രതിഷേധങ്ങളെക്കുറിച്ച് പൊതുവായി ഒരു കാര്യം കൂടി പറയാനുണ്ട്. സമാധാനപരമായ പ്രതിഷേധം ഭരണഘടന ഉറപ്പുനൽകുന്ന ഒരു അവകാശമാണ്. എന്നാൽ അക്രമം അതല്ല. പൊതുമുതൽ നശിപ്പിക്കൽ അതല്ല. പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കൽ അതല്ല. കല്ലേറ് നടത്തുന്നതും അതല്ല. ഒരു വന്ദേ ഭാരത് ട്രെയിനോ റെയിൽവേ സ്റ്റേഷനോ സർക്കാർ ബസോ മറ്റേതെങ്കിലും പൊതുമുതലോ ഒരു രാഷ്ട്രീയ പാർട്ടിയുടേതല്ല. അവ ഇന്ത്യയിലെ ജനങ്ങളുടേതാണ്.

അതിനാൽ അവ നശിപ്പിക്കുന്നത് സാധാരണ ജനങ്ങൾക്കും രാജ്യത്തിനും മാത്രമാണ് ദോഷം ചെയ്യുന്നത്. ഏത് പ്രതിഷേധത്തിനിടെയായാലും അക്രമം നടന്നാൽ അതിൽ ഏത് രാഷ്ട്രീയ പ്രത്യയശാസ്ത്രമോ സംഘടനയോ കൂട്ടായ്മയോ ഉൾപ്പെട്ടതാണെങ്കിലും ഞാൻ അതിനെ ശക്തമായി അപലപിക്കും. അനീതി ചെയ്തുകൊണ്ട് നീതി നേടിയെടുക്കാനാവില്ല. കരുണയും സഹാനുഭൂതിയും പ്രകടിപ്പിക്കുന്ന കാര്യത്തിലും നാം ഒരേ നിലപാട് പുലർത്തണമെന്ന് ഞാൻ വിശ്വസിക്കുന്നു.

Advertisement

സോനം വാങ്ചുകിനെയോ മറ്റേതെങ്കിലും പൊതുപ്രവർത്തകനെയോ സംബന്ധിച്ചിടത്തോളം ആശങ്കകൾ പ്രകടിപ്പിക്കാനും സമാധാനപരമായ പ്രതിഷേധങ്ങളിൽ പങ്കെടുക്കാനുമുള്ള ഓരോ പൗരന്റെയും ജനാധിപത്യപരമായ അവകാശത്തെ ഞാൻ ബഹുമാനിക്കുന്നു. എന്നാൽ ആ അവകാശത്തെ ബഹുമാനിക്കുന്നു എന്നതുകൊണ്ട് അവരുടെ എല്ലാ അഭിപ്രായങ്ങളോടും ആവശ്യങ്ങളോടും രാഷ്ട്രീയ നിലപാടുകളോടും പ്രസ്ഥാനങ്ങളോടും ഞാൻ യോജിക്കണമെന്നില്ല. അതുപോലെ തന്നെ രാഷ്ട്രീയ വിമർശനം ഒരിക്കലും ഏതെങ്കിലും മതത്തിനോ സമൂഹത്തിനോ സാധാരണ പൗരന്മാർക്കോ എതിരായ വിദ്വേഷമായി മാറരുത്.

ജനകീയ പ്രസ്ഥാനങ്ങളിൽ അവസരവാദ രാഷ്ട്രീയത്തിന് സ്ഥാനമില്ല. ജന്ദർ മന്ദറിൽ നടന്ന സമീപകാല സംഭവവികാസങ്ങൾ വളരെ പ്രധാനപ്പെട്ട ഒരു ചോദ്യം ഉയർത്തുന്നു... ഈ മൂവ്മെന്റ് ആരംഭിച്ചപ്പോൾ ഈ രാഷ്ട്രീയ പാർട്ടികൾ എവിടെയായിരുന്നു?. രാഷ്ട്രീയ താൽപര്യങ്ങൾ ജനങ്ങളുടെ യഥാർത്ഥ ആശങ്കകളെ മറികടക്കുമ്പോൾ ആ പ്രസ്ഥാനത്തിന്റെ അടിസ്ഥാന ലക്ഷ്യം തന്നെ ദുർബലമാകുന്നു. ഒരു പ്രസ്ഥാനം രാഷ്ട്രീയമായി പ്രാധാന്യം നേടിയശേഷം അതിൽ ചേരുന്നതിലൂടെയല്ല നേതൃത്വം തെളിയിക്കപ്പെടുന്നത്.

തുടർച്ചയായ ഇടപെടലിലൂടെയും ക്രിയാത്മകമായ പ്രവർത്തനങ്ങളിലൂടെയും ഉത്തരവാദിത്തബോധത്തിലൂടെയുമാണ് യഥാർത്ഥ നേതൃത്വം പ്രകടമാകുന്നത്. ജനകീയ പ്രസ്ഥാനങ്ങൾ എന്നും ജനങ്ങളെക്കുറിച്ചായിരിക്കണം അവരുടെ ആശങ്കകളെക്കുറിച്ചും പ്രതീക്ഷകളെക്കുറിച്ചും അർത്ഥവത്തായ പരിഹാരങ്ങളെക്കുറിച്ചും. അവ ഒരിക്കലും രാഷ്ട്രീയ ബ്രാൻഡിംഗിനോ ഹ്രസ്വകാല തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കോ വേണ്ടിയുള്ള ഉപകരണങ്ങളായി മാറരുത്. എപ്പോഴും ഭാരതം ആയിരിക്കണം ഫസ്റ്റ് എന്നാണ് റോബിൻ കുറിച്ചത്.

പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ റോബിന് വിമർശനമാണ് ഏറെയും ലഭിച്ചത്. ചാറ്റ് ജിപിടിയിൽ ജനറേറ്റ് ചെയ്ത ന്യായീകരണം പോസ്റ്റിയാൽ വിശ്വസിക്കുമെന്ന് കരുതിയോ?, നിങ്ങളും ഒരു ഡോക്ടറല്ലേ? സ്ക്രാച്ച് ആന്റ് വിൻ വഴിയാണോ ഡോക്ടറായത്?, ഇത് നിങ്ങൾ സ്വയം എഴുതിയതാണെന്ന് തോന്നുന്നില്ല. മറ്റാരോ എഴുതിയതായി തോന്നുന്നു. നിങ്ങൾ ഇത് പോസ്റ്റ് ചെയ്യുക മാത്രമാണ് ചെയ്തത്. അത് പണത്തിനായാലും മറ്റെന്തെങ്കിലും കാര്യത്തിന് വേണ്ടിയാണെങ്കിലും ഒരു ധാരണയുമില്ലാതെ രാജ്യത്ത് യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾക്ക് അറിയില്ലെങ്കിൽ മിണ്ടാതിരിക്കുന്നതാണ് നല്ലത് എന്നിങ്ങനെയാണ് റോബിനെ വിമർശിച്ചും പരിഹസിച്ചും വന്ന പ്രതികരണങ്ങൾ.