കൊച്ചിൻ ഹനീഫയുടെ കുടുംബത്തെ സംരക്ഷിക്കാൻ നടൻ ദിലീപ് 16 വർഷം ചെയ്ത കാര്യങ്ങൾ അഭിനന്ദനവും കയ്യടികളും അർഹിക്കുന്നതാണെന്ന് മുൻ ബിഗ് ബോസ് താരം സായ് കൃഷ്ണ. ദിലീപിനെ ഇക്കാര്യത്തിൽ പ്രശംസിക്കാതിരിക്കാൻ ആവില്ലെന്നും എന്ന് കരുതി കേസിന്റെയും വിവാദത്തിന്റെയും കാര്യത്തിൽ ക്ലീൻ ചിറ്റ് നൽകുന്നില്ലെന്നും സായ് കൃഷ്ണ പറഞ്ഞു. കൊച്ചിൻ ഹനീഫ ആരായിരുന്നുവെന്ന് മലയാളികൾക്ക് ഞാൻ പറഞ്ഞ് തരേണ്ട കാര്യമൊന്നുമില്ലെന്ന് അറിയാം. ഒരു രോഗത്തിന് അടിമപ്പെട്ട് അദ്ദേഹം മരിക്കുകയായിരുന്നു.
അദ്ദേഹത്തിന്റെ വേർപാട് നികത്താനാകാത്ത നഷ്ടം തന്നെയാണ്. ഇന്ന് അദ്ദേഹത്തിന്റെ വീടിന്റെ പാലുകാച്ചൽ ചടങ്ങിന്റെ വീഡിയോ കണ്ടപ്പോൾ അദ്ദേഹം ചെയ്ത് വെച്ച് പോയ കാര്യങ്ങളുടെ കർമ പോലെയാണ് എനിക്ക് തോന്നിയത്. ഞാൻ അടുത്ത കാലത്തുണ്ടായ വിവാദങ്ങളുടേയും കേസിന്റെയും എല്ലാം പേരിൽ ദിലീപിനെ നന്നായി വിമർശിച്ചിട്ടുണ്ട്.
ഇപ്പോഴും ആ വിഷയങ്ങളിൽ അദ്ദേഹത്തോട് എനിക്ക് എതിർപ്പ് തന്നെയാണ്. പക്ഷെ കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന് അദ്ദേഹം ചെയ്ത് കൊടുത്ത കാര്യങ്ങൾ കേട്ടപ്പോൾ അതുകൂടി നിങ്ങളോട് പങ്കുവെയ്ക്കണമെന്ന് തോന്നി. കൊച്ചിൻ ഹനീഫയുടെ വീടിന്റെ പാല് കാച്ചൽ ചടങ്ങിന് ദിലീപ് വന്നിരുന്നു. ഒരു കാലത്ത് മലയാളികളുടെ ജനപ്രിയനായിരുന്ന നടൻ കേസും മറ്റ് കാര്യങ്ങളും വന്നശേഷമാണ് ഭൂരിഭാഗം ആളുകൾക്കും ജനപ്രിയനല്ലാതെയായി മാറിയത്. നടന്റെ കരിയറിലും വ്യക്തി ജീവിതത്തിലുമെല്ലാം ഇതിനോടകം നിരവധി ഉയർച്ച താഴ്ചകൾ ഉണ്ടായി കഴിഞ്ഞു. ഇതെല്ലാം കൊണ്ട് തന്നെ ദിലീപ് ഏത് പരിപാടിയിൽ പങ്കെടുത്താലും അതിന് താഴെ വരുന്ന കമന്റുകളെല്ലാം വിവാദപരമായിരിക്കും. ഹനീഫയുടെ വീട്ടിൽ അദ്ദേഹം വന്നതിന്റെ വീഡിയോ പുറത്ത് വന്നപ്പോഴും അത്തരം കമന്റുകൾ ഉണ്ടായിരുന്നു. ദിലീപ് അവിടെ വന്നതിന് പിന്നിലെ കാരണം അറിയുന്നവരാരും മോശം കമന്റുകൾ ഇട്ട് കാണാൻ വഴിയില്ല. പതിനാറ് വർഷം കാത്തിരിക്കേണ്ടി വന്നോ കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന് സ്വന്തമായി വീടുണ്ടാകാൻ?. സിനിമ സംഘടനകളും സൂപ്പർ താരങ്ങളുമൊന്നും ഉണ്ടായിരുന്നില്ലേ സഹായിക്കാൻ തുടങ്ങി നിരവധി ചോദ്യങ്ങളും സോഷ്യൽമീഡിയയിൽ ഉയരുന്നുണ്ട്. അദ്ദേഹം അഭിമാനിയാണെന്ന് സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും അറിയാമായിരുന്നിരിക്കണം. അതുകൊണ്ടാകും അവർ അതിന് മുതിരാതിരുന്നത്. ഔദാര്യത്തിന്റെ പേരിൽ കിട്ടുന്ന പണമാണെന്ന് ഹനീഫയുടെ കുടുംബത്തിന് തോന്നാതിരിക്കാൻ വേണ്ടിയാണ് ദിലീപ് ഇന്നോവ കാർ സെറ്റിൽ ഓടി കിട്ടുന്ന പണം തരാമെന്ന് അവരോട് പറഞ്ഞിട്ടുണ്ടാവുക. ഹനീഫയുടെ അഭിമാനം കാത്തുസൂക്ഷിച്ചു. ആലോചിച്ച് നോക്കൂ ഒരു ഇന്നോവ കാർ 16 വർഷം സെറ്റിൽ ഓടുക എന്നത് സാധ്യമാകുമെന്ന് തോന്നുന്നില്ല. ആ വാഹനത്തിന്റെ പേരിൽ ദിലീപ് തന്നെ കൊണ്ടാകുന്നത് ആ കുടുംബത്തിന് വേണ്ടി ചെയ്ത് കാണും. മനസിലാക്കുന്നവർക്ക് മനസിലാകും. ദിലീപ് ജയിലിലായിരുന്ന മൂന്ന് മാസം ആ ഇന്നോവ സെറ്റിൽ ഓടിയിരുന്നില്ല. പക്ഷെ കൃത്യമായി ഒരു തുക ഹനീഫയുടെ കുടുംബത്തിലേക്ക് എത്തിച്ചേരുന്നുണ്ടായിരുന്നുവെന്ന് അടുത്തിടെ ശാന്തിവിള ദിനേശും പറഞ്ഞിരുന്നു. ദിലീപ് നല്ലത് ചെയ്ത് കൊടുത്തിട്ടുണ്ട് എന്ന് കേട്ടാൽ അതിന് കയ്യടിക്കണം. എന്ന് കരുതി അയാളുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളിൽ ക്ലീൻ ചിറ്റ് നൽകുന്നുവെന്ന് അർത്ഥമില്ല. പല അഭിമുഖങ്ങളിലും കൊച്ചിൻ ഹനീഫയെ കുറിച്ച് ദിലീപ് സംസാരിച്ചിട്ടുണ്ട്. തനിക്ക് അദ്ദേഹം എത്രത്തോളം വിലപ്പെട്ടതായിരുന്നുവെന്ന് ദിലീപ് പലപ്പോഴായി പറഞ്ഞ വാക്കുകളിൽ തന്നെയുണ്ടായിരുന്നു. സ്ട്രോങ്ങ് ലേഡിയാണ് കൊച്ചിൻ ഹനീഫയുടെ ഭാര്യ. അത് പറയാതെ ഇരിക്കാൻ ആകുന്നില്ല. നല്ലത് കണ്ടാൽ നല്ലത് പറയണം ചീത്ത കണ്ടാൽ ചീത്ത പറയണം. ദിലീപിന്റെ കാര്യത്തിൽ ഞാൻ അങ്ങനെയാണ് ചെയ്യാറുള്ളതെന്നും സായ് കൃഷ്ണ പറഞ്ഞു.More Articles