വലിയ വിവാദങ്ങൾക്കും പ്രതിസന്ധികൾക്കും ഒടുവിൽ നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയിയുടെ സിനിമ ജനനായകൻ തിയേറ്ററുകളിലെത്തി. നടന്റെ സിനിമ കരിയറിലെ അവസാന സിനിമ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചിത്രം കൂടിയാണ് ജനനായകൻ എന്നത് കൊണ്ട് തന്നെ ആരാധകരെല്ലാം ആദ്യ ദിവസം തന്നെ തിയേറ്ററുകളിലേക്ക് ഒഴുകിയെത്തി. രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതിനാൽ ഇനി സിനിമകളിൽ അഭിനയിക്കില്ലെന്ന നിലപാടിലാണ് വിജയ്.

Advertisement
Advertisement

സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. അതേസമയം പ്രണയ അഭ്യൂഹങ്ങൾക്കിടെ വിജയിയുടെ അവസാന സിനിമ കാണാൻ നടി തൃഷയും അമ്മയും തിയേറ്ററിൽ എത്തിയതിന്റെ വീഡിയോകളും വൈറലാകുന്നുണ്ട്. ചെന്നൈയിലെ ഒരു തിയേറ്ററിൽ വെച്ചാണ് തൃഷ സിനിമ കണ്ടത്.

ബ്ലൂ ജീൻസും വെളുത്ത നിറത്തിലുള്ള ടീ ഷർട്ടും ധരിച്ച് സിംപിൾ ലുക്കിലാണ് നടി എത്തിയത്. മീഡിയ ചുറ്റും വളഞ്ഞുവെങ്കിലും താരം പ്രതികരിക്കാൻ നിൽക്കാതെ ഒരു ചിരി സമ്മാനിച്ച് മടങ്ങുകയാണ് ചെയ്തത്. അടുത്തിടെയായി വിജയിയുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും വിജയ് പോകുന്ന ചടങ്ങുകളിലുമെല്ലാം നടിയുടെ സാന്നിധ്യം ഉണ്ടാകാറുണ്ട്. നടൻ മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തപ്പോഴും അജിത്തിന്റെ അമ്മയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴുമെല്ലാം നല്ല പാതിയുടെ റോൾ അലങ്കരിച്ച് തൃഷയും ഒപ്പമുണ്ടായിരുന്നു.

Advertisement

എന്നാൽ നടന്റെ ആരാധകരിൽ പലർക്കും ഇപ്പോഴും തൃഷ-വിജയ് ബന്ധത്തോട് എതിർപ്പ് തന്നെയാണ്. അതേസമയം ജനനായകൻ വിജയ്‌യുടെ അവസാനത്തെ സിനിമയാണെന്നതിൽ ദുഖമുണ്ടെന്ന് തൃഷയുടെ അമ്മ ഉമാ കൃഷ്ണൻ പ്രതികരിച്ചു. ചിത്രം നന്നായി ആസ്വദിച്ചു. ഇഷ്ടപ്പെട്ടു. ഇത് അദ്ദേഹത്തിന്റെ അവസാന ചിത്രമാണെന്നതിൽ വിഷമമുണ്ട്. അദ്ദേഹത്തെ മിസ് ചെയ്യും എന്നാണ് ഉമാ കൃഷ്ണൻ പറഞ്ഞത്. മുഖ്യമന്ത്രി പ​ദവിയിലേക്ക് എത്തിയശേഷം നാടിന് ​​ഗുണം ചെയ്യുന്നതും പുരോ​ഗതിയിലേക്ക് നയിക്കുന്നതുമായ കാര്യങ്ങൾ മാത്രമാണ് വിജയ് ചെയ്യുന്നത്.

ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്ത ജനനായകനെ തമിഴ്നാട്ടിലുടനീളം വൻ ആഘോഷങ്ങളോടെയാണ് ആരാധകർ വരവേറ്റത്. വിജയ് ചിത്രങ്ങളുടെ റിലീസ് സമയത്ത് ഉണ്ടാകുന്ന ആഘോഷങ്ങളെല്ലാം ഇത്തവണയും ഒട്ടും മാറ്റ് കുറയാതെ ആരാധകർ നടത്തി. റിലീസ് ദിനത്തിലെ ആദ്യ ഷോ കാണാനായി തൃഷ ചെന്നൈയിലെ രോഹിണി സിൽവർ സ്ക്രീൻസ് തിയേറ്ററിലെത്തിയതിന്റെ വീഡിയോയും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിൽ വേഗത്തിൽ വൈറലായതോടെ അനുകൂലിച്ചും വിമർശിച്ചും കമന്റുകൾ പ്രത്യക്ഷപ്പെട്ടു.

Advertisement

തങ്ങളുടെ പ്രിയതാരത്തെ നേരിൽ കാണാൻ എത്തിയ ആരാധകരുടെ ആവേശകരമായ ആരവങ്ങൾക്കിടയിലൂടെയാണ് തൃഷ തിയേറ്ററിനുള്ളിലേക്ക് പ്രവേശിച്ചത്. കഥയും ലോജിക്കും നോക്കാതെ പോയാൽ ആ​ഘോഷിച്ച് കണ്ട് മടങ്ങാവുന്ന സിനിമയാണ് ജനനായകനെന്നാണ് സിനിമ കണ്ടിറങ്ങിയ ആരാധകരിൽ ചിലർ കുറിച്ചത്.

അന്യഭാഷ നടന്മാരിൽ വിജയിയോളം കേരളത്തിൽ ക്രൗഡ് പുള്ളറായ മറ്റൊരു നടനില്ല. ഒരു സിനിമ അവസാനിക്കും പക്ഷെ ഒരു യുഗം അവസാനിക്കുമോ?. ജനനായകൻ ഒരു സിനിമ മാത്രമല്ല... വിജയ് എന്ന സൂപ്പർസ്റ്റാർ തന്റെ സിനിമാ ജീവിതത്തിന് നൽകുന്ന അവസാന വണക്കം കൂടിയാണ്. ലീക്ക്, വിവാദങ്ങൾ, നെഗറ്റീവ് ക്യാമ്പെയിനുകൾ ഇത്രയൊക്കെ നടന്നിട്ടും ലോകമെമ്പാടുമുള്ള റെക്കോർഡ് ബുക്കിംഗുകളും ഹൗസ്ഫുൾ ഷോകളും ഒരേയൊരു കാര്യം വീണ്ടും തെളിയിച്ചു.

Advertisement

സ്റ്റാർഡം ഉണ്ടാക്കാൻ കഴിയും പക്ഷെ വിജയ് എന്ന ബ്രാൻഡ് ഉണ്ടാക്കാൻ പതിറ്റാണ്ടുകൾ വേണം. ആരാധകർക്ക് അദ്ദേഹം വെറും ഒരു നടനല്ല. ഒരു വികാരമാണ്. ഒരു ആഘോഷമാണ്. ഒരു തിയേറ്റർ അനുഭവമാണ്. ഇനി സിനിമയിൽ അദ്ദേഹം ഇല്ല. അതുകൊണ്ട് തന്നെ ഇത്തരമൊരു ഓപ്പണിംഗും ഇത്തരമൊരു ക്രൗഡ് പുള്ളും ഇത്തരമൊരു ആരാധക വിസ്ഫോടനവും വീണ്ടും കാണാൻ എത്ര വർഷം കാത്തിരിക്കേണ്ടിവരുമെന്ന് അറിയില്ല.

ഇപ്പോൾ നിങ്ങളാണ് പറയേണ്ടത് എന്നാണ് ആരാധകരിൽ ഒരാൾ ജനനായകൻ സിനിമയെ കുറിച്ച് എഴുതിയത്. എച്ച്. വിനോദ് സംവിധാനം ചെയ്ത ചിത്രം വിജയ്‌യുടെ നിർദേശപ്രകാരം തെലുങ്ക് സിനിമ ഭഗവന്ത് കേസരിയുടെ റീമേക്ക് ആയാണ് ഒരുക്കിയത്.