നടൻ കലാഭവൻ മണിയുടെ മരണമുണ്ടാക്കിയ വിഷമത്തിൽ നിന്നും ഇന്നും മണിയുടെ കുടുംബം പൂർണമായും പുറത്ത് വന്നിട്ടില്ല. പ്രിയപ്പെട്ട ചേട്ടന്റെ മരണത്തിൽ ഇന്നും ഒരുപിടി ചോദ്യങ്ങൾ സഹോദരനായ ആർഎൽവി രാമകൃഷ്ണനുണ്ട്. സഫാരി ചാനലിൽ ഇതേക്കുറിച്ച് ഇദ്ദേഹം തുറന്ന് സംസാരിക്കുന്നുണ്ട്. ഇതിനൊപ്പം ചേട്ടന്റെ മരണ ശേഷമുണ്ടായ സംഭവങ്ങളെക്കുറിച്ചും സംസാരിക്കുന്നുണ്ട്. ഈ വാക്കുകൾ ശ്രദ്ധ നേടുകയാണിപ്പോൾ.
എറണാകുളത്ത് പോസ്റ്റ്മോർട്ടം ചെയ്യുന്നത് കൊണ്ട് അമൃതയിലെ ഫ്രീസറിൽ വെക്കാമെന്ന് പറഞ്ഞ് അമൃതയിലെ ഫ്രീസറിൽ കയറ്റിയ ശേഷമാണ് ഞാൻ എന്റെ വീട്ടിലേക്ക് വരുന്നത്. പിന്നെ എന്തൊക്കെ ഉണ്ടായി എന്ന് എനിക്ക് കൃത്യമായി ഓർമയില്ല. ആരൊക്കെയോ പറഞ്ഞ് എറണാകുളത്തെ പോസ്റ്റ്മാർട്ടം തൃശൂരിലാക്കി എന്ന് സഹോദരിമാരുടെ മക്കളൊക്കെ പറഞ്ഞാണ് ഞാനറിയുന്നത്. ഞങ്ങളുടെ വീടുമായി ബന്ധപ്പെട്ട ആരുടെയും നിർബന്ധത്തിൽ അല്ല. സുഹൃത്തുക്കൾ തന്നെയാണ് ബാക്കി എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത്. തൃശൂരിൽ പോസ്റ്റ്മോർട്ടം ചെയ്ത് പിറ്റേ ദിവസമാണ് കൊണ്ട് വരുന്നത്.
മറ്റ് കാര്യങ്ങളൊക്കെ ഓർത്തെടുക്കാൻ ബദ്ധിമുട്ടാണ്. കാരണം അത് സങ്കൽപ്പിക്കാൻ പോലും പറ്റുന്ന സാഹചര്യത്തിലായിരുന്നില്ല ഞാൻ. പുറത്തെന്ത് നടക്കുന്നു എന്ന് പോലും അറിയാൻ പറ്റുന്നില്ല. ഒരു ദിവസം കൂടി അദ്ദേഹത്തിന്റെ ബോഡി വെക്കണമെന്ന് പറയാനോ അതിൽ എന്തെങ്കിലും തീരുമാനമെടുക്കാനോ കഴിഞ്ഞില്ല. അന്ത്യകർമ്മങ്ങൾ ചെയ്യാൻ പോലും ഞങ്ങൾക്ക് പറ്റിയില്ല. അന്ന് വെെകുന്നേരം തന്നെ മരണാനന്തര ചടങ്ങുകൾ അവസാനിപ്പിച്ചു. ചേട്ടന്റെ മരണ ശേഷം ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടി വന്നു. വർഗ വർണ വിവേചനങ്ങൾ പെർഫോമറെന്ന നിലയിൽ നേരിടേണ്ടി വന്നെന്നും ആർഎൽവി രാമകൃഷ്ണൻ പറയുന്നു.
കലാഭവൻ മണിയുടെ ആരോഗ്യനില മോശമായ സമയത്ത് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെ സംശയ നിഴലിലാക്കുന്നതാണ് ആർഎൽവി രാമകൃഷ്ണൻ സഫാരി ചാനലിൽ നടത്തിയ പല പരാമർശങ്ങളും. മണിയുടെ മരണത്തിലെ ദുരൂഹത ഇപ്പോഴും മാറിയിട്ടില്ലെന്ന് ആർഎൽവി രാമകൃഷ്ണൻ പറയുന്നു. ചേട്ടൻ ഗുരതരാവസ്ഥയിൽ ആശുപത്രിയിലായ ദിവസം സംശയാസ്പദമായ ചില കാര്യങ്ങൾ നടന്നിട്ടുണ്ടെന്ന് ആർഎൽവി രാമകൃഷ്ണൻ പറയുന്നു.
അന്വേഷിച്ചപ്പോൾ അവിടെ അടുത്തുണ്ടായിരുന്ന ഒരു വ്യക്തി എന്നോട് പറഞ്ഞത് തലേ ദിവസം അതിഥികൾ വന്ന് പോയിരുന്നു. പിറ്റേ ദിവസം രാവിലെ ചേട്ടൻ ബിയർ ചോദിച്ചപ്പോൾ ബിയർ ഉണ്ടായിരുന്നില്ല. അവിടെയുണ്ടായിരുന്ന രണ്ട് പേർ പുറത്ത് പോയി പെപ്സി വാങ്ങിക്കൊണ്ട് വന്ന് ബിയർ കുപ്പിയിൽ ഒഴിച്ച് ബിയർ ആണെന്ന് പറഞ്ഞ് കൊടുത്തു. അതോടെ അദ്ദേഹത്തിന് കണ്ണിന്റെ കാഴ്ച പോയത് പോലെ സാഹചര്യം ഉണ്ടാകുകയും നിലത്ത് കിടന്നുരുളുകയും ചെയ്തു. ഒരുപാട് സംഭ്രമങ്ങൾ അദ്ദേഹമവിടെ കാണിച്ചു. പക്ഷെ അവിടെയുള്ള ആരും ഈ വിവരങ്ങൾ വീട്ടിൽ അറിയിച്ചില്ല. ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ ബെൻസോഡെെസ്പിൻ കുത്തി വെച്ചു. സഡേറ്റ് ചെയ്തു. സുഹൃത്തായ ഡോക്ടറുടെ നേതൃത്വത്തിലാണ് കുത്തിവെച്ചത്. ഇതൊന്നും നമ്മളോട് പറയുന്നില്ല. ചേട്ടന് വേറെ വസ്ത്രം വാങ്ങിച്ച് വെെകുന്നേരം നാല് മണിയോടെയാണ് ആശുപത്രിയിൽ എത്തിക്കുന്നത്. വീട് പാഡിയിൽ നിന്നും 200 മീറ്റർ പോലുമില്ല. എന്നിട്ടും അറിയിച്ചില്ല. പലർക്കും പെെസ കടം കൊടുത്തിട്ടുണ്ടെന്ന് പറയുന്നു. ചേട്ടൻ മരിച്ച ശേഷം പല കോളുകളും നമ്മൾക്ക് വന്നു. അദ്ദേഹത്തിന് പലയിടങ്ങളിലും സ്ഥലങ്ങൾ ഉണ്ടായിരുന്നെന്നും സാമ്പത്തികമായി പലർക്കും കൂടുതൽ കൊടുത്തിട്ടുണ്ടെന്നും പറഞ്ഞു. പക്ഷെ നേരിട്ട് ഇതൊന്നും അറിയാൻ കഴിഞ്ഞിട്ടില്ല. ചേട്ടനുടുത്ത വസ്ത്രങ്ങൾ വസ്ത്രങ്ങൾ അവർ കത്തിച്ചു കളഞ്ഞു. അവിടെയെല്ലാം കഴുകി വൃത്തിയാക്കി. പുതിയ തെളിവുകൾ കൊടുക്കാനില്ല. അന്വേഷണത്തിൽ തൃപ്തിയില്ല. അവിടെയുണ്ടായിരുന്ന കുറേ ആളുകളുമായി സംസാരിച്ച് നമുക്ക് വിവരം തന്നു. പലരുടെ കയ്യിലും അദ്ദേഹത്തിന്റെ സാമ്പത്തികം ഉണ്ടെന്നാണ് നമുക്കറിയാൻ കഴിഞ്ഞത്. പിന്നീട് ചേട്ടന്റെ മരണവുമായി ബന്ധപ്പെട്ട കേസ് മുന്നോട്ട് പോയപ്പോൾ അവരൊക്കെ എതിരാകുകയും നമ്മളെ വളരെ മോശമായ രീതിയിൽ ഞങ്ങൾ സാമ്പത്തികം തട്ടിയെടുക്കാൻ ശ്രമിക്കുകയാണെന്ന് പറയുകയും ചെയ്തെന്നും ആർഎൽവി രാമകൃഷ്ണൻ പറയുന്നുണ്ട്.
നികൃഷ്ടമായ രീതിയിൽ കുത്തിവെച്ചാണ് അവർ ചേട്ടനെ കൊണ്ട് പോയത്.More Articles