ദിലീപ് നായകനായ ബാന്ദ്ര എന്ന സിനിമയ്ക്കുണ്ടായ സാമ്പത്തിക നഷ്ടം നിർമാതാവ് അജിത്ത് വിനായകൻ കഴിഞ്ഞ ദിവസം തുറന്ന് പറഞ്ഞിരുന്നു. കോടികളുടെ നഷ്ടമാണ് ഇദ്ദേഹത്തിനുണ്ടായത്. സംവിധായകൻ അരുൺ ഗോപിക്കെതിരെ ഇദ്ദേഹം പരാമർശങ്ങളും നടത്തി. ഇപ്പോഴിതാ വിഷയത്തിൽ ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അജിത് വിനായകനെ എത്രപേർക്കറിയാം എന്നെനിക്കറിയില്ല. എനിക്ക് പരിചയമില്ല. അദ്ദേഹമാണ് ദിലീപ് നായകനായ ബാന്ദ്രയുടെ നിർമാതാവ്. കൊട്ടാരക്കരക്കാരനാണ്. കക്ഷിയുടെ ബാന്ദ്രയ്ക്ക് മുമ്പും ബാന്ദ്രയ്ക്ക് ശേഷവുമുള്ളതെല്ലാം എനിക്കറിയാം.
കൊട്ടാരക്കര ഗണപതിയുടെ മുമ്പിൽ വെച്ച് ആർഭാടപൂർവം ബാന്ദ്രയുടെ പൂജ കണ്ട് കൊണ്ടിരുന്നപ്പോൾ മനോഹരമായ സിനിമ, രാമലീലയ്ക്കുമപ്പുറം വിജയമാകുന്ന ചിത്രം ദിലീപും അരുൺ ഗോപിയും കൂടി കാച്ചിക്കളയുമെന്ന് എനിക്ക് തോന്നി. കോടികൾ ശമ്പളം വാങ്ങിക്കുന്ന തമന്നയും ദിലീപും കലക്കും എന്നും കരുതി. കലങ്ങിയത് നിർമാതാവാണ്. രണ്ട് കോടിയോ മറ്റോ പ്രതിഫലം സംവിധായകനും ഒരു കോടി രൂപ തിരക്കഥാകാരനും വാങ്ങിയെന്ന് അറിഞ്ഞപ്പോൾ ഇതൊക്കെ സിനിമയിൽ കാണും എന്ന് ഞാനാശിച്ചു. ദിലീപിന്റെ അത്രയും ഹെെറ്റുള്ള ചുരുട്ടും വായിൽ കുത്തിത്തിരുകി തെങ്ങ് കയറാൻ ബംഗാളി കൊണ്ട് നടക്കുന്ന സൂത്രം പോലെ തോക്കും പിടിച്ച് ദിലീപിന്റെ പോസ്റ്റർ കണ്ടപ്പോൾ ഇതൊക്കെ താങ്ങാനുള്ള ശക്തി ദിലീപിന് കൊടുക്കണേ എന്ന് ഞാൻ പ്രാർത്ഥിച്ചു. തിയറ്ററിൽ ബാന്ദ്ര കണ്ട് തീരാൻ സകമലമാന ദെെവങ്ങളെയും ദെെവ വിശ്വാസി അല്ലാത്ത ഞാൻ അറിയാതെ വിളിച്ച് പോയി.
ചെലവ് ചുരുക്കി നല്ല ഹ്യൂമർ പടങ്ങൾ ചെയ്ത് വിജയിപ്പിച്ചിരുന്ന ദിലീപിന് എന്നാണ് ചുവടുകൾ പിഴച്ചതെന്ന് ബാന്ദ്ര കണ്ട് മടങ്ങുമ്പോൾ ഞാനറിയാതെ ചിന്തിച്ചു. നിങ്ങളുടെ ആ പഴയ സ്ഥാനം ബേസിൽ അടിച്ച് കൊണ്ട് പോയി വിജയിപ്പിച്ചിട്ടും നിങ്ങൾ പഠിച്ചില്ല, അല്ലേ ദിലീപേ. അജിത്ത് വിനായകൻ ബാന്ദ്രയെ പറ്റി പറയുന്നത് കേട്ടപ്പോൾ എനിക്ക് ഞെട്ടലൊന്നും ഉണ്ടായില്ല. ബാന്ദ്രയുടെ സാറ്റ്ലെെറ്റ്, ഒടിടി വിൽപ്പന നടന്നില്ല. വിൽക്കാനായി സംവിധായകൻ ശ്രമിക്കുന്നുമില്ല എന്നാണ് അജിത്ത് വിനായകൻ പറയുന്നത്. അരുൺ ഗോപി വിചാരിച്ചാൽ ഈ കൂതറപ്പടം വിൽക്കാനാകില്ല അജിത്തേ. 12 കോടിക്ക് സിനിമ തീർത്ത് തരാം എന്ന് പറഞ്ഞിട്ട് 35 കോടിയാണ് ചെലവായത്. 3 കോടി രൂപയാണ് ആകപ്പാടെ തിയറ്ററിൽ നിന്നും കിട്ടിയതെന്ന് നിർമാതാവ് പറയുമ്പോൾ നമ്മളെന്താണ് പറയുക. നമ്മളിതൊക്കെ തുറന്ന് പറയുമ്പോൾ ദിലീപിനും ഒരുപക്ഷെ വിഷമമാകും. ഞാനഭിനയിക്കുന്ന സിനിമയ്ക്ക് ഇത്ര രൂപയേ സാറ്റ്ലെെറ്റിലും ഒടിടിയിലും കിട്ടൂ എന്ന് നന്നായി അറിയാവുന്ന ആളാണ് ദിലീപ്. 12 കോടിക്ക് ഫസ്റ്റ് കോപ്പി 17 കോടിക്ക് ഫസ്റ്റ് കോപ്പി എന്നാെക്കെ കള്ള ബഡ്ജറ്റിട്ട് സംവിധായകൻ നിർമാതാവിനെ പറ്റിക്കുമ്പോൾ ഈ കാണിക്കുന്നത് തന്തയില്ലായ്മത്തരം ആണെന്ന് പറയാനുള്ള ബാധ്യതയെങ്കിലും ദിലീപിനില്ലേ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. 12 കോടിയിൽ തുടങ്ങിയ സിനിമ 35 കോടിയിലെത്തുമ്പോൾ അത്രയും കാശ് മറിക്കാനാകാത്ത ആളായിരുന്നു അജിത്ത് വിനായകനെങ്കിൽ ബാന്ദ്ര എന്താകുമായിരുന്നു എന്നെങ്കിലും ദിലീപ് ചിന്തിക്കേണ്ടേയെന്നും ശാന്തിവിള ദിനേശ് തുറന്നടിച്ചു.More Articles